Breaking News

ഈ ‘പഴയ’ സാധനങ്ങളെ നമ്മൾ എന്ത് ചെയ്യണം ?

ഗൗതം എ / കാഴ്ചപ്പാട് 

sfi uni issue cover

”ഞാൻ പഴയൊരു കമ്മ്യൂണിസ്റ്റ് ആണ് …” – ഇങ്ങനൊരു മുഖവുരയിലാണ് ഇപ്പോൾ പല വിപ്ലവ സൂക്തങ്ങളും പലരും എഴുതി തുടങ്ങുന്നത്. അതേ സമയം ഇപ്പോൾ അവർ ആരെന്ന് ലേഖനത്തിൽ ഒരിടത്തും പരാമർശിക്കുകയും ഇല്ല. അതായത് പണ്ട് മാത്രം ഉപയോഗിച്ചിരുന്ന ഒരു സാധനം. ഇപ്പോൾ വണ്ടി കയറി ചളുങ്ങിപ്പോയ ഒരു പാത്രം പോലെയോ വായിച്ചുകഴിഞ്ഞു വലിച്ചെറിയുന്ന ഒരു പത്രം പോലെയോ ഒരു സംഭവം. എഴുത്താകട്ടെ ആകെ മൊത്തം ഇടതുവിരുദ്ധം ആയിരിക്കും എന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ …

ഒരു കോളേജിൽ നടന്ന ഒരു പ്രത്യേക സംഭവത്തിൽ എസ് എഫ് ഐ എന്ന സംഘടനയെ ആകെമൊത്തം അടച്ചാക്ഷേപിക്കുന്നവർ , പ്രത്യേകിച്ച് ഈ ”പഴയ എസ് എഫ് ഐ , പഴയ ഡി വൈ എഫ് ഐ ” പ്രയോഗം കൊണ്ട് അവതരിക്കുന്നവർ – പലതും  മറന്നു പോകുന്നു. അത് കേരളത്തിലെ കാമ്പസുകളിൽ പടരുന്ന മത-രാഷ്ട്രീയ തീവ്രവാദത്തെ പ്രതിരോധിക്കേണ്ട ബാധ്യത മറന്നുകൊണ്ടാണെന്നു കൂടി തലച്ചോറിനെ പറഞ്ഞു പഠിപ്പിക്കണം. ഇപ്പോഴും കാമ്പസുകളിൽ അത്തരം ചെറുത്തു നിൽപ്പിനു കെൽപ്പുള്ള ഒരു സംഘടനയെ ഉള്ളൂ എന്നതും സത്യമല്ലേ ? ഫാസിസ്റ്റ് അധിനിവേശത്തെ ഒരു പോലെ സഹായിക്കുന്ന നിലപാടാണ് ഈ ”മുൻകാല” കോലങ്ങളും അഭിനവ വർദ്ധിത വീര്യ വിപ്ലവാരിഷ്ട ഭോജികളും കൂടി ചാനലുകളിലും സാമൂഹ്യമാധ്യമങ്ങളിലും പടർത്തി വിടുന്നത്.

നിശബ്ദമായി കേരളത്തിൽ നടക്കുന്ന ഫാസിസത്തെ കാമ്പസുകളിൽ ചെറുക്കാൻ എസ് എഫ് ഐ എന്ന സംഘടനയ്ക്ക് മാത്രമാണ് കഴിയുക. അത് വെറുതെ ഒരു വാദത്തിന് പറയുകയല്ല. കേരളത്തിൽ വിദ്യാഭ്യാസരംഗത്ത് രാഷ്ട്രീയ മുതലെടുപ്പുകൾ ലക്ഷ്യം വയ്ക്കാതെ സമരങ്ങൾ നടത്തുകയും ഫലപ്രദമായ സ്വാധീനം ചെലുത്തുകയും ചെയ്ത സംഘടന എസ് എഫ് ഐ തന്നെ. ചിലപ്പോൾ ചില സമരങ്ങളുടെ പരാജയം ആ സംഘടന നേടിയ വിജയങ്ങളുടെ പ്രഭയിൽ വിട്ടുകളയാവുന്നതേയുള്ളൂ. പക്ഷെ ഏഷ്യാനെറ്റിനും പൊതുവെ മാധ്യമങ്ങൾക്കും ബാർക് റേറ്റ്/ ടി ആർ പി ഉയർത്താനുള്ള ചൂടൻ വിഷയമായും ഇരയായും എസ് എഫ് ഐ മാറുമ്പോൾ ആ പരാജയങ്ങൾക്കൊക്കെ വലിയ വിലയേറുന്നത് സ്വാഭാവികം. പേശിയുറപ്പിച്ച വിലയ്ക്ക് നന്ദി കാട്ടുന്ന മാധ്യമങ്ങളുടെ കൂടെ കൂടി കഥയറിയാതെ നയാ പൈസയില്ലാതെ എണ്ണയൊഴിക്കുകയാണ് മേൽപറഞ്ഞ ”പഴയ” വണ്ടി കേറി ചളുങ്ങിയ ഫേസ്ബുക് വിപ്ലവകാരികൾ.

മാവോയിസ്റ്റുകൾക്ക് എന്ന പോലെ ഈ ‘പഴയ’ വിപ്ലവാരിഷ്ടപാനികൾക്കും ഇപ്പോൾ പഥ്യം എ ബി വി പിയും എ ഐ എസ് എഫും ആണ്. രണ്ടും ഒരു പോലെ പ്രിയങ്കരമാണ് താനും. തെറ്റല്ല. ബി ജെ പി എന്ന പുതിയ സംഘടനെയെക്കാളും കുറച്ചു കൂടി വേരോട്ടം ഇന്ത്യയിൽ ഉള്ള സംഘടനയാണ് എ ബി വി പി. സ്വാതന്ത്ര്യ സമര പാരമ്പര്യമൊക്കെ ഒന്നായിരുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർഥിസംഘടന എ ഐ എസ് എഫിനും അവകാശപ്പെടാവുന്നതാണ്. പക്ഷെ , അതിൽ നിന്നും പിളർന്നു മാറിയ സി പി എമ്മും എസ് എഫ് ഐയും നിലവിൽ വന്ന ശേഷമുള്ള എ ഐ എസ് എഫ് കേരളത്തിന്റെ വിദ്യാഭ്യാസമേഖലയിൽ കാര്യമായ ഒരു സ്വാധീനവും ചെലുത്തിയ സംഘടനയല്ല. ഒരു സമരവും ചെയ്തിട്ടില്ല. എം എൻ സ്മാരകത്തിലും സുഗതൻ സ്മാരകത്തിലും ചുറ്റിത്തിരിയുന്ന സംസ്ഥാന നേതൃത്വവും സമാനമായ സ്മാരക / ഓഫിസുകളിൽ പെട്ടിയെടുപ്പുകാരായ ജില്ലാ നേതാക്കളാലും സമ്പന്നമാണ് എ ഐ എസ് എഫ് എന്നതൊഴിച്ചാൽ എസ് എഫ് ഐയുടെ കൂടെ ഒട്ടിചേർന്നല്ലാതെ ഇക്കൂട്ടർ ഒരു സമരവും ചെയ്തിട്ടുമില്ല വിജയിപ്പിച്ചിട്ടുമില്ല. ‘ആളില്ലാ സ്റ്റുഡന്റസ് ഫെഡറേഷൻ’ എന്ന ആക്ഷേപം ഏറ്റാണ് ഓരോ എ ഐ എസ് എഫുകാരനും തന്റെ വിദ്യാർഥികാലം കഴിച്ചുകൂട്ടുന്നത്.

SFI UNI ISSUE INDIRA

ഇടയ്ക്ക് പന്ന്യനെ പോലുള്ള അബദ്ധങ്ങളൊക്കെ പറ്റുമെങ്കിലും പി കെ വി മുതൽ സി കെ ചന്ദ്രപ്പൻ പോലെ കാനം വരെയൊക്കെ ഉള്ള നേതാക്കൾക്ക് ലഭ്യമാകുന്ന മതിപ്പും ബഹുമാനവും അതിന്റെ ചെറുകഷണമായി എ ഐ എസ് എഫിനും ഇടതു വിദ്യാർത്ഥി കൂട്ടായ്മയിൽ ലഭ്യമായിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടിന്റെ ചരിത്രത്തിൽ അപൂർവ്വ സന്ദർഭങ്ങളിൽ അതിന്റെ സംസ്ഥാന നേതാക്കളായി വന്നവരുടെ സംസ്കാരവും വിവരവും ലഭ്യമാകുന്ന മതിപ്പിന് ആക്കം കൂട്ടിയിട്ടുമുണ്ട്. അത്രയൊക്കെയേ ഉള്ളൂ. പക്ഷെ , എസ് എഫ് ഐയെ ദുർബലപ്പെടുത്താൻ ‘പഴയ’ എസ് എഫ് ഐക്കാർ/ പഴയ ഡി വൈ എഫ് ഐക്കാർ ഈ ചതവ് വീണു പോയ വലതുവിദ്യാർത്ഥി വിപ്ലവത്തിന് ജയ് വിളിക്കുന്നത് മറു വശത്തെ ഫാസ്സിസ്റ് അധിനിവേശത്തെ സഹായിക്കുകയെ ഉള്ളൂ. ഓർക്കുക!

ഒരു കസേര കത്തിച്ചതും, ലോ അക്കാദമി സമരവും, യൂണിവേഴ്സിറ്റി കോളേജിലെ ഏറ്റവും ഒടുവിലെ സംഭവവും എസ് എഫ് ഐ എന്ന സംഘടയെ അളക്കാൻ എടുക്കുന്ന മാധ്യമ അജണ്ട മനസിലാക്കാം; അത് ഉദരനിമിത്തമാണ്. പക്ഷെ വായിച്ചു കഴിഞ്ഞു വലിച്ചെറിഞ്ഞ പത്രം പോലെ, വണ്ടി കയറി ചപ്പിച്ചളുങ്ങിപ്പോയ ഒരു ഓട്ടപ്പാത്രം പോലെ ഫാസിസ്റ്റുകളെക്കാൾ വിഷം ചീറ്റുന്ന ഈ ‘പഴയ എസ് എഫ് ഐക്കാർ/ പഴയ ഡി വൈ എഫ് ഐക്കാർ’ ഉണ്ടല്ലോ … അവരെയാണ് തിരിച്ചറിയേണ്ടത്‌. അവരാണ് തിരിച്ചറിയേണ്ടത്.

ഇനി പറയൂ … ഈ ‘പഴയ’ സാധനങ്ങളെ നമ്മൾ എന്ത് ചെയ്യണം ?

Comments

comments