Breaking News

കള്ള്, ബിയര്‍, വൈന്‍ എന്നിവയെ മദ്യമായി പരിഗണിക്കരുതെന്ന് കേരളം സുപ്രീം കോടതിയിൽ

beer-1

കള്ള്, ബിയര്‍, വൈന്‍ എന്നിവയെ മദ്യമായി പരിഗണിക്കരുതെന്ന് കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച ഉത്തരവില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കള്ളും ബിയറും വൈനും മദ്യമല്ലെന്ന് കേരളം നിലപാട് അറിയിച്ചത്.

അതേസമയം, പാതയോരത്തെ മദ്യശാലകളുടെ നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയെ തള്ളി എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ രംഗത്തെത്തി. ബിയര്‍ മദ്യമല്ലെന്ന് കേരളം പറഞ്ഞിട്ടില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്. മദ്യനിര്‍വചനത്തില്‍ വ്യക്തത വേണം. കോടതിവിധിയുടെ പരിധിയില്‍ ബിയര്‍ ഉള്‍പ്പെടെയുളളവ വരുമോ എന്ന് വ്യക്തമാക്കണം. സുപ്രീംകോടതി വിധിക്കെതിരെ അപ്പീല്‍ പോകില്ലെന്നും മന്ത്രി പറഞ്ഞു.

ദേശീയപാതയോരത്തെ മദ്യശാലകള്‍ ഒഴിപ്പിക്കുന്ന സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് സമയം നീട്ടിത്തരണമെന്ന് ആവശ്യപ്പെട്ടും വ്യക്തത വരുത്തണമെന്നും വിശദമാക്കി കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
ഇതിലെ പേജ് 13, 14 എന്നിവയില്‍ ബിയര്‍ മദ്യത്തിന്റെ നിര്‍വചനത്തില്‍ വരില്ലെന്ന് പറയുന്നുണ്ട്. ബിയര്‍,വൈന്‍,കള്ള് എന്നിവയെ മദ്യമായി പരിഗണിക്കരുതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. സര്‍ക്കാരിന്റെ സുപ്രീംകോടതിയിലെ ഈ വാദങ്ങള്‍ തള്ളിയാണ് എക്‌സൈസ് മന്ത്രി തന്നെ ഇപ്പോള്‍ രംഗത്തെത്തിയത്.

ഇതേ കാര്യമുന്നയിച്ചുകൊണ്ട് ബെവ്‌കോയും സുപ്രീംകോടതിയെ സമീപിക്കുന്നുണ്ട്. ദേശീയപാതയോരത്തെ മദ്യവില്‍പ്പനശാലകള്‍ മാറ്റിസ്ഥാപിക്കണമെന്ന സുപ്രീംകോടതി വിധിയില്‍ ബാറുകളും കള്ളുഷാപ്പുകളും അടക്കമുള്ള എല്ലാ മദ്യശാലകളും ഉള്‍പ്പെടുമോ എന്നതാണ് തര്‍ക്ക വിഷയം. നേരത്തെ നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് സംസ്ഥാന സര്‍ക്കാരിന് നല്‍കിയ നിയമോപദേശത്തില്‍ ബാറുകളും കള്ളുഷാപ്പുകളുമുള്‍പ്പെടെ എല്ലാ മദ്യശാലകളും ദേശീയ സംസ്ഥാന പാതയോരത്ത് നിന്ന് 500 മീറ്റര്‍ ഉള്ളിലേക്ക് മാറ്റി സ്ഥാപിക്കേണ്ടി വരുമെന്നാണ് പറഞ്ഞത്.

ഇതേ തുടര്‍ന്ന് അഡ്വ.ജനറല്‍ സി.പി.സുധാകര പ്രസാദിനോട് സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. നിയമപരമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഇക്കാര്യത്തില്‍ വ്യക്തത തേടി അഡ്വ.ജനറല്‍ തന്നെ സുപ്രീംകോടതിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. നേരത്തെ അസമും പുതുച്ചേരിയും മഹാരാഷ്ട്രയും അടക്കം ഒമ്പത് സംസ്ഥാനങ്ങള്‍ ഇതേ രീതിയില്‍ വിധിയില്‍ വ്യക്തത തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നേരത്തെ ഈ കേസില്‍ വിധി പറഞ്ഞ അതേ ബെഞ്ചിനോട് തന്നെ ഇക്കാര്യം പരിശോധിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ചയ്ക്കകം തന്നെ ജസ്റ്റിസ് ചന്ദ്രചൂഡ് ഉള്‍പ്പെടുന്ന പ്രത്യേക ബെഞ്ച് വിഷയം വിശദമായി പരിശോധിക്കും.

മദ്യഷാപ്പുകള്‍ നീക്കാനുള്ള സമയപരിധി മാര്‍ച്ച് 31ല്‍ നിന്ന് നീട്ടി നല്‍കണമെന്നാണ് ബെവ്‌കോ ആവശ്യപ്പെടുക. സുപ്രീംകോടതി വിധി പ്രകാരം 180ഓളം ബെവ്‌കോ ഔട്ട്‌ലെറ്റുകളാണ് മാറ്റി സ്ഥാപിക്കേണ്ടി വരിക. ഇതുമായി ബന്ധപ്പെട്ട് 30 ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിച്ചു. 9 എണ്ണത്തിന് പഞ്ചായത്ത് സ്റ്റോപ് മെമ്മോ നല്‍കി. വിവിധ പ്രദേശങ്ങളില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ എട്ട് മാസമെങ്കിലും വേണ്ടി വരുമെന്നാണ് ബെവ്‌കോ കോടതിയെ അറിയിക്കുക.

Comments

comments