Breaking News

ഭരണഘടന അനുശാസിക്കുന്ന ഏകവ്യക്തിനിയമം;മതവിശ്വാസവുമായി ബന്ധപ്പെടുത്തുന്നത് നിഗൂഡതാല്പര്യങ്ങൾ

uniform-civil-code

ഹസീന

ഒരു ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കുന്നതിനെക്കുറിച്ച് പഠിക്കാനും റിപ്പോര്‍ട്ട് നല്‍കാനും ദേശീയ നിയമകമ്മീഷനോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചപ്പോള്‍തന്നെ ചില മുസ്ലിം സംഘടനകളും ഇടതുപക്ഷ പാര്‍ട്ടികളടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും ഞങ്ങള്‍ ഈ ബില്ലിനെ എതിര്‍ക്കുന്നുവെന്ന വാദവുമായി മുന്നോട്ടുവരികയുണ്ടായി. ഏത് ബില്ലിനെയാണ് ഇവര്‍ എതിര്‍ക്കുന്നുവെന്ന് പറയുന്നത്? ബില്‍ തയ്യാറാക്കിയിട്ടില്ല, ബില്‍ പാര്‍ലമെന്റില്‍ പൈലറ്റ് ചെയ്തിട്ടില്ല. മൂന്നുവായനകള്‍ നടന്നിട്ടില്ല. അതിന്മേല്‍ ചര്‍ച്ച നടന്നിട്ടില്ല. സബ്ജക്ട് കമ്മിറ്റിക്കും സെലക്ട് കമ്മിറ്റിക്കും മുന്നില്‍ ചര്‍ച്ചയ്ക്ക് വന്നിട്ടില്ല. ഈ വിഷയത്തെ സംബന്ധിച്ച് ഇപ്പോള്‍ നിയമകമ്മീഷന്‍ പൊതുജനാഭിപ്രായം തേടിയിരിക്കുന്നതേയുള്ളൂ. ഏത് സാമൂഹിക പരിഷ്‌ക്കരണ ബില്ലാണെങ്കിലും ബി.ജെ.പി. കൊണ്ടുവരാന്‍ സാധ്യതയുള്ളതുകൊണ്ട് എതിര്‍ക്കണമെന്നുള്ള മുന്‍വിധിയാണ് ഈ കോലാഹലങ്ങള്‍ക്കെല്ലാം പിന്നിലെന്ന് മനസ്സിലാക്കാം. ബി.ജെ.പി.യാണ് ഈ നിയമം കൊണ്ടുവരുന്നതായി കണ്ട് ഇവര്‍ ഇടുങ്ങിയ ചിന്തഗതികളിലേക്കും, നിലപാടുകളിലേക്കും എത്തിച്ചേര്‍ന്നുവെന്നതാണ് വസ്തുത.

നമ്മുടെ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും എല്ലാ നിയമങ്ങളും ഏകീകൃതമായിരിക്കാനായി ഇനി അവശേഷിക്കുന്ന വിവാഹം, പിന്തുടര്‍ച്ചാവകാശം, രക്ഷാകര്‍ത്തൃത്വം, ദത്തെടുക്കല്‍, ജീവനാംശം, എന്നിവയ്ക്കുകൂടി ഒരേ നിയമം ബാധകമാക്കുകയാണ് ഏകീകൃത സിവില്‍ കോഡ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇക്കാര്യങ്ങള്‍ക്കു കൂടി ഒരേ നിയമത്തിന്റെ ആവശ്യകത കേന്ദ്ര നിയമകമ്മീഷന്‍ ചൂണ്ടിക്കാണിച്ചാല്‍പോലും അതിനൊരു രൂപം കൊടുക്കാനായി ഈ കമ്മിഷനെതന്നെ കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയെന്നുവരാം. അങ്ങനെ കേന്ദ്ര നിയമകമ്മീഷന്‍ നല്‍കുന്ന ബില്ലിന്റെ രൂപരേഖ ഇന്നത്തെ സാഹചര്യത്തില്‍ അതേപടി ബി.ജെ.പി. ബില്ലായി പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് കരുതാനാവില്ല. ഏകീകൃത സിവില്‍ കോഡിലൂടെ ഹിന്ദുമത നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുമെന്നൊരുപേടി ന്യൂനപക്ഷങ്ങളില്‍ നിലനില്‍ക്കുന്നതിനാല്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കേണ്ട ഒരു കരടുബില്ലിനു രൂപം കൊടുക്കാനായി ആദ്യം തയ്യാറാക്കുന്ന ബില്ലിന്റെ രൂപരേഖ പൊതുജനങ്ങളുടെ അറിവിലേക്കായി വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. അങ്ങനെ പൊതുജനാഭിപ്രായം ആരായുകയും അപ്പോള്‍ ചര്‍ച്ചകള്‍ക്കും സമവായങ്ങള്‍ക്കും, ഭേദഗതികള്‍ക്കും, നിര്‍ദ്ദേശങ്ങള്‍ക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കുമാത്രമല്ല പൊതുജനങ്ങള്‍ക്കും അവസരം കിട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.റിപ്പോര്‍ട്ടും നിര്‍ദ്ദേശങ്ങളും വയ്ക്കാനായി നിയമകമ്മിഷനോടു ആവശ്യപ്പെട്ട ഈ അവസരത്തില്‍പോലും അവര്‍ പൊതുജനാഭിപ്രായം ആരാഞ്ഞുകഴിഞ്ഞു.

uniform-civil-code-jpg2

ഭരണഘടന അനുശാസിക്കുന്ന ഏക സിവില്‍ നിയമം നടപ്പില്‍ വരുത്താന്‍ കഴിയാതെ പോയത് രാഷ്ട്രീയ പാര്‍ട്ടികളുടെ മതപ്രീണന നയങ്ങള്‍ കൊണ്ടുമാത്രമാണ്. ഒരു ഏകീകൃത സിവില്‍കോഡ് ഇല്ലാത്ത അവസ്ഥ ഭരണഘടനയോടും നിയമവ്യവസ്ഥയോടുമുള്ള ആത്മവഞ്ചനയാണ് പ്രകടിപ്പിക്കുന്നത്. പല കേസുകളുടെയും വിചാരണവേളകളില്‍ ഒരു പൊതു സിവില്‍ നിയമത്തിന്റെ ആവശ്യകത സുപ്രീംകോടതി ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.

ഭരണഘടനയുടെ നിര്‍ദ്ദേശ തത്വങ്ങള്‍ പറയുന്ന അനുച്ഛേദം 44 നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത ഷാബാനോ കേസിനോടനുബന്ധിച്ചാണ് ചീഫ് ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഡ് ആദ്യമായി രാജ്യത്തെ ഓര്‍മ്മിപ്പിച്ചത്. തപാല്‍വഴി മുത്തലാഖ് നടത്തിയ ഷയറാബാനു കേസിലും കോടതി ശക്തമായി ഏകീകൃത സിവില്‍ കോഡില്‍ ശ്രദ്ധിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചു. തുടര്‍ന്ന് വന്ന പല കേസുകളിലും കോടതി ഇതാവര്‍ത്തിച്ചുകൊണ്ടേയിരുന്നുവെങ്കിലും അവസാനമായി ഭര്‍ത്താവ് ദുബായില്‍ നിന്ന് ഫോണ്‍വഴി തലാക്ക് ചൊല്ലിയ ഇസ്രത്ത് ജഹാന്റെ വിവാഹമോചന കേസിലാണ് ~ഏകസിവില്‍ കോഡിന്റെ ആവശ്യം എടുത്തുപറഞ്ഞതും; സര്‍ക്കാരിനു കോടതി നോട്ടീസ് അയച്ചതും.

ഒരു പുതിയ നിയമം ഉണ്ടാക്കാന്‍ കോടതിക്ക് നിര്‍ദ്ദേശിക്കാനെ കഴിയൂ. ആജ്ഞാപിക്കാന്‍ അധികാരമില്ല. ഇക്കാര്യത്തില്‍ കോടതിയുടെ കര്‍ത്തവ്യം നിര്‍വ്വഹിച്ചുകഴിഞ്ഞു. ഇനി ഇതു എക്‌സിക്യൂട്ടീവ് കൈകാര്യം ചെയ്യേണ്ട വിഷയമാണ് അതിന്റെ അടിസ്ഥാനത്തിലാണ് ഏകീകൃത സിവില്‍ കോഡിന്റെ നല്ല വശങ്ങളും, ചീത്തവശങ്ങളും നിര്‍ണ്ണയിച്ച് അറിയിക്കാനായി കേന്ദ്രസര്‍ക്കാര്‍ കേന്ദ്ര നിയമ കമ്മീഷനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

madrasa

അപ്പോഴാണ് മതമൗലികവാദികളും പ്രതിപക്ഷ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും ഇന്ത്യയിലെ ഹിന്ദുവിനും, മുസ്‌ലീമിനും, ക്രിസ്ത്യാനിയ്ക്കും, സിക്കുകാരനും, പാഴ്‌സിക്കും, ബുദ്ധമതക്കാരനും, ജൈനമതക്കാരനും ഒരുപോലെ ബാധകമായ ഒരു നിയമം രാജ്യത്തിന്റെ അഖണ്ഡതയ്ക്കും, നിലനില്‍പ്പിനും അത്യന്താപേക്ഷിതമാണെന്ന് പറഞ്ഞ് പിന്താങ്ങുന്നതിനു പകരം ഉത്തരപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് വര്‍ഗ്ഗീയ ധ്രുവീകരണം നടത്താനാണെന്ന് ദുര്‍വ്യാഖ്യാനം കൊടുത്തത്. ഉത്തരപ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പ് കണ്ടുകൊണ്ടാണ് ഈ ബില്‍ കൊണ്ടുവരുന്നതെന്ന് വ്യാഖ്യാനിക്കുന്നുവെങ്കില്‍ എപ്പോള്‍ ഏകീകൃത വ്യക്തി നിയമം നടപ്പിലാക്കാനുള്ള പ്രവര്‍ത്തനത്തിനു തുടക്കമിടുന്നോ അപ്പോഴെല്ലാം ഏതെങ്കിലുമൊരു ദുര്‍വ്യാഖ്യാനം നല്‍കാനായി ഇന്ത്യയില്‍ തെരഞ്ഞെടുപ്പോ, ഏതെങ്കിലും സംഭവങ്ങളോ, പ്രശ്‌നങ്ങളോ ഉണ്ടാകും.

എല്ലാ വിഭാഗക്കാരെയും പ്രീണിപ്പിച്ചും, സമ്മതിപ്പിച്ചും ഒരു സാമൂഹ്യ പരിഷ്‌ക്കരണവും ഇന്നുവരെ ലോകത്തൊരിടത്തും നിയമമായിട്ടില്ല. ഭരണകര്‍ത്താക്കളുടെ നിശ്ചയദാര്‍ഢ്യമോ, നവോത്ഥാന നായകര്‍ വളര്‍ത്തിയെടുത്ത സാമൂഹ്യസമ്മര്‍ദ്ദം കൊണ്ടോ മാത്രമേ പരിഷ്‌ക്കരണങ്ങള്‍ നടപ്പിലാക്കിയിട്ടുള്ളൂ. അപ്പോഴെല്ലാം നിലനിന്നിരുന്ന അപരിഷ്‌കൃതാവസ്ഥയുടെ സുഖം അനുഭവിച്ചുകൊണ്ടിരുന്നവര്‍ പല്ലും നഖവും ഉപയോഗിച്ചു എതിര്‍ത്തിരുന്നുവെന്നത് ഒരു ലോകയാഥാര്‍ത്ഥ്യമാണ്.

ഹിന്ദുനിയമം പരിഷ്‌കരിച്ചപ്പോഴും ആ മതത്തിലെ യാഥാസ്ഥിതികര്‍ പ്രതിഷേധിക്കുകയും, പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. മനുസ്മൃതി അയിത്തത്തെ ന്യായീകരിക്കുന്നതുകൊണ്ട് അയിത്തം നിരോധിച്ച ഭരണഘടനയെ അംഗീകരിക്കില്ലെന്ന് പറഞ്ഞ് യോഗക്ഷേമസഭ ഇവിടെ പ്രശ്‌നം സൃഷ്ടിച്ചിരുന്നുവെങ്കില്‍ എന്താകുമായിരുന്നു ഇവിടെത്തെ സ്ഥിതി? ഭരണഘടന സഭ അംഗീകരിച്ച 44 ആം അനുച്ഛേദത്തെക്കുറിച്ച് ആലോചിക്കാന്‍ പോലും അനുവദിക്കില്ലെന്നു പറയുന്നതു രാജ്യതാല്പര്യത്തിനും ഗുണകരമല്ല. ഭരണഘടന നിഷ്‌കര്‍ഷിക്കുന്ന ഒരു മഹത്തായ ലക്ഷ്യത്തിനുവേണ്ടി ഒരു ചെറിയ ചുവടുവയ്‌പ്പേ കേന്ദ്രസര്‍ക്കാര്‍ എടുത്തിട്ടുള്ളൂ. അതിനെ തുടര്‍ന്നാണ് വ്യാഖ്യാനങ്ങളും, പുകിലുകളും പൊട്ടി പുറപ്പെട്ടിരിക്കുന്നത്. മാതൃകാരൂപരേഖ പുറത്തുവന്നതിനുശേഷം വേണം ബില്‍ മതേതര സ്വഭാവം ഉള്ളതാണോ, ഇല്ലാത്തതാണോയെന്ന് ചര്‍ച്ച ചെയ്യേണ്ടതും, വ്യാഖ്യാനിക്കേണ്ടതും എതിര്‍ക്കപ്പെടേണ്ടതും. അല്ലാതെ ഇപ്പോള്‍ വെറുതെ ബഹളംവച്ച് പ്രതിപക്ഷ പാര്‍ട്ടികളും, മുസ്ലിം മതമൗലിക വാദികളും വ്യാഖ്യാനങ്ങള്‍ നല്‍കേണ്ട കാര്യമില്ല.

ഷാബാനോ കേസില്‍ വിധിവന്നപ്പോള്‍ ഏകീകൃത സിവില്‍ നിയമത്തിന്റെ ആവശ്യകതയുമായി സി.പി.എം. രംഗത്തു വന്നിരുന്നു. അവര്‍ ഏകീകൃത സിവില്‍ കോഡിന്റെ പ്രാധാന്യത്തെ അന്ന് ഊന്നി പറഞ്ഞിരുന്നതുമാണ്. ഇ.എം.എസിന്റെ അഭിപ്രായത്തിനെതിരെ അന്ന് മുസ്ലീം യാഥാസ്ഥികര്‍ ശബ്ദം ഉയര്‍ത്തിയപ്പോള്‍ വിളിച്ചിരുന്നു ”രണ്ടു കെട്ടും, നാലും കെട്ടും, ഇ.എം.എസ്സിന്റെ ഭാര്യയെയും കെട്ടും മോളേയും കെട്ടും” ഈ മുദ്രാവാക്യം ഇന്നും കേരളജനത ഓര്‍ക്കുന്നുണ്ടാകും. ഇപ്പോള്‍ ബി.ജെ.പിയാണ് ഈ നിയമം കൊണ്ടുവരുന്നതുകൊണ്ടാണ് അന്ധമായി ഈ പാര്‍ട്ടി എതിര്‍ക്കുന്നത്. മുസ്ലിം മതമൗലിക വാദികളെ ഈ വിഷയത്തില്‍ പിന്തുണച്ച് മുസ്ലിംവോട്ട് പ്രയോജനപ്പെടുത്താമെന്ന ചിന്തയിലാണ് കോണ്‍ഗ്രസും, സി.പി.എമ്മും നീങ്ങുന്നത്. മുസ്‌ലിം സമുദായത്തെ പൊതുനിയമത്തില്‍ നിന്നും അകറ്റി നിറുത്തി മുതലെടുക്കാമെന്ന് ചിന്തിക്കുന്ന കോണ്‍ഗ്രസും, സി.പി.എമ്മുമാണ് യഥാര്‍ത്ഥത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണം നടത്തുന്നത്.

uniform civl code

 

ഇങ്ങനെ ഉത്തരപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ ധ്രുവീകരണമുണ്ടാക്കി ഇവര്‍ ബി.ജെ.പിയെ സഹായിക്കരുത്. ന്യൂനപക്ഷ വോട്ട് ലക്ഷ്യം വെക്കുമ്പോള്‍ സ്വാഭാവികമായും ഇത് കണ്ടുകൊണ്ടിരിക്കുന്ന ഭൂരിപക്ഷവും ഏകീകരിച്ചുപോകും. ബി.ജെ.പി.യെ സഹായിക്കുന്ന ഈ പ്രക്രിയ ഉണ്ടാകാതിരിക്കാന്‍ നമ്മുടെ പരമാധികാരം, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവ ഉറപ്പിക്കുന്നതിനും, മതവിശ്വാസങ്ങളെയും നിയമങ്ങളെയും സംയോജിപ്പിക്കുന്നതിനും, വര്‍ഗ്ഗീയതയെയും തീവ്രവാദത്തെയും ഇല്ലാതാക്കുന്നതിനും പ്രയോജനപ്പെടുന്ന ഏകീകൃത സിവില്‍ നിയമത്തെ ഇവര്‍ പിന്‍താങ്ങുകയാണ് വേണ്ടിയിരുന്നത്.

തുല്യനീതിയും, ലിംഗസമത്വവും ഉറപ്പു നല്‍കുന്ന ഒരു നിയമത്തെ എതിര്‍ക്കുന്നവര്‍ മതമൗലികവാദികളെ പ്രോത്സാഹിപ്പിക്കുയാണ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ ന്യൂനപക്ഷങ്ങളെ സര്‍ക്കാരിനു എതിരാക്കി മാറ്റുകയാണ് ഇവരുടെ ലക്ഷ്യം. ഈ നിയമത്തെ എതിര്‍ക്കുന്നവര്‍ പറയുന്നതുപോലെ വര്‍ഗീയ ധ്രുവീകരണമല്ല ഏകീകൃത സിവില്‍ കോഡ് കൊണ്ട് ഉദ്ദേശിക്കുന്നത്, രാജ്യത്തിന്റെ ഐക്യമാണ്. ഇന്ത്യയ്ക്കാകമാനം ബാധകമായൊരു ഏകീകൃത സിവില്‍ കോഡ് രൂപീകരിക്കുമ്പോള്‍ അതൊരു മതേതര സിവില്‍ കേഡായിരിക്കണമെന്ന് ആവശ്യപ്പെടുന്നതിനുപകരം ഏകീകൃത വ്യക്തി നിയമത്തെ തന്നെ എതിര്‍ക്കുന്നത് സ്വയം അധഃപതനത്തെ വിളിച്ചുവരുത്തുകയാണ്. ഇത് രാഷ്ട്രീയവത്കരിക്കേണ്ട വിഷയമല്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ യോജിപ്പോ വിയോജിപ്പോ അല്ല പൊതു സിവില്‍ കോഡ് നിയമം, രാജ്യത്തിന്റെ ദേശീയ ഐക്യതയുടെയും സമഗ്രതയുടെയും കാര്യമാണ്. ഇതിനെ മുഖ്യധാരാ രാഷ്ട്രീയക്ഷികള്‍ എതിര്‍ക്കുമ്പോള്‍ ബി.ജെ.പിക്കു മാത്രമേ ഇതില്‍ താല്പര്യമുള്ളുവെന്ന് സ്വാഭാവികമായും ജനങ്ങള്‍ക്ക് തോന്നിപ്പോകും.

1980-ല്‍ അലഹബാദ് കോടതിയില്‍ സി.ആര്‍.പി.സി 125 പ്രകാരം നല്‍കിയ കേസില്‍ ഷബാനു ബീഗത്തിനു 225 രൂപ ചിലവിനു വിധിച്ചു. ഡല്‍ഹി ജുമമസ്ജിദിലെ ഇമാം ഈ വിധി ഞങ്ങള്‍ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചു. മുസ്‌ലീം മതമൗലീകവാദികള്‍ ഇന്ത്യ ഒട്ടുക്കും ഇളകി മറിഞ്ഞു. ഇതോടെ അവരെ പ്രീണിപ്പിക്കാനായി 1986-ല്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് (രാജീവ് ഗാന്ധി) മുസ്‌ലീം വനിത ജീവനാംശം ബില്‍ പാസാക്കികൊടുത്ത് ഇസ്ലാം മതതീവ്രവാദികളെ സന്തോഷിപ്പിച്ചു. മുസ്ലീം വര്‍ഗ്ഗീയതയ്ക്ക് മുന്നില്‍ അടിയറ പറഞ്ഞതായി അന്ന് പരക്കെ വിമര്‍ശനം ഉയര്‍ന്നു. ഇതാണ് ഹിന്ദു ഐക്യത്തിനും ബി.ജെ.പിയുടെ വളര്‍ച്ചയ്ക്കും ഒരു കാരണമായിത്തീര്‍ന്നത്. ഇതിനുശേഷമാണ് ബി.ജെ.പി. ഏകീകൃത സിവില്‍ കോഡ് എന്ന മുദ്രാവാക്യം ഏറ്റെടുത്തത്. അതുപോലൊരു സാഹചര്യം ഇപ്പോഴും ഈ നിയമത്തെ എതിര്‍ക്കുന്ന പ്രതിപക്ഷ കക്ഷികളെല്ലാം ചേര്‍ന്ന് ബി.ജെ.പിക്ക് ഉണ്ടാക്കികൊടുക്കുകയാണ്.

ഇപ്പോള്‍ കോടതി നിര്‍ദ്ദേശത്തെ അംഗീകരിച്ചുകൊണ്ട് ഈ നിയമത്തിനായി നീങ്ങുന്ന സര്‍ക്കാരിന്റെ ഉദ്ദേശത്തെ വ്യാഖ്യാനിക്കാനും ചോദ്യം ചെയ്യാനും ശ്രമിക്കുന്നവര്‍ ”ഹിന്ദുമത വിഭാഗത്തിന്റെ വ്യക്തി നിയമങ്ങള്‍ പകര്‍ത്തി ഏകീകൃത വ്യക്തി നിയമമാക്കുമെന്നാണ്” പ്രചരിപ്പിക്കുന്നത്. ഹിന്ദുമത വിഭാഗത്തിന്റെ വ്യക്തിനിയമങ്ങള്‍ പകര്‍ത്തുന്നതാണോ വരാന്‍ സാധ്യതയുള്ള ഏകീകൃത സിവില്‍ നിയമമെന്ന് പരിശോധിച്ചിട്ട് പോരേ ഈ എതിര്‍പ്പ്! മതനിരപേക്ഷ കാര്യങ്ങളിലെ മതത്തിന്റെ അതിക്രമിച്ച് കടക്കലിനെ ഭരണഘടന വിലക്കുന്നുണ്ട്. അതാണ് ഈ നിയമത്തിന്റെ പേരില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഒരു രാഷ്ട്രത്തിന്റെ പൊതുക്രമസമാധാനം, പൊതു ധാര്‍മികത, പൊതുജനാരോഗ്യം എന്നിവ ശക്തിപ്പെടുത്താന്‍ ഏക വ്യക്തി നിയമം സഹായകരമായിരിക്കും.

ഇംഗ്ലണ്ട്, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്റ് മുതലായ രാജ്യങ്ങള്‍ മതേതരമാണ്. അവിടെ ഏകീകൃത സിവില്‍കോഡാണ് നിലവുലുള്ളത്. ഈ രാജ്യങ്ങളില്‍ മതപരമായ ചിഹ്നങ്ങളും,ആചാരങ്ങളും പൊതുവേദിയില്‍ പാടില്ല. ഹിജാബ് പോലുള്ള യാതൊരു മതവേഷങ്ങളും അനുവദനീയമല്ല. എന്നിട്ട് അവിടത്തെ മുസ്ലീങ്ങളുടെ ജീവിതം അപകടത്തിലാണോ? എന്തായാലും ഈ രാജ്യങ്ങളിലെപോലെ ഇത്രത്തോളം കടന്നുള്ള കാര്യങ്ങള്‍ ഇന്ത്യയിലുണ്ടാകാന്‍ പോകുന്ന ഒരു പൊതു സിവില്‍കോഡ് നിയമത്തില്‍ ഉണ്ടാകാനിടയില്ല.

956 നാട്ടുരാജ്യങ്ങളും, ഹിന്ദുമുസ്ലീം ലഹളകളും കൊണ്ട് കലുഷിതമായി നിലനിന്നിരുന്ന ഒരു രാജ്യത്തെ യാഥാസ്ഥികര്‍ കൂടുതല്‍ കലുഷിതമാക്കാതിരിക്കാനാണ് ഭാവിയില്‍ ഭരണകൂടങ്ങള്‍ നടത്തേണ്ട ഒരു ഉത്തരവാദിത്വമായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഭരണ നിര്‍മ്മാണസഭ ഏകീകൃത വ്യക്തി നിയമവും ഉള്‍പ്പെടുത്തിയത്. അന്നു തന്നെ നിര്‍ദ്ദേശം തത്വങ്ങളില്‍പ്പെടുത്തി മൗലിക അവകാശങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് ഭരണഘടന നിര്‍മ്മാണ സഭാംഗമായിരുന്ന സയിദ് കമൂറുദ്ദീന്‍ വാദിച്ചിരുന്നു. ഈ അഭിപ്രായമുള്ളവര്‍ ഭരണഘടന നിര്‍മ്മാണ സഭയില്‍ പലരും ഉണ്ടായിരുന്നു. പാകിസ്ഥാനില്‍ പോകാതെ ഇവിടെ ജീവിക്കാന്‍ തീരുമാനിച്ച മുസ്‌ലീങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്താനും കാലക്രമേണ ഒരു മതേതര വ്യക്തി നിയമത്തില്‍ ജീവിക്കാന്‍ ഇവര്‍ പ്രാപ്തരാകുമെന്നുള്ള നെഹ്‌റുവിന്റെ അഭിപ്രായം മാനിച്ചാണ് നിര്‍ദ്ദേശക തത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആര്‍ട്ടിക്കിള്‍ 44-ല്‍ ഉള്‍പ്പെടുത്തിയത്.

uniform-civil-code1

ആറര പതിറ്റാണ്ടു പിന്നിട്ടിട്ടും ഭരണഘടന ഉണ്ടാക്കിയവര്‍ ഭരണകൂടങ്ങള്‍ക്ക് ഏല്പിച്ച ഒരു ചുമതല നടപ്പിലാക്കാനാവാതെ നിസഹയരായി കാലം കഴിക്കുകയാണ് ചെയ്തത്. അതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ലോകസഭയില്‍ ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷം കിട്ടിയത്. അതുകൊണ്ട് ഈ നിയമം നടപ്പിലാക്കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്നും ബി.ജെ.പിക്ക് ഒഴിഞ്ഞുമാറി നില്‍ക്കാന്‍ പറ്റില്ല.

എല്ലാ മതങ്ങള്‍ക്കും അവരവരുടെ വിശ്വസങ്ങള്‍ പ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യം ഏകവ്യക്തി നിയമം നിഷേധിക്കുകയില്ല. വിശ്വാസവുമായി ബന്ധപ്പെട്ട ദൈവം, ആത്മാവ്, പ്രാര്‍ത്ഥന, മതവിശ്വാസം, പരലോകം, ധ്യാനം, പൂജകള്‍ എന്നിവയില്‍ ഒന്നിനും ഏകീകൃത സിവില്‍ കോഡുമായി യാതൊരു ബന്ധവുമില്ല. ഏകീകൃത സിവില്‍ കോഡ് വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കല്‍ തുടങ്ങിയ വിഷയങ്ങളെ സംബന്ധിക്കുന്നതാണ്. അത് വ്യക്തിയുടെയും കുടുംബത്തിന്റെയും പ്രശ്‌നമാണ്. ഈ നിയമം ഭൗതിക ജീവിതവുമായി ബന്ധപ്പെട്ടതാണ്. ഇവ ഏകീകരിക്കുമ്പോള്‍ മതവിശ്വാസത്തെ ബാധിക്കുന്നില്ല. ഇതിനെ മതവിശ്വാസവുമായി ബന്ധപ്പെടുത്തുന്നതിന്റെ നിഗൂഡതാല്പര്യങ്ങളാണ് നാം മനസിലാക്കേണ്ടത്. വ്യക്തിനിയമങ്ങളെയും മതവിശ്വാസങ്ങളെയും തമ്മില്‍ പൊരുത്തപ്പെടുത്തുന്ന ദുഷിച്ച പ്രവണത ഉണ്ടാകുന്നത് മതവിശ്വാസികളില്‍ നിന്നല്ല കടുത്ത യാഥാസ്ഥിക മതവിശ്വാസികളില്‍ നിന്നാണ്.

Comments

comments