Smiley face
Published On: Thu, Dec 15th, 2016

ഗണിതശാസ്ത്രത്തിലെ മനുഷ്യ കമ്പ്യൂട്ടർ ശകുന്തള

shakunthala

ലിബി.സി എസ് 

ലോകത്തിലെ ഏറ്റവും ശക്തയായ മനുഷ്യ കമ്പ്യൂട്ടർ എന്ന ബഹുമതി ശകുന്തളയ്ക്ക്‌ സ്വന്തമാ‌ണ്. ലോകത്തിലെ നിരവധി സർവകലാശാലകളിലും ലോക ബാങ്കിലും ഐക്യരാഷ്ട്രസഭയിലും ശകുന്തളാദേവി തന്റെ ഗണിത വിസ്മയം അവതരിപ്പിച്ചിട്ടുണ്ട്‌.

വേദകാലത്തിനു മുൻപ്‌ തൊട്ടേ തുടങ്ങുന്നതാണ്‌ ഭാരതത്തിന്റെ ഗണിത ശാസ്ത്ര പാരമ്പര്യം. അക്കങ്ങളുടെ ഇടയിലേക്ക്‌ ഭാരതം നൽകിയ എക്കാലത്തേയും മികച്ച സംഭാവന ‘പൂജ്യം’ എന്ന സങ്കൽപ്പമാണ്‌.മറ്റൊന്ന്‌ ഇന്ത്യയിൽ നിന്നും അറേബ്യ വഴി പടിഞ്ഞാറേക്കെത്തിയ ‘ദശാംശ സംഖ്യ’കളാണ്‌. വന്നത്‌ അറബികളിലൂടെയായതുകൊണ്ട്‌ പാശ്ചാത്യർ ഇവയെ അറബിക്‌ സംഖ്യകൾ എന്നാണ്‌ വിളിക്കുന്നത്‌. ഇവയ്ക്ക്‌ പുറമേ ഗണിത ശാസ്ത്ര ലോകം അടയാളപ്പെടുത്തുന്ന ആര്യഭടൻ, ശ്രീനിവാസ രാമാനുജൻ തുടങ്ങിയ പ്രതിഭകളെ സംഭാവന ചെയ്ത രാജ്യവുമാണ്‌ ഇന്ത്യ. ഇത്രയേറെ ഗണിതവിജ്ഞാന പൈതൃകം നിലനിൽക്കുന്ന നമ്മുടെ രാഷ്ട്രത്തിൽ നിന്നും ഗണിതത്തിലെ വളരെ സങ്കീർണ്ണമായ കണക്കുകൂട്ടലുകൾക്ക്‌ കമ്പ്യൂട്ടറിനെപോലും പിന്നിലാക്കി മനക്കണക്കിലൂടെ ഉത്തരം നൽകി കൊണ്ട്‌ മനുഷ്യ കമ്പ്യൂട്ടർ എന്ന വിശേഷണം നേടിയ ലോകപ്രശസ്ത ഗണിതശാസ്ത്രപ്രതിഭയാണ്‌ ശകുന്തളദേവി.

ദക്ഷിണേന്ത്യയിലെ കർണാടക സംസ്ഥാനത്തിന്റെ തലസ്ഥാനമായ ബംഗളൂരുവിലെ ഒരു ദരിദ്ര കന്നട ബ്രാഹ്മണ കുടുംബത്തിൽ നാനാക്ക്‌ ചന്ദ്‌ എന്ന സർക്കസ്‌ താരത്തിന്റെയും, ദേവകിയുടെയും മകളായി 1929 നവംബർ 4-നായിരുന്നു ശകുന്തളദേവിയുടെ ജനനം. സ്കൂൾ വിദ്യാഭ്യാസം നേടാൻ കഴിയാത്ത ശകുന്തള ബഹുഭാഷാപണ്ഡിതനായിരുന്ന പിതാവിൽനിന്നാണ്‌ ആദ്യപാഠങ്ങൾ പഠിച്ചത്‌. കുഞ്ഞുനാളിൽ അച്ഛനുമായി ചീട്ടുകളിച്ചാണ്‌ കണക്കിന്റെ അത്ഭുതലോകത്തേക്ക്‌ ശകുന്തളാദേവി ചുവടുവെയ്ക്കുന്നത്‌.

മൂന്ന്‌ വയസുളളപ്പോൾ തന്നെ ചീട്ടുകൾ ഓർത്തിരിക്കാനുള്ള മകളുടെ അപാരമായ കഴിവ്‌ തിരിച്ചറിഞ്ഞ പിതാവിന്റെ പ്രോത്സാഹനമാണ്‌ ശകുന്തളാദേവിയെ ഈ മേഖലയിൽ കൈപിടിച്ചുയർത്തിയത്‌. ആറാം വയസിൽ മൈസൂർ സർവകലാശാലയിലും എട്ടാം വയസിൽ അണ്ണാമലൈ സർവകലാശാലയിലും സംഘടിപ്പിച്ച പൊതുവേദികളിൽ ശകുന്തളാദേവി കണക്കിലെ തന്റെ കഴിവുകൾ തെളിയിച്ചു. കാൽക്കുലേറ്ററിന്റെയോ കമ്പ്യൂട്ടറിന്റെയോ സഹായമില്ലാതെ കണക്കിലെ ഏതു ചോദ്യത്തിനും അനായാസം ഉത്തരം നൽകാനുള്ള കഴിവാണ്‌ ശകുന്തളാദേവിയെ പ്രശസ്തയാക്കിയത്‌.

1977-ൽ അമേരിക്കയിലെ ഡള്ളാസിൽ 201 അക്കങ്ങളുള്ള ഒരു സംഖ്യയുടെ 23-ാ‍മത്‌ വർഗ്ഗമൂലം സൂപ്പർ കമ്പ്യൂട്ടറിനെ പന്ത്രണ്ട്‌ സെക്കൻഡ്‌ പിന്നിലാക്കി ശകുന്തളാ ദേവി ഉത്തരം പറഞ്ഞ്‌ റിക്കോർഡിട്ടിരുന്നു. 1980 ജൂൺ 13-ന്‌ ലണ്ടനിലെ ഇംപീരിയൽ കോളജിൽ ശകുന്തളദേവി തന്റെ ഗണിതശാസ്ത്രപാടവത്തിലൂടെ ലോകത്തെ വിസ്മയിപ്പിച്ചു. അവിടുത്തെ കമ്പ്യൂട്ടർ നിർദ്ദേശിച്ച രണ്ടു പതിമൂന്നക്ക സംഖ്യകളുടെ ഗുണനഫലം മനക്കണക്കിലൂടെ കണ്ടെത്തുകയായിരുന്നു ശകുന്തളാ ദേവിയുടെ കർത്തവ്യം. വെറും 28 സെക്കന്റുകൾ കൊണ്ട്‌ അവർ ശരിയുത്തരം നൽകിയതിലൂടെ 1982-ലെ ഗിന്നസ്‌ ബുക്കിൽ ശകുന്തള തന്റെ സ്ഥാനമുറപ്പിച്ചു.

ഒരാളുടെ ജനനത്തീയതി ശകുന്തളയെ അറിയിച്ചാൽ സെക്കൻഡുകൾക്കുള്ളിൽ ഏത്‌ ദിവസമാണെന്ന്‌ കണ്ടെത്താൻ അവർക്ക്‌ കഴിയും അത്‌ നമ്മെ അത്ഭുതപ്പെടുത്തുകയും ചെയ്യും. ബിബിസിയുടെ ഒരഭിമുഖത്തിൽ ശകുന്തളാ ദേവി കമ്പ്യൂട്ടർ തയാറാക്കിയ ചോദ്യങ്ങൾക്കെല്ലാം ശരിയായ ഉത്തരം നൽകി. ആ അഭിമുഖത്തിന്റെ അവതാരകനായ ലെസ്ലി മിച്ചൽ ‘ശകുന്തള ജയിച്ചു ബിബിസി തോറ്റു’ എന്നായിരുന്നു വിശേഷിപ്പിച്ചത്‌.

ഓസ്ട്രേലിയയിലെ ന്യൂ സൗത്ത്‌ വേൽസ്‌ സംസ്ഥാനത്തിന്റെ തലസ്ഥാനനഗരമായ സിഡ്നിയിലെ ന്യൂ സൗത്ത്‌ വെയിൽസ്‌ യൂണിവേഴ്സിറ്റിയിൽ നടന്ന ഒരു മത്സരത്തിൽ ശകുന്തള ഒരു കമ്പ്യൂട്ടറിനെ തോൽപിച്ച സംഭവമുണ്ടായി. ന്യൂ സൗത്ത്‌ വെയിൽസിലെ പ്രസിദ്ധമായ ‘ഉട്ടകോം’ എന്ന സൂപ്പർ കമ്പ്യൂട്ടറായിരുന്നു ശകുന്തളയുടെ മുഖ്യ പ്രതിയോഗി. പ്രമുഖ ഗണിതശാസ്ത്രജ്ഞരായ ബാറി തോൻടണും ജിസ്മാർക്കും തയാറാക്കിയ ചോദ്യാവലിയിൽ കമ്പ്യൂട്ടർ മറുപടി പറയുന്നതിനു മുൻപ്‌ തന്നെ ഉത്തരം നൽകി വിജയിച്ച ശകുന്തളാദേവിയെ ഈ മത്സരം ഏറെ പ്രശസ്തയാക്കി തീർത്തു.

ലോകത്തിലെ ഏറ്റവും ശക്തയായ മനുഷ്യ കമ്പ്യൂട്ടർ എന്ന ബഹുമതി ഇതിനോടകം തന്നെ ശകുന്തള സ്വന്തമാക്കി കഴിഞ്ഞിരുന്നു. ലോകത്തിലെ നിരവധി സർവകലാശാലകളിലും, ലോക ബാങ്കിലും, ഐക്യരാഷ്ട്രസഭയിലും ശകുന്തളാദേവി തന്റെ ഗണിത വിസ്മയം അവതരിപ്പിച്ചിട്ടുണ്ട്‌. ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട എട്ടോളം പുസ്തകങ്ങൾ രചിച്ച ശകുന്തളദേവി കണക്കിനു പുറമെ ജ്യോതിശ്ശാസ്ത്രത്തിലും തന്റെ കഴിവ്‌ തെളിയിച്ചിട്ടുണ്ട്‌.
1969-ൽ ഫിലിപ്പീൻസ്‌ സർവകലാശാല ഗോൾഡ്‌ മെഡൽ, 1998-ൽ രാമാനുജൻ മാത്തമാറ്റിക്കൽ അവാർഡ്‌ തുടങ്ങിയ ഗണിതശാസ്ത്ര മേഖലയിലെ മിക്ക ഉന്നത പുരസ്ക്കാരങ്ങളും ഈ അക്കങ്ങളുടെ ഏകാധിപതി കരസ്ഥമാക്കിയിട്ടുണ്ട്‌.

ലോകപ്രശസ്ത വയലിനിസ്റ്റായിരുന്ന യഹൂദി മെനുഹിൻ, അമേരിക്കൻ പ്രസിഡന്റായിരുന്ന റിച്ചാർഡ്‌ നിക്സൺ, ജോർദാനിലെ രാജാവായിരുന്ന ഹുസൈൻ, ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി തുടങ്ങിയ പ്രശസ്തരുടെയും പ്രശംസ നേടാൻ സാധിച്ച ഏക വനിതയും ഒരുപക്ഷേ ശകുന്തളാദേവിയായിരിക്കാം. കണക്കിന്റെ കളികളെ ഉള്ളംകൈയിൽ കൊണ്ടുനടന്ന ശകുന്തളദേവി എന്ന അസാമാന്യ ബുദ്ധി വൈഭവം 2013 ഏപ്രിൽ 21-ന്‌ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന്‌ തന്റെ 84-ാ‍ം വയസ്സിൽ മരിച്ചു

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.