Smiley face
Published On: Sun, Jan 8th, 2017

മോഹന്‍ലാല്‍ എനിക്കിപ്പോള്‍ അപ്രാപ്യനാണ്: കമല്‍

mohanlal

 

സംവിധായകന്‍ കമല്‍ ആദ്യ ചിത്രമൊരുക്കിയത് മോഹന്‍ലാലിനെ നായകനാക്കിയാണ്. മിഴിനീര്‍പ്പൂവുകള്‍. പിന്നീട് ഉണ്ണികളേ ഒരു കഥ പറയാം, ഓര്‍ക്കാപ്പുറത്ത്, വിഷ്ണു ലോകം, ഉള്ളടക്കം, അയാള്‍ കഥ എഴുതുകയാണ് എന്നീ സിനിമകളില്‍ ഈ കൂട്ടുകെട്ട് ഒരുമിച്ചു. പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന കമല്‍ ചിത്രത്തില്‍ അതിഥി താരമായും മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു.

മോഹന്‍ലാലിനെയും ദിലീപിനെയും വിദ്യാ ബാലനെയും താരങ്ങളാക്കി ചക്രം എന്ന സിനിമ തുടങ്ങിയെങ്കിലും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് ലോഹിതദാസ് പൃഥ്വിരാജിനെ നായകനാക്കി ചക്രമൊരുക്കി.

ചക്രം ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്താന്‍ ആരും തയാറായിരുന്നില്ല. പിന്നീട് മോഹന്‍ലാലിനെ നായകനാക്കി കമല്‍ സിനിമ ചെയ്തിട്ടില്ല. അതിനുള്ള കാരണം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് കമല്‍

kamal

കമൽ പറയുന്നു 

“അയാള്‍ കഥ എഴുതുകയാണ് എന്ന ചിത്രത്തിന് ശേഷം 2000ല്‍ മോഹന്‍ലാലിനെ വച്ച് ഉദ്ദേശിച്ച ചക്രം എന്ന സിനിമ നടക്കാതെ പോയി. ഇടക്കാലത്ത് ഞാന്‍ മോഹന്‍ലാലിനെ നായകനാക്കി ഒന്ന് രണ്ട് സിനിമകള്‍ ആലോചിച്ചിരുന്നു. അദ്ദേഹവും അതുമായി ബന്ധപ്പെട്ടിരുന്നു. പക്ഷേ പിന്നീടതും കൃത്യമായി മുന്നോട്ട് പോയില്ല. സബ്ജക്ട് ശരിയായി കിട്ടിയില്ല. മോഹന്‍ലാല്‍ അപ്പോഴേക്കും….

എനിക്ക് ഒരു ബലഹീനതയുണ്ട്, ഒരു സൂപ്പര്‍താരത്തെ ഉപയോഗിക്കാന്‍ അറിയില്ല. സൂപ്പര്‍താരത്തിന്റെ താരപ്പകിട്ടിനെ ഉപയോഗിക്കാന്‍ അറിയില്ല. എന്റെ സിനിമകള്‍ നോക്കുന്നവര്‍ക്ക് അത് മനസിലാകും. ഞാനൊരിക്കലും മോഹന്‍ലാലിനെ ഒരു മീശ പിരിക്കുന്ന അല്ലെങ്കില്‍ സൂപ്പര്‍താര പ്രതിച്ഛായയിലേക്ക് കൊണ്ടുവരുന്ന കഥാപാത്രമായി അവതരിപ്പിച്ചിട്ടില്ല. മോഹന്‍ലാലിനും അദ്ദേഹത്തിന്റെ പ്രേക്ഷകര്‍ക്കും ഇപ്പോള്‍ ആവശ്യം അങ്ങനത്തെ സിനിമയാണെങ്കില്‍ അക്കാര്യത്തില്‍ ഞാന്‍ നിസഹായനാണ്. എനിക്ക് പറ്റില്ല. എന്നെപ്പോലെ പല സംവിധായകരുണ്ട്. ആ രീതിയില്‍ അദ്ദേഹം എനിക്ക് ഇപ്പോള്‍ അപ്രാപ്യനാണ് എന്നാണെനിക്ക് തോന്നുന്നത്.

രാജമാണിക്യം വന്ന സമയത്താണ് മമ്മൂട്ടിയെ ഡീ ഗ്ലാമറൈസ് ചെയ്ത് ഞാന്‍ കറുത്ത പക്ഷികള്‍ ചെയ്തത്. അദ്ദേഹത്തിന്റെ കൂടി താല്‍പ്പര്യം അതിലുള്ളപ്പോഴാണ് ഇത് സാധിക്കുന്നത്. മമ്മൂട്ടിയെ വച്ച് ഞാനെടുത്ത ഒരു സിനിമയില്‍ പോലും അദ്ദേഹത്തിന്റെ താരമൂല്യത്തെ ഞാന്‍ ഉപയോഗപ്പെടുത്തിയിട്ടില്ല. അത് എന്റെ കഴിവുകേടായാണ് ഞാന്‍ കാണുന്നത്.”

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.