Breaking News

നോട്ട് അസാധുവാക്കല്‍: പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം നീക്കി

rbi-1200x545_c

കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ആര്‍ബിഐ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം നീക്കി. ഇന്ന് മുതല്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും എടിഎമ്മുകളില്‍നിന്നും പണംപിന്‍വലിക്കുന്നതിന് നിയന്ത്രണമുണ്ടാവില്ല. അതേസമയം, പണംപിന്‍വലിക്കുന്നതിനുള്ള പരിധി സംബന്ധിച്ച് അതത് ബാങ്കുകള്‍ക്ക് തീരുമാനമെടുക്കാം.

നാല് മാസംനീണ്ട നിയന്ത്രണങ്ങള്‍ക്കാണ് അവസാനമാകുന്നത്. നോട്ട് ക്ഷാമം മൂലം പണം പിന്‍വലിക്കലിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം പല ഘട്ടങ്ങളിലായി ലഘൂകരിച്ചിരുന്നു. സേവിങ്‌സ് അക്കൗണ്ടുകളില്‍ നിന്നുള്‍പ്പെടെ പണം പിന്‍വലിക്കുന്നതിനുള്ള പരിധി ഇന്ന് മുതല്‍ ഉണ്ടാവില്ല. സേവിങ്‌സ് അക്കൗണ്ടില്‍ നിന്നും ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക ഇരുപത്തിനാലായിരമെന്നത് കഴിഞ്ഞമാസം 20ന് അന്‍പതിനായിരമായി ഉയര്‍ത്തിയിരുന്നു. എടിഎമ്മുകളില്‍ നിന്നും പ്രതിദിനം പിന്‍വലിക്കാവുന്ന തുക രണ്ടായിരത്തി അഞ്ഞൂറില്‍ നിന്ന് ആദ്യം നാലായിരത്തി അഞ്ഞൂറായും പിന്നീട് പതിനായിരമായും നിശ്ചയിച്ചിരുന്നു. ഈ പരിധികളാണ് അവസാനിക്കുന്നത്.

കറന്റ്, ക്യാഷ് ക്രെഡിറ്റ്, ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ടുകള്‍ക്കും നിലവിലുണ്ടായിരുന്ന എല്ലാ നിയന്ത്രണവും അവസാനിച്ചു. എന്നാല്‍ പണംപിന്‍വലിക്കുന്നതിനുള്ള പരിധിസംബന്ധിച്ച് അതത് ബാങ്കുകള്‍ക്ക് ഇനി തീരുമാനമെടുക്കാനാകും. അതായത്, നവംബര്‍ എട്ടുവരെയുണ്ടായിരുന്ന പഴയപടിയായിരിക്കും ഇന്ന് മുതലുള്ള പണമിടപാടുകള്‍. നോട്ട് പിന്‍വലിച്ചതോടെയുണ്ടായ പ്രതിസന്ധികള്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ എല്ലാ നിയന്ത്രണവും പിന്‍വലിക്കുമെന്ന് കഴിഞ്ഞമാസത്തെ പണവായ്പാ അവലോകനത്തിന് ശേഷമാണ് ആര്‍ബിഐ പ്രഖ്യാപിച്ചത്. കഴിഞ്ഞ നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരം, അഞ്ഞൂറ് നോട്ടുകള്‍ പിന്‍വലിച്ചതോടെയാണ് കടുത്ത നിയന്ത്രണങ്ങള്‍ ആര്‍ബിഐ കൊണ്ടുവന്നത്. പിന്‍വലിച്ചതിന് ആനുപാതികമായി പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ വൈകിയതായിരുന്നു കാരണം.

Comments

comments