Breaking News

പോയവർഷം നമ്മെ ഓർമ്മപ്പെടുത്തുന്നത് ജനാധിപത്യ – മതേതര നയങ്ങൾക്കെതിരെ നടന്ന ബോധപൂർവമായ കടന്നാക്രമണങ്ങൾ

hareesh10

ലിബി .സി .എസ്

ജനാധിപത്യ – മതേതര നയങ്ങൾക്കെതിരായി ബോധപൂർവമായ കടന്നാക്രമണങ്ങളും പൊതുസമൂഹത്തിന്റെ നന്മ ലക്ഷ്യമാക്കിയുള്ള വികസന നയവും സ്വതന്ത്രമായ വിദേശ നയവും എല്ലാത്തിനുമപ്പുറം രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥ തന്നെയും തകർക്കാനുള്ള ശ്രമങ്ങളും നടന്ന വർഷമെന്ന നിലയിലായിരിക്കും ചരിത്രത്തിൽ 2016 ഓർമ്മിക്കപ്പെടാൻ പോകുന്നത്‌. മനുഷ്യരുടെ ജനാധിപത്യ അവകാശങ്ങൾക്കുനേരെയുള്ള കടന്നാക്രമണങ്ങളോടെയാണ്‌ വർഷം ആരംഭിച്ചതുതന്നെ.

രോഹിത്‌ വെമുല ആത്മഹത്യ ചെയ്യാൻ നിർബന്ധിതനായി, എഐഎസ്‌എഫ്‌ നേതാവും ജവഹർലാൽ നെഹ്‌റു സർവകലാശാല വിദ്യാർഥി യൂണിയന്റെ തെരഞ്ഞെടുക്കപ്പെട്ട ചെയർമാനുമായിരുന്ന കനയ്യകുമാറും കൂട്ടുകാരും കെട്ടിച്ചമയ്ക്കപ്പെട്ട ദേശദ്രോഹക്കുറ്റത്തിന്റെ പേരിൽ ജയിലിലടയ്ക്കപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമേലുള്ള ഫാസിസ്റ്റ്‌ കടന്നാക്രമണങ്ങൾക്കെതിരായ വിദ്യാർഥി മുന്നേറ്റങ്ങൾക്കൊപ്പം ഈ സംഭവങ്ങൾ ദേശ സ്നേഹത്തെയും ദേശീയതയെയും കുറിച്ചുള്ള സംവാദങ്ങൾക്കും പ്രേരണയായി.

rohith & kanayya

സ്വയംനിർമ്മിത അതിദേശീയതയുടെ കണ്ണാടിയിലൂടെ ദേശീയതയെ കാണാൻ സംഘപരിവാറും മോഡിയും ശ്രമിക്കുമ്പോൾ ദേശീയതയുടെയും ദേശാഭിമാനത്തിന്റെയും വ്യത്യാസങ്ങൾ ജനങ്ങൾ തിരിച്ചറിയാൻ തുടങ്ങി. അതിനിടയിലാണ്‌ ഭരണകൂടം വിദ്യാഭ്യാസ – സാംസ്കാരിക- ഭാഷാ സ്ഥാപനങ്ങളിൽ നുഴഞ്ഞുകയറാനുള്ള ശ്രമങ്ങൾ തുടരുന്നത്‌. അറിയപ്പെടുന്ന സംഘികൾ ഇത്തരം സ്ഥാപനങ്ങളുടെ എല്ലാം മേധാവികളായി നിർലജ്ജം അവരോധിക്കപ്പെട്ടുകഴിഞ്ഞു . വിദ്യാഭ്യാസ സംവിധാനത്തിന്റെ എല്ലാ മേഖലകളിലും ഹിന്ദുത്വ അജൻഡ നടപ്പിലാക്കുന്നതിനുള്ള പുതിയ വിദ്യാഭ്യാസ നയവും അവതരിപ്പിക്കപ്പെട്ടുകഴിഞ്ഞു.

ജാതിമതപ്രീണനത്തിന്റെ തുടർച്ചയ്ക്കും 2016 സാക്ഷ്യം വഹിച്ചു. രാജ്യത്ത്‌ വൃത്തികെട്ട സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുന്നതിന്‌ ലൗ ജിഹാദ്‌ മുതൽ ഗോരക്ഷ വരെ എല്ലാ രീതികളും വഴികളും അവർ ഉപയോഗിച്ചു. തെരഞ്ഞെടുപ്പ്‌ അടുത്തു നിൽക്കുന്ന ഉത്തർപ്രദേശിൽ ആയിരക്കണക്കിന്‌ വർഗീയ സംഘർഷങ്ങളും അസ്വാസ്ഥ്യങ്ങളുമുണ്ടായി. ഗോരക്ഷാ മുദ്രാവാക്യം ദളിത്‌ അതിക്രമങ്ങൾക്കും ഉപയോഗിച്ചു. ഗുജറാത്തിലെ ഉനയിൽ പശുവിന്റെ തോലുരിച്ചതിന്റെ പേരിൽ ദളിത്‌ യുവാക്കൾ ആക്രമിക്കപ്പെട്ടത്‌ അടിച്ചമർത്തപ്പെട്ട മുഴുവൻ പേരിലും ഭീതി വളർത്തുകയും അത്‌ സമൂഹത്തിൽ പുതിയൊരു ഉയർത്തെഴുന്നേൽപ്പിന്‌ വഴിയൊരുക്കുകയും ചെയ്തു.

gomathav

സർക്കാരും സംഘപരിവാറും നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണ്‌. അവശേഷിക്കുന്ന മൂന്ന്‌ വർഷത്തിൽ താഴെയുള്ള ഭരണ കാലയളവിൽ നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും എല്ലാ നന്മകളും തകർക്കുകയാണ്‌ അവർക്കാവശ്യം. മനുവാദമാണ്‌ ജീവിതത്തിന്റെ ഏകവഴിയെന്ന നിക്ഷിപ്തതാൽപര്യത്തിന്റെ പ്രതിഫലനമായിരുന്നു സമസ്ത മേഖലകളിലും നാം കാണുന്നത്.അതിനെ കേവലം ഒരു വ്യക്തിയുടെ പ്രശ്നമായും 56 സൈസ് കാരന് ബദൽ ഇരട്ടച്ചങ്കനാണെന്ന വൃത്തികെട്ട പ്രചാരണത്തിനപ്പുറം രാഷ്ട്രീയം ഇല്ലാതാകയുകയും വാസ്തവത്തിൽ പകച്ചു നിൽക്കുന്ന പ്രതിപക്ഷത്തെയുമാണ് നാം കാണുന്നത്.
കഴിഞ്ഞ അഞ്ചുമാസമായി ജമ്മു കശ്മീർ പുകഞ്ഞുകൊണ്ടിരിക്കുകയാണ്‌. പെല്ലറ്റ്‌ ആക്രമണത്തെ തുടർന്ന്‌ ആയിരക്കണക്കിനാളുകൾക്ക്‌ കാഴ്ച നഷ്ടപ്പെടുകയും നൂറുകണക്കിന്‌ പേർ കൊല്ലപ്പെടുകയും ചെയ്തു. ഈ യാഥാർഥ്യങ്ങളെല്ലാം മറച്ചുവയ്ക്കാനാണ്‌ സർക്കാർ ശ്രമിക്കുന്നത്‌.ഇതിനുവേണ്ടി അനാവശ്യമായ പ്രചാരണവും പാക് വിരോധവും വിളമ്പുകയാണ്.

ആശയപരവും സാമൂഹ്യവുമായ ഇത്തരം കടന്നാക്രമണങ്ങൾക്കൊപ്പം തന്നെ ആഗോള മൂലധന ശക്തികളുടെ ഉപകരണങ്ങളായ ലോക ബാങ്ക്‌, ഐഎംഎഫ്‌, ഡബ്ല്യുടിഒ തുടങ്ങിയവയുടെ നിർദ്ദേശാനുസരണമുള്ള നവ ഉദാരവൽക്കരണ സാമ്പത്തിക നയങ്ങളുടെ അവശേഷിക്കുന്ന അജൻഡകൾ നടപ്പിലാക്കാനുള്ള തീവ്ര ശ്രമത്തിലാണ്‌ മോഡി സർക്കാർ. എല്ലാത്തിനുമപ്പുറം മൂലധന മുതലാളിത്തത്തിന്റെ ഉറ്റ ചങ്ങാതിമാരാണ്‌ മോഡിയുടെ പ്രായോജകർ എന്ന്‌ വ്യക്തമാകുന്നു.(സഹാറ, ആദിത്യ ബിർള ഗ്രൂപ്പിൽ നിന്ന്‌ കോഴ വാങ്ങിയ കേസ്‌ ഇതിനകംതന്നെ അന്വേഷണത്തിലാണ്‌). മോഡി ഇപ്പോൾ അവർക്ക്‌ പലിശ സഹിതം പ്രത്യുപകാരം ചെയ്യുകയാണ്‌.ഇത് തുറന്നുകാട്ടാനും ബദലാകാനും മറ്റൊരു രാഷ്ട്രീയ ശക്തി ഇല്ലാതായിരിക്കുന്നു.

modi55

കോർപ്പറേറ്റ്‌ നികുതികൾ ഇതിനകം തന്നെ കുറച്ചുനൽകി. പ്രകൃതി വിഭവങ്ങളും പൊതു സ്വത്തുകളുമെല്ലാം ചുളുവിലയ്ക്ക്‌ അവർക്ക്‌ കൈമാറിക്കഴിഞ്ഞു. അംബാനിക്ക്‌ കൈമാറുന്നതിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും ലാഭകരമായ പൊതുമേഖലാ സ്ഥാപനം ഓയിൽ ആന്റ്‌ നാച്ചുറൽ ഗ്യാസ്‌ കോർപ്പറേഷൻ (ഒഎൻജിസി) സ്വകാര്യവൽക്കരിച്ചു. റയിൽവേയ്ക്ക്‌ ഇന്ധന വിതരണം നടത്തുന്നതിൽ നിന്നും ഒഎൻജിസി ഒഴിവാക്കപ്പെട്ടു. അതിന്റെ കരാർ റിലയൻസിനാണ്‌ പോയത്‌. ഓസ്ട്രേലിയയിലെ കൽക്കരി പാടമുൾപ്പെടെയുള്ള ആസ്തികൾ വാങ്ങിക്കൂട്ടുന്നതിന്‌ അദാനിക്ക്‌ ബാങ്ക്‌ വായ്പ തരപ്പെടുത്തി നൽകി. അദാനിമാർക്കും അംബാനിമാർക്കും മറ്റുള്ളവർക്കുമായി ഭൂമി ഏറ്റെടുക്കുകയും കൈമാറുകയും ചെയ്യുന്നു. കോർപ്പറേറ്റ്‌ സ്ഥാപനങ്ങൾക്ക്‌ ഇളവുകൾക്കു പിറകേ ഇളവുകൾ വാരിക്കോരി നൽകുന്നു. പ്രതിരോധ മേഖലയിൽ ഉൾപ്പെടെ നിയന്ത്രണമില്ലാത്ത വിദേശ നിക്ഷേപം നടപ്പിലായിക്കഴിഞ്ഞിരിക്കുന്നു. മെയ്ക്ക്‌ ഇൻ ഇന്ത്യ എന്ന മുദ്രാവാക്യത്തിന്റെ പ്രതിരൂപമായി വിദേശ കമ്പനികൾ പ്രതിഷ്ഠിക്കപ്പെട്ടു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ രാജ്യത്തിന്റെ സമ്പത്ത്‌ തകർക്കുകയാണ്‌. ഓഹരിക്കമ്പോളത്തിലൂടെ വർഷാവർഷം അവർ കൊടും കൊള്ള നടത്തുന്നു.

ധന മൂലധനശക്തികളെ സേവിക്കുന്നതോടൊപ്പം തന്നെ അവർ നിർദ്ദേശിക്കുന്ന വിദേശ നയങ്ങളും നടപ്പിലാക്കുന്നു. കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ രാജ്യം പൂർണ്ണമായും അമേരിക്കൻ സാമ്രാജ്യത്തത്തിന്‌ കീഴടങ്ങുകയും പാദസേവ ചെയ്യുകയുമാണ്‌. കഴിഞ്ഞ അമേരിക്കൻ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയുയർത്തുന്ന പ്രതിരോധ പങ്കാളിത്ത കരാറിൽ ഒപ്പിട്ടത്‌ ഇതിന്റെ ഉദാഹരണമാണ്‌. ഈ കരാറിലൂടെ നമ്മുടെ വിമാനത്താവളങ്ങളും പ്രതിരോധ സ്ഥാപനങ്ങളും ഉപയോഗിക്കാൻ അമേരിക്കൻ സേനകളെ അനുവദിക്കുക മാത്രമല്ല മേഖലയിൽ അവർ നടത്തുന്ന എല്ലാ സൈനിക നീക്കങ്ങളിലും പങ്കാളിയാകുകയും വേണം.

modi goma

വിലക്കയറ്റം തടയുമെന്ന, തൊഴിൽ ലഭ്യമാക്കുമെന്ന, സൗജന്യമായി വിദ്യാഭ്യാസം നൽകുമെന്ന, കർഷകരെ സഹായിക്കുമെന്ന എല്ലാ വാഗ്ദാനങ്ങളും പാഴ്‌വാക്കായി. എല്ലാ കാര്യങ്ങളും വിപരീത ദിശയിലേയ്ക്കാണ്‌ സഞ്ചരിക്കുന്നത്‌. അവശ്യ വസ്തുക്കളുടെ വില ആകാശം മുട്ടെ ഉയർന്നു. തൊഴിലവസരങ്ങൾ ഭീമമായി കുറഞ്ഞുകൊണ്ടിരിക്കുന്നു. വിദ്യാഭ്യാസ – ആരോഗ്യ മേഖലയുടെ സ്വകാര്യ വൽക്കരണത്തിന്റെ ഫലമായി ഈ രണ്ടു മേഖലകളും ഇടത്തരക്കാർക്കുപോലും അപ്രാപ്യമായിരിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക മേഖല പൂർണ്ണമായും താറുമാറായിരിക്കുന്നു.

കള്ളപ്പണം കണ്ടെത്തുന്നതിനും കള്ളനോട്ടുകൾ ഇല്ലാതാക്കുന്നതിനും തീവ്രവാദത്തിന്‌ പണം ലഭിക്കുന്നത്‌ നിയന്ത്രിക്കാനുമാണ്‌ എന്ന് പ്രഖ്യാപിച്ചു കൊണ്ടുവന്ന നോട്ടുനിരോധനം 50 ദിവസം പിന്നിട്ടിട്ടും .അക്കാര്യങ്ങളെല്ലാം മറച്ചുപിടിച്ച്‌ ഇപ്പോൾ സർക്കാർ പറയുന്നത്‌ യഥാർത്ഥ ലക്ഷ്യം നോട്ടുരഹിത സാമ്പത്തിക മേഖലയെന്നതായിരുന്നുവെന്നാണ്‌. ഇതിനേക്കാൾ വലിയ കള്ളം കേട്ടിരിക്കാനിടയില്ല.ജനങ്ങളുടെ ക്ലേശങ്ങൾ കുറയുന്നതിനും സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നതിനും പ്രധാനമന്ത്രി ആവശ്യപ്പെട്ട 50 ദിവസങ്ങൾ അവസാനിച്ചിട്ടും ദുരിതങ്ങൾ പിന്നെയും വർധിക്കുകയാണ്. ജനങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണം ഉപയോഗിക്കുന്നതിന്‌ ഭരണഘടനാ വിരുദ്ധമായ നിയന്ത്രണങ്ങളാണ്‌ ഏർപ്പെടുത്തിയിരിക്കുന്നത്‌. 2000 രൂപ നോട്ടുകളുടെ വിതരണം കള്ളപ്പണക്കാർക്ക്‌ അവരുടെ അനധികൃത സമ്പാദ്യം വെളുപ്പിക്കുന്നതിനുള്ള ചൂതാട്ടത്തിനാണ്‌ ഉപയുക്തമായത്‌.

കാർഷിക മേഖല തകർന്നടിഞ്ഞിരിക്കുന്നു. ഗ്രാമീണ ജനത തീർത്തും പട്ടിണിയിലായിരിക്കുകയാണ്‌. 45 ലക്ഷത്തിലധികം വരുന്ന ദിവസ കൂലിക്കാർ തൊഴിലില്ലാതെ അവരുടെ ഗ്രാമങ്ങളിലേയ്ക്കു തന്നെ തിരിച്ചുപോകേണ്ടി വന്നിരിക്കുന്നു. ആയിരക്കണക്കിന്‌ ചെറുകിട – ഇടത്തരം സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വന്നു.

hareesh27

കൊട്ടിഘോഷിക്കുന്ന സാമ്പത്തിക നേട്ടങ്ങൾ ഇല്ലാതാകുകയും പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുകയുമാണ്‌. ഫാസിസ്റ്റ്‌ സ്വഭാവത്തെ ശരിവച്ചുകൊണ്ട്‌ സർക്കാർ, മാധ്യമങ്ങൾക്കുമേലുള്ള പിടിമുറുക്കുകയും കള്ളപ്രചരണങ്ങൾക്കു നിർബന്ധിക്കുകയും ചെയ്യുന്നു. കോർപ്പറേറ്റ്‌ സ്ഥാപനങ്ങൾ നിയന്ത്രിക്കുന്ന അച്ചടി – ദൃശ്യ മാധ്യമങ്ങൾ സർക്കാരിന്റെ സേവകരായി നിലക്കൊള്ളുന്നു. ഇതെല്ലാം സാധാരണക്കാരുടെ സമരവീര്യത്തെ പോലും ചോർത്തിക്കളയുന്നു. ഭയപ്പെടുത്തുന്ന സാഹചര്യമാണ്‌ നിലനിൽക്കുന്നത്‌.എതിർക്കുന്നവരെല്ലാം മാവോയിസ്റ്റുകളാകുന്നു.കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞത് കേരളത്തിൽ ഭൂരിപക്ഷം പേരും മാവോയിസ്റ്റ് ആഭിമുഖ്യം ഉള്ളവരാണ് എന്നാണ് .അപ്പോൾ ആരുടെ മേലും എപ്പോഴും പിടി വീഴാം എന്ന് സാരം.

ഇപ്പോഴത്തെ സ്ഥിതിവിശേഷങ്ങൾ സങ്കീർണവും വെല്ലുവിളികൾ നിറഞ്ഞതുമാണ്‌. രാജ്യത്തെ പൂർണ തകർച്ചയിൽ നിന്നും താറുമാറായ അവസ്ഥയിൽ നിന്നും രക്ഷിക്കുന്നതിന്‌ ജനങ്ങളാകെ ഉയർത്തെഴുന്നേൽക്കേണ്ടതുണ്ട്‌. ഇത്തരം ഭ്രാന്തമായ നയങ്ങളിലൂടെയുള്ള മുന്നോട്ടുപോക്കിനെ തടയണമെങ്കിൽ ജനങ്ങളുടെ അമർഷവും പ്രതിഷേധവുമെല്ലാം ഏകോപിപ്പിക്കപ്പെടണം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സുരക്ഷിതത്വവും പരമാധികാരവും മതേതര കാഴ്ചപ്പാടുകളും പണയപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരെ, 2017 അതുകൊണ്ട്‌ പ്രതിരോധത്തിന്റേതായി മാറ്റണം.

Comments

comments