Breaking News

പതിനാല് വര്‍ഷത്തിന് ശേഷം മലയാളത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവുമായി സുരഭി

surabhi

മിന്നാമിനുങ്ങിലെ മികച്ച പ്രകടനത്തിലൂടെ സുരഭിയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരമെത്തുമ്പോള്‍ ഇത് മലയാളസിനിമയ്ക്ക് അഭിമാന നിമിഷം.നീണ്ട പതിനാല് വര്‍ഷത്തിന് ശേഷമാണ് മികച്ച നടിക്കുള്ള പുരസ്‌കാരം മലയാളത്തിന് ലഭിക്കുന്നത്.മികച്ച നടിക്കുള്ള പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളി നടിയാണ് സുരഭി.

2003-ല്‍ പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് പുരസ്‌കാരം ലഭിച്ച മീരാ ജാസ്മിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം അവസാനം നേടിയ മലയാളി.ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമകള്‍ ജനിക്കുന്നത് ബംഗാളിയിലും മലയാളത്തിലും തമിഴിലുമാണെന്ന് നിരൂപകര്‍ പ്രശംസിക്കാറുണ്ടെങ്കിലും മികച്ച നടിക്കുള്ള പുരസ്‌കാരം വളരെ അപൂര്‍വ്വമായി മാത്രമേ മലയാളത്തിന് ലഭിച്ചിട്ടുള്ളൂ.

“എനിക്കെന്തെല്ലോ ആകുന്നെടോ… എന്താന്ന് പറയാനൊന്നും പറ്റുന്നില്ല. നോര്‍മല്‍ ആകാന്‍ കുറച്ച് സമയമെടുക്കും.’’ ദേശീയ അവാര്‍ഡ് നേടിയ സന്തോഷം പങ്കുവെച്ച് സുരഭി

എനിക്കെന്തെല്ലോ ആകുന്നെടോ… എന്താന്ന് പറയാനൊന്നും പറ്റുന്നില്ല. നോര്‍മല്‍ ആകാന്‍ കുറച്ച് സമയമെടുക്കും.’ സുരഭിയുടെ സ്വതസിദ്ധമായ ശൈലിയിലായിരുന്നു അവാര്‍ഡിനെക്കുറിച്ചുള്ള പ്രതികരണം. ‘രാവിലെ ആറേ മുക്കാലിന് ഫ്‌ലൈറ്റില്‍ കയറിയതാണ്. സലാലയില്‍ ഒരു സ്റ്റേജ് ഷോ ഉണ്ട്. ഉച്ചയ്ക്ക് ഫ്‌ലൈറ്റ് ഇറങ്ങിയപ്പോള്‍ ഷോയുടെ ഭാരവാഹികള്‍ കണ്‍ഗ്രാറ്റ്‌സ് പറയുന്നു.സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയതിനാകും എന്നാണ് ഞാന്‍ വിചാരിച്ചെയ്. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് കിട്ടിയതറിഞ്ഞില്ലേ, എന്നവര്‍ ചോദിച്ചപ്പോ കുറച്ചുനേരം എനിക്കൊന്നും മനസ്സിലായില്ല. എന്താ പറയണ്ട്, എങ്ങനെയാ പറയണ്ട്ന്നറിയാണ്ട് നിന്നു കുറേ നേരം. കുഞ്ഞു ബജറ്റില്‍ ചെയ്‌തൊരു കുഞ്ഞുസിനിമയാണ് മിന്നാമിനുങ്ങ്. എനിക്കു കിട്ടിയ അവാര്‍ഡ് ഞങ്ങളുടെ കുഞ്ഞുസിനിമയിലെ എല്ലാവര്‍ക്കും കൂടിയുള്ള അവാര്‍ഡാണ്. ഒരുപാടൊരുപാട് സന്തോഷം. ഇന്ന് അവാര്‍ഡ് പ്രഖ്യാപിക്കും എന്നു പോലും എനിക്കറിയില്ലായിരുന്നു. അവിടെ അവാര്‍ഡ് പ്രഖ്യാപിച്ചതൊന്നുമറിയാണ്ട് ഫ്‌ലൈറ്റിലങ്ങനെ രസിച്ചിരിക്ക്യായിരുന്നു.

സംസ്ഥാന അവാര്‍ഡിന് പ്രത്യേക പരാമര്‍ശം കിട്ടയതല്ലേ, ദേശീയ അവാര്‍ഡ് വരുമ്പോള്‍ എന്തെങ്കിലും ഒന്ന് കിട്ടിയില്ലെങ്കി മോശല്ലേ എന്ന് വിചാരിച്ചിരുന്നു. പ്രത്യേക പരാമര്‍ശമെങ്കിലും കിട്ടണേ എന്ന് വഴിപാട് നേര്‍ന്നിരുന്നു. അപ്പഴും മികച്ച നടിക്കുള്ള അവാര്‍ഡ് കിട്ടണം എന്നൊന്നും സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ലട്ടോ. ഇത്‌പ്പോ എന്താ പറയ്വാ, കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള എത്രയോ ഭാഷകളില്‍ നിന്ന് നമ്മുടെ കൊച്ചു മലയാളത്തിന് അവാര്‍ഡ് കിട്ടിയല്ലോ. പറഞ്ഞാലു പറഞ്ഞാലും തീരാത്ത സന്തോഷം.

മകള്‍ക്കും വയസ്സായ അച്ഛനും വേണ്ടി ജീവിക്കുന്ന നാല്‍പ്പത്തഞ്ചു വയസ്സുള്ള വിധവയായ ഒരമ്മയുടെ റോളാണ് മിന്നാമിനുങ്ങില്‍ എന്റേത്. അവര്‍ക്കു പേരില്ല. മകളെ പഠിപ്പിക്കാനും നല്ല നിലയിലെത്തിക്കാനുമായി വിഷമം പിടിച്ച പല ജോലികളും ചെയ്യേണ്ടി വരുന്നൊരു കഥാപാത്രം. തിരുവനന്തപുരം സ്ലാങിലാണ് സംസാരമൊക്കെ. എനിക്കു കിട്ടിയ ആദ്യത്തെ മുഴുനീള കഥാപാത്രം കൂടിയാണിത്. ഇതുവരെ കിട്ടിയ എല്ലാ സിനിമകളിലും രണ്ടോ മൂന്നോ സീനേ ഉണ്ടായിരുന്നുള്ളൂ.’ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുരഭി ലക്ഷ്മിയെ ഏറെയിഷ്ടം എം 80 മൂസയിലെ കോഴിക്കോട് സ്ലാങ് സംസാരിക്കുന്ന പാത്തു എന്ന മുസ്ലിം കഥാപാത്രമായാണ്. ‘പാത്തുവിന്റെ ഭാഷ മിന്നാമിനുങ്ങില്‍ വരാതിരിക്കാന്‍ മനഃപൂര്‍വം ശ്രമിച്ചു. തിരുവനന്തപുരത്തെ ഉള്‍നാടുകളിലെ ഭാഷ പഠിച്ചെടുക്കുന്നത് ശരിക്കും ഒരു വെല്ലുവിളിയായിരുന്നു. മിന്നാമിനുങ്ങ് ടീമിലെ പലരും എന്നെ ഒരുപാട് സഹായിച്ചു. സിനിമ എത്രയും വേഗം എല്ലാവര്‍ക്കും കാണാനാകട്ടെ എന്നാണിപ്പോള്‍ ആഗ്രഹം തോന്നുന്നത്. ഡയറക്ടര്‍ അനില്‍ തോമസും ടീമും സിനിമ റിലീസ് ചെയ്യാന്‍ ഫണ്ടില്ലാതെ വിഷമത്തിലാണ്.” സുരഭി പറയുന്നു.

surbhi

ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലൂടെയാണ് സുരഭി അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് രഞ്ജിത്ത് സംവിധാനം ചെയ്ത തിരക്കഥയില്‍ ചെറിയ വേഷമാണ് സുരഭിക്ക് ലഭിച്ചത്. പകല്‍ നക്ഷത്രങ്ങള്‍, അയാളും ഞാനും തമ്മില്‍ തുടങ്ങി മുപ്പത്താറോളം മലയാള സിനിമയില്‍ സുരഭി അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ കുറവായിരുന്നു. എന്തായാലും സുരഭിയുടെ അഭിനയമികവിനുള്ള പൊന്‍തൂവലാണ് ലഭിച്ച ഈ പുരസ്‌കാരം. സുരഭിയുടെ മധുര പ്രതികാരമാണ് ഈ ദേശീയ അവാര്‍ഡ്.

”സത്യസന്ധമായി അഭിനയിക്കാനാണ് എനിക്കിഷ്ടം. കഥാപാത്രങ്ങള്‍ വലുതായാലും ചെറുതായാലും അനായാസം അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിയുന്ന ഫ്‌ലക്സിബിളായിട്ടുള്ള നടിയാകാന്‍ ഞാന്‍ ശ്രമിക്കുന്നു. നാടകത്തെക്കുറിച്ചും സ്റ്റേജുകളില്‍ കഥാപാത്രങ്ങളെ അറിഞ്ഞും അഭിനയിക്കുക എന്നതാണ് എന്റെ തീരുമാനം. പഠനവും അഭിനയവും സീരിയസ്സായി കാണുന്നു. മികച്ച പെര്‍ഫോമര്‍ ആകണം എന്നാണാഗ്രഹം. എനിക്കൊരു ഡോക്ടറേറ്റ് കിട്ടുന്നത് എന്റെ നാട്ടുകാരുടെ അഭിമാനമാണ്”. സുരഭി പറയുന്നു. അമ്മ ലക്ഷ്മിയാണ് എന്നെ ഏറ്റവും അധികം പ്രോത്സാഹിപ്പിക്കുന്നത് അമ്മയെക്കാള്‍ കൂടുതല്‍ ധൈര്യമുള്ളവളാണ് അമ്മമ്മ. എന്റെ ഇഷ്ടത്തിനനുസരിച്ചാണ് പഠിക്കുന്നത്. എന്റെ ഇഷ്ടങ്ങള്‍ക്ക് ആരും തടസ്സം നില്‍ക്കാറില്ല. എല്ലാവരോടും സൗഹൃദം സ്ഥാപിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു നാട്ടിന്‍പുറത്തുകാരിയുടെ മനസ്സാണ് എന്റേത്. ഒരുതാരമല്ല ജനുവിന്‍ ആക്ടര്‍ ആവുക എന്നതാണ് ലക്ഷ്യം., സുരഭി പറഞ്ഞു.

Comments

comments