Breaking News

ഓർമ്മകൾ ഉണ്ടായിരിക്കണം; എയ്ഡ്സിനെ ഇന്ത്യയറിഞ്ഞത്‌ നിർമ്മല ശെല്ലപ്പനിലൂടെ

nirmmala2

 

ലിബി. സി. എസ്

ഫണ്ടിങ്ങിന്റെ പൊലിമയിൽ എല്ലാം ആഘോഷ മായി മാറുന്ന ഈ കാലത്ത് എയ്ഡ്സ് ദിനാഘോഷ മാമാങ്കങ്ങൾക്കിടയിൽ മറന്നുപോയ ഒരു സ്ത്രീ ഉണ്ട് ലൈംഗികത രോഗങ്ങൾക്കു വഴിമാറുമെന്ന്‌ ഒരിക്കൽപോലും ഇന്ത്യക്കാർ അന്നു വരെ ചിന്തിച്ചിട്ടുണ്ടാവില്ല. എന്നാൽ ചിന്തിച്ചു, ഒരു സ്ത്രീ. കുറ്റവും ശിക്ഷയും എല്ലാം ഏൽക്കാൻ വിധിക്കപ്പെട്ടവളെന്ന്‌ പുരുഷമേധാവിത്വം അടച്ചു പറഞ്ഞപ്പോഴും അവൾതന്നെ വേണ്ടിവന്നു അതും കണ്ടെത്താൻ. നിർമ്മല ശെല്ലപ്പൻ, അധികമാരും ശ്രദ്ധിച്ചിട്ടില്ലാത്ത ഈ സ്ത്രീരത്നമാണ്‌ ഇന്ത്യയിൽ ആദ്യമായി എച്ച്‌ഐവി കേസ്‌ പരിശോധിച്ച്‌ വിലയിരുത്തിയത്‌.

അന്നുവരെ കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത ഒരു മാരകരോഗത്തിന്റെ വിഷവിത്തുകളെ അങ്ങനെ ഇന്ത്യ ആദ്യമായി പരിചയപ്പെട്ടു. നിർമ്മലാ ശെല്ലപ്പൻ എന്ന 32 കാരിയായ ശാസ്ത്രഞ്ജയാണ്‌ അതിനു പിന്നിലെന്ന്‌ അറിയാവുന്നവർ ഇന്നും വിരളമാണ്‌. ഈ അന്വേഷണത്തിന്റെ പൂർണഫലം കണ്ടെത്തുന്നതുവരെയുള്ള നിർമ്മലയുടെ യാത്ര ദുർഘടമായ പാതകളിലൂടെയായിരുന്നു. വൈദ്യശാസ്ത്രം ഇത്രകണ്ട്‌ പുരോഗമനമാർഗ്ഗത്തിലല്ലായിരുന്നതും കേട്ടുകേൾവിപോലും ഇല്ലാതിരുന്നതുമായ ഒരു സങ്കൽപ്പമായതിനാലും വിഷമതകൾ ഏറെ സഹിക്കേണ്ടിവന്നു നിർമ്മലക്ക്‌.

nirmala4

1982ലാണ്‌ ആദ്യമായി യുണാീറ്റ്ഡ്‌ സ്റ്റേറ്റ്സിൽ എച്ച്‌ഐവിയെക്കുറിച്ച്‌ ഔദ്യോഗിക കണക്കെടുപ്പ്‌ നടന്നത്‌. 1986ൽ അമേരിക്ക എച്ച്‌ഐവിക്കുള്ള ചികിത്സകൾ തേടിതുടങ്ങി. സ്വവർഗ്ഗ രതിയും ലൈംഗിക സ്വാതന്ത്ര്യവും ശീലമാക്കിയവരാണല്ലോ വിദേശികൾ, ഇതൊന്നും തെറ്റല്ല എന്ന പക്ഷക്കാരാണ്‌ അവർ. അതുകൊണ്ടുതന്നെ എച്ച്‌ഐവി എന്ന രോഗത്തെ ഭയപ്പാടോടെ അവർ കണ്ടിട്ടുണ്ടാവില്ല. എന്നാൽ ഇന്ത്യയിൽ അത്‌ വലിയ ഭൂകമ്പം തന്നെ സൃഷ്ടിച്ചുകൊണ്ടാണ്‌ കടന്നു വന്നത്‌. ഏക ഭാര്യ-ഭർതൃത്വ ജീവിതം സ്വീകരിക്കുക എന്നത്‌ സംസ്കാരത്തിന്റെ തന്നെ ഭാഗമായതുകൊണ്ടും കുടുംബബന്ധങ്ങൾക്ക്‌ ദൃഡബന്ധം നൽകിയിരുന്നതുകൊണ്ടും പൈശാചിക രോഗത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ ഇന്ത്യക്കാരുടെ സ്വപ്നങ്ങളിൽപോലും ഉണ്ടായിട്ടുണ്ടാവില്ല. ഈ സാഹചര്യത്തിലാണ്‌ എച്ച്‌ഐവിയുടെ കടന്നു വരവ്‌.

ഇന്ത്യതന്നെ ആദ്യമായി ഒരു പുതിയ രോഗത്തെ അറിയുന്നത്‌ അപ്പോഴാണ്‌. എന്നാൽ ഇന്ത്യക്കാർക്ക്‌ എയ്ഡ്സ്‌ പരിശോധന നടത്താം എന്ന്‌ അപ്പോഴും ചിന്തയിൽ തെളിഞ്ഞിട്ടില്ല. ചുവന്ന വെളിച്ചമുള്ള തെരുവ്‌ ഉൾപ്പെടുന്ന മെട്രോ നഗരങ്ങളിൽപ്പോലും ഇതൊന്നും വിഷയമായിട്ടില്ല. ഈ സാഹചര്യത്തിൽനിന്നു ചിന്തിക്കുന്നവർക്കേ നിർമ്മലയുടെ ജോലി എത്ര കാഠിന്യം നിറഞ്ഞതായിരുന്നു എന്ന്‌ മനസ്സിലാക്കാൻ കഴിയു. 1986ൽ ചെന്നൈ മെഡിക്കൽ കോളജിലെ മൈക്രോ ബയോളജി വിദ്യാർഥിയായിരുന്നു അന്ന്‌ നിർമ്മല.

nirmmala

അധ്യാപകനായ ഡോ. സുനിതി സോളമന്റെ പ്രചോദനം ഉൾക്കൊണ്ട യുവതി അന്നു മുതൽ പ്രയത്നം ആരംഭിക്കുകയായിരുന്നു. വിഷയം എവിടെ ആരംഭിക്കണം എന്നുള്ളതിനെക്കുറിച്ച്‌ നിർമ്മലക്ക്‌ ഒരു ബോധ്യവുമുണ്ടായിരുന്നില്ല. കൽക്കട്ടയും മുംബൈയും ഡെൽഹിയുംപോലുള്ള ഒരു നഗരമായിരുന്നു ആദ്യമായി പരിശോധനക്കെങ്കിൽ അവിടെ നിന്നും ലൈംഗിക തൊഴിലാളികളെ കണ്ടെത്തുക പ്രയാസമാകില്ലായിരുന്നു. എന്നാൽ ചെന്നൈ പോലൊരു നഗരത്തിൽനിന്ന്‌ ലൈംഗിക തൊഴിലാളികളെ കണ്ടെത്തി പരിശോധന നടത്തുക എന്നത്‌ ശ്രമകരമായിരുന്നു. ഒടുവിൽ ലൈംഗിക തൊഴിൽ സ്വീകരിച്ച ഒരു കുടുംബത്തെ പരിചയപ്പെടുകയും അവരുടെ സഹായത്താൽ മറ്റുള്ളവരെ പരിചയപ്പെടുകയും ചെയ്തു. വി ഹോം അഥവാ വിജിലൻസ്‌ ഹോം എന്ന ഒരു സംഘടനയെ അങ്ങനെയാണ്‌ കണ്ടെത്തിയത്‌.

ലൈംഗിക തൊഴിലാളികളായ സ്ത്രീകളും നിരാലംബരായ സ്ത്രീകളും താമസിക്കുന്നിടമാണിത്‌. മൂന്നു മാസത്തോളം വി ഹോമിലെ നിത്യ സന്ദർശകയായി നിർമ്മല. ജോലിയിൽ പ്രവേശിക്കുന്നതിനുമുമ്പ്‌ വി ഹോം സന്ദർശിക്കും. ഭർത്താവ്‌ വീരപ്പൻ രാമമൂർത്തിയോടൊപ്പമായിരുന്നു യാത്ര. അങ്ങനെ നിർമ്മല അന്തേവാസികളുമായി സൗഹൃദത്തിലാകുകയും അവിടെനിന്ന്‌ ബ്ലഡ്‌ സാമ്പിൾ ശേഖരിക്കുകയും ചെയ്തു. 80ഓളം സാമ്പിളുകൾ അങ്ങനെ ശേഖരിച്ചു. ബ്ലെഡ്‌ സാമ്പിളിൽ നിന്ന്‌ വേർതിരിച്ചെടുത്ത സിറം സൂക്ഷിക്കാനുള്ള സംവിധാനംപോലും ഉണ്ടായിരുന്നില്ല. അങ്ങനെ വീട്ടിലെ ഫ്രിഡ്ജ്‌ സാമ്പിളുകൾ സൂക്ഷിക്കുന്നതിനുള്ള ഇടമാക്കി.

nirmala3

‘എലിസ’ പരിശോധന നടത്തുന്നതിനുള്ള സംവിധാനം ചെന്നൈയിലെ ആശുപത്രികളിലുണ്ടായിരുന്നില്ല. 200കിലോ മീറ്റർ അകലെയുള്ള വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ സാമ്പിളുകൾ പരിശോധിക്കുന്നതിന്‌ ഏർപ്പാടാക്കികൊടുത്തുകൊണ്ട്‌ അധ്യാപകനായ ഡോ. സോളമൻ നിർമ്മലയെ സഹായിച്ചു. ഫലം വന്നു. പരിശോധനയിൽ ആറുപേർ എച്ച്‌ഐവി പോസിറ്റീവ്‌ ആയിരുന്നു. ചെന്നൈയിൽ തിരിച്ചെത്തിയ നിർമ്മല പരിശോധനാ ഫലം അതീവ രഹസ്യമാക്കി വച്ചു. ഡോ. സോളമന്റെ നേതൃത്വത്തിൽ സാമ്പിളുകൾ യുഎസിൽ അയച്ച്‌ ‘വെസ്റ്റേൺ ബ്ലോട്ട്‌ പരിശോധന’ നടത്തുകയും ചെയ്തു. അതിലും എച്ച്‌ഐവി പോസിറ്റീവ്‌ സ്ഥിരീകരിച്ചു. തുടർന്ന്‌ ഇന്ത്യ എച്ച്‌ഐവി എന്ന രാക്ഷസ രോഗത്തിന്റെ പിടിയിലാകാൻ പോകുന്ന വിവരം ഡോ. സോളമന്റെ സഹായത്തോടെ ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിനെ അറിയിക്കുകയും തുടർന്ന്‌ ഇന്ത്യയിൽ വാർത്ത പരക്കുകയും ചെയ്തു. ആരും വിശ്വസിക്കാൻ തയ്യാറായില്ല. പരിശോധനയുടെ ആധികാരികത ചോദ്യം ചെയ്യുകയായിരുന്നു കേട്ടവരെല്ലാം.

നിർമ്മല വിദ്യാർഥിയായതു കാരണം ഡോ. സോളമൻ അധികാരികൾക്ക്‌ വിശദീകരണം നൽകേണ്ടി വന്നു. നിതാന്ത പരിശ്രമത്തിനൊടുവിൽ വിപത്തിനെ രാജ്യം അറിഞ്ഞു തുടങ്ങി. എച്ച്‌ഐവി എന്ന രോഗത്തെ അങ്ങനെ രാജ്യത്തിനു തന്നെ പരിചയപ്പെടുത്തി അതിനു തടയിടാനുള്ള ശ്രമം ആരംഭിക്കുവാൻ തുടക്കമിട്ടത്‌ നിർമ്മലയാണ്‌. സ്ത്രീ എത്തിച്ചേരാത്ത, അവൾക്കു സാധിക്കാത്ത, ഒന്നും തന്നെയില്ല എന്ന്‌ ഒരിക്കൽകൂടി ഇതും തെളിയിക്കുകയാണ്‌.

Comments

comments