Breaking News

നെന്മാറയിൽ സ്ത്രീകളുടെ മൂത്രപ്പുരയിൽ കാമറ വെച്ച പൊലീസുകാരൻ അറസ്‌റ്റിൽ

nenmara

സ്ത്രീകളുടെ മൂത്രപ്പുരയിൽ മൊബൈൽ കാമറ വച്ച സംഭവത്തിൽ ഹേമാംബിക നഗർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറും നെന്മാറ ചാത്തമംഗലം സ്വദേശിയുമായ രൺബീറിനെ (31) നെന്മാറ പൊലീസ് അറസ്റ്റ് ചെയ്തു. വല്ലങ്ങിയിലെ പഞ്ചായത്ത് കെട്ടിടത്തിലെ മൂത്രപ്പുരയിലാണ് ഇയാൾ രഹസ്യമായി മൊബൈൽ കാമറ വച്ചത്.

സമീപത്തെ പഞ്ചായത്ത് കുളം നവീകരണ പ്രവൃത്തി നടത്തിയിരുന്ന സ്ത്രീ തൊഴിലാളികളാണ് മൂത്രപ്പുരയുടെ ചുമരിൽ കടലാസിൽ പൊതിഞ്ഞ നിലയിൽ സ്ഥാപിച്ച മൊബൈൽ കണ്ടെത്തിയത്. കാമറ മൂത്രപ്പുരയുടെ ഭാഗത്തേക്ക് തുറന്ന് മൂവി മോഡിലായിരുന്നു മൊബൈൽ ഫോൺ. ഇവർ മൊബൈൽ പരിശോധിക്കുമ്പോൾ സമീപത്തുണ്ടായിരുന്ന രൺബീർ അടുത്തെത്തി പരാതിപ്പെടരുതെന്നും രക്ഷിക്കണമെന്നും അഭ്യർത്ഥിച്ചെങ്കിലും സ്ത്രീകൾ വഴങ്ങിയില്ല. രൺബീറിനെ കൈയോടെ പിടികൂടി നെന്മാറ സ്റ്റേഷനിലെത്തിച്ചു. മൊബൈലും പൊലീസിന് കൈമാറി.

പൊലീസ് പരിശോധനയിൽ മൂത്രപ്പുരകളിലെ നിരവധി ചിത്രങ്ങളാണ് ഇയാളുടെ മൊബൈലിൽ നിന്ന് കണ്ടെടുത്തത്. സ്ത്രീ തൊഴിലാളികൾ രേഖാമൂലം പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് രൺബീറിനെ അറസ്റ്റ് ചെയ്തു.

Comments

comments