Breaking News

ആൾദൈവങ്ങൾ,ദുർമന്ത്രവാദികൾ, ജിന്നുകൾ, വ്യാജസിദ്ധൻമാർ; കേരളത്തിലും വേണം അന്ധവിശ്വാസ നിർമാർജന നിയമം

ആൾദൈവങ്ങൾ, വ്യാജസന്ന്യാസിമാർ, ദുർമന്ത്രവാദികൾ, ജിന്നുകൾ, വ്യാജസിദ്ധൻമാർ തുടങ്ങി വിവിധ മതവിഭാഗങ്ങളുടെ വിശ്വാസപ്രമാണങ്ങളെ ദുരുപയോഗം ചെയ്തുകൊണ്ടുളള തട്ടിപ്പുസംഘങ്ങൾ നടത്തുന്ന ചൂഷണങ്ങളും അതിക്രമങ്ങളും കൊലപാതകങ്ങളും സംസ്ഥാനത്ത്‌ വർധിച്ചുകൊണ്ടിരിക്കുന്നു.

black-magic (1)

ഹരീഷ് കുമാർ.വി 

സാംസ്കാരികമായും വിദ്യാഭ്യാസപരമായും സാങ്കേതികമായും ഏറെ ഔന്നത്യം അവകാശപ്പെടുന്ന കേരളത്തിൽ നാം നേടിയെടുത്ത പുരോഗമനമുന്നേറ്റങ്ങളെയെല്ലാം അപ്രസക്തമാക്കുന്ന വിധത്തിൽ ഇന്നും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തിവാഴുകയാണ്‌.

ആൾദൈവങ്ങൾ, വ്യാജസന്ന്യാസിമാർ, ദുർമന്ത്രവാദികൾ, ജിന്നുകൾ, വ്യാജസിദ്ധൻമാർ തുടങ്ങി വിവിധ മതവിഭാഗങ്ങളുടെ വിശ്വാസപ്രമാണങ്ങളെ ദുരുപയോഗം ചെയ്തുകൊണ്ടുളള തട്ടിപ്പുസംഘങ്ങൾ നടത്തുന്ന ചൂഷണങ്ങളും അതിക്രമങ്ങളും കൊലപാതകങ്ങളും സംസ്ഥാനത്ത്‌ വർധിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം വാർത്തകൾ നമ്മൾ പത്രമാധ്യമങ്ങളിൽ വായിക്കുകയും വാർത്താചാനലുകളിൽ കേൾക്കുകയും ചെയ്യുന്നത്‌ പതിവാണെങ്കിലും എന്തുകൊണ്ടോ ഇത്തരം വിപത്തുകളെ പൊതുസമൂഹം ഗൗരവത്തിലെടുക്കുന്നില്ല. ഇക്കഴിഞ്ഞ ദിവസമാണ്‌ കോഴിക്കോട്‌ ജില്ലയിലെ നാദാപുരത്ത്‌ ദുർമന്ത്രവാദത്തിനിരയായ ഒരു സ്ത്രീ ശരീരമാസകലം പൊളളലേറ്റ്‌ ദാരുണമായി മരണപ്പെട്ടത്‌.

രണ്ടാംവിവാഹം വൈകിയതിന് നജ്മ എന്ന മന്ത്രവാദിനി  ഷമീനയെ പെട്രോളൊഴിച്ച്‌ തീയിട്ടത് കേരളത്തിൽ 

വിവാഹബന്ധം വേർപെടുത്തിയ ഷമീനയെന്ന യുവതിക്ക്‌ രണ്ടാംവിവാഹം വൈകിയതിനെ തുടർന്നാണ്‌ കുറ്റിയാടി സ്വദേശിനി നജ്മ എന്ന മന്ത്രവാദിനിക്ക്‌ സമീപം എത്തിച്ചത്‌. ഷമീനയുടെ ശരീരത്തിൽ കയറിക്കൂടിയ ബാധയാണ്‌ രണ്ടാംവിവാഹത്തിന്‌ തടസമെന്ന്‌ വിശ്വസിപ്പിച്ച്‌ നജ്മ നടത്തിയ മന്ത്രവാദചികിത്സക്കിടെ യുവതിയുടെ ശരീരത്തിൽ തീ ആളിപ്പടരുകയും ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിനിടെ മരണം സംഭവിക്കുകയുമായിരുന്നു. വീട്ടിനകത്തെ ഇരുട്ടുമുറിയിൽ ഷമീനയെ ഇരുത്തി മൺചട്ടിയിൽ പാലമരത്തിന്റെ ഇലകളും അറബിവാക്കുകൾ എഴുതിയ കോഴിമുട്ടയും വെച്ച്‌ പെട്രോളൊഴിച്ച്‌ തീയിടുകയും ഷമീനയുടെ ദേഹത്ത്‌ ഈ തീ ആളിപ്പടരുകയുമായിരുന്നു.

ദിവസങ്ങളോളം ജിന്ന്‌ ചികിൽസക്ക്‌ വിധേയയായി പനി ബാധിച്ച പെൺകുട്ടിയാണ്‌ മരിച്ചത്‌കാസഗോഡ് 

ഈ സംഭവത്തിന്‌ സമാനമായൊരു ദുരന്തം ഒരുവർഷം മുമ്പ്‌ കാസർകോട്ടും നടന്നു. ഇവിടെ ജിന്ന്‌ ചികിൽസക്ക്‌ വിധേയയായ പെൺകുട്ടിയാണ്‌ മരിച്ചത്‌. കടുത്ത പനി ബാധിച്ചതിനെ തുടർന്ന്‌ കുട്ടിയെ ജിന്നിന്റെ വീട്ടിൽ എത്തിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തിൽ പിശാച്‌ കയറിയിട്ടുണ്ടെന്നും ഒഴിപ്പിക്കാതെ പനി മാറില്ലെന്നും ജിന്ന്‌ കൽപ്പിച്ചു. ഒരാഴ്ച കുട്ടിയെ ഇവിടെ താമസിപ്പിക്കണമെന്നും ദീർഘമായ ചികിത്സ ആവശ്യമാണെന്നുമായിരുന്നു ജിന്നിന്റെ നിർദേശം. മന്ത്രവാദക്രിയകൾക്കായി വീട്ടുകാരോട്‌ വൻതുക തന്നെ അഡ്വാൻസായി വാങ്ങുകയും ചെയ്തു.

എന്നാൽ ദിവസങ്ങൾ കടന്നുചെല്ലുന്തോറും കുട്ടിയുടെ അസുഖം മൂർച്ഛിക്കുകയാണുണ്ടായത്‌. ആശങ്കാകുലരായ വീട്ടുകാർ കുട്ടിയെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകാമെന്ന്‌ ജിന്നിനെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. അങ്ങനെ ചെയ്താൽ പിന്നെ കുട്ടിയുടെ ശരീരത്തിലുള്ള ബാധ ഒരിക്കലും ഒഴിയില്ലെന്നും ഇങ്ങനെ പോയാൽ മരണം വരെ സംഭവിക്കുമെന്നും കുറച്ചുദിവസത്തിനകം തന്നെ ബാധയെ ഒഴിപ്പിച്ച്‌ കുട്ടിയെ സാധാരണനിലയിലാക്കിതരാമെന്നും ജിന്ന്‌ ഉറപ്പുനൽകി. അന്ധവിശ്വാസത്തിന്‌ അടിപ്പെട്ടിരുന്ന ആ കുടുംബം പിന്നെയെല്ലാം ജിന്നിന്റെ ഇഷ്ടത്തിന്‌ വിട്ടുകൊടുക്കുകയായിരുന്നു.എന്നാൽ ആശുപത്രിയിലെ ചികിത്സയും മരുന്നും കിട്ടാതെ ആ കുട്ടി അന്ത്യശ്വാസം വലിക്കുകയാണുണ്ടായത്‌.അതേ സമയം സംഭവത്തിൽ കുട്ടിയുടെ വീട്ടുകാർ പരാതി നൽകാതിരുന്നതിനാൽ കാസർകോട്ടെ ജിന്ന്‌ നിയമനടപടികളിൽ നിന്നും രക്ഷപ്പെട്ടു.ഈ സംഭവത്തിന്‌ ശേഷവും ഇവിടെ നിർബാധം ജിന്ന്‌ ചികിത്സകൾ തുടരുകയും ചെയ്യുന്നു.

womens

പത്തനം തിട്ടയിൽ  പത്തൊമ്പതുകാരിയായ കോളജ്‌ വിദ്യാർഥിനി മന്ത്രവാദചികിത്സക്കിടെക്രൂരമായ പീഡനങ്ങൾക്കിരയാകുകയും മരണപ്പെടുകയും ചെയ്തത് പ്രബുദ്ധ കേരളത്തിൽ 

കഴിഞ്ഞ വർഷം പത്തനം തിട്ടയിൽ മന്ത്രവാദചികിത്സക്കിടെ പത്തൊമ്പതുകാരിയായ കോളജ്‌ വിദ്യാർഥിനി ക്രൂരമായ പീഡനങ്ങൾക്കിരയാകുകയും മരണപ്പെടുകയും ചെയ്ത സംഭവത്തിലും വലിയ സാമൂഹ്യപ്രതികരണങ്ങൾ ഉയർന്നുവന്നിരുന്നില്ല. പെൺകുട്ടിയെ പോസ്റ്റുമോർട്ടത്തിന്‌ വിധേയയാക്കിയപ്പോൾ കണ്ടെത്തിയത്‌ 46 മുറിവുകളായിരുന്നു. അപസ്മാരം ബാധിച്ച പെൺകുട്ടിയെ പ്രേതബാധയുണ്ടെന്ന്‌ മുദ്രകുത്തി വീട്ടുകാർ മന്ത്രവാദിയുടെ മുന്നിലേക്ക്‌ ഇട്ടുകൊടുക്കുകയായിരുന്നു.

ഇതുപോലെ തന്നെ ഇല്ലാത്ത ബാധ ഉണ്ടെന്ന്‌ വരുത്തിതീർത്താണ്‌ ഷമീന എന്ന യുവതിയെയും ജിന്നിന്റെ ക്രൂരതക്കായി വീട്ടുകാർ വിട്ടുകൊടുത്തത്‌. അന്ധവിശ്വാസങ്ങളുടെ മറവിലെ പീഡനങ്ങളോടും അതുമൂലം സംഭവിക്കുന്ന ദാരുണമരണങ്ങളോടും പൊതുസമൂഹം കാണിക്കുന്ന സ്വതസിദ്ധമായ നിസംഗത സ്വാഭാവികമായും ഷമീനയുടെ മരണത്തോടുള്ള സമീപനത്തിലും പ്രകടമാണ്‌. സിനിമാനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിന്‌ പിറകെയായതുകൊണ്ടാണോ എന്നറിയില്ല വാർത്താമാധ്യമങ്ങളും ദുർമന്ത്രവാദം വരുത്തിയ ദുരന്തത്തെ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌.

വാർത്താമാധ്യമങ്ങളും അവയെല്ലാം പെട്ടിക്കോളം വാർത്ത മാത്രമാകുന്നു 

മന്ത്രവാദപൂജകളും ജിന്ന്‌ ചികിത്സകളും കേരളത്തിലെ നഗരപ്രദേശങ്ങളിലും തീരദേശങ്ങളിലും ഗ്രാമങ്ങളിലും വ്യാപകമായിട്ടും ഇതുസംബന്ധിച്ച്‌ ഒരുവിധത്തിലുള്ള അന്വേഷണങ്ങളും ഉണ്ടാകാറില്ല. വ്യാജസിദ്ധൻമാരും ജിന്നുകളും മന്ത്രവാദികളും ഒരു സ്ഥലത്തുതന്നെ സ്ഥിരമായി തങ്ങാറില്ല. വാടകക്വാർട്ടേഴ്സുകളിൽ മാറിമാറി താമസിച്ച്‌ ചികിത്സാതട്ടിപ്പുകൾ നടത്തുകയാണ്‌ ഇവരുടെ രീതി. അന്ധവിശ്വാസത്തിന്‌ അടിപ്പെടുപോയ മനസുകളെ സമർഥമായി ചൂഷണം ചെയ്ത്‌ തങ്ങളുടെ വരുതിക്കുകൊണ്ടുവരാൻ ഇത്തരം സംഘങ്ങൾക്ക്‌ എളുപ്പത്തിൽ സാധിക്കും.

ഇതിന്റെയൊക്കെ മറവിൽ കള്ളക്കടത്തുകളും സാമ്പത്തിക തട്ടിപ്പുകളും ലൈംഗികചൂഷണങ്ങളും നിർബാധം അരങ്ങേറുന്നു

black-magic

ചില വ്യാജസിദ്ധൻമാർ പണമുണ്ടാക്കാൻ മാത്രമല്ല സ്ത്രീകളെ ലൈംഗികചൂഷണത്തിന്‌ വിധേയമാക്കാൻ പോലും ചികിൽസാതട്ടിപ്പുകളെ ഉപയോഗിക്കുന്നു. ഒരു സ്ഥലത്തുനിന്ന്‌ തട്ടിപ്പുകൾ പിടികൂടിയാൽ അവിടെ നിന്നും സ്ഥലം വിടുന്ന ഇത്തരക്കാർ വേറൊരു സ്ഥലത്തെത്തി അവിടത്തെ ജനങ്ങളെ സ്വാധീനിച്ച്‌ പുതിയ തട്ടിപ്പുകേന്ദ്രത്തിന്റെ പ്രവർത്തനം തുടങ്ങുന്നു. ഇങ്ങനെ ലഭിക്കുന്ന പണമുപയോഗിച്ച്‌ പുത്തൻ ആഡംബരവീടുകൾ നിർമിച്ചവരും വിലകൂടിയ കാറുകൾ സ്വന്തമാക്കിയവരും ഏറെയാണ്‌. പൊതുസമ്മതിയുളള പണ്ഡിതൻമാരുടെ പിന്തുണയോടെ സമൂഹത്തിൽ തങ്ങളുടെ പദ്ധതികൾക്ക്‌ സ്വീകാര്യത നേടിയെടുക്കാ ൻ പോലും മിക്ക സിദ്ധൻമാർക്കും കഴിയുന്നുണ്ട്‌. എതിർക്കാ ൻ ചിലരെങ്കിലും വന്നാൽ അനുകൂലിക്കുന്ന വലിയൊരു വിഭാഗത്തെ കൂടെ നിർത്താൻ പ്രാപ്തി നേടത്തക്കവിധം സ്വാധീനമുണ്ടാക്കിയാണ്‌ തട്ടിപ്പുസംഘങ്ങളിൽ വലിയൊരു ശതമാനവും പ്രവർത്തിക്കുന്നത്‌.

അപസ്മാരവും അംഗവൈകല്യങ്ങളും ജനിതകവൈകല്യങ്ങളും ബാധിച്ചവരെയും കടുത്ത മാനസികപ്രശ്നങ്ങൾ നേരിടുന്നവരെയും പ്രേതബാധ കയറിയതായി മുദ്രകുത്തി ഇക്കൂട്ടർ ഒരു ഭാഗത്ത്‌ തങ്ങളുടെ ചൂഷണസംരംഭങ്ങളുമായി മുന്നോട്ടുപോകുമ്പോൾ ആൾദൈവങ്ങളും ജോത്സ്യൻമാരും നടത്തുന്ന സാമ്പത്തിക ചൂഷണങ്ങളും മറുഭാഗത്ത്‌ തുടരുന്നു. കുടുംബങ്ങളിൽ അന്തച്ഛിദ്രങ്ങളും അനാവശ്യസംശയങ്ങളും ഭീതിയും സൃഷ്ടിക്കുന്നതിൽ മിടുക്കരാണ്‌ ജോത്സ്യൻമാർ. ചൊവ്വാദോഷം, ഗ്രഹപ്പിഴ, ശനിദോഷം തുടങ്ങിയ അന്ധവിശ്വാസങ്ങൾ സമൂഹത്തിൽ അടിച്ചേൽപ്പിച്ച്‌ എത്രയോ കുടുംബങ്ങളുടെ ഭാവി അവർ ഇരുളടഞ്ഞതാക്കുന്നു.

ഒരു കുട്ടി പിറന്നാൽ ആ കുട്ടി കുടുംബത്തിന്‌ ദോഷമാണെന്നും കുഞ്ഞിനെ കുരുതി കൊടുത്താൽ ഐശ്വര്യം വരുമെന്നും പ്രവചിക്കുന്ന ജോത്സ്യൻമാർ പോലും നാട്ടിൻപുറങ്ങളിലുണ്ട്‌. ജോത്സ്യപ്രവചനങ്ങളിൽ വിശ്വസിച്ച്‌ കുടുംബത്തിൽ ദുരന്തങ്ങൾ വിതയ്ക്കുന്നവർ ഏറെയാണ്‌. മറ്റുളളവരുടെ ജീവിതവും ഭാവിയും തകർത്ത്‌ സ്വന്തം നില ഭദ്രമാക്കുകയെന്ന ലക്ഷ്യം മാത്രമാണ്‌ ജോൽസ്യൻമാർക്കുളളത്‌. ആൾദൈവങ്ങളും അന്ധവിശ്വാസപ്രചാരണങ്ങളിലൂടെ വിശ്വാസികളെ മാനസികമായി അടിമപ്പെടുത്തുകയും അതിലൂടെയുണ്ടാക്കുന്ന സാമ്പത്തിക അടിത്തറയിലൂടെ ആത്മീയ അധോലോകം വിപുലീകരിക്കുകയും ചെയ്യുന്നു.

ഇതിന്റെയൊക്കെ മറവിൽ കള്ളക്കടത്തുകളും സാമ്പത്തിക തട്ടിപ്പുകളും ലൈംഗികചൂഷണങ്ങളും നിർബാധം അരങ്ങേറുന്നു. വിദേശഫണ്ടുകൾ വരെ സ്വായത്തമാക്കിയാണ്‌ ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ. ലോകപ്രശസ്തയായ അമ്മ ദൈവത്തിന്റെ കേരളത്തിലെ ആത്മീയ സ്ഥാപനത്തിൽ നടക്കുന്ന ദുരൂഹമരണങ്ങളും ലൈംഗികപീഡനങ്ങളും തട്ടിപ്പുകളും സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുമ്പോഴും ഇതിനെതിരെ യാതൊരു തരത്തിലുള്ള അന്വേഷണവും ഉണ്ടാകുന്നില്ല.

അമ്മദൈവത്തിന്റെ ആശ്രമത്തിൽ ലൈംഗികപീഡനശ്രമത്തിനിരയായ വിദേശവനിത അവിടെ നിന്നും പ്രാണരക്ഷാർഥം രക്ഷപ്പെടുകയും സംഭവം മാധ്യമങ്ങളോട്‌ വെളിപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന്‌ വ്യത്യസ്ത സാമൂഹിക പ്രതികരണങ്ങൾ ഉയർന്നുവന്നിരുന്നുവെങ്കിലും എല്ലാം കെട്ടടങ്ങുകയായിരുന്നു. അന്ധവിശ്വാസങ്ങളിലും ദുരാചാരങ്ങളിലും അധിഷ്ഠിതമായ മതരാഷ്ട്രം പടുത്തുയർത്താനുള്ള ഗൂഢപദ്ധതികളുമായി മുന്നോട്ടുപോകുന്ന കേന്ദ്രസർക്കാർ ഇത്തരം പ്രവണതകളെ സംരക്ഷിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

മന്ത്രവാദം സംബന്ധിച്ച പരാതി അന്വേഷിക്കാനെത്തിയ പൊലിസ് സംഘത്തിന് നേരെ ആലപ്പുഴയിൽ ആക്രമണം വരെ ഉണ്ടായതും ഈ കേരളത്തിൽ

മന്ത്രവാദം സംബന്ധിച്ച പരാതി അന്വേഷിക്കാനെത്തിയ പൊലിസ് സംഘത്തിന് നേരെ ആലപ്പുഴയിൽ ചാരുംമൂട് ആക്രമണം വരെ ഉണ്ടായിട്ടുണ്ട്. മന്ത്രവാദിനിയുടേയും സംഘത്തിന്റെയും ആക്രമണത്തില്‍ മലപ്പുറം സ്വദേശിനിയും ആലപ്പുഴ വനിതാ സെല്‍ സി ഐയുമായ മീനാകുമാരി, കോണ്‍സ്റ്റബിള്‍ ലേഖ എന്നിവര്‍ക്ക്  പരിക്കേൽക്കുകയും. മീനാകുമാരിയുടെ രണ്ടു വിരലുകള്‍ ഒടിയുകയും ചെയ്‌തു.  മന്ത്രവാദിനി ശോഭന (42), മകള്‍ ആതിര (18), ശോഭനയുടെ അനുജത്തി രോഹിണി (40) എന്നിവരെ നൂറനാട് പോലീസ് അന്ന് അറസ്റ്റ് ചെയ്തിരുന്നു.

അയല്‍വാസികള്‍ ശോഭനയ്‌ക്കെതിരേ കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ വനിതാ സെല്ലില്‍ എത്താന്‍ ആവശ്യപ്പെട്ടു നോട്ടീസ് നല്‍കാന്‍ എത്തിയപ്പോഴാണ് പോലീസുകാര്‍ക്ക് നേരെ അന്ന് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം വൈകിട്ട് എത്തിയ ഇവരില്‍ നിന്നും ശോഭന നോട്ടീസ് കൈപ്പറ്റി. തുടര്‍ന്ന് വീട്ടിനുള്ളില്‍ നിന്നും പുക പടലങ്ങള്‍ ഉയരുന്നത് കണ്ട് എന്താണെന്ന് ചോദിച്ചപ്പോള്‍ മൂവരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

മഹാരാഷ്ട്രയിൽ അന്ധവിശ്വാസ നിർമാർജന നിയമം കൊണ്ടുവരാൻ പ്രമുഖ ചിന്തകനും യുക്തിവാദിയുമായ നരേന്ദ്രധബോൽക്കർക്ക്‌ സ്വന്തം ജീവൻ തന്നെ ബലികഴിക്കേണ്ടിവന്നു. കേരളത്തിലും അങ്ങനെയൊരു നിയമം കൊണ്ടുവരാനും ഇവിടത്തെ ജനങ്ങളെ വിനാശകാരികളായ ദുരാചാരങ്ങളിൽ നിന്നും രക്ഷപ്പെടുത്താനുള്ള ഇടപെൽ നടത്താനും സംസ്ഥാനസർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.

Comments

comments