Breaking News

എംടിയെ തൊട്ടുകളിക്കാന്‍ ഇവിടെ ഒരു സംഘപരിവാരവും സമയം കളയേണ്ട; മോഹന്‍ലാലിനോട് ചോദിച്ച് നോക്ക്

mt-vasudevan-and-venu

എംടിയെ തൊട്ടുകളിക്കാന്‍ ഇവിടെ ഒരു സംഘപരിവാരവും സമയം കളയേണ്ട; സംശയമുണ്ടെങ്കില്‍ മോഹന്‍ലാലിനോട് ചോദിച്ച് നോക്ക്: ഛായാഗ്രാഹകന്‍ വേണു

മോദിയെ വിമര്‍ശിച്ചതിന്റെ പേരില്‍ സംഘവരിവാറിന്റെ ആക്രമണം നേരിടുന്ന എംടി വാസുദേവന്‍ നായര്‍ക്ക് പിന്തുണയുമായി ഛായാഗ്രാഹകന്‍ വേണു രംഗത്ത്. എംടി വാസുദേവന്‍ നായരെ തൊട്ടുകളിക്കാന്‍ ഇവിടെ ഒരു സംഘപരിവാരവും സമയം കളയേണ്ടെന്നും സംശയമുണ്ടെങ്കില്‍ മോഹന്‍ലാലിനോട് ചോദിച്ച് നോക്കു എന്നും വേണു പറഞ്ഞു.ബുക്ക് പോസ്റ്റിലൂടെയാണ് വേണു ഇങ്ങനെ പ്രതികരിച്ചത് .

നോട്ട് നിരോധന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്രസര്‍ക്കാരിനേയും വിമര്‍ശിച്ചതിന്റെ പേരിലാണ് എംടിക്കെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. മോദിക്കെതിരെ പറയാന്‍ എംടിക്ക് എന്ത് അവകാശമാണ് ഉള്ളതെന്ന് ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണന്‍ ചോദിച്ചു. രാജ്യം മാറിയതൊന്നും എംടി അറിഞ്ഞില്ലേയെന്നും രാധാകൃഷ്ണന്‍ ആരാഞ്ഞു. നോട്ട് നിരോധന വിഷയത്തില്‍ കാര്യങ്ങള്‍ അറിയാതെയാണ് എംടി പ്രതികരിച്ചതെന്നും അത് ശരിയായില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടിപി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടപ്പോള്‍ തൂലിക ചലിപ്പിക്കാതിരുന്ന എംടി ഇപ്പോള്‍ പ്രതികരിക്കുന്നത് ആര്‍ക്കോ വേണ്ടിയാണെന്ന് രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.

ധനമന്ത്രി തോമസ് ഐസക് എഴുതിയ കള്ളപ്പണവേട്ട സത്യവും മിഥ്യയും എന്ന പുസ്തകം തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ പ്രകാശനം ചെയ്യവെയാണ് എംടി നോട്ട് നിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. കറന്‍സി നിരോധിച്ച എല്ലാ രാജ്യങ്ങളും നേരിട്ടത് വലിയ ആപത്തായിരുന്നെന്നും ആഫ്രിക്കന്‍ രാജ്യങ്ങള്‍ അതിന് ഉദാഹരണമാണെന്നും എംടി അഭിപ്രായപ്പെട്ടു. തുഗ്ലക്കിന്റെ ഭരണപരിഷ്‌കാരത്തെ അനുസ്മരിച്ചും എംടി മോദിയെ വിമര്‍ശിച്ചു. ‘തുഗ്ലക് തലസ്ഥാനം മാറ്റിയത് അരക്കിറുക്ക് കൊണ്ട് മാത്രമായിരുന്നില്ല, തന്റെ പരിഷ്‌കാരങ്ങള്‍ ആരും എതിര്‍ക്കാന്‍ പാടില്ലെന്ന ലക്ഷ്യത്തോടെയായിരുന്നു. തുഗ്ലക്കിന്റെ കൊട്ടാരത്തിലേക്ക് ജനത്തിന്റെ എതിര്‍ശബ്ദം എത്തിയപ്പോഴാണ് തലസ്ഥാനം മാറ്റാന്‍ അദ്ദേഹം തുനിഞ്ഞത്. ഇത്തരം എതിര്‍പ്പുകള്‍ ഓരോ കാലത്തും ഉയര്‍ന്നുവരും. രാജ്യത്തിന്റെ ഏറ്റവും ഉത്തരവാദിത്വമുള്ള സ്ഥാനത്തുള്ളവര്‍ മാത്രമല്ല, റിസര്‍വ് ബാങ്കും നിലപാട് മാറ്റിപ്പറയുകയാണ്’. ഇങ്ങനെയായിരുന്നു എംടിയുടെ വാക്കുകള്‍.

Comments

comments