Breaking News

കാവും കുളവും.ക്ഷേത്രപ്രവേശനം നിഷേധിച്ച നാഗപ്പെണ്ണുങ്ങളും

ഈജിപ്ത്‌, ചൈന, മധ്യ അമേരിക്ക, മെക്സിക്കോ, ഗ്രീസ്‌, റോം, ബർമ്മ, മലേഷ്യ, ചില ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം വിവിധ പ്രകാരത്തിൽ നാഗങ്ങളെ ആരാധിക്കുന്നുണ്ട്‌. ഭാരതത്തിലും നാഗങ്ങൾക്കും നാഗാരാധനയ്ക്കും പ്രമുഖമായ സ്ഥാനമുണ്ട്‌. ആദ്യകാലം മുതൽ ഇവിടെ നാഗാരാധന ഉണ്ടായിരുന്നു എന്ന്‌ ചരിത്രപുസ്തകങ്ങളിൽ വായിക്കാം. കേരളത്തിലെ നാഗാരാധനയുടെ ആരംഭത്തെക്കുറിക്കുന്ന കൃത്യമായ രേഖകളില്ല. കേരളത്തിൽ സവർണാവർണഭേദമില്ലാതെ എല്ലാവരും നാഗാരാധനയിൽ പങ്കാളികളാവാറുണ്ട്‌.

pulluvan-pattu

രാധിക ശശിധരൻ

മനുഷ്യന്റെ ജൈവബോധത്തിന്റെ ഉദാത്തമാതൃകകളാണ്‌ കാവും കുളവും. ദീർഘവിക്ഷണോന്മുഖമായ ഒരാവാസ വ്യവസ്ഥയുടെ സചേതമുഖങ്ങളും പച്ചയുടെ ഉർവ്വരതയുടെ ഇടങ്ങളും കൂടിയാണിവ. അതോടൊപ്പം നമ്മുടെ പൂർവകാല സംസ്കൃതിയുടെ വിശുദ്ധവും വിവേകപൂർണവുമായ അടയാളപ്പെടുത്തലും കൂടിയാണ്‌ കാവും കുളവും.

ഭൗതികവും ആത്മീയവുമായ ശാന്തിനേടി ജീവിതാവസ്ഥകളെ അവരവർക്ക്‌ അനുകൂലമാക്കി പരിവർത്തിപ്പിക്കാൻ മനുഷ്യൻ കണ്ടെത്തിയ മാർഗമാണ്‌ ആരാധന. ഭയവും ദുരിതങ്ങളും ഭാസുരമായ ഭാവിജീവിതവുമാണ്‌ ആരാധനക്കടിസ്ഥാനം. സാങ്കേതികജ്ഞാനവും യുക്തിവിചാരവും ഉദിക്കുന്നതിനുമുമ്പ്‌ തങ്ങളെ ഭയവിഹ്വലമാക്കുന്ന എല്ലാറ്റിനെയും ആരാധിച്ച്‌ അനുനയിപ്പിക്കുക എന്ന ആഗ്രഹം ആരാധനയുടെ പിന്നിലുണ്ട്‌. സർപ്പാരാധനയുടെ പിന്നിലും ഇത്‌ കാണാനാവും.

snake-goddess-heiligtum

പല രാജ്യക്കാരും നാഗത്തെ ആരാധിക്കുന്നുണ്ട്‌. നാഗങ്ങളെ ആദ്യമായി ആരാധിക്കാൻ തുടങ്ങിയത്‌ തുറേനിയൻ ജനതയാണ്‌. തുറേനിയൻ ജനത എവിടെയെല്ലാം കുടിയേറിപ്പാർത്തുവോ അവിടെയെല്ലാം നാഗാരാധന സമ്പ്രദായം അവർ പ്രചരിപ്പിക്കുകയും ചെയ്തു. ഇലിയറ്റ്‌ സ്മിത്ത്‌ എന്ന്‌ പണ്ഡിതന്റെ അഭിപ്രായത്തിൽ നാഗാരാധന ആദ്യമായി നടത്തിപ്പോന്നത്‌ ഈജിപ്തിലാണ്‌. ക്രിസ്തുവിന്‌ എട്ട്‌ നൂറ്റാണ്ടുകൾക്കുമുമ്പേ തന്നെ നാഗാരാധന ആരംഭിച്ചിരിക്കാമെന്നാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം.

ഈജിപ്ത്‌, ചൈന, മധ്യ അമേരിക്ക, മെക്സിക്കോ, ഗ്രീസ്‌, റോം, ബർമ്മ, മലേഷ്യ, ചില ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം വിവിധ പ്രകാരത്തിൽ നാഗങ്ങളെ ആരാധിക്കുന്നുണ്ട്‌. ഭാരതത്തിലും നാഗങ്ങൾക്കും നാഗാരാധനയ്ക്കും പ്രമുഖമായ സ്ഥാനമുണ്ട്‌. ആദ്യകാലം മുതൽ ഇവിടെ നാഗാരാധന ഉണ്ടായിരുന്നു എന്ന്‌ ചരിത്രപുസ്തകങ്ങളിൽ വായിക്കാം. കേരളത്തിലെ നാഗാരാധനയുടെ ആരംഭത്തെക്കുറിക്കുന്ന കൃത്യമായ രേഖകളില്ല. കേരളത്തിൽ സവർണാവർണഭേദമില്ലാതെ എല്ലാവരും നാഗാരാധനയിൽ പങ്കാളികളാവാറുണ്ട്‌.

കേരളത്തിലെ സർപ്പക്കാവുകളുടെ ഉത്പത്തിയെപ്പറ്റി ശരിയായ അറിവില്ല. പണ്ട്‌ കേരളത്തിലെ മിക്കവാറും ഹിന്ദുഭവനങ്ങളിൽ സർപ്പക്കാവുകളുണ്ടായിരുന്നു. തൊടിയുടെ തെക്ക്‌ പടിഞ്ഞാറെ മൂല ഇതിനായി മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. ഇവിടെ അരമതിൽകെട്ടി സംരക്ഷിച്ചിരുന്നു. അതിനുള്ളിൽ മധ്യത്തിലായി സർപ്പപ്രതിമകളോ ചിത്രകൂടമോ സ്ഥാപിച്ചിരിക്കും. നാഗക്ഷേത്രങ്ങളിൽ നിത്യപൂജയുണ്ട്‌. വീടുകളിലും മറ്റുമുള്ള നാഗക്കാവുകളിൽ എല്ലാ ദിവസവും വിളക്കുവയ്ക്കുക മാത്രം ചെയ്യുന്നു.

snake-goddes
ക്ഷേത്രങ്ങൾ എക്കാലത്തും സവർണാധിപത്യത്തിൻ കീഴിലാണ്‌. എന്നാൽ കാവുകൾ സാധാരണ മനുഷ്യരുടെ ആരാധനാലയങ്ങളാണ്‌. ഈ സവർണാവർണ ഭേദത്തിന്റെ ഫലമാവാം അസുര, മാനുഷ വിഭാഗങ്ങളിൽപ്പെട്ട നാഗങ്ങൾക്ക്‌ ക്ഷേത്രപ്രവേശനം നിഷേധിച്ചത്‌.

കശ്യപപ്രജാപതിക്ക്‌ ക്രോധവശ എന്ന ഭാര്യയിൽ മൃഗി, മ-മതി, ഹരി, ഭദ്രമതി, മാതംഗി, ശാർദുലി, ശ്വേത, സുരഭി, വിനത, കദ്രു എന്നീ പെൺകുട്ടികൾ ജനിച്ചു. കദ്രുവിൽ നിന്ന്‌ നാഗങ്ങളും വിനതയിൽ നിന്ന്‌ ഗരുഡനും ജനിച്ചു എന്ന്‌ പുരാണപ്രസിദ്ധം.

golden-snake-photo-found-near-guruvayur-temple

പ്രാചീനകാലം മുതൽക്കുതന്നെ മനുഷ്യൻ പ്രകൃതിശക്തികളേയും വൃക്ഷങ്ങളേയും ഉരഗങ്ങളേയുമെല്ലാം ആരാധിച്ചിരുന്നു. കേരളത്തിലെ ആദിമനിവാസികളുടെ കുലചിഹ്നമായിരുന്നു നാഗദൈവങ്ങൾ. എങ്കിലും നാഗാരാധനയിലെ പല ആചാരാനുഷ്ഠാനങ്ങളിലും സ്ത്രീ പ്രാതിനിധ്യം നമുക്ക്‌ ദർശിക്കാം. ആധുനിക കാലഘട്ടത്തിൽപ്പോലും ഈ പ്രാധാന്യം വെളിപ്പെടുത്തുന്ന പ്രത്യക്ഷോദാഹരണമാണ്‌, മണ്ണാറശാല അമ്മ. മറ്റ്‌ നാഗാരാധനാകേന്ദ്രങ്ങളായ പാമ്പുംമേയ്ക്കാട്ട്‌, ആദിമൂലം വെട്ടിക്കോട്ട്‌, ആമേടമംഗലം, നാഗാമ്പോഴി, കൊളപ്രം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അമ്മയെ കാണുന്നതും അനുഗ്രഹം വാങ്ങുന്നതും പ്രാധാന്യമേറിയ കാര്യം തന്നെ. ഇവയിൽ തന്നെ പലേടത്തും മാതൃപുത്രബന്ധമാണ്‌ അമ്മയും നാഗരാജാവും തമ്മിൽ. പല ചടങ്ങുകളും നിർവഹിക്കുന്നതോ അല്ലെങ്കിൽ നേതൃത്വം നൽകുന്നതോ സ്ത്രീകളാണ്‌. പാമ്പും മേയ്ക്കാട്ടുമനയിലെ എണ്ണയിൽ നോക്കൽ, സർപ്പംതുള്ളൽ (കളംപാട്ട്‌) മണ്ണാറശാലയിലെ ഉരുളികമഴ്ത്തൽ, നൂറും പാലും തുടങ്ങിയവയെല്ലാം സ്ത്രീകൾ നേതൃത്വം നൽകുന്ന ചടങ്ങുകളാണ്‌.

kalam-ezhutth

സർപ്പംതുള്ളലിൽ പിണിയാൾ (കളത്തിലിരിക്കുന്ന സ്ത്രീ) കളത്തിലിരിക്കുകയും കളം മായ്ക്കുകയും ചെയ്യുന്നു. വ്രതാനുഷ്ഠാനത്തോടെ അഞ്ച്‌ ദിവസങ്ങളിലായി നടത്തുന്ന ഈ ചടങ്ങിൽ ഇല്ലത്തുള്ള സ്ത്രീകൾ തന്നെയാണ്‌ നൂറും പാലും നിവേദ്യമർപ്പിക്കുകയും കളത്തിലിരിക്കുകയും ചെയ്യുന്നത്‌. സ്ത്രീകൾ മാത്രമേ ഈ ചടങ്ങിൽ സാധാരണ പങ്കെടുക്കാറുള്ളൂ എന്നതാണ്‌ ഇതിന്റെ പ്രത്യേകത. പുള്ളുവൻ പാട്ടിലും പ്രധാന വാദ്യോപകരണമായ കുടം കൊട്ടിപ്പാടുന്നത്‌ പുള്ളുവസ്ത്രീയാണ്‌. പുള്ളുവവംശത്തിന്റെ ഉത്ഭവത്തെ സംബന്ധിച്ച ഐതിഹ്യത്തിലും മണ്ണാറശാല മഹാത്മ്യത്തിലുമെല്ലാം നിറസാന്നിധ്യമാവുന്നത്‌ സ്ത്രീ തന്നെയാണ്‌.

വെള്ളം കോരാനായിച്ചെന്ന അന്തർജ്ജനം കാട്ടുതീയിലകപ്പെട്ട നാഗത്തെ കാണുകയും വെള്ളമൊഴിച്ച്‌ തീ കെടുത്തി ആ നാഗത്തെ തന്റെ കുടത്തിൽ കയറ്റി രക്ഷിക്കുകയും ചെയ്തു. ഇതറിഞ്ഞ നമ്പൂതിരി അന്തർജനത്തിന്‌ പതിത്വം (താഴ്ച) കൽപ്പിച്ചപ്പോൾ ആ നാഗം തന്നെ രക്ഷിച്ച കുടം കൊട്ടിപ്പാടി ജീവിതായോധനത്തിന്‌ വേണ്ടത്‌ നേടിക്കൊള്ളാൻ അന്തർജ്ജനത്തെ അനുഗ്രഹിച്ചു എന്നും അവരാണ്‌ പുള്ളുവവംശത്തിന്റെ ഉത്ഭവത്തിന്‌ കാരണമായത്‌ എന്നുമാണ്‌ ഐതിഹ്യം. ഇതിന്‌ സമാനമാണ്‌ മണ്ണാറശാലയിലേയും ഐതിഹ്യം. കാട്ടുതീയിൽപ്പെട്ട്‌ വലഞ്ഞ സർപ്പങ്ങളെ രക്ഷിക്കാനായി വെള്ളമൊഴിച്ച്‌ തീ കെടുത്തിയത്‌ അവിടത്തെ ഒരന്തർജ്ജനമായിരുന്നു എന്നാണ്‌ വിശ്വാസം. ഇവരുടെ പിന്മുറക്കാരാണ്‌ ഇന്നും ഉള്ളത്‌.

sarppakavu4

മിക്ക നാഗാരാധനകേന്ദ്രങ്ങളിലേയും പുരോഹിതയായ സ്ത്രീ അമ്മ എന്നാണറിയപ്പെടുന്നത്‌. സന്താനസൗഖ്യത്തിനായി കാംക്ഷിക്കുന്നവർക്ക്‌ അമ്മയുടെ വിധിപ്രകാരമുള്ള പ്രാർത്ഥനയിലൂടെ സന്താനലബ്ധി കൈവരിക്കാമെന്ന വിശ്വാസവും അമ്മയെക്കണ്ട്‌ ശ്രേയസിനായുള്ള അനുഗ്രഹം തേടലും ഇത്തരം നാഗാരാധനാകേന്ദ്രങ്ങളിലെല്ലാമുള്ള പ്രത്യേകതയാണ്‌. സർപ്പദംശനമേൽക്കുന്നവർക്കുള്ള ചികിത്സയായ വെള്ളമൊഴിക്കൽ ചടങ്ങും അമ്മ തന്നെയാണ്‌ നിർവഹിക്കുന്നത്‌. എല്ലാ ചടങ്ങുകളിലും പൊതുവായി അമ്മയുടെ സാന്നിധ്യവും അനുഗ്രഹവും അത്യന്താപേക്ഷിതമാണ്‌. മാതൃസങ്കൽപമാണ്‌ ഇവിടെയും പ്രാധാന്യത്തോടെ നിൽക്കുന്നത്‌. പൊതുവായ അന്തർധാരയും ഇതുതന്നെയാണ്‌.
ഒരുകാലത്ത്‌ പൊതുസമൂഹത്തിലെന്നപോലെ തന്നെ സ്ത്രീകളായിരുന്നു പൂജാദികൾ കൈകാര്യം ചെയ്തിരുന്നതെന്നും പിന്നീട്‌ പുരുഷമേധാവിത്വം മേൽക്കൈ നേടിയപ്പോൾ അതിന്റെ അനുരണനം എല്ലാ രംഗങ്ങളിലുമെന്നപോലെ ഇവിടെയും പ്രകടമായി എന്നും കരുതുന്നു. ഭരണനേതൃത്വം പുരുഷൻ ഏറ്റെടുത്തപ്പോൾ സ്ത്രീകളെ രണ്ടാം നിരയിലേയ്ക്ക്‌ പിന്തള്ളുകയുമാണ്‌ ഉണ്ടായതെന്ന്‌ നമുക്കൂഹിക്കാം.

girl-feeds-snake

ലോകത്തിലെ പല ഭാഗങ്ങളിലും നാഗാരാധന സ്ത്രീ സങ്കൽപ്പത്തിലായിരുന്നു എന്നു കാണാം. കമ്പോഡിയ (നാഗരാജ്ഞി – സോമസാലിഡ്‌) ഗ്രീക്ക്‌ നാഗരാജ്ഞി (വാജറ്റ്‌) ആഫ്രിക്ക നാഗരാജ്ഞി (മാമിവിദ്യ) ഇന്ത്യ (മാനസാവേദി, ശീതളാദേവി) തുടങ്ങിയ ഉദാഹരണങ്ങൾ ഇതിനെ സാധൂകരിക്കുന്നു.

സർപ്പത്തെ മാതാവിന്റെ (സ്ത്രീയുടെ) പ്രതീകമായിട്ടാണിവിടെ വ്യവഹരിക്കപ്പെടുന്നത്‌. സൃഷ്ടികർമ്മം നടത്തുന്നത്‌ സ്ത്രീയായതിനാൽ അമ്മയ്ക്ക്‌ പ്രാധാന്യം ലഭിച്ചു.
പ്രാചീനകാലത്ത്‌ അമ്മദൈവങ്ങളെ പൂജിച്ചിരുന്നത്‌ സ്ത്രീകളാണ്‌. പാലക്കാട്‌ ജില്ലയിൽ അമ്മ ദൈവങ്ങൾ സ്ത്രീകളിലൂടെ വെളിപ്പെടുന്ന രീതിയുണ്ട്‌. കൊടുങ്ങല്ലൂർ ഭരണിക്ക്‌ സ്ത്രീ വെളിച്ചപ്പാടുകൾ സ്വയം വെട്ടിത്തെളിയിക്കുന്ന സമ്പ്രദായം നടപ്പിലുണ്ട്‌. കേരളത്തിൽ നാഗയക്ഷി, നാഗമാതാവ്‌ എന്നിങ്ങനെയുള്ള അമ്മ സങ്കൽപ്പങ്ങൾക്കാണ്‌ കൂടുതൽ പ്രചാരം. ആദ്യകാലത്ത്‌ നിലനിന്നിരുന്ന മാതൃദായ ക്രമസമ്പ്രദായമായിരിക്കാം ഇങ്ങനെയുള്ള ആചാരാനുഷ്ഠാനങ്ങളിൽ സ്ത്രീകൾക്ക്‌ പ്രാമുഖ്യം ലഭിച്ചത്‌.

അമ്മ ദൈവങ്ങൾക്കെന്നപോലെ നാഗങ്ങൾക്കും കളമെഴുത്തും പൂജയുമുണ്ട്‌. നാഗാരാധനയിൽ നാഗയക്ഷി, നാഗക്കാളി, നാഗകന്നി, നാഗാമാതാ എന്നിങ്ങനെയുള്ള സ്ത്രീപ്രതിഷ്ഠകളാണ്‌ പ്രധാനമായും വരുന്നത്‌. നാഗദൈവങ്ങളിലായാലും നാഗാരാധനയുമായി ബന്ധപ്പെട്ട്‌ മറ്റ്‌ ചടങ്ങുകളിലായാലും മുഖ്യകാർമികത്വം വഹിക്കുന്നത്‌ സ്ത്രീകളാണെന്ന്‌ കാണാൻ കഴിയും. മാതൃസങ്കൽപ്പം ഉർവരതാ സങ്കൽപ്പം കാർഷിക വ്യവസ്ഥ എന്നിവയുമായി നാഗാരാധന അഭേദ്യമായ ബന്ധം പുലർത്തുന്നുണ്ട്‌. ഇവ മൂന്നും സ്ത്രീസങ്കൽപ്പവുമായി ബന്ധപ്പെട്ടാണ്‌ കിടക്കുന്നത്‌. അതുകൊണ്ടായിരിക്കണം നാഗാരാധന സമ്പ്രദായത്തിൽ സ്ത്രീകൾക്ക്‌ പ്രാധാന്യം ലഭിച്ചത്‌.

pulluvanpaattu2

പ്രാചീനകാലത്ത്‌ പുരുഷനോടൊപ്പമോ അതിനപ്പുറമോ എല്ലാ മേഖലകളിലും സ്ത്രീ തന്റേതായ സ്ഥാനം ഉറപ്പിച്ചിരുന്നു. എന്നും പുരുഷൻ ഇടപെടുന്ന ഏത്‌ മേഖലയിലും സ്ത്രീ അവരുടെ സാന്നിധ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വെളിച്ചപ്പാടും പൂജാരിയുമൊക്കെയായി സമൂഹത്തിൽ ജീവിക്കുന്ന സ്ത്രീകൾ ഇതിന്‌ തെളിവാണ്‌. പിന്നീട്‌ മേറ്റ്ല്ലാത്തിലുമെന്നപോലെ ആരാധനാസമ്പ്രദായങ്ങളിലും സ്ത്രീയുടെ ജൈവികസവിശേഷതകളെ ചൂണ്ടിക്കാട്ടിയും മറ്റു രീതികളിലും അവർക്ക്‌ നിയന്ത്രണങ്ങളിലും വിലക്കും ഏർപ്പെടുത്തി അകറ്റി നിർത്തിയതും മാതൃദായക ക്രമങ്ങളിൽ നിന്നുമാറി പിതൃദായകക്രമം സമൂഹത്തിൽ പ്രാവർത്തികമാവുകയും ചെയ്തതിന്റെ ഫലം നാഗാരാധനയിലും അനുബന്ധ കലാരൂപങ്ങളും നമുക്ക്‌ ദർശിക്കാനാകും. മണ്ണാറശാല ഒഴികെയുള്ള മറ്റ്‌ നാഗാരാധനാ കേന്ദ്രങ്ങളിൽ ഇത്തരം മാറ്റം പ്രകടമാണ്‌.

(കടപ്പാട്‌: സാഹിത്യലോകം,സാഹിത്യ ചരിത്രം )

Comments

comments

Reendex

Must see news