Breaking News

ബി ജെ പി സംഘടിപ്പിക്കുന്ന സിപിഐഎം അക്രമങ്ങള്‍ക്കെതിരായ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ എംടിയെയും കമലിനെയും ക്ഷണിക്കും

kamal-and-mt

സിപിഐഎം അക്രമങ്ങള്‍ക്കെതിരായ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ എം.ടി. വാസുദേവന്‍നായര്‍, സംവിധായകന്‍ കമല്‍ എന്നിവരുള്‍പ്പെടെയുള്ള സാംസ്‌കാരിക നായകരെ വീടുകളില്‍പ്പോയി ക്ഷണിക്കാന്‍ ബി.ജെ.പി. സംസ്ഥാനസമിതിയില്‍ തീരുമാനം.

പാലക്കാട് കഞ്ചിക്കോട്ട് വീട്ടമ്മയായ വിമല പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിക്കാനാണ് കൂട്ടായ്മ. ഇതിനെത്തുന്നില്ലെങ്കില്‍, അസഹിഷ്ണുതയ്‌ക്കെതിരായ എം.ടി.യുടെയും കമലിന്റെയും നിലപാടുകളിലെ പൊള്ളത്തരം പുറത്തുവരും. അതിനാലാണ് വീടുകളിലെത്തി ആദരപൂര്‍വം ക്ഷണിക്കുന്നതെന്ന് ബി.ജെ.പി. കേന്ദ്രങ്ങള്‍ അറിയിച്ചു. രാഷ്ട്രീയവൈരത്തിന്റെപേരില്‍ സ്ത്രീകളെപ്പോലും ചുട്ടുകൊല്ലുന്ന നാടായി കേരളം മാറിയിട്ടും സാംസ്‌കാരികനായകര്‍ പുലര്‍ത്തുന്ന മൗനം ഭയാനകമാണെന്ന് ബി.ജെ.പി. സംസ്ഥാന കമ്മിറ്റിയും കൗണ്‍സിലും അംഗീകരിച്ച രാഷ്ട്രീയപ്രമേയത്തില്‍ പറയുന്നു.

തിരുവനന്തപുരത്ത് നടക്കുന്ന കൂട്ടായ്മയുടെ കണ്‍വീനറായി സംസ്ഥാന വക്താവ് എം.എസ്. കുമാറിനെ നിശ്ചയിച്ചു. സാംസ്‌കാരിക നായകരെ ക്ഷണിക്കുന്നതിന്റെ ചുമതല സംസ്ഥാന സെക്രട്ടറി എന്‍. ഗോപാലകൃഷ്ണനാണ്. വിമലയുടെ ചിതാഭസ്മവുമായി വിലാപയാത്ര നടത്തും.ബി.ജെ.പി. നിശ്ചയിച്ച രണ്ടാം ഭൂസമരം ഏഴിടങ്ങളിലായാണ് നടക്കുക. മാര്‍ച്ചില്‍ തുടങ്ങുന്ന സമരത്തിന് സി.കെ. ജാനുവിനൊപ്പം പരിസ്ഥിതിപ്രവര്‍ത്തകനായ ശ്രീരാമന്‍ കൊയ്യോനും നേതൃത്വം നല്‍കും. ആദിവാസി, ദളിത് വിഭാഗങ്ങളില്‍ നിന്ന് പാര്‍ട്ടിയിലെത്തിയ സിപിഐഎം അനുഭാവികളുടെ കൂട്ടായ്മ ഏപ്രിലില്‍ സംഘടിപ്പിക്കും. എ.എന്‍. രാധാകൃഷ്ണന്റെയും സി.കെ. പത്മനാഭന്റെയും പരാമര്‍ശങ്ങളെത്തുടര്‍ന്നുള്ള വിവാദങ്ങളില്‍ ഇനി പരസ്യപ്രസ്താവന പാടില്ലെന്ന് അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നിര്‍ദേശം നല്‍കി.

ആര്‍.എസ്.എസ്. ആധിപത്യം ബി.ജെ.പി.യില്‍ ഉറപ്പിക്കുന്ന തരത്തിലാണ് പുനഃസംഘടനയ്ക്ക് ശേഷമുള്ള ആദ്യ ജനറല്‍ കൗണ്‍സില്‍ കോട്ടയത്ത് സമാപിച്ചത്. ആര്‍.എസ്.എസില്‍ നിന്ന് നിയോഗിക്കപ്പെട്ട സംഘടനാസെക്രട്ടറി എം. ഗണേശനും സഹസംഘടനാ സെക്രട്ടറി കെ. സുഭാഷുമാണ് നേതൃയോഗങ്ങള്‍ നിയന്ത്രിച്ചത്.പാര്‍ട്ടിയുടെ ദേശീയതലത്തിലുള്ള പരിപാടികള്‍ വിശദീകരിക്കാനും മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനസമിതിയില്‍ വിശദീകരിക്കാനും നിര്‍വാഹകസമിതി അംഗങ്ങളായ വി. മുരളീധരനും പി.കെ. കൃഷ്ണദാസിനുമായിരുന്നു ചുമതല. എന്നാല്‍, മുരളീധരനെ കാഴ്ചക്കാരനാക്കി കൃഷ്ണദാസിനെ ചുമതലകളേല്‍പ്പിച്ചുവെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിവക്താക്കള്‍ ടെലിവിഷന്‍ ചര്‍ച്ചകളിലും പത്രസമ്മേളനങ്ങളിലും പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന് സംസ്ഥാന സമിതിയില്‍ കുറ്റപ്പെടുത്തലുണ്ടായി. വക്താക്കള്‍ക്ക് പരിശീലനപരിപാടി സംഘടിപ്പിക്കാനും തീരുമാനിച്ചു.

Comments

comments