Smiley face
Published On: Tue, Jan 3rd, 2017

സത്യൻമൊകേരി…മുണ്ടുമാത്രം അല്ലല്ലോ പ്രശനം? മുണ്ടുമാത്രമായിരുന്നു പ്രശനം എങ്കിൽ ദാ പരിഹരിച്ചു

Smiley face

pinarayi-coat

ഹസീന

പൊതുതിരഞ്ഞെടുപ്പുകള്‍ അടുത്തു വരുമ്പോള്‍ അതാത് സമയത്തെ കാറ്റിന്റെ ഗതിനോക്കി യശശരീരനായ തിരഞ്ഞെടുപ്പ് പാര്‍ട്ടി സൈദ്ധാന്തികന്‍മാര്‍ ന്യൂനപക്ഷ/ഭൂരിപക്ഷ വര്‍ഗിയതകളെ മാറി മാറി തലോടുകയും തഴുകുകയും ചെയ്യാറുണ്ട്.

ഇന്ത്യാ രാജ്യത്തെ കഴുത്തറ്റം പിടിമുറുക്കിയ ഹിന്ദുത്വ ഫാഷിസത്തിന് ഭരണസ്വാധീനം ഇനിയും ലഭിച്ചിട്ടില്ലാത്ത അപൂര്‍വ മതേതര പച്ചതുരുത്തുകളിലൊന്നായ കേരളത്തെ ഫാഷിസത്തിന്റെ പിടിയിലകപ്പെടുന്നതില്‍ നിന്നു രക്ഷിക്കുക എന്നതായിരുന്നുവല്ലോ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു വേളയില്‍ ഏറെ മുഴങ്ങിക്കേട്ട മുദ്രാവാക്യം.

ഇരു മുന്നണികള്‍ മാറി മാറി ഈ മുദ്രാവാക്യത്തെ ഉപയോഗിച്ചെങ്കിലും അതിന്റെ മുഖ്യഗുണഭോക്താവ് ഇടതുമുന്നണിയായിരുന്നു. രാജ്യത്തിന്റെ പലഭാഗങ്ങളിലും അരങ്ങേറിയ പശുകടത്ത്-ബീഫ് വിവാദങ്ങളിലും അനുബന്ധകൊലപാതകങ്ങളിലും മുസ്‌ലിം ന്യൂനപക്ഷം പകച്ചു നിന്നപ്പോള്‍ സര്‍വ്വകലാശാലകളിലും പുറത്തും ബീഫ്‌ഫെസ്റ്റുകള്‍ നടത്തിയതും വിവിധ വിഷയങ്ങളില്‍ മുസലിം സമുദായത്തിന്റെ വൈകാരിക തരംഗദൈര്‍ഘ്യത്തിനനുസരിച്ച് നിലപാടുകള്‍ ട്യൂണ്‍ചെയ്തതും ഇടതുമുന്നണിക്ക് തുണയായി.

മുസ്‌ലിം ഭൂരിപക്ഷപ്രദേശങ്ങളിലെ പരമ്പരാഗത യുഡിഎഫ് വോട്ടുകള്‍ പോലും എല്‍ ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കു ലഭിച്ചു. അങ്ങനെ യു ഡി എഫിനെ നാമാവശേഷമാക്കികൊണ്ട് സഖാവ് പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുമന്ത്രിസഭ അധികാരത്തിലേറി. മോദി ഭരണത്തിന്‍ കീഴില്‍ ഇന്ത്യയിലുടനീളം പുതുമഴക്ക് ശേഷം തഴച്ചുവളരുന്ന തകര പോലെ അസഹിഷ്ണുതയും മുസ്‌ലിം അപരവല്‍ക്കരണവും ശക്തി പ്രാപിച്ച വേളയില്‍ ആര്‍ എസ് എസിനോട് ഇഞ്ചോടിഞ്ച് പൊരുതിയ പാരമ്പര്യമുളള പിണറായി വിജയനെപ്പോലൊരാള്‍ മുഖ്യമന്ത്രിയാവുന്നതോടെ സഹ്യനിപ്പുറമെങ്കിലും ഫാഷിസ്റ്റ് ശക്തികളുടെ പിത്തലാട്ടം അടിച്ചമര്‍ത്തപ്പെടുമെന്നും ന്യൂനപക്ഷങ്ങളുടെ അന്യതാബോധത്തിന് അറുതി വരുമെന്നും മതേതര മനസുകള്‍ കണക്കു കൂട്ടി.

എന്നാല്‍ മോദി പ്രഭാവം ഭൂരിപക്ഷ സമുദായ മനസുകളെ തങ്ങളില്‍ നിന്നും അകറ്റുന്നതു തടയുന്നതിനോ കേന്ദ്രസര്‍ക്കാരിന്റെ തിട്ടൂരങ്ങളെ ഭയന്നിട്ടോ പിണറായി സര്‍ക്കാറിന്റെ പല നടപടികളും ന്യൂനപക്ഷ വിരുദ്ധം മാത്രമല്ല ജനാധിപത്യ വിരുദ്ധം പോലുമായിത്തീരുന്നു. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലേതു പോലെ വ്യാപകമല്ലെങ്കിലും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും ഇടതു ഭരണത്തിന്‍ കീഴില്‍ നടക്കുന്നു. സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്ത യു എ പി എ കേസുകളില്‍ നല്ലൊരു പങ്കും കേവലം ആറു മാസം മുമ്പ് അധികാരമേറ്റെടുത്ത ഇടതുസര്‍ക്കാരിന്റെ കാലത്താണ് എന്നത് ജനാധിപത്യ മൂല്യങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നിലകൊളളുന്നുവെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് എത്രമാത്രം അപമാനകരമാണ്.?

യു എ പി എ കേരളത്തില്‍ ഉദ്ഘാടനം ചെയ്തതും അവര്‍തന്നെ ! കരിനിയമങ്ങളുടെയും അധികാരദുര്‍വിനിയോഗത്തിന്റെയും തിക്തഫലങ്ങള്‍ വ്യക്തിപരമായി തന്നെ അനുഭവിച്ചിട്ടുളള വ്യക്തിയാണ് നമ്മുടെ മുഖ്യമന്ത്രി.പക്ഷേ അദ്ദേഹത്തിന്റെ ഭരണത്തിന്‍ കീഴില്‍ ഫാഷിസ്റ്റ് ശക്തികളുടെ തിട്ടൂരമനുസരിച്ചാണ് സംസ്ഥാന പോലീസ് പ്രവര്‍ത്തിക്കുന്നത് എന്ന ആക്ഷേപം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തെളിവുകള്‍ സഹിതം മുന്നോട്ടുവയ്ക്കുന്നു.

വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ഇസലാമിക മത പ്രഭാഷകര്‍ക്കു നേരെ യു എ പി എ ചുമത്തുമ്പോള്‍ പരമതവിദ്വേഷത്തിന്റെ പ്രതീകമായി വിശേഷിപ്പിക്കാവുന്ന ഒരു ടീച്ചര്‍ സര്‍വതന്ത്രസ്വതന്ത്രയായി വിഷം ചീറ്റല്‍ തുടരുന്നു. ന്യൂനപക്ഷ സ്ഥാപനങ്ങളെയും സംഘടനകളെയും അരക്ഷിത ബോധം അലട്ടുന്നു. ഇനി സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമായി കേന്ദ്ര സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് പോലീസ് പ്രവര്‍ത്തിക്കുന്നത് എന്നാണെങ്കില്‍ രാജി വെച്ച് പോലീസ് രാജിനെതിരായി സമരം ചെയ്യുകയായിരിക്കും സി പി എം പോലുള്ള ഒരു പ്രസ്ഥാനത്തിനുചിതം അല്ലാതെ മുണ്ടുമാറ്റി കൊറ്റിട്ടാൽ തീരുന്ന പ്രശനം അല്ല ആ കമ്യൂണിസ്റ്റുപാർട്ടിയുടെ നിലപാടില്ലായ്മയുടെ പ്രശ്‌നമാണ്.ഒരു വ്യവസ്ഥിതിയുടെയും നടത്തിപ്പുകാർ ഒരിക്കലും വിപ്ലവം നടത്തില്ലെന്ന് മാർക്സ് തന്നെ പറഞ്ഞിട്ടുണ്ട്.ഇവരെല്ലാം ഈ വ്യവസ്ഥയുടെ അനൂകൂല്യം പറ്റി ജീവിക്കുന്നവരായി മാറി കഴിഞ്ഞിരിക്കുന്നു.അടിമത്വം ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു ഭക്തജന പരിപാലന സംഘം.

Comments

comments

Smiley face
Smiley face