Smiley face

ആർ ബി ഐ വായ്പാ നയം പ്രഖ്യാപിച്ചു:പലിശ നിരക്കുകളില്‍ മാറ്റമില്ല

Smiley face

reserv bank

നോട്ട് നിരോധനത്തെ തുടര്‍ന്ന് വായ്പ എടുക്കല്‍ ഗണ്യമായി കുറഞ്ഞിട്ടും പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്കിന്റെ വായ്പാനയം. റിപ്പോ നിരക്ക് 6.25 ശതമാനമായും റിവേഴ്‌സ് റിപ്പോ 5.75 ശതമാനമായും തുടരും. ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലാണ് വായ്പാനയം പ്രഖ്യാപിച്ചത്. നയപ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണികള്‍ ഇടിഞ്ഞു.

നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്ത് വായ്പ എടുക്കല്‍ വന്‍തോതില്‍ ഇടിഞ്ഞ സാഹചര്യത്തില്‍ ആര്‍ബിഐ. ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള നയ അവലോകന സമിതി പലിശ നിരക്കുകള്‍ കുറയ്ക്കുമെന്നായിരുന്നു വിപണിയുടെ പ്രതീക്ഷ. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയായ റിപോ നിരക്ക് നിലവിലെ 6.25 ശതമാനം തുടരും. ഇത് ആറു ശതമാനമെങ്കിലുമാക്കി കുറയ്ക്കുമെന്നായിരുന്നു കരുതിയിരുന്നത്.

നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ ധനസ്ഥിതി പൂര്‍ണമായും വിലയിരുത്തിയിട്ടില്ലെന്നും ഇത് പഠിച്ചതിനുശേഷമേ നിരക്ക് കുറയ്ക്കുന്ന കാര്യം തീരുമാനിക്കൂവെന്നും ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ പറഞ്ഞു. നോട്ടു പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യം നേരിടാന്‍ സഹകരിക്കുന്ന ബാങ്കിങ് മേഖലയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നോട്ട് നിരോധനം തിടുക്കം പിടിച്ചെടുത്ത തീരുമാനമല്ല. വ്യക്തമായ ആസൂത്രണത്തോടെയാണ് തീരുമാനം പ്രഖ്യാപിച്ചതെന്നും ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍ ഗാന്ധി പറഞ്ഞു. വിപണിയുടെ ആവശ്യത്തിന് അനുസരിച്ച് മതിയായ നോട്ട് ലഭ്യതയുണ്ട്. നാല് ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ഇതിനകം വിതരണം ചെയ്തുവെന്നും ആര്‍ബിഐ വ്യക്തമാക്കി. 201617 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ജിഡിപി 7.6ല്‍ നിന്നും 7.1 ശതമാനമായി കുറയുമെന്നും ആര്‍ബിഐ പ്രവചിച്ചു.

കഴിഞ്ഞ മാസം എട്ടിനാണ് പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതോടെ, ബാങ്കുകളില്‍ വന്‍തോതില്‍ നിക്ഷേപം കുമിഞ്ഞുകൂടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പലിശ നിരക്കുകള്‍ കുറച്ചുകൊണ്ട് വായ്പാ ആവശ്യം ഉയര്‍ത്താനാകും ആര്‍.ബി.ഐ. ശ്രമിക്കുകയെന്ന പ്രതീക്ഷയായിരുന്നു വിദഗ്ധര്‍ ഉന്നയിച്ചത്. പണപ്പെരുപ്പം സുരക്ഷിതമായ നിലയില്‍ നില്‍ക്കുന്നതും വായ്പാ നിരക്ക് കുറയ്ക്കുന്നതിന് അനുകൂല ഘടകമായിരുന്നു. നിരക്കുകളില്‍ മാറ്റമില്ലാത്തത് ബാങ്കുകളെ സാരമായി ബാധിക്കും. നിക്ഷേപം കുമിഞ്ഞുകൂടിയിരിക്കെ ഇതിന് ബാങ്കുകള്‍ നിക്ഷേപകര്‍ക്ക് പലിശ നല്‍കണം. ബാങ്കുകളുടെ പ്രധാന വരുമാനമാര്‍ഗമായ വായ്പയ്ക്ക് ആവശ്യക്കാര്‍ കുറവാണ്.

Comments

comments

Smiley face
Smiley face