Published On: Thu, Jan 12th, 2017

സഹാറ, ബിര്‍ള കേസ്: പ്രധാനമന്ത്രിക്കെതിരായ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി സുപ്രീംകോടതി തള്ളി

supreme-court

സഹാറ, ബിര്‍ള കമ്പനികളില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ കോഴ വാങ്ങിയെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. അന്വേഷണത്തിന് ഉത്തരവിടാന്‍ മതിയായ തെളിവുകളില്ല. കടലാസിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി 25 കോടി രൂപ കൈപ്പറ്റിയെന്ന സഹാറാ ഡയറിയിലെ കണ്ടെത്തല്‍ ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷനാണ് ഹര്‍ജി നല്‍കിയത്.

എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡില്‍ കണ്ടെത്തിയ ഡയറിയിലാണ് മോദിക്ക് പണം നല്‍കിയതായി പറയുന്നത്. വ്യക്തമായ തെളിവില്ലാതെ പ്രധാനമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാനാവില്ലെന്ന് നേരത്തെയും സുപ്രീംകോടതി പരാമര്‍ശിച്ചിരുന്നു.

ഒരു കമ്പ്യൂട്ടറിന്റെ സഹായത്തോടെ ആർക്കും വ്യാജമായി നിർമ്മിക്കാൻ പറ്റുന്നതാണെന്ന് നിരീക്ഷിച്ചാണ് , സഹാറ, ബിർള ഗ്രൂപ്പുകളിൽ നിന്ന് പിടിച്ചെടുത്ത രാഷ്ട്രീയക്കാർക്ക് നൽകിയ കോഴക്കണക്കുകളെഴുതിയഡയറിയും രേഖകളും സുപ്രീംകോടതി തള്ളിക്കളഞ്ഞത് . ഇൗ രേഖകളുടെ അടിസ്ഥാനത്തിൽ മാത്രം പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാനാവില്ലെന്നും കോടതി വ്യക്തമാക്കി.

മോദിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് അഡ്വ. പ്രശാന്ത് ഭൂഷൻ മുഖേന കോമൺകോസ് എന്ന എൻ.ജി.ഒ നൽകിയ ഹർജ്ജിയാണ് ജസ്റ്റിസ്മാരായ അരുൺ മിശ്ര, അമിതാവ റോയ് എന്നിവരുടെ ബെഞ്ച് തള്ളിയത്. സഹാറ ഗ്രൂപ്പ് വിഷയത്തിൽ ആദായനികുതി ഒത്തുതീർപ്പാക്കൽ കമ്മിഷന്റെ ഉത്തരവ് ഉദ്ധരിച്ചാണ് കോടതി ഹർജി തള്ളിയത്. സഹാറ ഗ്രൂപ്പിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ കെട്ടിച്ചമച്ചതാണെന്ന് കമ്മിഷൻ കണ്ടെത്തിയിരുന്നു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ നരേന്ദ്രമോദി സഹാറ ഗ്രൂപ്പിൽ നിന്ന് കോഴ വാങ്ങിയതിന്റെ തെളിവ് ആദായ നികുതി വകുപ്പിന്റെ പക്കലുണ്ടെന്നായിരുന്നു കോൺഗ്രസ് ഉപാദ്ധ്യക്ഷൻരാഹുൽ ഗാന്ധി ആരോപിച്ചത്. ഇതിന് പുറമെ ആദിത്യ ബിർള ഗ്രൂപ്പിൽനിന്ന് മോദി കോഴവാങ്ങിയതിന്റെ രേഖകൾ ആദായ നികുതി വകുപ്പ് റെയ്ഡിൽ കണ്ടെത്തിയിട്ടുണ്ടെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആരോപിച്ചിരുന്നു. കോഴ വാങ്ങിയ കൃത്യമായ ദിവസം അടക്കം വ്യക്തമാക്കിയായിരുന്നു ഇരുവരും ആരോപണം ഉന്നയിച്ചത്.

അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കേസ് കോടതി തള്ളിയത് മോദിയുടെയും ബി.ജെ.പിയുടെയും ഇമേജിന്റെ ഗ്രാഫ് ഉയർത്തിയിരിക്കുകയാണ്.

ബെഞ്ചിന്റെ നിരീക്ഷണം ഇങ്ങനെ

ചില കടലാസുകളും ഇ – മെയിലുകളുടെ പ്രിന്റ് ഔട്ടുകളും കൈകൊണ്ട് എഴുതിയ ഡയറിക്കുറിപ്പുകളുമാണ് രേഖകളായി കോടതിയിൽ സമർപ്പിച്ചത്. ഇതിൽ കഴമ്പില്ല. ഇത് വച്ച് നിയമപരമായി അന്വേഷണത്തിന് ഉത്തരവിടാനാവില്ല. എഫ്.ഐ.ആർ രജിസ്റ്രർ ചെയ്യാൻ ഇത് അപര്യാപ്തമാണ്. അതും ഉയർന്ന ഭരണഘടനാ പദവികൾ വഹിക്കുന്നവർക്കെതിരെ ആകുമ്പോൾ സൂക്ഷ്മത പാലിക്കണം. ഈ രേഖകൾ കെട്ടിച്ചമച്ചതാണെന്ന് ആദായ നികുതി വകുപ്പ് തന്നെ നേരത്തെ വിലയിരുത്തിയതാണ്

ചീഫ് ജസ്റ്റിസ് ജെ.എസ്.കെഹാറും ജസ്റ്റിസ് അരുൺ മിശ്രയും അടങ്ങുന്ന ബെഞ്ചാണ് ഈ ഹർജി നേരത്തെ പരിഗണിച്ചത്. ഡിസംബറിൽ ഹർജി പരിഗണിച്ചപ്പോൾ വാദം കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് കെഹാർ പിന്മാറണമെന്ന് പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്കുള്ള ജസ്റ്റിസ് കെഹാറിന്റെ നിയമനവുമായി ബന്ധപ്പെട്ട ഫയൽ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്നായിരുന്നു ഭൂഷണിന്റെ വാദം. തുടർന്നാണ് കേസ് മാറ്റിവച്ചത്. ജസ്റ്റിസ് കെഹാർ ചീഫ് ജസ്റ്റിസായതോടെ കേസിൽ നിന്ന് അദ്ദേഹം ഒഴിയുകയും പുതിയ ബെഞ്ചിന് കൈമാറുകയും ചെയ്തു.

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.