Breaking News

ഒരു കോണ്‍ഗ്രസ് വീരഗാഥ;മെഗാ സമര പരമ്പര രണ്ടാം ഭാഗം ഉടൻ വരുന്നു

congrass

 

കോണ്‍ഗ്രസുകാര്‍ പേടിത്തൊണ്ടന്മാരാണെന്ന് ഇനിയാരും പറയില്ല. സദാ ഖദര്‍ വേഷവും, ഗാന്ധിയന്‍ ആദര്‍ശ സംഹിതയുമാണ് കോണ്‍ഗ്രസ് ലക്ഷണമെങ്കിലും ചിലപ്പോള്‍ കളിമാറും. തല്ലുകൂടലും മുണ്ടുരിയല്‍ കലാപരിപാടിയുമൊക്കെ കോണ്‍ഗ്രസുകാര്‍ക്കും നിശ്ചയമാണ്. മുഖ്യഎതിരാളിയായ സി.പി.ഐ.എമ്മുകാരോട് കളിക്കാന്‍ പോയാല്‍ വിവരമറിയും. അതിനാല്‍ തമ്മില്‍ തമ്മിലാണ് സ്റ്റണ്ട്. അതാകുമ്പോള്‍ ലഘുവായ ഡാമേജുകളേ ഉണ്ടാകുകയുള്ളൂ.

കോണ്‍ഗ്രസിനെ നന്നാക്കാന്‍ ഉദ്ദേശിച്ചാണ് മുരളിജി ചില സദ് വചനങ്ങള്‍ മൊഴിഞ്ഞത്. ഈ കണക്കിനു പോയാല്‍ കോണ്‍ഗ്രസ് മിച്ചമുണ്ടാവില്ലെന്നും, കോണ്‍ഗ്രസിന് വീര്യം കൂടണമെന്നും, മാത്രമേ മുരളിജി ഉദ്ദേശിച്ചിട്ടുള്ളൂ.

കെ.കരുണാകരന്റെ കാലത്ത് കോണ്‍ഗ്രസുകാര്‍ ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും ഈറ്റ പ്പുലികളായിരുന്നു. ഇപ്പോള്‍ പൂച്ചയെപ്പോലെ പമ്മിയാണ് നടപ്പ്. ഉമ്മന്‍ചാണ്ടിയുടേയും, സുധീരന്റേയും പരുങ്ങല്‍ കണ്ടാലറിയാം. സദാ പേടിച്ചാണ് സഞ്ചാരമെന്ന്.

മുഖ്യമായും പേടി സ്വന്തം പാര്‍ട്ടിക്കാരെ തന്നെ. പിന്നെയല്ലേ, ഇരട്ടച്ചങ്കുണ്ടെന്ന് പറയപ്പെടുന്ന പിണറായിയുടേയും പോലീസിന്റേയും കാര്യം. അതുകൊണ്ട് ഭരണത്തിനെതിരേയുള്ള സമരം ശക്തിപ്പെടുത്തണമെന്നും , കോണ്‍ഗ്രസുകാര്‍ ദിവസവും കോംപ്ലാന്‍ കഴിച്ച് തന്റെ അച്ഛനെപ്പോലെ വളര്‍ന്നു വലുതാവണമെന്നുമേ മുരളിജി പറഞ്ഞുള്ളൂ.

congress-1-1200x545_c

ആരെക്കിട്ടിയാലും മതി, കഠോര ശബ്ദത്തില്‍ പേടിപ്പിക്കുന്ന മുഖഭാവത്തോടെയും നാലു കീറുകീറണമെന്നേ ഉണ്ണിത്താന്‍ജിക്ക് ആഗ്രഹമുള്ളൂ. കേരളത്തിലെ ചാനലുകള്‍ എല്ലാ ദിവസവും അതിനുള്ള ചാന്‍സും കൊടുക്കുന്നുണ്ട്. അന്തിചര്‍ച്ച തുടങ്ങിയാല്‍ ജനം കാതോര്‍ക്കുന്നത് ഉണ്ണിത്താന്‍ജിയുടെ ശബ്ദഘോഷത്തിനാണ്. വിറകുകീറും പോലെയാണ് എതിരാളികളെ വെട്ടിനുറുക്കുന്നത്.

വേറെ വിഷയമില്ലാതെ ബോറടിച്ചിരിക്കുമ്പോഴാണ് മുരളിജിയുടെ വെളിപാടുകള്‍ വീണത്. ഉത്തരവാദിത്തമുള്ള കോണ്‍ഗ്രസ് വക്താവെന്ന നിലയില്‍ രാജ്‌മോഹന്‍ ജി ഇതിനെ വലിച്ചു കീറി. അപ്പോള്‍ മുരളിജി രാജ്‌മോഹന്‍ജിയെ കുശനിക്കാരനെന്നു വിളിച്ചെന്നു മാത്രമല്ല പഴയ വിഴുപ്പുകള്‍ എടുത്തു പുറത്തിട്ടു. പുലിയെപ്പോലെ ചീറിയ രാജ്‌മോഹന്‍ജി മുരളിജിക്ക് കാമശാസ്ത്രം എഴുതേണ്ടി വരുമെന്നു വരെ പറഞ്ഞുകളഞ്ഞു. പിന്നെ അടിയായി, സസ്‌പെന്‍ഷനായി, ആകെ ഉഷാറായി.

അതിനു ശേഷം കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്കെതിരെ സമര പാരമ്പരയുമായി പ്രതിപക്ഷം ഉഷാറാകാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചതേ ഉള്ളൂ.ഉമ്മൻ ചാണ്ടി സമരം തുടങ്ങിക്കഴിഞ്ഞു സുധീരനെ താഴെയിറക്കുന്നതിൽ കവിഞ്ഞ യാതൊരു നിർദ്ദേശവും അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടുമായി

ഏതായാലും സുധീര്‍ജി മുന്‍കൈയ്യെടുത്ത് ഈ പ്രശ്‌നത്തിന് പരിഹാരം കാണണം. നേതാക്കളുടെ സ്വകാര്യ സേവനങ്ങളെക്കുറിച്ച് കാമശാസ്ത്രമല്ല, മഹാഭാരതം- 2 എഴുതാന്‍ സ്‌കോപ്പുണ്ട്. എന്തു മനോഹരമായ പാര്‍ട്ടി!

Comments

comments