Breaking News

നീണ്ട ഇരുപത്തിമൂന്നു വര്‍ഷത്തിനു ശേഷം സുസ്മിത സെൻ ഫിലിപ്പൈന്‍സിൽ (വീഡിയോ)

നീണ്ട ഇരുപത്തിമൂന്നു വര്‍ഷത്തിനു ശേഷം ഫിലിപ്പൈന്‍സില്‍ നടക്കുന്ന വിശ്വസുന്ദരി മത്സത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സുസ്മിത. ഇക്കുറി വിധികര്‍ത്താവിന്റെ വേഷത്തിലായിരുന്നുവെന്നു മാത്രം. വിവാഹം കഴിച്ചുവിട്ട മകള്‍ ഭര്‍തൃഗൃഹത്തില്‍ നിന്ന് ഒരുപാടു നാളുകള്‍ക്കു ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങി വരുമ്പോഴെന്നപോലെയുള്ള സന്തോഷമായിരുന്നു ഫിലിപ്പൈന്‍സുകാര്‍ക്ക് സുസ്മിതയെ കണ്ടപ്പോള്‍.

മുന്‍വിശ്വസുന്ദരിയുടെ പുതിയവിശേഷങ്ങളറിയാന്‍ ആരാധകരും മാധ്യമങ്ങളും അവരുടെ സമയത്തിനായി കാത്തുനിന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടയിലാണ് അതു സംഭവിച്ചത്. അവതാരകയുടെ കുറിക്കുകൊള്ളുന്ന ചോദ്യങ്ങള്‍ക്ക് രസികന്‍ മറുപടികള്‍ പറഞ്ഞ് സ്‌കോര്‍ ചെയ്യുന്നതിനിടെയാണ് ആ നാലുപേരെ സുസ്മിത കാണുന്നത്. നാലുസുന്ദരികളായിരുന്നു അവര്‍. അവരുടെ നാലുപേരുടെയും പേര് സുസ്മിതയെന്നും.

sushmita-sen_facebook_759

സുസ്മിത സെന്‍ വിശ്വസുന്ദരിയായ ശേഷമാണ് ഫിലിപ്പൈന്‍സുകാര്‍ തങ്ങളുടെ മക്കള്‍ക്ക് സുസ്മിത എന്നു പേരിടാന്‍ തുടങ്ങിയത്. തങ്ങളുടെ നാട്ടില്‍ വന്നു മത്സരിച്ചു വിജയിച്ചു മടങ്ങിയ ഒരു സ്ത്രീയ്ക്ക് ഒരു ജനത നല്‍കാവുന്നതില്‍ വെച്ചേറ്റവും നല്ല സമ്മാനമായിരുന്നു അത്. ഒരു സ്ത്രീയോടുള്ള അവരുടെ സ്‌നേഹവും ബഹുമാനവും കരുതലും തുറന്നു കാട്ടാന്‍ അവര്‍ തിരഞ്ഞെടുത്ത വഴി തെല്ലൊന്നുമല്ല സുസ്മിതയെ അമ്പരിപ്പിച്ചത്.

വിശ്വസുന്ദരി മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ സുസ്മിത അഭിമുഖീകരിച്ച ചോദ്യത്തെക്കുറിച്ചും ഐശ്വര്യറായിയെക്കുറിച്ചും സുസ്മിതയുടെ പെണ്‍മക്കളക്കുറിച്ചും സുസ്മിതയുടെ വിവാഹക്കാര്യത്തെക്കുറിച്ചുമെല്ലാം ചോദ്യങ്ങള്‍ ഉണ്ടായെങ്കിലും അഭിമുഖത്തിന്റെ അവസാനമുണ്ടായ ട്വിസ്റ്റ് ആണ് സുസ്മിതയെ കൂടുതല്‍ സന്തോഷിപ്പിച്ചത്. ചോദ്യകര്‍ത്താവിനെ നിരാശ്ശയാക്കാതെ ഓരോ ചോദ്യത്തിനും സുസ്മിത വളരെ വ്യക്തമായിത്തന്നെ മറുപടി നല്‍കുകയും ചെയ്തു.

സ്ത്രീത്വത്തിന്റെ അന്തസത്തയെക്കുറിച്ചുള്ള ചോദ്യമാണ് വിശ്വസുന്ദരിവേദിയില്‍ താന്‍ അഭിമുഖീകരിച്ചതെന്ന വിശദീകരണവുമായി സുസ്മിത പറഞ്ഞതിങ്ങനെ. ”ഒരു സ്ത്രീയായിരിക്കുകയെന്നത് ദൈവം തന്ന വരദാനമായി ഞാന്‍ കരുതുന്നു. അതില്‍ അഭിമാനിക്കുന്നു. ഒരു കുഞ്ഞു പിറക്കുന്നത് സ്ത്രീയില്‍ നിന്നാണ്. പുരുഷനെ സ്‌നേഹവും കരുതലും പങ്കുവയ്ക്കലും എല്ലാം പഠിപ്പിക്കുന്നത് സ്ത്രീയാണ്. അതു തന്നെയാണ് സ്ത്രീത്വത്തിന്റെ അന്തസത്ത”.

ആ ഉത്തരത്തെക്കുറിച്ച് അവതാരക വീണ്ടും ചോദിച്ചപ്പോള്‍ സുസ്മിത പറഞ്ഞതിങ്ങനെ. ”18വയസ്സില്‍ എനിക്കതു പറയാനുള്ള അറിവുണ്ടായിരുന്നു. പക്ഷേ 23 വര്‍ഷത്തിനു ശേഷമാണ് ആ ഉത്തരത്തിന്റെ മഹത്വം ജീവിതത്തിലൂടെ ഞാന്‍ മനസ്സിലാക്കിയത്”. മുന്‍ലോകസുന്ദരി ഐശ്വര്യ റായിയെപ്പറ്റിയുള്ള ചോദ്യത്തിന് സുസ്മിതയുടെ മറുപടിയിങ്ങനെയായിരുന്നു. ”ഐശ്വര്യ ഇന്ത്യയിലെ മാത്രം സുന്ദരിയല്ല അന്താരാഷ്ട്ര സുന്ദരിയാണ്. അവരെക്കണ്ടപ്പോള്‍ മത്സരത്തില്‍ പങ്കെടുക്കേണ്ട എന്നു തന്നെ ഞാന്‍ തീരുമാനിച്ചിരുന്നു. എന്റെ ഭയമാണ് എന്നെക്കൊണ്ട് അങ്ങനെ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. എന്റെ അമ്മയാണ് ആ ഭയത്തില്‍ നിന്ന് എന്നെ പുറത്തുകൊണ്ടുവന്നത്. മത്സരത്തില്‍ പങ്കെടുക്കാതെ എങ്ങനെയാണ് പരാജയപ്പെടും എന്നു തീരുമാനിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കാന്‍ ഉദ്ദേശമില്ലെങ്കില്‍ എന്നോടിനി സംസാരിക്കരുതെന്നും പറഞ്ഞു. അമ്മ തന്ന ധൈര്യത്തിന്റെ പുറത്താണ് ഞാന്‍ മത്സരിച്ചത്” സുസ്മിത പറയുന്നു.

sushmita-sen_650x400_51486037513

പെണ്‍മക്കളെക്കുറിച്ചുണ്ടായ ചോദ്യത്തിനും വളരെ ഹൃദയസ്പര്‍ശിയായ മറുപടിയാണ് സുസ്മിത നല്‍കിയത്. മാന്ത്രികമാണ് ആ അനുഭവം. ചിലപ്പോഴൊക്കെ കഷ്ടപ്പാടുമുണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് അവരെ ദത്തെടുക്കുന്നതു സംബന്ധിച്ച നിയമനടപടികളൊക്കെ വന്നപ്പോള്‍. അവിവാഹിതയായ ഒരാള്‍ക്ക് ദത്തെടുക്കല്‍ അത്ര എളുപ്പമാവില്ലല്ലോ. ആദ്യത്തെ കുട്ടിയെ ദത്തെടുത്തപ്പോഴുണ്ടായ പ്രശ്‌നത്തേക്കാള്‍ വലുതായിരുന്നു രണ്ടാമത്തെയാളെ ദത്തെടുക്കുമ്പോള്‍. ഒരാള്‍ക്ക് രണ്ടു പെണ്‍കുട്ടികളെ ദത്തെടുക്കാന്‍ അനുവാദമുണ്ടാവില്ല. പക്ഷെ 10 വര്‍ഷത്തെ നിയമപ്പോരാട്ടത്തിനൊടുവില്‍ എനിക്കവളെ ലഭിച്ചു. നിറഞ്ഞ ചിരിയോടെ സുസ്മിത പറഞ്ഞു.

ക്ഷമാപണത്തോടെയാണ് അവതാരക അടുത്ത ചോദ്യം ചോദിച്ചത്. ആ ചോദ്യം താന്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു എന്നു കുസൃതിച്ചിരിയോടെ പറഞ്ഞുകൊണ്ട് സുസ്മിത വിവാഹക്കാര്യത്തെക്കുറിച്ച് സംസാരിച്ചു. രണ്ടു വട്ടം വിവാഹത്തിന്റെ ഒരുക്കങ്ങള്‍ നടന്നെങ്കിലും വിവാഹിതയായില്ലെന്നും വിവാഹം കഴിക്കില്ല എന്നൊരിക്കലും തീരുമാനിച്ചിട്ടില്ലെന്നും ഭാവിയില്‍ തീര്‍ച്ചയായും വിവാഹം കഴിക്കുമെന്നും സുസ്മിത കൂട്ടിച്ചേര്‍ത്തു.

പെണ്ണായി പിറന്നതില്‍ അഭിമാനിക്കാനുള്ള മുഹൂര്‍ത്തമായിരുന്നു അത്. 23 വര്‍ഷം മുമ്പ് തങ്ങളുടെ മണ്ണില്‍ വന്ന് വിശ്വസുന്ദരിപ്പട്ടം സ്വന്തമാക്കിയ ഒരു സ്ത്രീയെ ഹൃദയത്തിലേറ്റിയ ഫിലിപ്പൈന്‍സുകാരുടെ സ്‌നേഹത്തിനു മുമ്പില്‍ സുസ്മിത അമ്പരന്നു പോയ നിമിഷം. മറ്റൊരു രാജ്യത്തു നിന്നു വന്ന കേവലമൊരു അതിഥിയല്ല സുസ്മിത അവര്‍ക്ക്. 1994 ല്‍ ഫിലിപ്പൈന്‍സ് ജനതയുടെ ഹൃദയത്തില്‍ പതിഞ്ഞു പോയ ഒരു പേരാണത്. ഫിലിപ്പൈന്‍സുകാരുടെ സ്‌നേഹം കണ്ടു മനം നിറഞ്ഞാണ് സുസ്മിത അഭിമുഖം കഴിഞ്ഞു പുറത്തിറങ്ങിയത്.

Comments

comments

Reendex

Must see news