Breaking News

ഭഗവതിയുടെ മുഖത്തു തുപ്പുന്ന നിർമ്മാല്യം പോലൊരു സിനിമ ഇപ്പോഴും കളിക്കാൻ കഴിയും

ravindranath

ടി കെ.രവീന്ദ്ര നാഥ്

“ഇന്ന് നിർമ്മാല്യം പോലൊരു സൃഷ്ടി സാധ്യമാകാത്ത അവസ്ഥയാണ്”ഇപ്പോൾ ഈ വാചകം പറഞ്ഞിട്ടുള്ളത് ചലച്ചിത്ര സംവിധായകനും, ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ ആണ്.ഇതിനു മുമ്പ് പല ഇടതുപക്ഷ സാംസ്കാരിക വേദികളിലും പലരുടെ ചുണ്ടിൽ നിന്നും ഈ പല്ലവി പുറത്തു വരുന്നതിനു ഞാൻ സാക്ഷിയായിരുന്നു.

kamal-mt-2

1973 ൽ നിർമ്മിച്ച നിർമ്മാല്യം എന്ന ദേശീയ അവാർഡ് നേടിയ സിനിമ അക്കാലത്ത് കണ്ടപ്പോൾ കോരിത്തരിച്ചു പോയ ആളാണ് ഞാൻ. എം.ടി.യുടെ ഏതു കൃതിയെക്കാളും, എന്നെ അദ്ദേഹത്തിൻറെ ആരാധകനാക്കിയത് ഈ സിനിമയാണ്.അന്ധവിശ്വാസം കൊണ്ട് ജീവിക്കുകയും, അന്ധവിശ്വാസം പ്രചരിപ്പിക്കുകയും ചെയ്ത പരമഭക്തനായ വെളിച്ചപ്പാട്, തനിക്കു ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന നെഞ്ചുപിളർക്കുന്ന അനുഭവങ്ങളാൽ നിരാശനും, ദുഖിതനും,രോഷാകുലനുമായി, ഉത്സവനാളിൽ ഉറഞ്ഞു തുള്ളി തലയിൽ വെട്ടി, ഒഴുകി വന്ന ചോരയും തുപ്പലും കൂട്ടിചേർത്ത് തന്റെ ഉപാസനാമൂർത്തിയായ ഭഗവതിയുടെ മുഖത്തേയ്ക്ക് കാർക്കിച്ചു തുപ്പുകയും, വാളുകൊണ്ട് വിഗ്രഹത്തിൽ ആഞ്ഞു വെട്ടുകയും ചെയ്ത ശേഷം മരിച്ചു വീഴുന്നു.

nirmalyam-jpg2

അങ്ങേയറ്റത്തെ ദൈവനിന്ദയായി വ്യാഖ്യാനിക്കപ്പെടാവുന്ന ഒരു സീനാണിത്. എന്നാൽ ഈ സിനിമ നിരോധിക്കപ്പെടുകയല്ല, കേന്ദ്ര സർക്കാരിന്റെ പുരസ്കാരം നേടുകയാണ് ചെയ്തത്.മതവികാരം വ്രണപ്പെടുത്തി എന്നൊരാരോപണം ഈ സിനിമയ്‌ക്കെതിരെ ഉയർന്നുവന്നതായി ഞാൻ ഓർക്കുന്നില്ല. എന്നാൽ ഇന്ന് അതല്ല സ്ഥിതി, ചെറിയൊരു മതവിമർശനം തോന്നിയാൽ മതി ഒരു കലാസൃഷ്ടി നിരോധിക്കണം എന്ന മുറവിളി ഉയരുകയായി. മതവർഗ്ഗീയവാദികൾ ഒരു സന്ദർഭം ലഭിക്കാൻ വേണ്ടി കാത്തിരിക്കുകയാണ്. ഇതാണ് ആദ്യം പറഞ്ഞ, സാംസ്കാരിക വേദികളിൽ നിന്നുയരുന്ന, പരിദേവനങ്ങളുടെ അടിസ്ഥാനം.

എന്താണ് ഈ മാറ്റത്തിന് കാരണം? മതബോധം വളർന്നതും, അത് വർഗ്ഗീയതയുടെ രൂപം കൈക്കൊണ്ടതു മാണ് കാരണം എന്ന് എളുപ്പത്തിൽ ഉത്തരം പറയാൻ സാധിക്കും. എന്നാൽ, അതിനിടയാക്കിയ സാഹചര്യമെന്തൊക്കെ, അതിന്റെ കാരണക്കാർ ആരൊക്കെ എന്നത് ഇപ്പോൾ ഇവിടെ ചർച്ച ചെയ്യുന്നില്ല.’ഇന്ന് നിർമ്മാല്യം പോലൊരു സൃഷ്ടി സാധ്യമാവാത്ത അവസ്ഥയാണുള്ളത്’എന്ന പ്രസ്താവം കേരളത്തിലെ പുരോഗമന വാദികളിൽ നിന്നുണ്ടാവാൻ പാടില്ല എന്നാണു എന്റെ പക്ഷം. ഇതൊരു സ്വയം കീഴടങ്ങലിന്റെ സ്വരമാണ്.

m-t-611554

എന്താണ് ഇത്തരത്തിൽ മതനിന്ദ എന്ന് വ്യാഖ്യാനിക്കപ്പെടാവുന്ന ഒരു സൃഷ്ടിയ്ക്ക് രൂപം കൊടുത്താൽ സംഭവിക്കാൻ പോവുന്നത്? നമ്മൾ ആരെയാണ് ഭയപ്പെടുന്നത്? ഭരണഘടനയും കോടതിയും നമുക്കനുകൂലമാണ്. പി.കെ. എന്ന സിനിമ യ്ക്കെതിരെ പ്രതിഷേധം വന്നപ്പോൾ സിനിമ പ്രദർശിപ്പിക്കാനുള്ള എല്ലാ സംരക്ഷണവും ചെയ്തു കൊടുക്കാൻ സുപ്രീം കോടതി ഗവണ്മെന്റിനു നിർദ്ദേശം നൽകി. അത് കളിക്കുകയും ചെയ്തു.

ആവിഷ്കാരസ്വാതന്ത്രത്തിന്റെ പ്രശ്നം വരുമ്പോൾ, പലപ്പോഴും, സർക്കാരുകൾ പ്രതിഷേധക്കാരുടെ കൂടെ നിൽക്കുന്നതായിട്ടാണ് അനുഭവം. ക്രമാസമാധാനത്തിന്റെ പേര് പറഞ്ഞു കൊണ്ട് ഭരണകൂടം വേട്ടക്കാരുടെ കൂടെ നിൽക്കുന്നു. ഇവിടെ ഇരകൾക്കു രക്ഷ നീതിപീഠം മാത്രമാണ്.ഭരണകൂടം സംരക്ഷിക്കുമെങ്കിൽ ‘നിർമ്മാല്യം മോഡൽ’ കലാസൃഷ്ടികൾ ഒരു കുഴപ്പവുമില്ലാതെ ‘സാധിച്ചെടുക്കാ’ വുന്നതാണ്.കലാസൃഷ്ടികൾക്കെതിരെ വാളെടുക്കുന്ന വികാരവ്രണിതർ ചെറുന്യൂനപക്ഷം മാത്രമാണ്. അവർ വിചാരിച്ചാൽ ഒരു കലാസൃഷ്ടി തടയാൻ കഴിയുമെന്ന് വരുന്നത് മഹാഭൂരിപക്ഷം വരുന്ന ജനാധിപത്യ-മതേതരത്വ മൂല്യസംരക്ഷകന്മാർക്ക് നാണക്കേടാണ്.

nirmalyam_3

ആവിഷ്കാരസ്വാതന്ത്ര്യം സംരക്ഷിക്കാൻ ജനാധിപത്യ-ഇടതുപക്ഷ-പുരോഗമന ശക്തികൾ മുന്നോട്ട് വരണം. കേരളത്തിൽ, സി.പി.എം.ഉം, ഡി.വൈ.എഫ്.ഐ. ഉം വിചാരിച്ചാൽ നിഷ്പ്രയാസം കഴിയാവുന്നതേയുള്ളു അത്. പക്ഷെ അതിനവർ തയ്യാറാവുന്നില്ല എന്നതാണ് സത്യം. അതിനു കാരണം ഒരന്ധവിശ്വാസമാണ്. മതവിശ്വാസികളുടെ വോട്ട്നഷ്ടപ്പെടുമെന്ന അന്ധവിശ്വാസം.

ആവിഷ്കാരസ്വാതന്ത്രം സംരക്ഷിക്കാൻ പുരോഗമനവാദികൾ തന്നെ വിചാരിച്ചാൽ സാധിക്കുമെന്നിരിക്കെ, വർഗ്ഗീയവാദഭീതി പ്രചരിപ്പിക്കുന്നത്, വർഗ്ഗീയവാദത്തിനു വളം നൽകുകയേയുള്ളു. നിർമ്മാല്യം പോലുള്ള സിനിമകൾ പ്രദർശിപ്പിക്കാൻ സാധിക്കുമെന്ന് തന്നെയാണ് എന്റെ ബോധ്യം.

nirmalyam

Comments

comments