Breaking News

മണ്ഡൽ കമ്മീഷനും മലയാളസിനിമയും തമ്മിലെന്ത്?

jibi-mon-kg

 ജിബി മോൻ.കെ.ജി 

മണ്ഡൽ കമ്മീഷനും മലയാളസിനിമയും തമ്മിലെന്ത്? എന്ന ചോദ്യത്തിൽ
പ്രത്യക്ഷത്തിൽ വൈരുദ്ധ്യം തോന്നുമെങ്കിലും സൂക്ഷ്മതലത്തിൽ ഈ വൈരുദ്ധ്യങ്ങളെ അപ്രത്യക്ഷമാക്കുന്ന കാഴ്ചകളാണ് എൺപതുകൾക്ക് ശേഷമുള്ള മലയാള സിനിമയിൽ സംഭവിച്ചത് .

രാഷ്ട്രീയമായി എൺപതുകൾ ഒരു ദിശാവ്യതിയാനത്തിന്റെ കാലവും കൂടിയായിരുന്നു. പ്രാന്തവൽക്കരിക്കപ്പെട്ടവരുടെസാംസ്ക്കാരിക അനുഭവങ്ങൾ പൊതുമണ്ഡലത്തിൽ ഉന്നയി
ക്കപ്പെടുന്ന സവിശേഷമായൊരു രാഷ്ടീയസന്ദർഭം.മണ്ഡൽകമ്മീഷനെക്കുറിച്ചുള്ള ചർച്ചകളും സംവരണസംവാദങ്ങളും സജീവമാകുന്ന കാലഘട്ടം.

രാമാനന്ദസാഗറിന്റെ ‘ രാമായണം’ സീരിയലൈസ് ചെയ്തു തുടങ്ങുന്നതും എൺപതുകളുടെ മധ്യത്തിലാണ്. അരുൺ ഗോവലിന്റെ ശ്രീരാമന് മുന്നിൽ ചന്ദനത്തിരിയും കർപ്പൂരവും നെയ്വിളക്കും തെളിയിച്ച് ‘സനാതന ദേശീയപുരുഷനെ ‘വരവേൽക്കാൻ ഇന്ത്യൻ മദ്ധ്യവർഗ്ഗഭവനങ്ങൾ ഉടുത്തൊരുങ്ങിയ കാലം.ഇന്ത്യയുടെ പിന്നീടുള്ള രാഷ്ട്രീയ അജണ്ട തീരുമാനിക്കുന്നതിൽ ആ സീരിയൽനിസ്സാരമായ പങ്കല്ലവഹിച്ചത്.

രാമായണവും തുടർന്ന് ബി.ആർ.ചോപ്രയുടെ മഹാഭാരതവും ഇന്ത്യൻ മദ്ധ്യവർഗ്ഗ
ത്തിന്റെ സ്വീകരണമുറികളെ സനാതന ഹിന്ദുത്വത്തിന്റെ പാഠശാലകളാക്കിമാറ്റി. സമാന്തരമായി നവഹിന്ദുത്വവാദം ഇന്ത്യയുടെ രാഷ്ട്രീയ കാലാവസ്ഥയിൽ മതാത്മ ധ്രുവീകരണത്തിന്റെ ശക്തമായ വിത്തുകൾ പാകിക്കഴിഞ്ഞിരുന്നു.ബാബറിമസ്ജിദിന്റെ
പൊളിക്കലിലൂടെ ഈ ധ്രുവീകരണം പൂർണ്ണതയിലെത്തുന്നു.ദേശരക്ഷാർത്ഥം അവതാരമെടുക്കുന്ന നാടുവാഴികളെയും ബ്രാഹ്മണരെയും ആഘോഷത്തോടെ പുനരാനയിക്കുന്ന ചലച്ചിത്രങ്ങളും ടെലിവിഷൻ പരമ്പരകളുംസവർണ്ണത്വം’ ആധികാരികമായ സാംസ്കാരിക മൂലധനമാണെന്ന യുക്തിആവർത്തിച്ചു പ്രക്ഷേപണം ചെയ്തു.

അങ്ങനെ അധ:സ്ഥിത, ന്യൂനപക്ഷ, മുസ്ലിം ശരീരങ്ങൾ ഈ സാംസ്കാരിക ദേശീയതയ്ക്ക് പാകമാകാതെയും വന്നു.സംവരണ ‘ത്തെ ഒരുതൊഴിൽ പ്രശ്നത്തിനപ്പുറം വിശാലമായ ഒരു സാമുധായിക ശ്രേണിയെ പുനർനിർണ്ണയിക്കുന്ന പ്രത്യയശാസ്ത്ര ഉപകരണമായി സങ്കൽപ്പിക്കാൻ ഇടതുപക്ഷപ്രസ്ഥാനങ്ങൾക്കും കഴിയാതെ പോകുന്നുണ്ട്.ഒരർത്ഥത്തിൽ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കുംആന്തരവൽക്കരിച്ച അവരുടെ സവർണ്ണ ജാതി ബോധവുമായിരിക്കാം ഇതിനു പിന്നിൽ.ഇ എം എസ് അധ്യക്ഷനായി 1957 ൽരൂപീകരിച്ച ഭരണപരിഷ്കരണ കമ്മറ്റിറിപ്പോർട്ടിലെ സംവരണ’ വിരുദ്ധ’ നിലപാട് വരേണ്യതയുടെ മറ്റൊരാഖ്യാനമായിവായിക്കപ്പെടുന്നു.

” സംവരണം സർവ്വീസിന്റെ വൈശിഷ്ട്യത്തെക്ഷയോൻമുഖമാക്കി തീർക്കുന്നു.” എന്നാണ് റിപ്പോർട്ടിലെ വാദം. കാലങ്ങളായി സർക്കാർ മേഘലയിൽ സേവനമനുഷ്ഠിച്ചിരുന്ന ‘വിശിഷ്ടരായവരുടെസ്ഥാനത്തേക്ക് ഭരണനിർവ്വഹണത്തിൽ ‘പാരമ്പര്യം’അവകാശപ്പെടാനില്ലാത്ത കീഴ്ജാതിക്കാർ കടന്നു വന്നാലുണ്ടായേക്കാവുന്ന ‘ക്ഷയോൻമുഖാ’വസ്ഥയെക്കുറിച്ചാണ് റിപ്പോർട്ട് ആശങ്കപ്പെടുന്നത്.

എൺപതുകളിലും തൊണ്ണൂറുകളിലുംപുറത്തുവന്ന ചലച്ചിത്രങ്ങൾ സംവരണ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നരീതി ഈ ആശങ്കയുടെതുടർച്ചയാണ്.എൺപതുകൾ മലയാള സിനിമയുടെ ദിശാവ്യതിയാനത്തിന്റെ ഒരു കാലവും കൂടിയാണ്.സംവരണം മൂലം അർഹതപ്പെട്ട സർക്കാർ ജോലി ലഭിക്കാതെ പോകുന്ന സവർണ്ണ യുവാക്കളുടെ ആത്മസംഘർഷങ്ങളായിരുന്നു മിക്കസിനിമയുടെയുംആഖ്യാന മണ്ഡലം. അടിവേരുകൾ, ആര്യൻ, മയൂഖം, വരവേൽപ്പ്, ആറാംതമ്പുരാൻ. തുടങ്ങിയ ചലച്ചിത്രങ്ങൾപ്രത്യക്ഷമായും ‘സംവരണവിരുദ്ധ’ പ്രത്യയശാസ്ത്രത്തെ വഹിക്കുന്നതായിരുന്നു.

അനിൽ സംവിധാനം ചെയ്ത ‘അടിവേരുകളിലെ ‘ (1987) അഭ്യസ്തവിദ്യനായ നായർ യുവാവ് തന്റെ അവസാനപ്രതീക്ഷയായിരുന്ന കോളേജ് അധ്യാപകജോലി കിട്ടാതെ വരുമ്പോൾ ‘തന്റെ പ്രീയപ്പെട്ട ആന ‘യുമായി കൂപ്പിൽ പണിയെടുക്കാൻ പോകുന്നു. അവിടെ വെച്ച് ഫോറസ്റ്റ് ഓഫീസറായ സഹപാഠി ബെന്നിയെ(മുകേഷ് ) യാദൃശ്ചികമായി കണ്ടുമുട്ടുന്നു. അവരുടെ സൗഹൃദ സംഭാഷണത്തിൽ നായകൻ ബാലകൃഷ്ണൻ (മോഹൻലാൽ) പറയുന്നു.” എന്നേക്കാൾ മാർക്ക് കുറവായിരുന്നിട്ടും നിനക്കീ ജോലി കിട്ടി. ഒരു നായരായി ജനിച്ചതിൽ ജീവിതത്തിലാദ്യമായി എന്നോടുതന്നെ വെറുപ്പുതോന്നുന്നു.”നായർ യുവാവിന്റെ ഈ ആത്മപുച്ഛംസംവരണത്തെ പ്രതിസ്ഥാനത്തു നിർത്തുന്നു.

‘പാവങ്ങളായ മുന്നോക്ക സമുദായത്തിലെ മിടുക്കന്മാർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന’ഭരണപരിഷ്കരണ കമ്മറ്റിറിപ്പോർട്ടിലെ ആശങ്കയാണ് ചലച്ചിത്രവും ഏറ്റെടുക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥ തലങ്ങളിൽ അവസരം നിഷേധിക്കപ്പെടുകയാണെന്നും അത്  ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നുമുള്ള ‘ബോധ’ത്തിൽ നിന്നുമാണ് ചലച്ചിത്രത്തിന്റെ പ്രമേയ കേന്ദ്രമല്ലാതിരുന്നിട്ടും സംവരണ സംവാദം സിനിമയിൽ കടന്നുവരുന്നത്.

‘ ജാതിയോഗ്യത ‘യെക്കുറിച്ചുള്ള പരാമർശം ആഖ്യാനത്തിലേക്ക് കൊണ്ടുവരുന്ന മറ്റൊരു ചിത്രമാണ് രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത ഫോട്ടോഗ്രാഫർ ( 2006) എന്നചിത്രം. കേരളത്തിലെ ആദിവാസി ഭൂസമരത്തിന്റെ രാഷ്ട്രീയനീതിയോട് അനുഭാവം പുലർത്തുമ്പോൾ തന്നെ വരേണ്യതയുടെ പ്രതിലോമ രാഷ്ട്രീയ ത്തെ ഉള്ളടക്കത്തിൽ വഹിക്കുന്നു എന്ന വൈരുദ്ധ്യമാണ് ഫോട്ടോഗ്രാഫർ എന്ന ചിത്രം.

മൂത്ത സഹോദരൻ പോലീസ് ജോലി ഉപേക്ഷിക്കുന്നതിനിടയാക്കിയ സാഹചര്യം ജോയി ഇങ്ങനെ വിശദീകരിക്കുന്നു: “നമ്മുടെ തോട്ടത്തിലെ പഴയ പണിക്കാരൻ കുമാരേട്ടന്റെ മോനില്ലേ പ്രകാശൻ…. അപ്പച്ചനാ അവനെ സ്കൂളിൽ വിട്ട് പഠിപ്പിച്ചെ…. ജോസിച്ചായൻ (മൂത്ത സഹോദരൻ ) തൊപ്പിയും വെച്ചങ്ങോട്ട് ചെല്ലുമ്പോ അവനാ അവിടെ മേലുദ്യോഗസ്ഥൻ. റിസർവേഷന്റെ ദൂഷ്യം. ഇവരെയൊക്കെ സല്യൂട്ട് അടിച്ചേച്ച് കിട്ടുന്ന കാശ് നമുക്കെന്തിനാ. ” എന്ന് ചലച്ചിത്രം ദളിത് കീഴാള ജനവിഭാഗങ്ങളുടെ ‘മുഖ്യധാരാ ‘പ്രവേശനത്തെ അസഹിഷ്ണുതയോടെ ആവിഷ്കരിക്കുന്നു.

സന്മനസ്സുള്ളവർക്ക് സമാധാനം,ടി.പി.ബാലഗോപാലൻ എം.എ., ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, അദ്വൈതം’തുടങ്ങിയ ചിത്രങ്ങളും വരേണ്യമധ്യവർഗ്ഗത്തിന്റെ പ്രശ്നങ്ങൾതന്നെയാണ് ചർച്ചചെയ്യുന്നത്. വലിയ ബിരുദങ്ങൾ ഉണ്ടായിരുന്നിട്ടും സുരക്ഷിതമായ തൊഴിൽ ലഭിക്കാതെ പോകുന്ന പ്രാരാബ്ധ ക്കാരനാണ്. ടി..പി.ബാലഗോപാലൻ എം.എ. . വിദ്യാഭ്യാസമുണ്ടായിട്ടും പിന്തള്ളപ്പെടുന്ന ‘സവർണ്ണൻ’ എന്ന പ്രേക്ഷകാനുഭവം നേടിയെടുക്കാൻ ബോധപൂർവ്വം ലക്ഷ്യമിടുകയാണ് ചിത്രത്തിൽ . തന്റെ എട്ടു സെന്റ് വസ്തുവിൽ വീടുവയ്ക്കുന്നതിന് വായ്പയെടുക്കാൻ ഹൗസിംഗ് ബോർഡിനെ സമീപിക്കുന്ന ബാലഗോപാലിനോട് മാനേജർ പറയുന്നത് ‘ഒന്നുകിൽ സ്ട്രോംഗ് റെക്കമെന്റേഷൻ ഉണ്ടായിരിക്കണം, അല്ലെങ്കിൽ പിന്നോക്കക്കാരനായിരിക്കണം.’ എന്നാണ്.’ പെട്ടെന്നിപ്പോൾ പിന്നോക്കക്കാരനാകാൻ പറ്റില്ലല്ലോ?’എന്ന മറുപടിയിലൂടെ ബാലഗോപാൽ തന്റെ ജാതിക്കാർ നേരിടുന്ന ‘അവഗണന ‘പ്രേക്ഷകമനസ്സിൽ സ്ഥാപിക്കുന്നുമുണ്ട്. പിന്നോക്കക്കാർ അനർഹമായി നേടുകയും സവർണ്ണർ പിന്തള്ളപ്പെടുകയും ചെയ്യുന്നുവെന്ന വരേണ്യ മുഖ്യധാരയുടെ ആശങ്കകളോട് കണ്ണി ചേരുകയാണ്ഈ ചിത്രവും.

ബ്രാഹ്മണ നായകനും അവരുടെ ആത്മസംഘർഷങ്ങൾ പ്രമേയമാക്കുന്ന ചലച്ചിത്രങ്ങളും ഇക്കാലത്ത് പുറത്തുവന്നിരുന്നു. ദാരിദ്ര്യവും തൊഴിലില്ലായ്മയും ഒറ്റപ്പെടലും പലായനവും പ്രവാസവും പ്രമേയമാകുന്ന ആര്യൻ (1987)എന്നസിനിമ ഒരു നമ്പൂതിരി യുവാവിന്റെ ദൈനംദിന ജീവിതം ആഖ്യാനം ചെയ്യുന്നു. ഇതര സമുദായങ്ങളുടെയും രാഷ്ട്രീയ – ഉദ്യോഗസ്ഥ അധികാരത്തിന്റെയും സംഘടിതമായ നീക്കത്തിന്റെ ഫലമായി നാടുവിടേണ്ടി വരുന്ന നായകൻ മുംബൈ നഗരത്തിൽ എത്തിപ്പെടുന്നതാണ് ആര്യൻ എന്ന ചിത്രം. മുബൈ നഗരത്തിൽ വിശന്ന് വലഞ്ഞ്, ഭാഷ അറിയാതെ കുഴങ്ങുന്ന നായകൻ, തന്റെ ‘പൂണൂൽ ‘കാട്ടി മറ്റൊരു ബ്രാഹ്മണനുമായി ‘ഞാനും നിങ്ങളും ഒന്നാണ് ‘ എന്ന് ആംഗ്യഭാഷയിൽ സംവദിക്കുന്നു.’ പൂണൂൽ’ ഭാഷയ്ക്കും ദേശത്തിനും അതീതമായി സംവദിക്കുന്ന ഒരു പൊതു ചിഹ്നമാണ്. കേരള ബ്രാഹ്മണൻ സവർണ്ണ ദേശീയതയിലേയ്ക്ക് അനായാസം സാംശീകരിക്കപ്പെടുകമാത്രമല്ല, ബ്രാഹ്മണദേശീയതയെന്ന പൊതുമണ്ഡലത്തിലേയ്ക്ക് പ്രാദേശിക ബ്രാഹ്മണ്യത്തെഉയർത്തിവിടുകയും കൂടി ചെയ്യുന്നു

.’ പൂണൂൽ ‘കേരള ചരിത്രത്തിൽ സവിശേഷമായൊരു ചരിത്രഘട്ടത്തെകൂടി സൂചിപ്പിക്കുന്നു
ണ്ട്. പൂണൂൽ പൊട്ടിച്ചും കുടുമ മുറിച്ചും ‘നമ്പൂതിരിയെമനുഷ്യനാക്കാൻ ‘ പുറപ്പെട്ട സാമൂഹ്യവിപ്ലവത്തിന്റെ സ്മരണകളിലാണ് ഈ പൂണൂൽ രാഷ്ട്രീയം ചെന്നു തൊടുന്നത്. “പൂണൂലിട്ട നമ്പൂതിരിക്ക് ഈ ദേശത്താരും ജോലിതരില്ലമ്മേ….” എന്ന ദേവനാരായണന്റെ ദയനീയ നിലയും “പാത്രം മോറിയോ എച്ചിലെടുത്തോ ഞാൻ ജീവിക്കും” എന്ന ‘ കീഴടങ്ങലും ‘മറ്റൊരു സൂചകമാണ്. മണ്ഡൽവിരുദ്ധസമരകാലത്ത് ഡെൽഹി സർവ്വകലാശാലകളിലെ സവർണ്ണ വിദ്യാർത്ഥികൾ തെരുവിലിറങ്ങി ചെരുപ്പ് തുടയ്ക്കുന്നതിന്റെയും റെയിൽവേ സ്റ്റേഷൻ അടിച്ചുവാരുന്നതിന്റെദൃശ്യങ്ങളും മാധ്യമ ചർച്ചകളുമായും ഇതു ചേർത്തുവായിക്കാവുന്നതാണ്.

‘അവർ ‘ ചെയ്തിരുന്ന ‘തൊഴിൽ ‘ഇനി ‘ഞങ്ങൾ’ ചെയ്യേണ്ടി വരും എന്ന ‘വിപൽ ‘സന്ദേശം മണ്ഡൽ വിരുദ്ധ സമരക്കാർ മേൽജാതി സമൂഹങ്ങൾക്കിടയിൽ പ്രചരിപ്പിച്ചിരുന്നു.സംവരണ രാഷ്ടീയത്തെ പ്രതിസ്ഥാനത്തു നിർത്തുന്ന സവർണ്ണഹൈന്ദവ വാദികൾ ഉയർത്തിയ ആശയവാദങ്ങളോട് കണ്ണിചേരുകവഴി ബ്രാഹ്മണ ദേശീയതയുടെ ഉൽകണ്ട്oകളെയാണ് ചലിച്ചിത്രം ആഖ്യാനം ചെയ്യുന്നത്.സംവരണവിരുദ്ധ രാഷ്ട്രീയം ആഖ്യാനംചെയ്യുന്ന ‘ മയൂഖം ‘ എന്ന സിനിമ ‘ യോഗ്യതയെ’ സംബന്ധിക്കുന്ന കേരളീയ സവർണ്ണ മധ്യവർഗ്ഗ ആശങ്കകളാണ് പ്രക്ഷേപണം ചെയ്യുന്നത്. ” റാങ്ക് ഉണ്ടായിട്ടെന്താ…. ജാതിതോൽപ്പിച്ചുകളഞ്ഞില്ലേ….?” എന്ന അച്ഛൻ തിരുമേനിയുടെ ആത്മഗതം ഉണ്ണികേശവൻ എന്ന ‘മിടുക്കനാ’യ യുവാവിന് തൊഴിൽലഭിക്കാതെ പോയതിന്റെ കാരണം ‘സംവരണ ‘മാണെന്നു കണ്ടെത്തുന്നു. നായകനായ ഉണ്ണികേശവൻ ജാതി സംവരണത്തിനെതിരെ ചെറുത്തു നിന്നതിന്റെ പേരിൽ ജയിൽവാസമനുഷ്ഠിച്ച രക്തസാക്ഷികൂടിയാണ്.

ബ്രാഹ്മണനായി ജനിച്ചു പോയതിന്റെ പേരിൽ അവസരങ്ങൾ നഷ്ടപ്പെടുന്ന ഉണ്ണി മദ്യത്തിലും മയക്കുമരുന്നിലും ‘ചീത്ത കൂട്ടുകെട്ടിലുംപെട്ട് ‘സ്വയം ശിക്ഷിക്കുന്ന കഥാപാത്രമായി കാഴ്ചപ്പെടുന്നു.ഈ സ്വയംശിക്ഷ മണ്ഡൽ വിരുദ്ധ സമരത്തിന്റെ ഒരു പ്രതീകമാണ്. മണ്ഡൽ വിരുദ്ധ സമരകാലത്ത്, പ്രക്ഷോഭങ്ങളുടെ ഭാഗമായി ഒരുവിദ്യാർത്ഥി ശരീരത്ത് തീ കൊളുത്തി ആത്മാഹുതി ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പത്രമാസികകളിൽ അച്ചടിച്ചുവന്നിരുന്നു. ഇന്ത്യയിലെ മദ്ധ്യവർഗ്ഗ വായനക്കാരിൽ വലിയപ്രതികരണമാണ് അത് സൃഷ്ടിച്ചത്.

1980കളിൽ നിരവധി അധ:സ്ഥിതർ ആക്രമിക്കപ്പെട്ടതിന്റെയോ, സ്ത്രീധനത്തിന്റെ പേരിൽ സ്ത്രീകൾ കത്തിയെരിഞ്ഞതിന്റെയോ, വാർത്തകൾക്ക് ലഭിക്കുന്നതിനേക്കാൾ പ്രാധാന്യം ഈ വാർത്തയ്ക്ക് ലഭിച്ചു. ഇങ്ങനെ’ ഇരയാക്കപ്പെടുന്ന സവർണ്ണപുരുഷൻ ‘പൊതുസമൂഹത്തിനു മേൽ കൂടുതൽ വികാരവത്തായ അനുകമ്പയ്ക്ക് പാത്രമാവുകയും ചെയ്തു.മണ്ഡൽ വിരുദ്ധ സമരത്തിൽ പങ്കെടുത്തു കൊണ്ട് ഡൽഹിയിലെ കോളെജ് വിദ്യാർത്ഥിനികൾ നടത്തിയ ഒരു പ്രതിക്ഷേധ പ്രകടനത്തെക്കുറിച്ച് ‘ജാതിയെ ലിംഗവൽക്കരിക്കുമ്പോൾ ‘ എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തിൽ ‘ഉമ ചക്രവർത്തി’ രേഖപ്പെടുത്തുന്നു.”തൊഴിൽ രഹിതരായ ഭർത്താക്കൻമാരെ ഞങ്ങൾക്ക് വേണ്ട” എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തിപ്പിടിച്ചാണ് വിദ്യാർത്ഥിനികൾ പ്രതിഷേധം നടത്തിയത്.’ വിദ്യാർത്ഥിനികൾ തങ്ങൾക്കുവേണ്ടിയല്ല പ്രതിക്ഷേധിച്ചത്. സമർത്ഥരായ തങ്ങളുടെ വരുംകാല ഭർത്താക്കന്മാർക്കുവേണ്ടിയായിരുന്നു അവരുടെ പ്രതിഷേധം’ ഈ സമരം എന്താണ് സൂചിപ്പിക്കുന്നത് ?

ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ്.മറ്റ് കേന്ദ്രീയ ഉദ്യോഗങ്ങൾ മുതലായവയിലേക്ക് സംവരണം വ്യാപിപ്പിക്കുന്നതോടെ മേൽജാതിക്കാരായ ഉന്നത ഉദ്യോഗസ്ഥ ഭർത്താക്കൻമാരെ തങ്ങൾക്ക് ലഭിക്കില്ലെന്ന് അവർ ഉൽ കണ്Oപ്പെടുന്നു. മറ്റൊന്ന് ഉന്നത സ്ഥാനലബ്ധി നേടുന്ന ‘സംവരണ വിഭാഗങ്ങൾ ‘ഒരിക്കലും അവരുടെ സമർത്ഥരായ ഭർത്താക്കൻമാർ ആയിരിക്കില്ലെന്നും അവർ വിശ്വസിക്കുന്നു. IAS, I PS, I FS, പോലെയുള്ള പദവികളിലെത്തുന്ന പിന്നോക്ക ദലിത് വിഭാഗങ്ങളിൽ നിന്നും ആരെയും തങ്ങൾക്ക് വിവാഹം ചെയ്യാനാവുകയില്ല എന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം പ്രഖ്യാപിക്കുന്നു. ഇതൊന്നും സംവരണവുമായി ബന്ധപ്പെട്ടതല്ല.മറിച്ച് സ്വജാതി വിവാഹ നിയമങ്ങളുടെ പ്രത്യയശാസ്ത്രം ആന്തരവൽക്കരിച്ചതിന്റെ ഫലമായിരുന്നു. അതേസമയം കീഴ്ജാതിക്കാരായ പുരുഷൻമാരോടുള്ള അവജ്ഞ മറ നീക്കി പുറത്തുവരുകയും ചെയ്യുന്നു.!

കേരള ചരിത്രത്തിൽ വർഗ്ഗരാഷ്ട്രീയം അധീശത്വം നേടിയതിന് പിന്നാലെ രൂപപ്പെട്ടുവരുകയും എൺപതുകളോടെ ശക്തിയാർജ്ജിക്കുകയും ചെയ്ത മധ്യവർഗ്ഗ (സവർണ്ണ ) സൗന്ദര്യ ശാസ്ത്രത്തിന്റെ നിലപാടുതറയിൽ നിന്നുകൊണ്ടാണ് നമ്മുടെ മുഖ്യധാരാ ചരിത്രവും സാമാന്യബോധവും നിർമ്മിക്കപ്പെട്ടത്.ഈ സാമാന്യ ബോധത്തെ മുൻനിർത്തി “മണ്ഡൽ കമ്മീഷനും മലയാള സിനിമയും ” തമ്മിലെന്ത് ?എന്ന ചോദ്യത്തെ സമീപിക്കാം..!
————————————–
കടപ്പാട്:- KP ജയകുമാർ
ഉമ ചക്രവർത്തി

Comments

comments

Reendex

Must see news