Breaking News

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ വീണ്ടും സംഘർഷം:ചുരിദാർ ധരിച്ചെത്തിയവരെ ഹിന്ദുവാദികൾ തടയുന്നു

 

padmanabhaswamy_0-1200x545_c

ചുരിദാർ ധരിച്ച്‌ ക്ഷേത്രദർശനത്തിനെത്തിയവരെ ചില ഹൈന്ദവ സംഘടനകൾ തടഞ്ഞതിനെ തുടർന്ന്‌ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‌ മുന്നിൽ വീണ്ടും സംഘർഷം. പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിദാർ ധരിച്ച്‌ പ്രവേശിക്കാം എന്ന്‌ ഭരണസമിതി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി ക്ഷേത്രം എക്സിക്യൂട്ടീവ്‌ ഓഫിസർ കെ എൻ സതീഷ്‌ ഉത്തരവിറക്കിയതിനെ തുടർന്നാണ്‌ ചിലർ ചുരിദാറണിഞ്ഞ്‌ ക്ഷേത്ര പ്രവേശനത്തിനെത്തുന്നത് . എന്നാൽ വേറെ ജോലിക്കൊന്നും പോകാതെ ചില ഹിന്ദു വാദികൾ സംഘടിച്ചുകൊണ്ട് ക്ഷേത്രത്തിനു സമീപം രാവിലെ മുതൽ തമ്പടിച്ചിരിക്കുകയാണ്. ഇവരാണ് ചുരിദാർ അഴിപ്പിക്കാനും പ്രദേശത്ത്‌ സംഘർഷാവസ്ഥ സൃഷ്ടിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്നത്..

ഇന്നലെ രാവിലെ ചുരിദാർ ധരിച്ച്‌ ക്ഷേത്രത്തിലെത്തിയ സ്ത്രീകളെയാണ്‌ ചില ഹൈന്ദവ സംഘടനാ പ്രവർത്തകർ തടഞ്ഞത്‌. തുടർന്ന്‌ ചുരിദാറിനു മേൽ മുണ്ടുടുപ്പിച്ചാണ്‌ കടത്തിവിട്ടത്‌. പുതിയ തീരുമാനത്തിൽ പ്രതിഷേധിച്ച്‌ സംഘടനാ പ്രതിനിധികൾ പടിഞ്ഞാറെ നടയിൽ അണിനിരന്ന്‌ ഉപരോധം നടത്തി. തന്ത്രി ഉൾപ്പെടെയുള്ളവർ പ്രതിഷേധം അറിയിച്ചിട്ടും ചീഫ്‌ എക്സിക്യുട്ടിവ്‌ ഓഫീസർ ഏകപക്ഷീയമായി നിയമം നടപ്പിലാക്കുകയായിരുന്നുവെന്നാണ്‌ പ്രതിഷേധക്കാരുടെ ആരോപണം.

പ്രതിഷേധത്തെത്തുടർന്ന്‌ ഉത്തരവ്‌ പിൻവലിക്കണമെന്ന്‌ ജില്ലാജഡ്ജി ക്ഷേത്രം എക്സിക്യൂട്ടീവ്‌ ഓഫീസറോട്‌ രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഹൈക്കോടതിയാണ്‌ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ തന്നെ ചുമതലപ്പെടുത്തിയത്‌. അത്‌ പ്രകാരം താൻ തീരുമാനം കൈക്കൊണ്ടു. ഇനി അത്‌ പിൻവലിക്കണോ തുടരണോ എന്ന കാര്യങ്ങൾ ഹൈക്കോടതിയാണ്‌ തീരുമാനിക്കേണ്ടത്‌. കോടതിയുടെ തീരുമാനം എന്തുതന്നെ ആയാലും അത്‌ താൻ അനുസരിക്കുമെന്നും സതീഷ്‌ വ്യക്തമാക്കി.

ചുരിദാർ ഇട്ടുവരുന്നവർ അതിന്‌ മുകളിൽ ഒരു മുണ്ടുകൂടി ധരിക്കണമെന്ന്‌ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന നിബന്ധനയാണ്‌ ക്ഷേത്രം എക്സിക്യൂട്ടീവ്‌ ഓഫീസർ ഉത്തരവിലൂടെ തിരുത്തിയത്‌. ഇതുമായി ബന്ധപ്പെട്ട്‌ തിരുവനന്തപുരം നിവാസിയായ അഡ്വ. റിയ രാജി നൽകിയ ഹർജിയിന്മേൽ ക്ഷേത്രം എക്സിക്യൂട്ടിവ്‌ ഓഫീസർക്ക്‌ തീരുമാനം എടുക്കാനുള്ള അധികാരം ഹൈക്കോടതി നൽകിയിരുന്നു. ഇതേ തുടർന്നാണ്‌ കഴിഞ്ഞ ദിവസം ചരിത്രപരമായ തീരുമാനം ഉണ്ടായത്‌.

അത്തരമൊരു കോടതി വിധി വന്നിട്ടില്ലെന്നും തന്ത്രി ഉൾപ്പെടെയുള്ളവർ അത്‌ കണ്ടിട്ടില്ലെന്നുമാണ്‌ പ്രതിഷേധക്കാർ വാദിക്കുന്നത്‌. ഉത്തരവ്‌ സ്റ്റേ ചെയ്യാമെന്ന്‌‘ഭരണസമിതി അധ്യക്ഷ കൂടിയായ ജില്ലാ ജഡ്ജിയുടെ ഉറപ്പിനെ തുടർന്നാണ്‌ അവർ റോഡ്‌ ഉപരോധം അവസാനിപ്പിച്ച്‌ പിരിഞ്ഞ്‌ പോയത്‌. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരം മാറ്റി ക്ഷേത്രത്തെ താറടിക്കാൻ ക്ഷേത്രം ചീഫ്‌ എക്സിക്യുട്ടീവ്‌ ഓഫീസർ ശ്രമിക്കുന്നുവെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.

എന്നാൽ, ക്ഷേത്രമുറ്റത്ത്‌ ഭക്തരെ തടഞ്ഞല്ല പ്രതിഷേധം പ്രകടിപ്പിക്കേണ്ടതെന്ന്‌ ചീഫ്‌ എക്സിക്യൂട്ടിവ്‌ ഓഫീസർ പറഞ്ഞു. ഭക്തരുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടാതെ സംരക്ഷിക്കേണ്ടത്‌ പൊലീസിന്റെ ഉത്തരവാദിത്തമാണ്‌. പ്രതിഷേധക്കാർക്ക്‌ കോടതിയെ സമീപിക്കാമെന്നും സതീഷ്‌ പറഞ്ഞു.

hareesh7

പ്രതിഷേധം അനാവശ്യം: മന്ത്രി

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാർ ധരിച്ച സ്ത്രീകൾ പ്രവേശിക്കുന്നതിനെതിരെ നടക്കുന്ന പ്രതിഷേധം അനാവശ്യമാണെന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. നിരവധി ക്ഷേത്രങ്ങളിൽ സ്ത്രീകൾക്ക്‌ ചുരിദാർ ധരിച്ച്‌ പ്രവേശിക്കാൻ അനുവാദമുണ്ട്‌. കാലാനുസൃതമായ മാറ്റം ഉൾക്കൊള്ളാൻ എല്ലാവരും തയാറാകണം. പ്രശ്നത്തിന്റെ വിവിധ വശങ്ങൾ പരിശോധിച്ച്‌ സർക്കാർ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.

Comments

comments