അക്രമത്തിനിരയായ യുവ നടി ജീവിത്തിലേക്ക് തിരിച്ചുവരുമ്പോള്‍ അവരുടെ സ്വകാര്യതയെ മാനിച്ച് ഒപ്പം നിന്നാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ ചരിത്രമെഴുതുമെന്ന് ഫെയ്സ്ബുക്കില്‍ പറഞ്ഞ നടി റിമ കല്ലിങ്കലിനെതിരെ സോഷ്യല്‍ മീഡിയ. ഇരയുടെ പേര് സിനിമാക്കാര്‍ക്ക് മാത്രമേ അവകാശമുള്ളോയെന്നാണ് പോസ്റ്റിന് താഴെ കമന്റില്‍ ജനങ്ങള്‍ ചോദിക്കുന്നത്. ചാനലുകാരും പത്രക്കാരുമൊക്കെ പറയുമ്പോഴാണ് പ്രശ്നമാക്കി പൊക്കികാണിക്കുന്നത്.
‘ഉത്തരവാദിത്ത മാധ്യമപ്രവര്‍ത്തനം എന്താണെന്ന് മനസിലാക്കാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മുന്നിലുള്ള മികച്ച അവസരമാണ് ഇതെന്നും റിമ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. ജിഷയുടേയും സൗമ്യയുടേയുമൊക്കെ പേര് മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നപ്പോള്‍ ഇത്തരം പ്രതികരണങ്ങളൊന്നും കണ്ടില്ലല്ലോയെന്നുമാണ് ഏവരും ചോദിക്കുന്നത്.
‘ചാനലില്‍ എന്താണ് നടക്കുന്നതെന്ന് അറിയില്ലെങ്കില്‍ ജോണ്‍ ബ്രിട്ടാസ് നിങ്ങള്‍ രാജിവെക്കണം. ഒരു മനുഷ്യജീവി ജീവിതത്തിലെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ അതില്‍ പൈങ്കിളിത്വം കണ്ടെത്താന്‍ എങ്ങനെ കഴിയുന്നു?’ എന്ന് റിമ കൈരളിയേയും ബ്രിട്ടാസിനെയും നേരത്തെ ചൊറിഞ്ഞിരുന്നു.നടിയെ സംബന്ധിച്ച് കൈരളി ടിവി നല്കിയ വാര്‍ത്തക്കെതിരെ രൂക്ഷമായി പ്രതികരിച്ച് റിമാ കല്ലിങ്കല്‍ ഫെയ്സ്ബുക്കിലൂടെയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.‘വാര്‍ത്ത കൈകാര്യം ചെയ്തപ്പോള്‍ സംഭവിച്ചത് അക്ഷന്ത്യവമായ തെറ്റാണെന്നും.ഇരകളെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ ഞങ്ങളുടെ നയമല്ലെന്നും പിഴവില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് മാപ്പും പറഞ്ഞിരുന്നു.
കുറച്ചുദിവസങ്ങളായി മാധ്യമങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളില്‍ സംവിധായകനും റിമയുടെ ഭര്‍ത്താവുമായ ആഷിക് അബുവും മുമ്പിലുണ്ട്. രണ്ടുപേര്‍ക്കും ഉരുളയ്ക്കുപ്പേരി പോലെ ആളുകളുടെ മറുപടിയും ലഭിക്കുന്നുമുണ്ട്. കഴിഞ്ഞദിവസങ്ങളിലെല്ലാം ഹാഷ് ടാഗിട്ട് വിത്ത്!യു, അഭിമാനമാണു നീ, സപ്പോര്‍ട്ട് തുടങ്ങിയ ഹാഷ് ടാഗുകളില്‍ ഇരയായ നടിയുടെ പേരും ഫോട്ടോയും സിനിമാതാരങ്ങളെല്ലാം ഷെയര്‍ ചെയ്തു കഴിഞ്ഞു. ഇതിനുശേഷമാണ് മാധ്യമങ്ങള്‍ ഇരയെ സംബന്ധിച്ച യാതൊന്നും പുറത്തുവിടരുതെന്ന് പറയുന്നതും. ഈ വിരോധാഭാസത്തിനെതിരെ ചോദ്യശരങ്ങളെയ്യുകയാണ് സോഷ്യല്‍ മീഡിയ.