Breaking News

അവര്‍ തീവ്രവാദികളായിരുന്നില്ല… അവര്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ആയിരുന്നു: ഡോ. ബിജു

dr-biju

പണ്ട് ‘എന്‍കൗണ്ടര്‍’ നടത്തിയിരുന്നെങ്കില്‍ ഇന്ന് കേരളം ഭരിക്കാന്‍ പല നേതാക്കളും ഉണ്ടാകില്ലായിരുന്നു. മാവോയിസ്റ്റ് വേട്ടയ്‌ക്കെതിരെ ഡോ. ബിജുവിന്റെ രൂക്ഷ വിമര്‍ശനം

നിലമ്പൂര്‍ വനത്തില്‍ പൊലീസ് മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നതില്‍ ശക്തമായി പ്രതിഷേധിച്ചിരിക്കുകയാണ് സംവിധായകന്‍ ഡോ.ബിജു. ഇന്നത്തെ നേതാക്കളില്‍ പലരും ഒളിവു ജീവിതം നയിച്ചിരുന്നവരാണെന്നും അന്ന് ഭരണ കൂടം അവരെയൊക്കെ ‘എന്‍കൗണ്ടര്‍ ‘ നടത്തി കൊന്നിരുന്നെങ്കില്‍ പില്‍ക്കാലത്ത് കേരളം ഭരിക്കാന്‍ പല നേതാക്കളും ഉണ്ടാകുമായിരുന്നില്ലെന്നും ബിജു പറയുന്നു. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ബിജുവിന്റെ രൂക്ഷ വിമര്‍ശനം.

ഡോ. ബിജുവിന്റെ ഫേസ് ബുക്ക് പോസ്റ്റ്

അവര്‍ തീവ്രവാദികളായിരുന്നില്ല… അവര്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ആയിരുന്നു. ഒരുപക്ഷെ അടിസ്ഥാന ജന വിഭാഗങ്ങളോട് നിങ്ങളില്‍ പലര്‍ക്കുമില്ലാത്തത്ര ആത്മാര്‍ത്ഥതയോടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയവര്‍….ആശയങ്ങളെ നേരിടേണ്ടത് കൊന്നൊടുക്കിയല്ല. അങ്ങനെയായിരുന്നെങ്കില്‍ ഇന്ന് ഭരിക്കുന്ന പാര്‍ട്ടിയെയും ഒരു കാലത്ത് നിരോധിച്ചിരുന്നതായിരുന്നു എന്ന് ഓര്‍ക്കണം. ഇന്നത്തെ നേതാക്കളില്‍ പലരും ഒളിവു ജീവിതം നയിച്ചിരുന്നവരാണ് എന്ന് ഓര്‍ക്കണം. അന്ന് ഭരണ കൂടം അവരെയൊക്കെ ‘എന്‍കൗണ്ടര്‍’ നടത്തി ഓടിച്ചിട്ട് പിന്നില്‍ നിന്ന് വെടി വെച്ച് കൊന്നു കളഞ്ഞിരുന്നുവെങ്കില്‍ പില്‍ക്കാലത്ത് കേരളം ഭരിക്കാന്‍ പല നേതാക്കളും ഉണ്ടാകുമായിരുന്നില്ല. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം…

അവരെ കൊന്നതിന് ശേഷം ആ പോലീസ് മേധാവി മാധ്യമങ്ങളുടെ മുന്നില്‍ ചിരിച്ച ആ ചിരിയുണ്ടല്ലോ ആ ചിരി കേരളം കണ്ട ഏറ്റവും വലിയ ഒരു രാഷ്ട്രീയ അശ്ലീലമാണ്. പുരോഗമന വിപ്ലവ പ്രസ്ഥാനം എന്ന് കരുതുന്ന ഒരു പാര്‍ട്ടിയുടെ ഭരണാധിപന്മാരുടെ ഇപ്പോഴത്തെ നിശബ്ദതയുണ്ടല്ലോ അത് സമകാലിക ജനാധിപത്യ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ രാഷ്ട്രീയമായ ദുരന്തമാണ്. കാട് ചോര പൂവുകള്‍ കൊണ്ട് പൂത്തു കൊണ്ടിരിക്കുകയാണ്. അതിനെ നേരിടേണ്ടത് മനുഷ്യനെ കൊന്നൊടുക്കിയല്ല.

Comments

comments