Breaking News

ജേക്കബ് തോമസിന് വിജിലൻസ് ഡയറക്ടറുടെ കസേര തെറിച്ചത് എം ശിവശങ്കരനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട നടപടി ?

JACOB-THOMAS

ജേക്കബ് തോമസിന് വിജിലൻസ് ഡയറക്ടറുടെ സ്ഥാനത്ത് നിന്നും മാറേണ്ടി വന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് ഓൺ സ്പെഷ്യൽ ഡ്യൂട്ടിയും ഐടി സെക്രട്ടറിയുമായ എം ശിവശങ്കരനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട നടപടിയെന്ന് സൂചന.കേബിൾ ടിവി ഓപറേറ്റർമാരുമായി ബന്ധപ്പെട്ട ഇടപാടിൽ വൈദ്യുതി വകുപ്പിന് 14.70 കോടി രൂപയും അതിന്റെ സർവീസ് ടാക്സായ 1.70 കോടി രൂപയുമടക്കം 16-45 കോടി രൂപ നഷ്ടം ഉണ്ടാക്കിയതായ സിഎജി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം ഒരു പൊതു പ്രവർത്തകൻ നൽകിയ പരാതിയിൽ ജേക്കബ് തോമസ് അന്വേഷണത്തിന് നിർദ്ദേശിച്ചത്.

സിഎജി റിപ്പോർട്ടിൽ മുൻ വൈദ്യുതി ബോർഡ് ചെയർമാൻ കൂടിയായ ശിവശങ്കരൻ ഉൾപ്പെടെയുള്ള ഉന്നതരുടെ പേര് പരാമർശിക്കുന്നതിനാൽ ബന്ധപ്പെട്ട ഫയൽ പൂഴ്ത്തിവച്ചിരിക്കുകയാണെന്നാണ് പരാതിക്കാരന്റെ ആരോപണം.
കഴിഞ്ഞ സർക്കാറിന്റെ കാലത്ത് വൈദ്യുതി വകുപ്പിൽ ചീഫ് വിജിലൻസ് ഓഫീസറായിരുന്ന ഋഷിരാജ് സിങ്ങ് ഈ ഫയൽ തൊട്ടപ്പോഴാണ് പദവിയിൽ നിന്നും തെറിച്ചിരുന്നതെന്ന് അന്ന് തന്നെ ആക്ഷേപമുയർന്നിരുന്നു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പാമോയിൽ കേസിൽ കുരുക്കിലാക്കിയതും ഇത്തരമൊരു സിഎജി റിപ്പോർട്ടായിരുന്നു എന്നതിനാൽ വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വിജിലൻസ് അന്വേഷണ നിർദ്ദേശത്തെ ‘ബന്ധപ്പെട്ടവർ’ ഗൗരവമായാണ് കണ്ടത്.ഹൈക്കോടതിയുടെ കടുത്ത വിമർശനത്തിൽ പ്രതിരോധത്തിലായിരുന്ന ജേക്കബ് തോമസിനെ ഇപ്പോഴത്തെ നടപടിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി കൂടി കൈവിട്ടതോടെ അദ്ദേഹം അവധിയിൽ പ്രവേശിക്കാൻ നിർബന്ധിതനാവുകയായിരുന്നുവത്രെ.

വിജിലൻസ് ഡയറക്ടറെ മാറ്റാത്തതെന്തെന്ന് ഹൈക്കോടതി വാക്കാൽ ചോദിച്ചതും വൈദ്യുത വകുപ്പുമായി ബന്ധപ്പെട്ട പരാതിയിൽ ശിവശങ്കരനെ ലക്ഷ്യമിട്ട് അന്വേഷണത്തിന് ഉത്തരവിട്ടതുമെല്ലാം മുഖ്യമന്ത്രി ഗൗരവമായാണ് കണ്ടിരുന്നതെന്നാണ് ലഭിക്കുന്ന വിവരം.നേരത്തെ പാർട്ടിക്കകത്ത് പോലും ജേക്കബ് തോമസിനെ മാറ്റണമെന്ന് ആവശ്യമുയർന്നപ്പോൾ അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടായിരുന്നു പിണറായി സ്വീകരിച്ചിരുന്നത്.

അതേസമയം, വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനിച്ചപ്പോഴും സർക്കാർ ഇടപെട്ട് മാറ്റുന്ന സാഹചര്യമുണ്ടാക്കാതെ സ്വയം അവധിയെടുക്കാൻ ജേക്കബ് തോമസിന് അവസരം നൽകി മാറ്റത്തിലും മാന്യത പുലർത്താൻ മുഖ്യമന്ത്രി ശ്രദ്ധിച്ചുവെന്നതും ശ്രദ്ധേയമാണ്.വിജിലൻസ് ഡയറക്ടറുടെ താൽക്കാലിക ചുമതല ഡി ജി പി ലോക് നാഥ് ബഹ്റക്കാണ് നൽകിയിട്ടുള്ളതെങ്കിലും പുതിയ വിജിലൻസ് ഡയറക്ടറുടെ നിയമനം ഉടനെ തന്നെയുണ്ടാകുമെന്നാണ് അറിയുന്നത്.

Comments

comments