Breaking News

ഭീംആപ്‌ മാതൃകയില്‍ കേരളത്തിനും സ്വന്തം ആപ്‌ വരുന്നു

yhomas isac5

കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഭീംആപ്‌ മാതൃകയില്‍ സംസ്‌ഥാനസര്‍ക്കാരും മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നു. വിവിധ വകുപ്പുകളുടെ ബില്ലുകള്‍ അടയ്‌ക്കുന്നതുള്‍പ്പെടെയുള്ള സാമ്പത്തിക ഇടപാടുകള്‍ മൊബൈല്‍ ഫോണിലൂടെ നടപ്പാക്കുകയാണു ലക്ഷ്യം.സംസ്‌ഥാന ഐ.ടി. മിഷന്റെ നേതൃത്വത്തിലാണ്‌ ആപ്ലിക്കേഷന്‍ തയാറാകുന്നത്‌.

ആദ്യഘട്ടത്തില്‍ 100 സേവനങ്ങള്‍ യുണീക്‌ മൊബൈല്‍ പ്ലാറ്റ്‌ഫോം എന്ന പുതിയ സംവിധാനത്തില്‍ ലഭ്യമാക്കും. എല്ലാ വകുപ്പുകളുടെയും സേവനങ്ങള്‍ സംയോജിപ്പിച്ച്‌, വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന വിധത്തിലാണ്‌ ആപ്പിന്റെ രൂപകല്‍പന. എല്ലാ വകുപ്പുകളുടെയും ഓണ്‍ലൈന്‍ സേവനങ്ങള്‍ ഈ സംവിധാനത്തിലാക്കുന്നതു ശ്രമകരമാണെന്ന്‌ ഐ.ടി. മിഷന്‍ ചൂണ്ടിക്കാട്ടി. കെ.എസ്‌.ഇ.ബി, ജല അതോറിട്ടി, ട്രഷറി തുടങ്ങിയ സര്‍ക്കാര്‍സ്‌ഥാപനങ്ങളുടെ സേവനം നിലവില്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്‌.
ഇതിനായി ഓരോ വകുപ്പിന്റെയും വെബ്‌സൈറ്റില്‍ കയറുന്ന ബുദ്ധിമുട്ട്‌ പുതിയ ആപ്‌ നിലവില്‍ വരുന്നതോടെ ഒഴിവാകും.

സര്‍ക്കാര്‍ സേവനങ്ങള്‍ ഒരേ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കാന്‍ കര്‍ണാടകയില്‍ മുമ്പു ശ്രമം നടന്നിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ആ പാഠം ഉള്‍ക്കൊണ്ടാകും കേരള ഐ.ടി. മിഷന്റെ പരിശ്രമം. ഐ.ടി. മിഷനുവേണ്ടി കൊച്ചി ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന സിസ്‌റ്റം ഇന്റഗ്രേറ്റര്‍ ഐ.എസ്‌.വൈ.എക്‌സ്‌. ടെക്‌നോളജീസാണ്‌ ആപ്ലിക്കേഷന്‍ തയാറാക്കുന്നത്‌. ഇ-ഗവേണന്‍സിലും മൊബൈല്‍ ആപ്ലിക്കേഷന്‍ രംഗത്തുമുള്ള മികവു പരിഗണിച്ചാണ്‌ ഈ സ്‌ഥാപനത്തെ ചുമതലയേല്‍പിച്ചത്‌.

ആപ്‌ തയാറാക്കുന്നതിനായി 15 സാങ്കേതികവിദഗ്‌ധര്‍ അഹോരാത്ര പരിശ്രമത്തിലാണ്‌. എന്നാല്‍, വിവിധ വകുപ്പുകളില്‍നിന്ന്‌ ഇതിനോടുള്ള പ്രതികരണം വ്യത്യസ്‌തരീതിയിലായതിനാല്‍ എകീകരണം ഏറെ പ്രയാസമുളവാക്കുന്നു. എങ്കിലും എത്രയും വേഗം 100 സേവനങ്ങളുമായി ഒന്നാംഘട്ടം പുറത്തിറക്കാനുള്ള ശ്രമത്തിലാണ്‌ ഐ.ടി. മിഷന്‍. ഇ-വാലറ്റ്‌ ഇന്റഗ്രേഷനും പരിഗണനയിലുണ്ട്‌.

Comments

comments

Reendex

Must see news