ജീവിതത്തില്‍ തന്നെ ഏറ്റവുമധികം വേട്ടയാടിയിട്ടുളളത് അടൂര്‍ ഭാസിയാണെന്ന് കെപിഎസി ലളിത വെളിപ്പെടുത്തി. വിവാഹം കഴിക്കാതെ കൂടെ നിര്‍ത്താനായിരുന്നു ശ്രമം. താനതിന് വഴങ്ങിക്കൊടുത്തില്ലെന്നും ഇതുമൂലം നിരവധി സിനിമകളില്‍ നിന്ന് തന്നെ ഭാസി ഇടപെട്ട് ഒഴിവാക്കിയെന്നും കെ പി എ സി ലളിത
മദ്രാസില്‍ ജോലിക്കാരിക്കൊപ്പം താമസിക്കവെ അടൂര്‍ ഭാസി മദ്യപിച്ചു തന്റെ വീട്ടിൽ വന്ന് നഗ്നനായിനിന്ന് രാത്രി മുഴുവന്‍ പ്രശ്നങ്ങളുണ്ടാക്കി. ഒടുവില്‍ പിറ്റേദിവസം രാവിലെ ബഹദൂറെത്തിയാണ് കൂട്ടിക്കൊണ്ടു പോയത്.
സിനിമാരംഗത്ത് നിരവധി തലമുറകളെ കണ്ട കെപിഎസി ലളിത തന്റെ വ്യക്തിജീവിതത്തെ കുറിച്ചും സിനിമാജീവിതത്തെ കുറിച്ചും മറച്ചു കെട്ടില്ലാതെ കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറയുകയാണ്. സിനിമയില്‍ താനുമായി വ്യക്തിബന്ധം പുലര്‍ത്തിയവരെ കുറിച്ചും ജീവിത പങ്കാളിയായ ഭരതനെ കുറിച്ചുമുള്ള ഓര്‍മകള്‍ കെപിഎസി ലളിത പങ്കുവെച്ചു.പലതും നമ്മളെ ഞെട്ടിക്കുന്നവ.
ദിലീപിന് കാവ്യയെ ഇഷ്ടമാണെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് കെപിഎസി ലളിത പറഞ്ഞു. പാവം, പൊട്ടിപ്പെണ്ണാണ് കാവ്യ എന്ന് ദിലീപ് പലപ്പോഴും തന്നോട് പറഞ്ഞിട്ടുണ്ട്. വിവാഹത്തിനും തന്നെ ക്ഷണിച്ചു. ദിലീപുമായും കുടുംബവുമായും താന്‍ എപ്പോഴും നല്ല ബന്ധത്തിലായിരുന്നു. സ്റ്റേജ് ഷോ മാത്രം നടത്തി ജീവിച്ചിരുന്ന കാലഘട്ടത്തില്‍ ദിലീപും നാദിര്‍ഷായും മദ്രാസിലെ വീട്ടില്‍ വന്ന് ഭക്ഷണം കഴിക്കാറുളള കാലം കെപിഎസി ലളിത ഓര്‍ത്തെടുത്തു. പരസ്പരം കണ്ടാല്‍ ഹാപ്പി ബര്‍ത്ത്ഡെ എന്നാണ് ഞങ്ങള്‍ വിഷ് ചെയ്യാറുള്ളത്. ഇതു കേട്ട ശ്വേതാ മേനോന് ഒരിക്കല്‍ സര്‍പ്രൈസ് ബര്‍ത്ത്ഡെ പാര്‍ട്ടി നടത്താന്‍ കേക്കുമായി വന്നിട്ടുണ്ട്.
‘മകള്‍ ശ്രീക്കുട്ടിയുടെ വിവാഹത്തിന് ദിലീപ് പൊന്ന് കൊടുത്തയച്ചിരുന്നു. ദേ പൂട്ട് എന്ന തന്റെ കടയുടെ അംബാസിഡറാണ് ലളിത ചേച്ചിയെന്നും അതുകൊണ്ട് മറ്റൊരു കടയുടേയും ആളാകരുതെന്നും ഷോയില്‍ ചോദ്യവുമായെത്തിയ ദിലീപ് അഭ്യര്‍ത്ഥിച്ചു. ജിവിക്കാന്‍ പണം വേണമെന്നും അതുറപ്പു നല്‍കാനാവില്ലെന്നുമായിരുന്നു കെപിഎസി ലളിതയുടെ മറുപടി. ഇച്ചിരി കുരുത്തക്കേട് കൈയില്‍ ഉള്ളവനാണ് ദിലീപെന്നും കെപിഎസി ലളിത കൂട്ടിച്ചേര്‍ക്കുന്നു.
തോപ്പില്‍ ഭാസിയുമായുളള ബന്ധത്തെ കുറിച്ച് കെപിഎസി ലളിത വാചാലയായി. തന്റെ ജീവിതത്തെ ഇങ്ങനെ സ്വാധീനിച്ച മറ്റൊരാളില്ല. ‘ഭാസി ചേട്ടനെ കാമുകനെന്നോ രക്ഷകര്‍ത്താവെന്നോ സുഹൃത്തെന്നോ അമ്മാവനെന്നോ എന്തു വേണേലും വിളിക്കാം. ജീവിതത്തില്‍ കടപ്പാടുളള ഏക മനുഷ്യന് ഭാസി ചേട്ടനാണ്. ഭാസി ചേട്ടന്റെ സിനിമയിലൂടെയാണ് വന്നത്. പിന്നീടങ്ങോട്ട് എല്ലാ സിനിമയിലും വേഷങ്ങള്‍ തന്നു. നായികയ്ക്ക് പാട്ടില്ലെങ്കിലും എനിക്ക് പാട്ട് തന്നു. ‘മരിക്കുന്നതിന് ഒരാഴ്ച മുമ്പ് തോപ്പില്‍ ഭാസിയെ വഴിയില്‍ വെച്ച് കണ്ട കാര്യവും കെപിഎസി ലളിത ഓര്‍ത്തെടുത്തു. കാറില്‍ പോകുമ്പോള്‍ വഴിയരികില്‍ നില്‍ക്കുകയായിരുന്നു തോപ്പില്‍ ഭാസി. കാറ് തിരിച്ചു വന്ന് അദ്ദേഹത്തെ കണ്ടു. അന്ന് അദ്ദേഹം അടുത്തുളള ഹോട്ടലില്‍ നിന്ന് കുറേ പലഹാരങ്ങള്‍ വാങ്ങിത്തന്നത് നനവാര്‍ന്ന ഓര്‍മയാണെന്ന് കെപിഎസി ലളിത പറയുന്നു.
ഭരതനുമായുളള വിവാഹജീവിതത്തെ കുറിച്ചും ലളിത വാചാലയായി. ഇത്രയും പ്രതിഭാധനനായ വ്യക്തിയെ കണ്ടിട്ടില്ല. അരാജക ജീവിതവും മദ്യപാനവും ആ പ്രതിഭയെ തകര്‍ത്തു. ഭരതനും ശ്രീവിദ്യയും തമ്മിലുളള പ്രണയബന്ധത്തില്‍ താനായിരുന്നു ഹംസം. പിന്നീടവര്‍ പിരിഞ്ഞു. അപ്പോഴാണ് ഭരതന് തന്നോട് വിവാഹം കഴിക്കാന്‍ സമ്മതമാണോയെന്ന് ചോദിക്കുന്നത്. ‘ഞാനൊന്നേ പറഞ്ഞുളളു. വഴിയില്‍ വെച്ച് ഉപേക്ഷിക്കാനാണെങ്കില്‍ ഞാനില്ല. ഉപേക്ഷിക്കില്ലെന്ന് ഭരതന് ഉറപ്പും പറഞ്ഞു. എന്നാല്‍, വിവാഹ തീയതി അടുത്തപ്പോള്‍ ഭരതന് ചാഞ്ചാട്ടമുണ്ടായി. വീട്ടുകാര്‍ സമ്മതിക്കുന്നില്ലെന്ന് പറഞ്ഞുവന്നു.
ഞാനന്നു ഷൂട്ടിനു പോകാനൊരുങ്ങുകയായിരുന്നു. പോകുന്ന വഴിക്ക് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുമെന്ന് മുഖത്തു നോക്കി പറഞ്ഞു. ഭരതന് പേടിയായി. ഒരാളെ കൂട്ടിയാണ് ഷൂട്ടിന് വിട്ടത്. ‘കാറ്റത്തെ കിളിക്കൂട്’ എന്ന സിനിമയുടെ സമയത്ത് ഭരതനും ശ്രീവിദ്യയും വീണ്ടും അടുത്തുവെന്ന് കെപിഎസി ലളിത പറയുന്നു. മറ്റാളുകള്‍ പറഞ്ഞറിയരുത്, തന്നോട് സത്യം പറയണം എന്നു മാത്രമായിരുന്നു താന്‍ വെച്ച വ്യവസ്ഥ. എല്ലാം നിര്‍ത്തിയെന്ന് ഭരതന് പറഞ്ഞതായും ലളിത ഓര്‍ത്തു. ജീവിത ദുരന്തങ്ങളോര്‍ത്ത് കെപിഎസി ലളിത ഒരു വേള പൊട്ടിക്കരയുക പോലുമുണ്ടായി ഈ അഭിമുഖത്തിൽ.
മുകേഷിനെ കുറിച്ചുള്ള കുട്ടിക്കാലത്തെ ചില ഓര്‍മകളും കെപിഎസി ലളിത പങ്കുവച്ചു. മണ്ണില്‍ കളിക്കവെ മൂക്കിളയില് പറ്റുന്ന മണ്ണ് തിന്നുകയായിരുന്നു കൊച്ചു മുകേഷിന്റെ പണിയെന്നും കെപിഎസി ലളിത ചിരിയോടെ പറഞ്ഞു.
ജീവിതത്തില്‍ തന്നെ ഏറ്റവുമധികം വേട്ടയാടിയിട്ടുളളത് അടൂര്‍ ഭാസിയാണെന്ന് കെപിഎസി ലളിത വെളിപ്പെടുത്തി. വിവാഹം കഴിക്കാതെ കൂടെ നിര്‍ത്താനായിരുന്നു ശ്രമം. താനതിന് വഴങ്ങിക്കൊടുത്തില്ലെന്നും ഇതുമൂലം നിരവധി സിനിമകളില്‍ നിന്ന് തന്നെ ഭാസി ഇടപെട്ട് ഒഴിവാക്കിയെന്നും ലളിത ചൂണ്ടിക്കാട്ടി. മദ്രാസില്‍ ജോലിക്കാരിക്കൊപ്പം താമസിക്കവെ അടൂര്‍ ഭാസി മദ്യപിച്ചു വന്ന് ബഹളം കൂട്ടിയ കാര്യവും കെപിഎസി ലളിത പങ്കുവച്ചു.തന്റെ വീട്ടിൽ വന്ന് നഗ്നനായിനിന്ന് രാത്രി മുഴുവന്‍ പ്രശ്നങ്ങളുണ്ടാക്കി. ഒടുവില്‍ പിറ്റേദിവസം രാവിലെ ബഹദൂറെത്തിയാണ് കൂട്ടിക്കൊണ്ടു പോയത്.
ബഹദൂറുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും കെപിഎസി ലളിത പറഞ്ഞു. ഒരു രക്ഷിതാവിന്റെ മനോഭാവമാണ് ബഹദൂറിനുണ്ടായിരുന്നത്. നാടകത്തില്‍ അഭിനയിക്കാമെന്നു പറഞ്ഞ് ബഹദൂറിനെ പറ്റിച്ച കാര്യവും ലളിത ഓര്‍ത്തെടുത്തു.കൊടുങ്ങല്ലൂര്‍ വരെ ചെന്ന് മുങ്ങി. ഇതിന്റെ ദേഷ്യം ഒരിക്കല്‍ അഭിനയിക്കവെ ബഹദൂര്‍ തീര്‍ത്തു. ഷൂട്ടിംഗിനിടെ നല്ലൊരു അടി തന്നു. കൈയില്‍ കിട്ടിയ പാത്രം കൊണ്ട് ഒരു ഏറ് ഞാനും വെച്ചു കൊടുത്തു. തിരക്കഥയിലില്ലെങ്കിലും സംവിധായകന് ഈ ശണ്ഠ നന്നായി പകര്‍ത്തി. കെപിഎസി ലളിത പറഞ്ഞു നിര്‍ത്തി.