Breaking News

രണ്ടാമൂഴം ചെയ്യുന്നെങ്കില്‍ അത് മോഹന്‍ലാലിനെ വെച്ച് മാത്രം; അതല്ലെങ്കില്‍ തിരക്കഥ എംടിക്ക് തിരിച്ചു കൊടുക്കും: ശ്രീകുമാര്‍

sreekumar

മോഹന്‍ലാലിന് ഭീമനാകാന്‍ പറ്റുമോയെന്ന ചോദ്യത്തിന് മറുപടിയുമായി സംവിധായകന്‍ വിഎ ശ്രീകുമാര്‍. റേഡിയോ മാംഗോ യുഎഇയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയിലെ ഏറ്റവും മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ഇതിഹാസചിത്രത്തില്‍ മോഹന്‍ലാലിനെ കാസ്റ്റ് ചെയ്യാനുള്ള കാരണം ശ്രീകുമാര്‍ വ്യക്തമാക്കിയത്.

ഇങ്ങനെയൊരു ലോക സിനിമയില്‍ മോഹന്‍ലാല്‍ എങ്ങനെയാണ് നായകനായി വരുന്നത്? താങ്കളുടെ സംവിധാന സങ്കല്‍പത്തില്‍ മോഹന്‍ലാല്‍ തന്നെയായിരുന്നോ നായകന്‍? എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഭീമന്റെ എല്ലാ ഭാവങ്ങളും ഒത്തുവരുന്ന ഒരാള്‍ ഇന്ന് ലോകസിനിമയില്‍ മോഹന്‍ലാല്‍ മാത്രമാണ് എന്ന് എല്ലാ മലയാളികളെയും പോലെ ഞാനും വിശ്വസിക്കുന്നു എന്നാണ് വിഎ ശ്രീകുമാര്‍ പറഞ്ഞ മറുപടി.

ഇത്രയും വലിയ ചിത്രത്തില്‍ എന്തിനാണ് മോഹന്‍ലാലിനെ നായകനാക്കുന്നതെന്ന് ബോളിവുഡ് ചോദിച്ചു. ഈ സിനിമ ചെയ്യുന്നെങ്കില്‍ അത് മോഹന്‍ലാലിനെവെച്ച് മാത്രമായിരിക്കുമെന്നാണ് താന്‍ മറുപടി നല്‍കിയത്.

രണ്ടാമൂഴം സിനിമയായി ചെയ്യാന്‍ എംടിയില്‍ നിന്ന് അനുവാദം ലഭിച്ചതിനേക്കുറിച്ചും വിഎ ശ്രീകുമാര്‍ വ്യക്തമാക്കി. എംടി വാസുദേവന്‍ നായര്‍ അച്ഛന്റെ ക്ലാസ്മേറ്റായതിനാല്‍ നേരിട്ട് പരിചയമുണ്ടായിരുന്നു. രണ്ടാമൂഴം തിരക്കഥയാവശ്യപ്പെട്ട് ഇന്ത്യന്‍ സിനിമയിലെ മഹാരഥന്‍മാര്‍ എംടിയുടെ അടുത്ത് പലതവണയെത്തി. രണ്ടാമൂഴം സിനിമയാക്കുന്നെങ്കില്‍ അത് ലോക സിനിമയായി മാത്രമേ ചെയ്യൂ എന്നാണ് എംടി മറുപടിയായി പറഞ്ഞത്.

താങ്കള്‍ മനസ്സില്‍ കാണുന്നപോലെ ലോകസിനിമയായി രണ്ടാമൂഴം ചെയ്യണമെന്നാണ് ആഗ്രഹമെന്ന് താന്‍ അദ്ദേഹത്തോട് പറഞ്ഞു. അത്രയും വലിയ ബജറ്റില്‍ സിനിമ ചെയ്യാന്‍ തയ്യാറായ നിര്‍മ്മാതാക്കളെ കണ്ടെത്തിക്കോളാമെന്നും പറഞ്ഞതോടെ അദ്ദേഹം സമ്മതം മൂളി.

ഇവിടെ ഇത്രയും താരങ്ങള്‍ ഉള്ളപ്പോള്‍ എന്തിനാണ് മോഹന്‍ലാല്‍ എന്ന് ബോളിവുഡ് ചോദിച്ചതിനേക്കുറിച്ച് സംവിധായകന്‍ പറഞ്ഞത് ഇങ്ങനെ:

ഒരുപാട് പ്രൊഡക്ഷന്‍ ഹൗസുകളെ കണ്ടു. ബോളിവുഡ് താരങ്ങളെ കണ്ടു. നിങ്ങളെന്തുകൊണ്ടാണ് ബോളിവുഡില്‍ ഇത്രയും താരങ്ങള്‍ ഉള്ളപ്പോള്‍ മോഹന്‍ലാലിനെവെച്ച് സിനിമ ചെയ്യുന്നതെന്ന് അവര്‍ ചോദിച്ചു.

ഞാന്‍ എന്നെങ്കിലും രണ്ടാമൂഴം ചെയ്യുന്നെങ്കില്‍ അത് മോഹന്‍ലാലിനെ വെച്ച് മാത്രമായിരിക്കുമെന്ന് പറഞ്ഞു. മോഹന്‍ലാല്‍ ഭീമനായി മാത്രമേ താന്‍ രണ്ടാമൂഴത്തിന്റെ ക്യാമറ ചലിപ്പിക്കൂ. അത് എന്ന് നടക്കുന്നോ അന്ന്. അതല്ലെങ്കില്‍ ഈ സിനിമയുടെ തിരക്കഥ എംടിക്ക് തിരിച്ചു കൊടുക്കാമെന്ന് ഞാന്‍ അദ്ദേഹത്തിന് വാക്കു കൊടുത്തിട്ടുണ്ടായിരുന്നു. ശ്രീകുമാര്‍ പറഞ്ഞു.

Comments

comments