Breaking News

പ്രകൃതിശാസ്ത്രം അധ്യാപികയ്ക്ക് ചലച്ചിത്ര അക്കാദമിയിൽ എന്ത് കാര്യം ?

ksca-2ചലച്ചിത്ര അക്കാദമിയെ കുറിച്ചാകുമ്പോൾ സിനിമ ഡയലോഗ് പറഞ്ഞു തുടങ്ങാം… പോലീസുകാർക്കെന്താ ഈ വീട്ടിൽ കാര്യം ? ചലച്ചിത്ര അക്കാദമി ആകുമ്പോ അങ്ങനെ ആർക്കും എന്തും ആകാം. സിനിമയെ കുറിച്ച് – ആധൂനിക ആഗോളമാണെങ്കിലും – അല്പസ്വല്പമെങ്കിലും അറിയാവുന്ന ഇടതു സഞ്ചികൾ വരുമ്പോഴെങ്കിലും സംഗതി ഒന്ന് നന്നാകുമെന്ന് കരുതി.., ക്ഷമിക്കണം അമ്മാവാ എന്നെ തല്ലണ്ട.

ഇണങ്ങിയും പിണങ്ങിയും വർഷാവർഷം സെക്രട്ടറിയും ഇതര ഭാരവാഹികളും മാറിമാറി വരുമെങ്കിലും എല്ലാവർക്കും സിനിമയുമായി ഒന്ന് തൊട്ടു നോക്കിയ പരിചയം എങ്കിലും കാണുമായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കയറിയ ഒരാൾ പ്രകൃതി ശാസ്ത്രം അധ്യാപികയാണ്. തലസ്ഥാനജില്ലയിൽ പാലോട് പെരിങ്ങമ്മല സ്‌കൂളിലെ നാച്ചുറൽ സയൻസ് അദ്ധ്യാപികയ്ക്ക് ഇവിടെന്തു കാര്യം എന്ന് അന്ന് പലരും മൂക്കത്തു വിരൽ വച്ച് ചോദിച്ചു.

പാലോട് നിന്നും ഒരു പഞ്ചായത്ത് പ്രസിഡന്റ്

ശ്രീമതി ബീന കലാം ഉമ്മൻ ചാണ്ടിയും , ചെന്നിത്തലയും ചേർന്ന് നയിച്ച യു ഡി എഫിന്റെ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. വികസനവും നഗരവൽക്കരണവുമൊന്നും അധികം പിടിമുറുക്കി നശിപ്പിക്കാത്ത ഹരിതാഭ ധാരാളമുള്ള നാട്ടിലെ ഒരു സ്‌കൂളിലെ അധ്യാപിക. പഞ്ചായത്തും സ്‌കൂളുമൊക്കെയായി ഒതുങ്ങി കൂടിയ ബീന ടീച്ചറെ ആരോ ചലച്ചിത്ര അക്കാദമിയിലേക്കുള്ള വഴി കാണിച്ചു കൊടുത്തു. പോലീസുകാർക്ക് ഈ വീട്ടിൽ കാര്യമുണ്ടെന്നും പ്രഖ്യാപിച്ച് ടീച്ചർ നിയമിതയായത് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന മാനേജർ ഫിനാൻസ് പ്രോഗ്രാം ഓഫിസർ ആയിട്ട്.

ഓരോ വർഷവും ചലച്ചിത്ര മേളകൾക്കും സംസ്ഥാന പുരസ്കാരങ്ങൾക്കുമായി അക്കാദമിയിൽ എത്തുന്ന കോടികളുടെ വരവ് ചിലവിനങ്ങൾ എഴുതി സൂക്ഷിക്കേണ്ടത് ബീന കലാം എന്ന പാലോട് പെരിങ്ങമ്മല സ്‌കൂളിലെ നാച്ചുറൽ സയൻസ് അദ്ധ്യാപിക.

ksca-docu-3

എന്നാൽ അധികം വൈകാതെ തന്നെ ഈ പൊരുത്തക്കേട് ഒളിഞ്ഞും തെളിഞ്ഞും ചോദ്യം ചെയ്യപ്പെട്ടു. കുറ്റം പറയരുതല്ലോ ഉടൻ തന്നെ നടപടി ഉണ്ടായി. പ്രോഗ്രാം മാനേജരായി ബീന ടീച്ചറെ മാറ്റി നിയമിച്ചു. കുറച്ചു കൂടി സിനിമയുമായി അടുത്തു നിൽക്കുന്ന ഉത്തരവാദിത്തമുള്ള തസ്തികയിൽ ടീച്ചർ എത്തുമ്പോൾ കയ്യിൽ സിനിമയുമായി ബന്ധമുള്ള ഒന്നും തന്നെയില്ല.

സിനിമ സഹസംവിധായകൻ അയ്യൻകാളിയുടെ കൊച്ചുമകൻ ഔട്ട്; നാച്ചുറൽ സയൻസ് ടീച്ചർ ഇൻ

പ്രോഗ്രാം മാനേജരായി ബീന കലാം 22.1.2014-ൽ  നിയമിതയാകുമ്പോൾ ആ സീറ്റിൽ നിന്നും എഴുന്നേൽക്കേണ്ടി വന്നത് സിനിമയിൽ സജീവവും സിനിമയിൽ സാമാന്യം ബന്ധവുമുള്ള സനൽ കുമാർ സി വി ആയിരുന്നു. സെൻസർ ബോർഡ്  മെമ്പർ കൂടിയായിരുന്ന സനൽകുമാറിനെ നീക്കിയാണ് ബീന ടീച്ചറെ അവരോധിച്ചത്‌.   അയ്യൻകാളിയുടെ കൊച്ചുമകനാണ് അദ്ദേഹം.

അക്കാദമിയിൽ ഉള്ളവർക്ക് ‘യോഗ്യത’ ‘മാനദണ്ഡം’ എന്നീ വാക്കുകൾ അറിയാമോ ?

അക്കാദമിയിൽ ഓരോ തസ്തികയിലും നിയമിതരാകുന്നവർക്ക് കൃത്യമായ യോഗ്യതകൾ പറയുന്നുണ്ട്. ഒന്ന് കൂടി അക്കാര്യം ഉറപ്പിക്കുവാൻ നൽകിയ വിവരാവകാശ ചോദ്യങ്ങൾക്കുള്ള ഉത്തരത്തിൽ ‘യോഗ്യതകൾ’ അക്കാദമി ആവർത്തിക്കുന്നു. പ്രോഗ്രാം മാനേജർ ആയി നിയമിക്കുന്നതിനുള്ള യോഗ്യത മീഡിയ ആൻഡ് തീയറിറ്റിക്കൽ സ്റ്റഡിസിൽ ഡിപ്ലോമ ആണ് എന്ന് അക്കാദമി വിവരാവകാശ രേഖ പ്രകാരം അറിയിച്ചിട്ടുണ്ട്.

ksca-docu-1

മാത്രമല്ല സിനിമയുമായി ബന്ധം ഉള്ള വ്യക്തികളെയാണ് അക്കാദമിയിൽ നിയമിക്കാറുള്ളത്. പക്ഷെ സിനിമയുമായി യാതൊരു ബന്ധവും ഇല്ലാത്ത ഒരു നാച്ചുറൽ സയൻസ് അധ്യാപികയായ ബീന കലാമിനെ യു ഡി എഫ് നിയമിച്ചതിലെ ശാസ്ത്രം ആലോചിക്കേണ്ട ; അതങ്ങനെ പലതും നടന്നിട്ടുണ്ട്. പക്ഷെ അതെ തെറ്റ് ഈ സർക്കാർ ആവർത്തിക്കാൻ ഒരുങ്ങുന്നതെന്തിന് ?

ksca-docu-2

നവംബർ 11 നു ടീച്ചറിന്റെ കാലാവധി കഴിഞ്ഞു ; പക്ഷെ പോയില്ല

നിലവിലെ ചെയർമാൻ സിനിമ സംവിധായകൻ കൂടിയായ കമൽ ഇപ്പോൾ ബീന കലാമിന്റെ ഡെപ്യൂട്ടേഷൻ കാലാവധി നീട്ടി നല്കാൻ സർക്കാരിന് ശുപാർശ അയച്ചിരിക്കുന്നു. ഒക്ടോബറിൽ ചേർന്ന അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റി ഇത്തരത്തിൽ ഒരു തീരുമാനം എടുക്കുമ്പോൾ ബീന ടീച്ചറുടെ ഡെപ്യൂട്ടേഷൻ സേവന കാലാവധി അവസാനിച്ചിരുന്നില്ല. പക്ഷെ നവംബർ 11 നു അതവസാനിച്ചു. യു ഡി എഫ് ഭരണകാലത്തു നടന്ന ഒരു ക്രമ വിരുദ്ധമായ നടപടിയും ചട്ട ലംഘനവുമാണ് ഈ നിയമനം എന്ന് കാണിച്ചു ഇടതു ചലച്ചിത്ര സംഘടനകൾ മുന്നോട്ടു വന്നിരുന്നു. ഇടതു സർക്കാർ നിയമിച്ച പുതിയ ഭരണ സമിതിയുടെ തീരുമാനം അവരെ അമ്പരപ്പിച്ചിരിക്കുകയാണ്. ചെയർമാൻ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുകയാണെന്നു കരുതുന്നതായി ഞങ്ങളോട് അവർ പറയുന്നു.

സാധാരണയായി ഒരാളുടെ ഡെപ്യൂട്ടേഷൻ 5 വർഷം കഴിഞ്ഞാൽ സർക്കാരാണ് ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളുക. ഈ നിയമങ്ങൾ എങ്ങനെ കാറ്റിൽ പറന്നു. ഇവിടെ സർക്കാർ നിയോഗിച്ച ഭരണസമിതി സർക്കാരിനോട് ഒന്നെഴുതി ചോദിക്കുക പോലും ചെയ്യാതെയാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്. അതായതു സർക്കാർ ഇനിയും ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല.

ഹയർ സെക്കന്ററി ഡയറക്ടറും സിനിമ മന്ത്രിയും ഫയൽ പാസ്സാക്കണം

ksca-docu-4

ബീന കലാം ഇപ്പോഴും ടീച്ചറാണ് എന്നതിനാൽ  ഡെപ്യൂട്ടേഷൻ നീട്ടി നൽകുന്നതിനുള്ള അനുവാദം നൽകേണ്ടത് ഹയർ സെക്കന്ററി ഡയറക്ടർ ആണ്. ഇത് വരെ നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല എന്ന് സർക്കാർ കത്തിൽ അറിയിച്ചിട്ടുണ്ട്. എന്നാൽ സർക്കാർ പോലും അറിയാതെ അക്കാദമി ഇത്തരത്തിൽ ഒരു തീരുമാനം എടുത്തതെങ്ങനെ അന്വേഷിക്കേണ്ടിയിരിക്കുന്നു. ഇനി സിനിമ മന്ത്രിയും ഹയർ സെക്കന്ററി ഡയറക്ടറും ആണ് തീരുമാനിക്കേണ്ടത്.

Natural Science Teacher in Cinema Governing Body , ksca , kamal , malayalam cinema , a k balan

Comments

comments