Breaking News

വിടരുന്ന മൊട്ടുകളിലെ ബാലതാരമായെത്തി ചാര്‍ലിയിലെ മേരി വരെ നീണ്ട അഭിനയ ജീവിത ഓര്‍മകള്‍ക്ക് ഒരു വര്‍ഷം

മലയാളത്തിന്റെ പ്രിയനടി കല്‍പന ഓര്‍മയായിട്ട് ഒരുവര്‍ഷം. നര്‍മം പോലെ നിഷ്‌കളങ്കമായ ചിരിയും വര്‍ത്തമാനങ്ങളുമായി എന്നാല്‍ ശക്തമായ നിലപാടുകളുമായി കാലഘട്ടങ്ങളെ രസിപ്പിച്ച അഭിനയ പ്രതിഭ. വിവാഹ ജീവിതത്തിലെ അസ്വാരസ്യങ്ങളുള്‍പ്പെടെ പല വിഷമ ഘട്ടങ്ങളിലൂടെയും കടന്നുപോയപ്പോഴും മായാത്ത ചിരി ആ മുഖത്തുണ്ടായിരുന്നു.

ഹാസ്യമായിരുന്നില്ല കല്‍പനയുടെ ആദ്യതട്ടകം; നായികാവേഷംതന്നെയായിരുന്നു. ശിവന്‍ സംവിധാനം ചെയ്ത യാഗം എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലും അരവിന്ദന്‍ സംവിധാനംചെയ്ത പോക്കുവെയിലിലും കല്പനയായിരുന്നു നായിക. പോക്കുവെയിലില്‍ നായകന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടായിരുന്നു.

kalpana

1977ല്‍ വിടരുന്ന മൊട്ടുകള്‍ എന്ന ചിത്രത്തിലും ദിഗ്‌വിജയത്തിലും ബാലതാരമായി പ്രത്യക്ഷപ്പെട്ടിട്ടുള്ള കല്‍പനയ്ക്ക് കല പാരമ്പര്യമായി പകര്‍ന്നുകിട്ടിയതാണ്. നായികാവേഷങ്ങളില്‍നിന്ന് തന്റെ തട്ടകം ഹാസ്യമാണെന്നു തിരിച്ചറിഞ്ഞ് ചുവടുമാറിയതാണ് കല്പനയുടെ ജീവിതത്തിലെ വഴിത്തിരിവ്. കെ.ജി. ജോര്‍ജിന്റെ പഞ്ചവടിപ്പാലത്തിലെ അനാര്‍ക്കലി, അതുകഴിഞ്ഞ് പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ മോഹിനിയും വന്നതോടെ മലയാളസിനിമയിലെ പെണ്‍ഹാസ്യതാരപട്ടികയില്‍ കല്‍പനയെന്നത് ഒരു ഉറച്ച പേരായി.

ദേശീയ അവാര്‍ഡ് നേടിയ ബാബു തിരുവല്ലയുടെ ‘തനിച്ചല്ല ഞാനി’ലെ റസിയാബീവി യഥാര്‍ഥജീവിതത്തിലെ ഒരു കഥാപാത്രമായിരുന്നു. അതില്‍ മറ്റാരെയെങ്കിലും നായികയാക്കാനും സാറ്റലൈറ്റ് റൈറ്റ് പോലുള്ള സിനിമയുടെ കച്ചവടതാത്പര്യങ്ങള്‍ ഹനിക്കപ്പെടാതിരിക്കാനും കല്‍പന തന്നെ സംവിധായകനോടു പറഞ്ഞിരുന്നു. എന്നാല്‍, യഥാര്‍ഥജീവിതത്തിലെ കഥാപാത്രവും കല്‍പനയും തമ്മിലുള്ള വൈകാരികബന്ധമറിയാവുന്ന സംവിധായകന്‍ കല്പനയെത്തന്നെ മതിയെന്നു തീരുമാനിച്ചു. പ്രേക്ഷകരുടെ അംഗീകാരത്തിനൊപ്പം ഒരു ദേശീയതല അംഗീകാരവും സിനിമയ്ക്കു ലഭിച്ചു.

jagathy-kalpana-1

സ്വന്തം ജീവിതത്തിലെ പച്ചയായ യാഥാര്‍ഥ്യങ്ങളില്‍ പോലും ഹാസ്യം ചാലിച്ച് സംസാരിക്കാനുള്ള കല്‍പനയുടെ മികവ് തന്നെയാണ് ആ അഭിനയ ജീവിതത്തെ വേറിട്ട് നിര്‍ത്തിയത്. ചലച്ചിത്ര ലോകത്തെ നര്‍മംകൊണ്ട് കൊഴുപ്പിച്ച അഭിനയ വിസ്മയങ്ങള്‍ക്കെല്ലാം ശക്തമായ ജീവിത കാഴ്ചപ്പാടും രാഷ്ട്രീയ നിലപാടുകളുമുണ്ടായിരുന്നു അവര്‍ക്ക്.

kalpana and sisters

കോമഡി വെറും കോമഡിയായി മാറിയപ്പോള്‍ അത് വിളിച്ചുപറയുവാനും കല്‍പന മടികാട്ടിയില്ല. ജഗതി ശ്രീകുമാറുള്‍പ്പെടെയുള്ള ഹാസ്യ നടന്‍മാര്‍ക്ക് അര്‍ഹിച്ച അംഗീകാരം കിട്ടിയില്ലെന്നും മലയാള സിനിമയില്‍ കോമഡിക്ക് ഒരു വിലയുമില്ലെന്ന് വിളിച്ചു പറഞ്ഞ തന്റേടം. വിടരുന്ന മൊട്ടുകളിലെ ബാലതാരമായെത്തി ചാര്‍ലിയിലെ മേരിയെന്ന കഥാപാത്രം വരെ നീണ്ട അഭിനയ ജീവിതം.ജീവനുള്ള നര്‍മ്മ വര്‍ത്തമാനങ്ങളും അതിപ്രസരമില്ലാത്ത അഭിനയവുമായി വെള്ളിത്തിരക്കുള്ളിലേക്കെത്താന്‍ ഇനി കല്‍പനയില്ല. സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് നര്‍മം പറഞ്ഞു തരാന്‍ കല്‍പന ഇനി നിറമുള്ള ഓര്‍മകള്‍ മാത്രം.

Chithirathira Song From Charlie Malayalam Movie-Dulquer-Kalpana
Chithirathira Song From Charlie Malayalam Movie-Dulquer-Kalpana

Comments

comments