Breaking News

ലോ അക്കാദമി സമരം അവസാന ഘട്ടത്തിൽ ; എസ്.എഫ്.ഐ.യും ഹോസ്റ്റൽ പെൺകുട്ടികളും ശ്രദ്ധാകേന്ദ്രമാകുന്നു

law academy strikeപുനരാരംഭിച്ച ചർച്ചയിൽ ആശാവഹമായ പുരോഗതി

ലോ അക്കാദമി സമരം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നു. രാഷ്ട്രീയ മുതലെടുപ്പുകൾക്ക് വഴങ്ങാതെ സമരം തങ്ങളുടേത് മാത്രമാക്കാൻ വിദ്യാർത്ഥികൾക്കിടയിൽ ധാരണയായി. കോളേജ് തലത്തിൽ തങ്ങൾ അനുഭവിക്കുന്ന പ്രശ്‍നങ്ങൾക്കും പ്രിൻസിപ്പാളിൽ നിന്നും നേരിടേണ്ടി വരുന്ന കടുത്ത പീഡനങ്ങൾക്കും പകരം പൊതുവിഷയങ്ങൾ ഉയർത്തി സമരത്തിന്റെ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ നാടകങ്ങൾക്ക് ഇനി ആയുധമാകേണ്ടതില്ലെന്ന് വിദ്യാർത്ഥികളും സമരത്തോട് ഐക്യപ്പെടുന്ന രക്ഷകർത്താക്കളും തീരുമാനിച്ചു.

രാത്രി ഏറെ വൈകിയും തുടർന്ന ഒത്തുതീർപ്പു ചർച്ചകളിൽ നിന്നും ആദ്യനിമിഷങ്ങളിൽ തന്നെ വിട്ടുനിൽക്കാനാണ് എ.ഐ.എസ്.എഫ്. , കെ എസ് യു, എ ബി വി പി എന്നീ സംഘടനകൾ ശ്രമിച്ചത്. അവർ ചർച്ച ബഹിഷ്കരിച്ചു പുറത്തു പോയി. എന്നാൽ ചർച്ചകൾക്ക് മുന്നിൽ സഹകരിക്കാൻ പെൺകുട്ടികളുടെ പ്രതിനിധികൾ തയ്യാറായതോടെ എസ്.എഫ്.ഐ.യും അവർക്കു പിന്തുണ നൽകി ചർച്ചയിൽ സഹകരിച്ചു. മാനേജ്‌മെന്റ് പ്രതിനിധികൾ ചർച്ച തുടരവേ നേരത്തെ പുറത്തു പോയവർ മടങ്ങിയെത്തി. അതോടെ പുനരാരംഭിച്ച ചർച്ചയിൽ എസ്.എഫ്.ഐ.യും ഹോസ്റ്റൽ പെൺകുട്ടികളും ശ്രദ്ധാകേന്ദ്രമായി.

മാനേജ്‌മെന്റ് മുന്നോട്ടു വച്ചത്…

  1. പ്രിസിപ്പാൾ ലക്ഷ്മി നായർ രാജി വയ്ക്കില്ല. പകരം അവധിയിൽ പ്രവേശിക്കും.
  2. വനിതാ ഹോസ്റ്റൽ നടത്തിപ്പിൽ വിദ്യാർത്ഥികളും രക്ഷകർത്താക്കളും അധ്യാപകരും പങ്കാളികളായി പൂർണ്ണ സ്വാതന്ത്ര്യത്തിൽ കമ്മിറ്റി നിലവിൽ വരും.
  3. കാമറകളിൽ പരാതിയുള്ളവ നീക്കം ചെയ്യും.
  4. ഇന്റേണൽ മാർക്ക് നൽകുന്നതിൽ സുതാര്യത കൊണ്ടുവരും.
  5. ഹാജർ കാര്യം പ്രതിമാസം കൃത്യമായി പരസ്യപ്പെടുത്തും.

വിദ്യാർത്ഥികളുടെ പ്രതികരണം

വിദ്യാർഥികൾ മുന്നോട്ടു വച്ച ആവശ്യങ്ങളിൽ പ്രിൻസിപ്പാൾ രാജി വയ്ക്കുക എന്നതൊഴികെ എല്ലാം തന്നെ മാനേജ്‌മെന്റ് അംഗീകരിച്ചു. അതെ സമയം പ്രിൻസിപ്പാളിന്റെ കാര്യത്തിൽ തങ്ങൾ വിട്ടുവീഴ്ചയ്ക്കില്ല എന്ന് വിദ്യാർത്ഥി സംഘടനകൾ ആവർത്തിച്ചു. ചർച്ച അവസാനിച്ചു എന്ന് തന്നെ കരുതി.

പെൺകുട്ടികളുടെ പ്രതിനിധികളും എസ്.എഫ്.ഐ.യും

sfi law academy dailyreports

പെൺകുട്ടികളുടെ പ്രതിനിധികളും എസ്.എഫ്.ഐ.യും എത്ര കാലത്തേക്ക് പ്രിൻസിപ്പാളിനെ മാറ്റി നിർത്തും എന്ന് ആരാഞ്ഞു. നിലവിലെ അക്കാദമിക് വർഷം എന്നായിരുന്നു മറുപടി. അതിനു വഴങ്ങുന്ന പ്രശ്നമില്ല എന്ന് തന്നെ പെൺകുട്ടികളുടെ പ്രതിനിധികളും എസ്.എഫ്.ഐ.യും ആവർത്തിച്ചു. അതെ സമയം ഇതര സംഘടനകൾ രാജി ആവശ്യത്തിൽ ഉറച്ചു നിന്നു.

സമരക്കാരിൽ പ്രബല വിഭാഗം ചർച്ചയോടു സഹകരിക്കുന്നുവെന്നു കണ്ട മാനേജ്‌മെന്റ് നിലവിലെ അക്കാദമിക് വർഷത്തിൽ അവധി എന്നത് അടുത്ത അക്കാദമിക് വർഷം എന്ന് കൂട്ടിച്ചേർത്തു. എന്നാൽ സർവകലാശാലയുടെ ഡീബാർ നിലനിൽക്കുന്ന അഞ്ചു വർഷം അവധി എന്ന നിബന്ധനയ്ക്ക് പ്രിൻസിപ്പാൾ തയ്യാറാകുമോ എന്ന് എസ്.എഫ്.ഐ. നിർദേശം വച്ച്. മാനേജ്‌മെന്റ് വിസമ്മതിക്കുകയും ചർച്ച അവസാനിക്കുകയും ചെയ്തു.

അതായത് സമരത്തെ ഹൈജാക്ക് ചെയ്തു നിർത്തുന്ന രാഷ്ട്രീയ സംഘടനകളെ പിൻതള്ളി കോളേജിലെ പെൺകുട്ടികളും എസ്.എഫ്.ഐയും പ്രക്ഷോഭം ഏറ്റെടുക്കുകയാണ്. പ്രായോഗികമായി കോളേജിന്റെ അന്തരീക്ഷം പുനസ്ഥാപിച്ച് , നിലവിലെ അവരുടെ പ്രധാന പ്രശ്നമായ ലക്ഷ്മി നായരെ ഒഴിവാക്കി പഠനം പുനരാരംഭിക്കുക എന്ന പ്രായോഗികതയിലേക്ക് വിദ്യാർഥികൾ ചുവടുവച്ചു.

കേരളം കണ്ട വലിയ വിജയം

മാനേജ്‌മെന്റ് പ്രതിനിധികളുമായി നടത്തിയ ചർച്ച കഴിഞ്ഞു രാത്രി 11 മണിയോടെ പുറത്തിറങ്ങിയ എസ്.എഫ്.ഐ. നേതാക്കൾ തങ്ങളുടെ 90 ശതമാനം ആവശ്യങ്ങളും മാനേജ്‌മെന്റ് അംഗീകരിച്ചതായി പറഞ്ഞു. കൂടുതൽ ആലോചനകൾക്കായി സംസ്ഥാനകമ്മിറ്റി കൂടുമെന്നും അറിയിച്ചു. പ്രിൻസിപ്പാളിന്റെ അവധിയുടെ കാര്യത്തിലെ കാലയളവ് തങ്ങൾക്ക് സ്വീകാര്യമായില്ല എന്ന് പെൺകുട്ടികളുടെ പ്രതിനിധിയും പറഞ്ഞു. അതായത് സർവകലാശാല ഡീബാറിനോപ്പം 5 വർഷം ലക്ഷ്മി നായരെ പുറത്തു നിർത്തുക എന്നതായിരിക്കും ഇനി ഇവരുടെ ആവശ്യം.

‘അഞ്ചു വർഷം’ അവധി മാനേജ്‌മെന്റ് വഴങ്ങിയേക്കും

സമരം നീട്ടികൊണ്ടു പോകാതിരിക്കാൻ ‘അഞ്ചു വർഷം’ അവധി എന്ന ആവശ്യത്തിന് മാനേജ്‌മെന്റ് വഴങ്ങും. സമരം കോളേജിന്റെ പ്രതിച്ഛായയെ ബാധിക്കുന്നതാണെന്ന് ഗവേണിങ് ബോഡിയിൽ അഭിപ്രായം ഉയർന്നു. ഭൂമിയുടെയും അഫിലിയേഷന്റെയും കാര്യത്തിൽ നിയമപരമായി കോളേജ് സുരക്ഷിതമാണെന്ന് ഗവേർണിംഗ് ബോഡി വിലയിരുത്തി. അതെ സമയം ഇത്തരം വിഷയങ്ങൾ പൊതു മധ്യത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നത് കോളേജിനും അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ദോഷം ചെയ്യുമെന്നും കൗൺസിൽ വിലയിരുത്തി. ‘അഞ്ചു വർഷം അവധി’ എന്ന നിർദേശം അതുകൊണ്ടു തന്നെ മനസുകൊണ്ട് അംഗീകരിച്ച മട്ടിലാണ് കാര്യങ്ങൾ.

 

Comments

comments