Breaking News

മിഷേല്‍ ഷാജിയുടെ മരണം; രാസപരിശോധനാഫലം പുറത്തുവന്നു

mishel-3

കൊച്ചി കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സിഎ വിദ്യാര്‍ഥിനി മിഷേലിന്റെ രാസപരിശോധനാഫലം പുറത്തുവന്നു. വിഷമോ രാസവസ്തുക്കളോ ഉളളില്‍ ചെന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലൈംഗിക പീഡനം നടന്നതായും സൂചനയില്ല . ശരീരത്തിലുണ്ടായിരുന്നത് കായലിലെ വെള്ളമാണെന്നും തെളിഞ്ഞു.

മിഷേലിന്റെ മരണം ആത്മഹത്യയെന്ന നിഗമനത്തിലെത്തിയെങ്കിലും കാരണമെന്തെന്നു കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച് സംഘം. മിഷേലിന്റെ ഫോണ്‍ കിട്ടാത്ത സാഹചര്യത്തില്‍, ലാബ് പരിശോധനയ്ക്കയച്ചിരിക്കുന്ന പ്രതി ക്രോണിന്‍ അലക്‌സാണ്ടറുടെ ഫോണില്‍ നിന്ന് ഇതിനുള്ള തെളിവ് കിട്ടുമെന്നു ക്രൈംബ്രാഞ്ച് കരുതുന്നു. ഫോണില്‍ നിന്ന് ചില എസ്എംഎസുകളും വാട്‌സാപ് സന്ദേശങ്ങളും ചിത്രങ്ങളും ക്രോണിന്‍ മായ്ച്ചു കളഞ്ഞിട്ടുണ്ടെന്നു വ്യക്തമായതോടെയാണ് ആത്മഹത്യയ്ക്കു പ്രേരിപ്പിച്ച തെളിവുകള്‍ ഫോണില്‍നിന്നു ലഭിക്കുമെന്നു ക്രൈംബ്രാഞ്ച് കരുതുന്നത്.

സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ ലഭ്യമായ തെളിവുകള്‍ ആത്മഹത്യയ്ക്കുള്ള സാധ്യതയിലേക്കാണു വിരല്‍ ചൂണ്ടുന്നതെന്നാണു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇതിനു പ്രേരണയായതു കാമുകന്‍ ക്രോണിനിന്റെ ഇടപെടലാണെന്നും കരുതുന്നു. എന്നാല്‍, ആത്മഹത്യ ചെയ്യാന്‍ മാത്രമുള്ള പ്രശ്‌നങ്ങള്‍ ഉള്ളതായി കാണാതായ ദിവസം രാവിലെ സംസാരിച്ചപ്പോള്‍ പോലും മിഷേല്‍ പറഞ്ഞിട്ടില്ലെന്ന് അടുത്ത കൂട്ടുകാരിയുടെ മൊഴിയുണ്ട്. ക്രോണിന്‍ മുന്‍പു മിഷേലിനെ മര്‍ദിച്ച ഘട്ടത്തില്‍ പോലും ആത്മഹത്യാ ശ്രമം ഉണ്ടായിട്ടില്ല. അങ്ങനെയെങ്കില്‍ അടുത്ത കൂട്ടുകാരിയില്‍നിന്നു പോലും മറച്ചുവച്ച, മിഷേലിനും ക്രോണിനും മാത്രമറിയാവുന്ന രഹസ്യം ആത്മഹത്യയ്ക്കു പിന്നിലുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്.മിഷേലിനെ മാനസികമായി പിടിച്ചുലച്ച എന്തോ സംഭവം കാണാതായ ദിവസമുണ്ടായിട്ടുണ്ടെന്ന് അന്വേഷണ സംഘം കരുതുന്നു.

Comments

comments

Reendex

Must see news