ഞാന്‍ കണ്ടുവന്ന രീതിയിലുള്ള വിവാഹജീവിതമല്ല ഞങ്ങളുടേത്. എനിക്കിതൊരു ലേണിങ് പ്രോസസാണ്. ഒന്നിച്ചു താമസിക്കുന്ന സുഹൃത്തുക്കളാണ് ഞങ്ങള്‍. എന്നെ ആഷിഖ് കാണുന്നത് ഒരു പതിമൂന്നുകാരിയെപ്പോലെയാണ്’ മലയാളത്തിന്റെ സ്വന്തം ’22 ഫീമെയിലായ’ റിമാ കല്ലിങ്കലിന്റെ വാക്കുകള്‍. ആഷിഖ് അബുവുമായുള്ള വിവാഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള വിശേഷങ്ങള്‍ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവയ്ക്കുകയായിരുന്നു റിമ.
നര്ത്തകിയില് തുടങ്ങി നടിയിലെത്തി വീണ്ടും നര്ത്തകിയിലേക്കെത്തുന്ന റിമയുടെ ജീവിതം ഒരുപാടു വഴിത്തിരിവുകള്‍ നിറഞ്ഞതാണ്. ഒരുകാര്യം തീവ്രമായി ആഗ്രഹിച്ചാല്‍ പ്രപഞ്ചം മുഴുവന്‍ അതിനായി കൂടെനില്‍ക്കുമെന്ന പൗലോ കൊയ്ലോയുടെ നോവലുകളിലെ വരികള്‍ റിമയുടെ കാര്യത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ അര്‍ത്ഥപൂര്‍ണ്ണമാകുന്നു. അഭിനേത്രിയാകണമെന്ന ഒറ്റ ആഗ്രഹം മാത്രമാണ് ചെറുപ്പം മുതല്‍ റിമയ്ക്കുണ്ടായിരുന്നത്.
ബാംഗ്ലൂരില്‍ കോളജിലായിരുന്ന സമയത്ത് പഠിപ്പിക്കാന്‍ വന്ന കൊറിയോഗ്രോഫറാണ് തന്നിലെ നര്‍ത്തകിയെ കണ്ടെത്തിയതെന്നു റിമ പറയുന്നു. ഓഡിഷന്പോലും നടത്താതെ റിമയെ അവരുടെ കമ്പനിയില്‍ ചേര്‍ത്തു. ഡാന്‍സ് കമ്പനിയില്‍ ചേരാനുള്ള തീരുമാനം വീട്ടുകാര്‍ എതിര്‍ത്തു. വീടുവിട്ട് ഇറങ്ങേണ്ടിവരും എന്ന അവസ്ഥയായി. ഒടുക്കം, പറഞ്ഞിട്ടു കാര്യമില്ലെന്നു വീട്ടുകാര്‍ക്കു മനസ്സിലാകുകയായിരുന്നു.
സ്ത്രീകള്‍ സ്വയം വിലകുറച്ചുകാണുന്ന പ്രവണത അവസാനിപ്പിക്കണമെന്നും പല സാമൂഹിക വിഷയങ്ങളിലും ബോള്‍ഡായ നിലപാടെടുത്തിട്ടുള്ള റിമ പറയുന്നു. അര്‍ഹിക്കുന്ന മൂല്യം തങ്ങള്‍ക്കു നല്കാന് സ്ത്രീകള്‍ തയാറാകണം. അമ്മയും ആഷിഖിന്റെ ഉമ്മച്ചിയും റിമയുടെ റോള്‍മോഡലാണ്. കുടംബത്തിന്റെ നിയന്ത്രണം സ്ത്രീയില്‍ നിക്ഷിപ്തമാണെന്ന് അനുഭവംകൊണ്ട് റിമ മനസ്സിലാക്കുന്നു. ഉത്തരവാദിത്വങ്ങളെല്ലാം ഒരുപോലെ പങ്കിടുന്ന ദമ്പതികളാണ് ഞങ്ങള്‍. എന്നാലും ആഷിഖ് കുറച്ചു കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നുണ്ട് റിമ കൂട്ടിച്ചേര്‍ക്കുന്നു.