Breaking News

ലക്ഷ്മി നായര്‍ക്കെതിരെ കേസെടുക്കണം; നിയമനടപടികൾക്കൊരുങ്ങി വി എസ്

vs lakshmi

അക്കാദമിയിലെ വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ച് വീണ്ടും വി.എസ് അച്യുതാനന്ദന്‍. പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ക്കെതിരെ കേസെടുക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ ആവശ്യം ന്യായമാണ്. അക്കാദമിയുടെ ഭൂമി പാട്ടം റദ്ദാക്കി തിരിച്ചെടുക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. നേരത്തെ വി.എസ് അച്യുതാനന്ദന്‍ വിദ്യാര്‍ത്ഥികളുടെ സമര പന്തല്‍ സന്ദര്‍ശിച്ച് സമരത്തിന് പിന്തുണ അറിയിച്ചിരുന്നു.

ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചില്ലങ്കില്‍ നിയമ പോരാട്ടത്തിനിറങ്ങുമെന്ന് വി എസ് വ്യക്തമാക്കി. സിന്‍ഡിക്കേറ്റ് ഉപസമിതിയടക്കം ഗുരുതരമായ വീഴ്ചകള്‍ പ്രിന്‍സിപ്പലിന്റെ ഭാഗത്ത് നിന്ന് കണ്ടെത്തിയിട്ടും രാജിവയ്ക്കില്ലന്ന നിലപാട് ലക്ഷ്മി നായര്‍ സ്വീകരിച്ചതാണ് വി എസിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.

പ്രിന്‍സിപ്പല്‍ സ്ഥാനം ലക്ഷ്മി നായര്‍ രാജിവയ്ക്കുകയാണെങ്കില്‍ ഭൂമി പ്രശ്‌നമടക്കമുള്ള കാര്യങ്ങളില്‍ കടുത്ത നിലപാടുമായി മുന്നോട്ട് പോകില്ലന്ന അഭിപ്രായം സി പി എം നേതൃത്വം ലോ അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായരോട് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ലക്ഷ്മി നായര്‍ ഈ നിര്‍ദ്ദേശത്തോട് ഇതുവരെ വഴങ്ങിയിട്ടില്ല. എന്ത് തന്നെ വന്നാലും രാജിവയ്ക്കില്ലന്ന ഉറച്ച നിലപാടിലാണവര്‍.

കേരളത്തിലെ പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണ് ധിക്കാരപരമായ ഈ സമീപനമെന്നതിനാലാണ് കോടതിയെ സമീപിക്കാന്‍ വി എസിനെ പ്രേരിപ്പിക്കുന്നത്. സര്‍ക്കാര്‍ എന്ത് തീരുമാനം സ്വീകരിക്കുമെന്നു നോക്കി തുടര്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു അനധികൃതമായി ലോ അക്കാദമി അധികൃതര്‍ കൈവശം വച്ചിരിക്കുന്ന 11 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ തിരിച്ച് പിടിക്കണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറല്ലന്ന് വി എസ് സി പി എം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

എന്നാൽ ഭൂമി പ്രശ്‌നത്തില്‍ വി എസ് നടത്തിയ പ്രതികരണം വ്യക്തിപരമാണെന്ന് കോടിയേരി അഭിപ്രായപ്പെട്ടു.കോടിയേരിയുടെ നിലപാടിന് തൊട്ട് പിന്നാലെ ലക്ഷ്മി നായര്‍ക്കെതിരെ കേസെടുക്കണമെന്ന് പറഞ്ഞ് ആഞ്ഞടിച്ച് രംഗത്ത് വന്ന വി എസ്.താന്‍ പിന്നോട്ടില്ലന്ന വ്യക്തമായ സൂചന നല്‍കുകയുണ്ടായി.വി എസ് ന്യായമായ കാര്യമാണ് ഉയര്‍ത്തുന്നത് എന്നതിനാല്‍ സംഘടനാപരമായി ഇതിനെതിരെ നിലപാട് സ്വീകരിക്കാന്‍ സി പി എമ്മിന് കഴിയില്ല. സി പി എമ്മില്‍ ശക്തമായ അഭിപ്രായ ഭിന്നതക്ക് ഇത് കാരണമായിട്ടുണ്ട്.വി എസ് വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോയാല്‍ സര്‍ക്കാര്‍ നടപടികളാണ് ചോദ്യം ചെയ്യപ്പെടുക എന്നതിന്നാല്‍ ലക്ഷ്മിനായരെ രാജി വയ്പിക്കുന്നതിനായി ശ്രമം തുടരുകയാണ്.

ഈ പശ്ചാതലത്തിലാണ് നിയമ പോരാട്ടത്തിനായുള്ള നീക്കം വി എസ് ശക്തമാക്കുന്നത്. പ്രമുഖ അഭിഭാഷകരുമായി ഇതേ കുറിച്ച് വി എസ് ആശയവിനിമയം തുടങ്ങി.ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനാണെങ്കിലും ലോ അക്കാദമിയേയും സര്‍വകലാശാലയേയും കക്ഷികളാക്കി കേസ് കൊടുക്കുന്നതിന് നിയമപ്രശ്‌നമുണ്ടാകില്ലന്നാണ് പ്രഥമിക വിലയിരുത്തല്‍. ഇതു സംബന്ധമായി ആവശ്യമെങ്കില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും രേഖാമൂലം കത്ത് നല്‍കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

Comments

comments