Smiley face
Published On: Fri, Jan 27th, 2017

വൈക്കത്ത് പ്രതിമ വയ്ക്കാൻ അയ്യൻ‌കാളി ഒന്നുകൊണ്ടും യോഗ്യനല്ല;അയ്യങ്കാളിയെ അപമാനിക്കരുത്

Gandhi_and_Sadar_Patel_Bardoli_Satyagraha

ദളിത് ബന്ധു (എൻ.കെ .ജോസ്)

വൈക്കത്തു 600 ദിവസം നീണ്ടു നിന്ന സത്യാഗ്രഹം നടത്തിയ നേതാക്കളുടെ പ്രതിമകൾ ഒന്നൊന്നായി വൈക്കത്തെ വടക്കേ കവലയിൽ ഉയർന്നുകൊണ്ടിരിക്കുകയാണ്.അക്കൂട്ടത്തിൽ അയ്യങ്കാളിയെക്കൂടി കുടിയിരുത്താനുള്ള ശ്രമമാണ് ചില ദളിത് സുഹൃത്തുക്കൾ ഇന്ന് നടത്തുന്നത്.അത് ദലിതർക്കോ ദളിതിസത്തിനോ ഒരിക്കലും യോജിച്ചതല്ല.

വൈക്കത്ത് ആദ്യം ഇ.വി.രാമസ്വാമി നായ്ക്കരുടെപ്രതിമ സ്ഥാപിക്കപ്പെട്ടു.അദ്ദേഹം വൈക്കം സത്യാഗ്രഹത്തിൻറെ ജീവനാഡി ആയിരുന്നു.പിന്നെ വൈക്കം സത്യാഗ്രഹത്തിൻറെ ജീവാത്മാവും പരമാത്മാവായും പ്രകീർത്തിക്കപ്പെടുന്ന ടി കെ മാധവൻറെപ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ടു.പുറകെ സവർണ്ണ ജാഥയുടെ ക്യാപ്റ്റൻ ആയിരുന്ന മന്നത്തു പദ്മനാഭൻറെ പ്രതിമയും അവിടെ ഉയർത്തപ്പെട്ടു.വേറെയും പല പ്രതിമകളും ആ പ്രതിമാ കേന്ദ്രത്തിൽ ഉണ്ടെങ്കിലും അവ ഒന്നും സത്യാഗ്രഹത്തോട് നേരിട്ട് ബന്ധം ഉള്ളതല്ല.എന്നാൽ അടിസ്ഥാന കേരളത്തിൻറെ സമുന്നത നേതാവും സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി 19 ആം നൂറ്റാണ്ടിൽ തന്നെ സുധീരം പോരാടിയ ധീരനും കേരളം കണ്ടിട്ടുള്ളതിൽ വച്ചേറ്റവും പ്രഗത്ഭ മതിയുമായ അയ്യൻകാളിയുടെ പ്രതിമകൂടി അവിടെ സ്ഥാപിക്കണം എന്ന നിർദ്ദേശം പലകേന്ദ്രങ്ങളിൽനിന്നും ഉയർന്നുവന്നിരുന്നു.

ശ്രീ രാമന്റെയും ശ്രീ കൃഷ്ണന്റെയും ശ്രീബുദ്ധന്റേയും ക്രിസ്തുവിന്റെയും ഗാന്ധിയുടെയും നാരായണ ഗുരുവിന്റെയും അംബേദ്കറുടെയും പടങ്ങൾ വെച്ച് നിലവിളക്ക് കത്തിക്കുകയു ചന്ദനം പുകയ്ക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരുടെ കാപട്യത്തിന്റെ ഉപകരണമാക്കി അയ്യങ്കാളിയെ അപമാനിക്കരുത്.

അയ്യൻകാളിയുടെ ഒരു പ്രതിമ വൈക്കത്തോ മറ്റു എവിടെയെങ്കിലുമോ സ്ഥാപിക്കുന്നതിൽ തെറ്റൊന്നുമില്ല.എന്ന് മാത്രമല്ല അത് ഇന്ന് ഒരു ആവശ്യം കൂടിയാണ്.അയ്യങ്കാളിയെ അറിഞ്ഞുകൂടാത്ത കേരളീയർ ഇന്നുമുണ്ട് പ്രത്യേകിച്ചും യുവതലമുറക്ക് അദ്ദേഹം തീർത്തും അജ്ഞാതനാണ്.പക്ഷെ അദ്ദേഹത്തെ പരിചയപ്പെടുത്തേണ്ടത് വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്ത നേതാക്കളുടെ തലത്തിൽ അല്ല.സത്യാഗ്രഹ നേതാക്കളുടെ പാനലിൽ പെടുത്തി അയ്യൻകാളിയുടെ പ്രതിമ വൈക്കത്ത് വടക്കേ കവലയിൽ സ്ഥാപിക്കുന്നതിലാണ് അപാകതയുണ്ടെന്നു ഞാൻ പറയുന്നത്.

vikom5

അദ്ദേഹം വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്ത മഹാന്മാരുടെ പട്ടികയിൽ പെടുകയില്ല.ആ സത്യാഗ്രഹത്തിന്റെ വഞ്ചനാപരമായ പരിസമാപ്തി കാലേക്കൂട്ടി കണ്ട ധീഷണാശാലി ആയിരുന്നു അയ്യങ്കാളി.അക്കാര്യത്തിൽ വൈക്കം വീരൻ ഇ വി രാമസ്വാമി നായ്ക്കരും മറ്റും അദ്ദേഹത്തേക്കാൾ വളരെ പുറകിലാണ്.സത്യാഗ്രഹം അവസാനിച്ച പിറ്റേ ദിവസം ഇ വി ആർ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രാഥമീക അംഗത്വം കൂടി രാജിവച്ചുകൊണ്ട് സത്യാഗ്രഹ നടത്തിപ്പിനോടുള്ള തൻറെ പ്രതിഷേധം പ്രകടിപ്പിച്ചുവെങ്കിലും അദ്ദേഹത്തിന് അത് തിരിച്ചറിയുന്നതിന് സത്യാഗ്രഹത്തിൽ പങ്കെടുക്കേണ്ടി വന്നു.അയ്യൻകാളിക്ക് അതൊന്നും വേണ്ടി വന്നില്ല വൈക്കം സന്ദർശിക്കുക പോലും ചെയ്യാതെ സത്യാഗ്രഹത്തിൻറെ പരിസമാപ്തി അയ്യങ്കാളി മുൻകൂട്ടി ദർശിച്ചുകൊണ്ട്  തൻറെ അനുയായികൾക്ക് മാർഗ്ഗ നിർദ്ദേശം നൽകി.ശ്രീനാരായണ ഗുരുവിനു പോലും വൈക്കം സന്ദർശിച്ച ശേഷം സത്യാഗ്രഹത്തിൻറെ വിശ്വ രൂപം കണ്ടപ്പോഴാണ് അമർഷം ചിറപൊട്ടി ഒഴുകിയത്.

കുഴിയിൽ വീഴാതെ തന്നെ അത് കുഴിയാണ് എന്ന് കാണാൻ ഉള്ള കഴിവ് അയ്യൻകാളിക്ക് ഉണ്ടായിരുന്നു.കുഴിയിൽ വീണ ഉടനെ തന്നെ അത് തിരിച്ചറിയുവാനും തിരുത്താനും ഉള്ള പാടവം ഇ വി ആർ നേടിയിരുന്നു.പാവം ടി കെ മാധവൻ കുഴിയിൽ വീണിട്ടും അത് കുഴിയാണ് എന്ന് മനസിലാക്കാൻ കഴിഞ്ഞില്ല.അവിടെ തന്നെ കിടന്നു അതാണ് ഈ മൂന്നു സമുന്നത നേതാക്കളും തമ്മിൽ ഉള്ള വ്യത്യാസം.

മന്നത്തു പദ്മനാഭനും കെ പി കേശവ മേനോനും കെ കേളപ്പനും മറ്റും ആ കുഴി നിർമ്മിച്ചവരുടെ പട്ടികയിൽ പെട്ടവരാണ്.പ്രതിമ സ്ഥാപിക്കപ്പെടുന്നതിന് അവർ തികച്ചും അർഹരാണ്.ഇനിയും വൈക്കത്തെ വടക്കേ കവലയിൽ ആവശ്യമായിട്ടുള്ളത് കെ പി കേശവ മേനോന്റെയും കെ കേളപ്പന്റേയും മറ്റും പ്രതിമകളാണ്.അയ്യന്കാളിയുടേതല്ല.അവരും മന്നത്തു പദ്മനാഭനോടൊപ്പമോ അതിലേറെയോ വൈക്കം സത്യാഗ്രഹം എന്ന വലിയ വഞ്ചനയിൽ പങ്കാളികൾ ആയവരാണ്. ഏതായാലും അവരുടെയൊക്കെ കൂടെ പിടിച്ചിരുത്താൻ തികച്ചും അർഹൻ അല്ലാത്ത ഒരു വ്യക്തിയാണ് അയ്യങ്കാളി.

Periyar_with_Jinnah_and_Ambedkar

ഗാന്ധി ഹരിജൻ എന്ന നാമം നൽകിയപ്പോൾ സന്തോഷത്തോടെ സ്വീകരിക്കാൻ ഉള്ള ആർജ്ജവമേ അന്ന് ദളിതർക്ക് ഉണ്ടായിരുന്നുള്ളൂ.ഡോ.അംബേദ്കറും അനുയായികളും മാത്രമേ  അന്ന് വലിയ വഞ്ചനയെ തിരിച്ചറിഞ്ഞിരുന്നുള്ളൂ.സാധാരണ ദളിതർക്ക് പിന്നെയാണ് ആ ചതി തിരിച്ചറിയുവാൻ കഴിഞ്ഞത്.1937 ജനുവരിയിൽ ഗാന്ധി തൻറെ ഹരിജൻ ടൂറിനിടക്ക് തിരുവനന്തപുരത്ത് വന്ന് അയ്യങ്കാളിയെ ദർശിച്ചതിന് ശേഷവും ,സാധു ജനം എന്ന് അയ്യങ്കാളി തൻറെ ജനത്തിന് കൊടുത്ത പേര് മാറ്റുവാനോ ഹരിജൻ എന്നാക്കുവാനോ അയ്യങ്കാളി തയ്യാറായില്ല.ഇന്ന് ഹരിജൻ നാമം തിരസ്കരിക്കുന്നതിനു വേണ്ടി കേന്ദ്ര ഗവൺമെന്റിലും സ്റ്റേറ്റ് ഗവണ്മെന്റിലും നടത്തേണ്ടിവന്ന സമ്മദ്ദം അത് ചെയ്തവർക്കേ അറിയൂ.അയ്യൻകാളിയുടെ പ്രതിമ ഇന്ന് കെ പി കേശവ മേനോന്റേയും കേളപ്പൻറെയും മന്നത്ത് പദ്മനാഭൻറെയും നടുവിൽ സ്ഥാപിച്ചാൽ നാളെ അത് മാറ്റി സ്ഥാപിക്കാൻ വേണ്ടി വരുന്ന സമയം ഇന്നേ ഒഴിവാക്കുന്നത് അല്ലെ നല്ലത്?

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.