Published On: Thu, Jan 12th, 2017

‘മഹത്തരം’എന്ന് വിശേഷിപ്പിക്കത്തക്ക എന്തൊക്കെയാണ് ഇതിൽ ഉള്ളത് ?

vivekanandan

ജിബി മോൻ  കെ ജി 

1893 ല്‍ ഇന്ത്യ ഇല്ലെന്ന് മാത്രമല്ല ബ്രിട്ടീഷുകാര്‍ ഇവിടം വിടണമെന്ന അഭിപ്രായം അന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് പോലുമില്ല. ഇന്ത്യ ബ്രിട്ടീഷ് കോളനിയായതും ബ്രിട്ടീഷുകാരുടെ ഭാഷ പഠിച്ചതുമാണ് ചിക്കാഗോ പ്രസംഗം സാധ്യമാക്കിയതെന്ന് പറയാം. ഒരര്‍ത്ഥത്തില്‍ ബ്രിട്ടീഷുകാരും ഇംഗ്‌ളീഷുമില്ലെങ്കില്‍ ടാഗോറിന് നൊബേല്‍ സമ്മാനമില്ലെന്നതുപോലെ ഷിക്കാഗോ പ്രസംഗവും സാധ്യമല്ല.

ചിക്കാഗോയിലെ മതപാര്‍ലമെന്റിന്റെ ഉത്ഘാടന സെഷനില്‍ (സെപ്റ്റം 11,1893) വിവേകാനന്ദന്‍ നടത്തിയതായി പറയുന്ന ലഘുപ്രസംഗത്തില്‍ ‘മഹത്തരം’എന്ന് വിശേഷിപ്പിക്കത്തക്ക എന്തൊക്കെയാണുള്ളത് ? സമ്മേളന ത്തിൽഎല്ലാ ജാതിവിഭാഗങ്ങളിലുംപെട്ടവർക്ക് ഹിന്ദുക്കളുടെ അഭിവാദ്യം അറിയിച്ചുകൊണ്ട് തുടങ്ങുന്ന ഷിക്കാഗോ പ്രസംഗത്തില്‍ സര്‍വ മതങ്ങളെയും അംഗീകരിക്കുന്ന സഹിഷ്ണുതയുടെ നാട്ടില്‍ നിന്നാണ് താന്‍ വരുന്നതെന്നാണ് വിവേകാനന്ദന്‍ അമേരിക്കയിൽ പറഞ്ഞത്.ഭിന്ന ജാതിവിഭാഗങ്ങളെ, വിശേഷിച്ച് അടിസ്ഥാന ജനവിഭാഗങ്ങളെ, ഹിന്ദുമതത്തിനുള്ളില്‍ എങ്ങനെയാണ് കണ്ടിരുന്നതെന്ന് അറിയുന്ന ആര്‍ക്കും ഈ പ്രസ്താവത്തിന്റെ പൊള്ളത്തരം പെട്ടെന്ന് ബോധ്യപ്പെടും.

1 ) ബുദ്ധന്‍മാരുടെ അജ്ഞേയതവാദവും ജൈനന്‍മാരുടെ നാസ്തികതയും ഇന്ത്യന്‍ ചിന്തയുടെ ഭാഗമായിരുന്നുവെന്ന് വിവേകാനന്ദന്‍ പറയുന്നു. ചാര്‍വകന്‍മാരെ പച്ചയ്ക്ക് ചുട്ടു കൊല്ലുന്ന കഥ മഹാഭാരതത്തിലുണ്ട്. പൂര്‍വപക്ഷമായി ഉദ്ധരിക്കാന്‍ ഉപയോഗിച്ചവയല്ലാതെ ചാര്‍വാകദര്‍ശനങ്ങളില്‍ ഒന്നുംപോലും ബാക്കിവെക്കാതെ നശിപ്പിച്ച ഹൈന്ദവസഹിഷ്ണുത പരിഹാസ്യമല്ലേ?! റോമന്‍ ഭീകരതയ്ക്ക് ഇരയായ ഇസ്രേലികള്‍ക്ക് ദക്ഷിണേന്ത്യ അഭയം നല്‍കിയെന്നും സൊരാസ്ട്രിയന്‍ മതത്തെ സംരക്ഷിച്ചുവെന്നും പ്രസംഗത്തിലുണ്ട്. എല്ലാം മതങ്ങളും സത്യമാണെന്ന് കരുതുന്നവരാണ് തങ്ങളെന്ന് അദ്ദേഹം അവകാശപ്പെടുന്നു. വേദങ്ങളുടെയുംഹൈന്ദവസംസ്‌ക്കാരത്തിന്റെയും മഹത്വം വാഴ്ത്തുകയാണ് ലക്ഷ്യം. മതമൗലികവാദം മൂലം ലോകമെമ്പാടും രക്തച്ചൊരില്‍ ഉണ്ടായിട്ടുണ്ട്. ഷിക്കാഗോസമ്മേളനം മൗലികവാദത്തിനെതിരെയുള്ള ഐക്യമായി പരിണമിക്കണം-ഈ പ്രത്യാശയാണ് അവസാനമുള്ളത്. ഇന്ത്യയില്‍ നൂറ്റാണ്ടുകളോളം നീണ്ടുനിന്ന വൈഷ്ണ-ശൈവ രക്തച്ചൊരിച്ചിലുകളും കൂട്ടക്കൊലകളുമാവണം വിവേകാനന്ദനെക്കൊണ്ടിത് പറയിപ്പിച്ചതെന്ന് കരുതാമോ?!

(2) ഇതിലെ പല വാചകങ്ങളും ബുദ്ധമതം നിസംശയം ചോദ്യംചെയ്യും. ഹിന്ദുമതത്തിന്റെ സഹിഷ്ണുതയെക്കുറിച്ച് അവര്‍ക്ക് എതിരഭിപ്രായമുണ്ടാവുക സ്വഭാവികമാണ്. മുസ്‌ളീങ്ങള്‍ക്കും വേറിട്ട അനുഭവം പറയാനുണ്ടാവും. സാധാരണ മതനേതാക്കള്‍ പ്രസരിപ്പിക്കുന്ന മതപ്രചരണസാഹിത്യം മാത്രമാണ് വിവേകാനന്ദനും അവതരിപ്പിക്കുന്നത്. ലോകത്തുള്ള സര്‍വ മതങ്ങളെയും സ്വാഗതം ചെയ്യാന്‍ കാരണം ഇന്ത്യക്കാരുടെ ഔദാര്യമാണോ അതോ ഗതികേടാണോ എന്നാലോചിക്കേണ്ടതുണ്ട്. ഏകീകൃത മതമോ രാജ്യമോ ഇല്ലാതെ പോയതും ശക്തരായ ഹിന്ദുരാജാക്കന്‍മാരുടെ അഭാവവും സഹിഷ്ണുതയ്ക്ക് ഹേതുവമായ കാര്യങ്ങളാണ്. നാട്ടുരാജ്യങ്ങളുടെ കുടിപ്പകയും വിദേശശക്തികളെ ഉപയോഗിച്ച് പരസ്പരം വെട്ടി വീഴ്ത്താനും ശ്രമിച്ചതും അധിനിവേശശക്തികള്‍ക്ക് മേഖലയെ ആരാമമാക്കിത്തീര്‍ത്തു. ഇതിന്റെയൊക്കെ ഉപോത്പ്പന്നമായും ഒരുതരം “സഹിഷ്ണുത” ഇവിടെ പീലി വിരിച്ചാടിയിട്ടുണ്ട്. സൈനികസഹായവും കച്ചവടവും കാംക്ഷിച്ച് പള്ളി പണിയാനും ആരാധന നടത്താനും സ്വാതന്ത്ര്യം കൊടുത്ത ചരിത്രപശ്ചാത്തലം മറക്കാതിരിക്കുക. സ്വന്തം മതത്തില്‍ രൂക്ഷവും മനുഷ്യത്വവിരുദ്ധവുമായ വര്‍ണ്ണ-ജാതി വ്യത്യാസം കൊണ്ടുനടക്കുന്നവര്‍ക്ക്, ഭാരതത്തില്‍ തന്നെ ജനിച്ച് വളര്‍ന്ന മതങ്ങളെ ആട്ടിയോടിച്ചവര്‍ക്ക്, ഹിന്ദു-മുസ്‌ളീം സ്പര്‍ദ്ധയുടെ തീക്കനലുകള്‍ വാരിവിതറി ഇന്ത്യന്‍ ഉപഭൂഖണ്ഡം കറുപ്പിച്ചവര്‍ക്ക് അപാരമായ സഹിഷ്ണുതയും സമത്വബോധവുമൊക്കെ ഉണ്ടെന്ന് വിദേശത്ത് പോയി തട്ടിവിടുന്നത് അതിശയക്തിപരമല്ലേ?!

(3) ഭാരതസംസ്‌ക്കാരത്തെയും ഹിന്ദുമതത്തെയും പുകഴ്ത്തിപ്പാടിയെന്നത് മാത്രമാണ് വിവേകാന്ദന്റെ ചിക്കാഗോപ്രസംഗത്തിന്റെ പ്രാധാന്യം. അങ്ങനെയാണ് മതം അദ്ദേഹത്തെ മഹത്വവല്‍ക്കരിക്കുന്നത്. കേവലമായ ഒരു മതപ്രസംഗമെന്നല്ലാതെ താത്വികവൈശിഷ്ട്യം ഷിക്കാഗോ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടാനില്ല. വിവേകാനന്ദന്‍ ഊന്നിപ്പറഞ്ഞത് ഇന്ത്യന്‍ ദേശീയതയെക്കുറിച്ചല്ല മറിച്ച് ഹിന്ദുദേശീയതയെ കുറിച്ചാണ്, ഊറ്റംകൊണ്ടത് വേദപാരമ്പര്യത്തെക്കുറിച്ചാണ്. 1893 ല്‍ ഇന്ത്യ ഇല്ലെന്ന് മാത്രമല്ല ബ്രിട്ടീഷുകാര്‍ ഇവിടം വിടണമെന്ന അഭിപ്രായം അന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് പോലുമില്ല. ഇന്ത്യ ബ്രിട്ടീഷ് കോളനിയായതും ബ്രിട്ടീഷുകാരുടെ ഭാഷ പഠിച്ചതുമാണ് ചിക്കാഗോ പ്രസംഗം സാധ്യമാക്കിയതെന്ന് പറയാം. ഒരര്‍ത്ഥത്തില്‍ ബ്രിട്ടീഷുകാരും ഇംഗ്‌ളീഷുമില്ലെങ്കില്‍ ടാഗോറിന് നൊബേല്‍ സമ്മാനമില്ലെന്നതുപോലെ ഷിക്കാഗോ പ്രസംഗവും സാധ്യമല്ല.

(4) ദീക്ഷ സ്വീകരിച്ചെങ്കിലും ഇന്ത്യയില്‍ ഒതുങ്ങിക്കൂടാന്‍ വിവേകാനന്ദന് താല്‍പര്യമുണ്ടായിരുന്നില്ല. അദ്ദേഹം ഒരു സഞ്ചാരപ്രിയന്‍ ആയിരുന്നുവെന്നാണ് ജീവചരിത്രകാരന്‍മാരെല്ലാം ആണയിടുന്നത്. ഒരു സാധാരണ ഹിന്ദുസന്യാസിയുടെ ലളിതവേഷത്തില്‍ പാശ്ചാത്യരുടെ മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ താല്‍പര്യമില്ലായിരുന്ന വിവേകാനന്ദന്‍ പാശ്ചാത്യവേഷം ഏറെ ഇഷ്ടപ്പെട്ടിരുന്നു. വിദേശവാസത്തിനിടെ കോട്ടും പൈപ്പുമൊക്കെ വാങ്ങിയതിനെക്കുറിച്ച് അനുയായികള്‍ക്കുള്ള സ്വകാര്യ കത്തുകളില്‍ ആവേശത്തോടെ വിശദീകരിക്കുന്ന വിവേകാനന്ദനെ നമുക്ക് കാണാം(‘ DEAR SISTER (Miss Isabelle McKindley.),…Yesterday I bought a pipe for $13— meerschaum do not tell it to father Pope. The coat will cost $30. I am all right getting food . . . and money enough. Hope very soon to put something in the bank after the coming lecture(NEW YORK, 2nd May, 1894/Complete works of Swami Vivekananda vol 7, Page 263). സര്‍വപരിത്യാഗിയായ ഒരു യോഗി എന്നതിനെക്കാള്‍ പരിഷ്‌ക്കാരിയായ ഒരു സന്യാസിയാവുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. മൂന്ന് വര്‍ഷത്തിലധികം അമേരിക്കയില്‍ തങ്ങിയ വിവേകാനന്ദന്‍ മാന്‍ഹട്ടനില്‍ സൗജന്യമായി യോഗ പഠിപ്പിക്കുമായിരുന്നു. പ്രധാന വരുമാന സ്രോതസ്സാകട്ടെ, പ്രഭാഷണത്തിന് ലഭിച്ചിരുന്ന ഫീസും ഭക്തരുടെ സഹായങ്ങളും തന്നെയായിരുന്നു.

(5) ആകര്‍ഷകമായ വസ്ത്രങ്ങളണിഞ്ഞ് സ്റ്റുഡിയോ പശ്ചാത്തലത്തില്‍ തന്റെ ചിത്രങ്ങളെടുക്കാന്‍ വിവേകാനന്ദന്‍ കാണിച്ച താല്‍പര്യം ബേലൂര്‍ മഠത്തിലെ മറ്റ് സന്യാസിമാരില്‍ നിന്നും അദ്ദേഹത്തെ തീര്‍ത്തും വ്യത്യസ്തനാക്കുന്നുണ്ട്. ഫോട്ടോകള്‍ക്കും ചിത്രങ്ങള്‍ക്കും ദീര്‍ഘനേരം പോസ് ചെയ്യുന്നതിലും മറ്റും അദ്ദേഹം കാട്ടിയ നിഷ്‌ക്കര്‍ഷയും(പ്രസിദ്ധമായ ധ്യാന പോസുകള്‍ തന്നെ ഉദാഹരണം) കൃത്യതയും പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ സ്മരണ നിലനിറുത്താനുതകുന്ന നിരവധി ചിത്രങ്ങള്‍ക്ക് ഹേതുവായി. ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം പാശ്ചാത്യവസ്ത്രധാരണ രീതി തുടരാനാവാത്തതില്‍ അദ്ദേഹത്തിന് ഖേദമുണ്ടായിരുന്നു. ഇന്ത്യയില്‍ പലരും കോണകം (loin cloth) ഉപയോഗിക്കാന്‍ തന്നെ നിര്‍ബന്ധിക്കുന്നുവെന്നും ഇതുമൂലം തനിക്ക് പ്രമേഹശല്യം ഉണ്ടാകുന്നുവെന്നും വിവേകാനന്ദന്‍ വിശ്വസിച്ചു. എക്കാലത്തും കുലീനജനത്തിന്റെയും ഭരണാധികാരികളുടെയും ഇഷ്ടഭാജനമാകാന്‍ വിവേകാനന്ദനെ തുണച്ചതില്‍ അദ്ദേഹത്തിന്റെ നാഗരിക ജീവിതശൈലിക്ക് നല്ല പ്രാധാന്യമുണ്ട്. സമകാലികരായ സന്യാസിമാരിലൊന്നും ദൃശ്യമല്ലാതിരുന്ന പരിഷ്‌കൃതബോധം വസ്ത്രധാരണത്തിലും ജീവിതശൈലിയിലും പ്രകടമാക്കിയത് വിവേകാനന്ദന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതില്‍ നിര്‍ണ്ണായകമായി.

(6) 1890 ല്‍ ഇരുപത്തിയേഴുകാരനായ വിവേകാനന്ദന്‍ ഇന്ത്യയില്‍ ഉടനീളം സഞ്ചരിച്ചു.
ഇന്ത്യയുടെ അപാരതയില്‍ അലിഞ്ഞുചേര്‍ന്ന് അദ്ദേഹം പല പേരുകളില്‍ സഞ്ചരിച്ചുവെന്ന് അദൈ്വതാശ്രമത്തിന്റെ ജീവചരിത്രത്തില്‍ കാണാം(“He began to assume various names in order to conceal his identity that he might be swallowed up in the immensity of India”/From Advaita Ashrama’s biography)ഇന്ത്യയാകുന്ന മഹാസമുദ്രത്തിലേക്ക് ആഴ്ന്നിറങ്ങി അവിടെ ആയിരക്കണക്കിന് കാവി സന്യാസികളിലൊരുവനായി മുങ്ങിയുംപൊങ്ങിയും അദ്ദേഹം ഒഴുകിനടന്നുവെന്നാണ് റോമന്‍ റൊളാങിന്റെ(Romain Rolland) ഭാഷ്യം(“Like a diver he plunged into the Ocean of India and the Ocean of India covered his tracks. Among its flotsam and jetsam he was nothing more than one nameless sannyasin in saffron among a thousand others”). ഇവയൊക്കെ അതിശയോക്തി കലര്‍ന്ന ദിവ്യവത്ക്കരണശ്രമങ്ങളായി നിരീക്ഷിക്കപ്പെടുക സ്വഭാവികമാണ്. 1893 ല്‍ വിദേശപര്യടനത്തിന് പുറപ്പെട്ട് 1897 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയശേഷം വിവേകാനന്ദന് മാതൃദേശം കൂടുതല്‍ അസുഖകരമായി തോന്നി. 1899 ല്‍ വീണ്ടും വിദേശത്തേക്ക് പോയ അദ്ദേഹം 1900 അവസാനമാണ് തിരിച്ചെത്തുന്നത്-രോഗബാധിതനായി 1902 ല്‍ മരിക്കുകയും ചെയ്തു.

(7) സത്യത്തില്‍ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ വിവേകാനന്ദന് താല്‍പര്യമുണ്ടായിരുന്നില്ല. ‘എന്തിന് ഞാന്‍ വെറുതെ ഇന്ത്യയിലേക്ക് പോകണം, ഇന്ത്യയില്‍ എന്റെ ആശയങ്ങള്‍ക്ക് മേല്‍ഗതിയുണ്ടാവില്ല. ഞാന്‍ പറയുന്ന കാര്യങ്ങളോട് ഈ രാജ്യം കൂടുതല്‍ അനുതാപം കാട്ടുന്നുണ്ടല്ലോ’എന്നായിരുന്നു വിവേകാനന്ദന്റെ ചോദ്യം(“What is the use of going back to India? India cannot further my ideas. This country takes kindly to my ideas’’(complete works of Swami Vivekananda vol 5 Page 95). പാശ്ചാത്യലോകം എന്നും അദ്ദേഹത്തെ മാടി വിളിച്ചുകൊണ്ടിരുന്നു. മഹാഭൂരിപക്ഷവും നിരക്ഷരായിരുന്ന, പിന്തിരിപ്പന്‍ ആശയങ്ങളും അന്ധവിശ്വാസ-ദുരാചരങ്ങളും സമ്മാനിച്ച തമോഗര്‍ത്തത്തില്‍ ആണ്ടുകിടന്ന സ്വന്തം ജനതയോട് സംസാരിക്കുന്നതിലും പ്രാധാന്യം അമേരിക്കകാരെയും യൂറോപ്യരെയും ഉദ്ധരിക്കാന്‍ നല്‍കിയ വിവേകാനന്ദന് ഇന്ത്യയില്‍ പൊതുവെയും ബംഗാളില്‍ വിശേഷിച്ചും തനിക്ക് സ്വീകാര്യത കുറവാണെന്ന തിരിച്ചറിവുണ്ടായിരുന്നു. ബംഗാളിലെ ബ്രാഹ്മണനേതൃത്വം കടല്‍യാത്ര നടത്തി തിരിച്ചെത്തിയ വിവേകാനന്ദനോടുള്ള അമര്‍ഷവും പരിഹാസവും ഒരിക്കലും മറച്ചുവെച്ചിട്ടില്ല. അക്കാലത്ത് പലരുടെയും വീക്ഷണമനുസരിച്ച് പൊങ്ങച്ചക്കാരനും ആഡംബരപ്രിയനും അല്‍പ്പജ്ഞാനിയുമായ സന്യാസിയായിരുന്നു വിവേകാനന്ദനെങ്കില്‍ മരിച്ച് ഏതാനും ദശകങ്ങള്‍ കഴിഞ്ഞപ്പോഴെക്കും അദ്ദേഹം ഭാരതത്തിന്റെ പ്രിയപുത്രനും ഇതിഹാസപുരുഷനുമായി തീര്‍ന്നു.

(8) ഖേത്രിയിലെ മഹാരാജ അജിത് സിംഗ് (Maharaja Ajit Singh of Khetri), മൈസൂറിലെ ചാമരാജ വോഡയാര്‍(Chamaraja Wodeyar, maharaja of Mysore), റംനഡിലെ ഭാസ്‌ക്കര സേതുപതി(Bhaskara Setupati, Raja of Ramnad) തുടങ്ങിയ ഭരണാധികാരികളുടെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം. ഷിക്കാഗോ സന്ദര്‍ശനത്തിന് കൂടുതലും സഹായിച്ചത് ഭാസ്‌ക്കര സേതുപതിയാണെങ്കില്‍ വിദേശവാസം കഴിഞ്ഞ് ഇന്ത്യയില്‍ തിരിച്ചെത്തിയ വിവേകാനന്ദന് വീട് വെക്കാന്‍ സാമ്പത്തികസഹായം നല്‍കിയത് നിതാന്തസഹായിയായിരുന്ന ഖേത്രി രാജാവായിരുന്നു. കുടുംബത്തിലെ മൂത്ത ആണ്‍കുട്ടിയായിരുന്നിട്ടും പിതാവിന്റെ മരണശേഷം കുടുംബചുമതല ഏറ്റെടുക്കാതെ വൃദ്ധമാതാവിനെയും പറക്കമുറ്റാത്ത അനുജന്‍മാരെയും പരിത്യജിച്ച് സന്യാസത്തിന്റെ മായികവലയത്തില്‍ അഭയംതേടിയ സുഖാന്വേഷിയാണ് താനെന്ന കുറ്റബോധം വിവേകാനന്ദനെ അവസാനനാളുകള്‍ വരെ ഭരിച്ചിരുന്നു. അമ്മയ്ക്ക് വസിക്കാന്‍ ഒരു വീട് നിര്‍മ്മിക്കാനായി ഖേത്രി രാജാവിനോട് അക്ഷരാര്‍ത്ഥത്തില്‍ പതിനായിരം രൂപയ്ക്ക് കെഞ്ചുന്ന വിവേകാനന്ദന്റെ കത്ത് അദ്ദേഹത്തിന്റെ മാതൃസ്‌നേഹവും കുറ്റബോധവും ഒരുപോലെ പ്രകടമാക്കുന്ന ഒന്നാണ്. പരാജയപ്പെട്ട ആ മകന്റെ ആത്മസംഘര്‍ഷം തുടിച്ചു നില്‍ക്കുന്ന പ്രസ്തുത കത്ത് അവസാനിക്കുന്നതിങ്ങനെ:

(9) “……..ഞാന്‍ മരണത്തിന്റെ പടിവാതിലില്‍ നില്‍ക്കുകയാണ്. അങ്ങയുടെ ഔദാര്യത്തോടും സൗഹൃദത്തോടും ഞാനപേക്ഷിക്കുകയാണ്. എന്റെ മനസ്സിനെ മഥിക്കുന്ന ഒരു കാര്യമുണ്ട്. ലോകസേവന വ്യഗ്രതയില്‍ ഞാനന്റെ മാതാവിനെ തഴഞ്ഞു. രണ്ടാമത്തെ സഹോദരന്‍ മരിച്ചശേഷം അവര്‍ ദു:ഖത്താല്‍ തളര്‍ന്നുപോയിരിക്കുന്നു. ഇപ്പോള്‍ അമ്മയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. അമ്മയോടൊത്ത് ജീവിക്കണം;വംശനാശം ഒഴിവാക്കണം. ഇതെന്റെ അമ്മയുടെ അവസാന നാളുകള്‍ സുഗമമാക്കും;എന്റെയും. അവരിപ്പോള്‍ ഒരു കുടിലിലാണ് താമസം. അവര്‍ക്ക് ചെറിയ തരക്കേടില്ലാത്ത ഒരു വീടുണ്ടാക്കണം. അനുജന് എന്തെങ്കിലും നല്‍കണം. അവന്‍ സ്വയം എന്തെങ്കിലും സമ്പാദിക്കാന്‍ ശേഷിയില്ലാത്തവനാണ്. ഭഗവാന്‍ രാമചന്ദ്രന്റെ വംശത്തില്‍പ്പിറന്ന, എന്നെ സ്‌നേഹിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് ഇത് നിറവേറ്റിത്തരാനാവില്ലേ? യൂറോപ്പില്‍ നിന്ന് ലഭിച്ച പണം മുഴുവന്‍ ധര്‍മ്മകാര്യത്തിലേക്കായിരുന്നു. അതില്‍ ഏകദേശം മുഴുവന്‍ ഞാന്‍ അക്കാര്യങ്ങള്‍ക്കായി വിനിയോഗിച്ചു. ഞാനെന്റെ കുടുംബകാര്യങ്ങള്‍ അങ്ങയോട് വെളിപ്പെടുത്തി. ഇക്കാര്യം മറ്റാരും അറിയാന്‍ ഇടവരരുത്. വല്ലാതെ ക്ഷീണതനാണ്;ഹൃദയം രോഗഗ്രസ്തവും. ഞാന്‍ മരിക്കുകയാണ്. അങ്ങയുടെ ഔദാര്യപൂര്‍ണ്ണവും മഹത്തരവുമായ പ്രകൃതിക്കനുസരിച്ച് എന്നോട് ഈ അവസാനത്തെ ദയ കാണിക്കണമെന്ന് ഞാനപേക്ഷിക്കുന്നു” (Ref-The Monk as Man: The Unknown Life of Swami Vivekananda by Sankar- ഡി.സി ബുക്‌സ് ഇത് മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.)

(10) ഇക്കാലത്തെ ആള്‍ദൈവങ്ങളെപ്പോലെ സമ്പത്ത് കുന്നുകൂട്ടാനൊന്നും വിവേകാനന്ദന് സാധിച്ചില്ല. കാലം വേറെയായിരുന്നുവെന്ന് കാണണം. ഇന്നത്തെ ആള്‍ദൈവങ്ങള്‍ക്ക് ഇങ്ങനെ പിച്ചക്കാശ് ചോദിച്ച് കെഞ്ചേണ്ടിവരുമോ?! പക്ഷെ ഇവിടെ വിവേകാനന്ദന്‍ സത്യസന്ധനാണ്, ഒരു സാധാരണ മനുഷ്യനെപ്പോലെ സ്വന്തം ദൈന്യത രാജാവിന് മുമ്പില്‍ അവതരിപ്പിക്കുകയാണദ്ദേഹം. എങ്കിലും അദ്ദേഹത്തിന്റെ ആത്മാഭിമാനം വല്ലാതെ ക്ഷതപ്പെടുന്നുണ്ട്. അവസാനത്തെ ദയയാണ് ചോദിക്കുന്നത്-ഇനി ശല്യപ്പെടുത്തില്ലെന്ന ധ്വനിയില്‍. തന്റെ ജീവിതം ഒരു പരാജയമായിരുന്നുവെന്ന് വിവേകാനന്ദന് തോന്നിയിട്ടുണ്ടാവുമോ? ജീവിതപ്രതിസന്ധികളൊക്കെ തരണംചെയ്യാന്‍ പൊതുവെ ഭരണാധികാരികളെയും പ്രഭുജനത്തെയുമാണ് വിവേകാനന്ദന്‍ ആശ്രയിച്ചത്.സാധാരണക്കാരായ ജനങ്ങള്‍ വിവേകാനന്ദനില്‍ അത്ര താല്‍പര്യമുണര്‍ത്തിയെന്ന് പറയാനാവില്ല. യൂറോപ്പിലും അമേരിക്കയിലുമൊക്കെ സമ്പന്ന ജനത്തോടാണ് അദ്ദേഹം കൂടുതല്‍ അടുത്തത്;അവരുടെ സഹായങ്ങള്‍ നിര്‍ലോഭം ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. വിവേകാനന്ദന്റെ കടുത്ത ആരാധകനും അദ്ദേഹത്തിന്റെ ജീവിതവിശദാംശങ്ങള്‍ കണ്ടെത്താനായി ജീവിതം തന്നെ ഉഴിഞ്ഞുവെച്ചവനുമായ ശങ്കറിന്റെ അറിയപ്പെടാത്ത വിവേകാനന്ദന്‍ അദ്ദേഹത്തിന്റെ വ്യക്തിത്വം കൂടുതലറിയാന്‍ ആഗ്രഹിക്കുന്ന ആരാധകര്‍ക്ക് പ്രയോജനപ്രദമാണ്. കാരണം ശങ്കര്‍ വിവേകാനന്ദന്റെ വിമര്‍ശകനല്ല മറിച്ച് ആജീവനാന്ത ഭക്തനാണ്.!
—————————————-
കടപ്പാട്:-
സി.രവിചന്ദ്രൻ

Comments

comments

Seo wordpress plugin by www.seowizard.org.