Published On: Tue, Jan 3rd, 2017

സാവിത്രിഭായിയുടെ ജന്മദിനത്തില്‍ ആദരവര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍

google

സാവിത്രിഭായി ഫൂലെയെ ഓര്‍മിച്ച് ഗൂഗിള്‍ ഡൂഡില്‍. ഗൂഗിള്‍ അവരെ ഓര്‍ക്കാന്‍ കാരണമെന്താണ് എന്നതാണ് ഇന്ന് പലരും ചോദിച്ച ചോദ്യം. ഇവരുടെ 186-ാം ജന്മദിനം ഗൂഗിള്‍ ആഘോഷിക്കണമെങ്കില്‍ തീര്‍ച്ചയായും ആള്‍ ചില്ലറക്കാരിയാകില്ല. മഹാരാഷ്ട്രയിലെ ഒരു സാധാരണഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന ഒരു പെണ്‍കുട്ടി ലോകമറിയുന്ന ഒരു വ്യക്തിത്വമായി മാറിയ കഥയറിയാം. 1831 ജനുവരി 3 നാണ് സാവിത്രി ഫൂലെയുടെ ജനനം. അന്നൊക്കെ ശൈശവ വിവാഹം സര്‍വസാധാരണമായതിനാല്‍ 9-ാം വയസ്സില്‍ സാവിത്രി വിവാഹിതയായി.

13 വയസ്സുകാരനായ ജ്യോതിറാവു ഫൂലെയായിരുന്നു വരന്‍. പെണ്‍കുട്ടികള്‍ പഠിക്കുന്നതും സ്‌കൂളില്‍ പോകുന്നതുമൊന്നും പ്രോത്സാഹിപ്പിക്കപ്പെടാതിരുന്ന ആ കാലത്തും ഭര്‍ത്താവ് ജ്യോതിറാവുവിന്റെ നിര്‍ബന്ധത്തെത്തുടര്‍ന്ന് സാവിത്രി സ്‌കൂളില്‍ പോയിത്തുടങ്ങി. പിന്നീട് പഠിത്തം പൂര്‍ത്തിയാക്കി അധ്യാപികയായി ജോലിചെയ്യാനും തുടങ്ങി. ആ സമയത്താണ് വിദ്യാഭ്യാസം ചെയ്യാന്‍ അവകാശമില്ലാത്ത ന്യൂനപക്ഷങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന് സാവിത്രിയും ഭര്‍ത്താവും തീരുമാനിച്ചത്. അങ്ങനെ 1848 ല്‍ ബുധവാര്‍ പേട്ടയിലെ ഭിഡെവാഡയില്‍, വിദ്യാഭ്യാസം ചെയ്യാനവകാശമില്ലാതിരുന്ന ചമാര്‍, മഹര്‍, മാംഗ് തുടങ്ങിയ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി ദമ്പതികള്‍ സ്വന്തമായി ഒരു സ്‌കൂള്‍ ആരംഭിച്ചു. എങ്കിലും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കേണ്ടി വന്നതിനെത്തുടര്‍ന്ന് സ്‌കൂള്‍ പൂട്ടേണ്ടി വന്നു.

എങ്കിലും സമൂഹനന്മക്കായുള്ള ഭര്‍ത്താവിന്റെ പ്രവര്‍ത്തനങ്ങളില്‍ സാവിത്രിയും സഹകരിച്ചു. 1851 ല്‍ വീണ്ടും സ്‌കൂള്‍ തുറന്നു. പെണ്‍കുട്ടികള്‍ക്കായുള്ള ആ സ്‌കൂളെന്റെ വളര്‍ച്ച വളരെവേഗത്തിലായിരുന്നു. 1873 ല്‍ ജ്യോതിറാവു ഫൂലെ രൂപം നല്‍കിയ സത്യശോധക് സമാജിന്റെ (സത്യാന്വേഷക സംഘടന) എല്ലാ പ്രവര്‍ത്തനങ്ങളിലും സാവിത്രി പങ്കാളിയായി. സംഘടനയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മാത്രമല്ല വിധവാ വിവാഹം, വിധവകളുടെ മക്കള്‍ക്കായി അനാഥാലയങ്ങള്‍ എന്നിവയും ആരംഭിച്ചു. പരമ്പരാഗതമായ ആചാരങ്ങളെയും മറ്റ് അനാചാരങ്ങളെയും മാറ്റിനിര്‍ത്തിക്കൊണ്ട് ബദല്‍ വിവാഹങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു.

സമൂഹത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിച്ച് അതിനുവേണ്ടിത്തന്നെ ജീവനും നല്‍കിയ വ്യക്തിയായിരുന്നു സാവിത്രി. പ്ലേഗ് പടര്‍ന്നു പിടിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും രോഗം ബാധിച്ചവരെ ആശുപത്രിയിലെത്തിച്ച് രോഗം ഭേദമാകുംവരെ പരിചരിക്കുകയും ചെയ്തു. അങ്ങനെ രോഗം പകര്‍ന്നാണ് 1897 മാര്‍ച്ച് 10ന് സാവിത്രി ഫൂലെ അന്തരിച്ചത്. സ്ത്രീകളുടെ വിദ്യാഭ്യാസവും സ്ത്രീ ജീവിതത്തിന്റെ ക്ഷേമവുമൊന്നും സ്വപ്നത്തില്‍ പോലും കാണാന്‍ സാധിക്കാത്ത കാലഘട്ടത്തിലായിരുന്നു സാവിത്രി സ്ത്രീക്ഷേമത്തിനായി മുന്നിട്ടിറങ്ങിയത്.

Comments

comments

Seo wordpress plugin by www.seowizard.org.