വരള്‍ച്ച കാരണം തമിഴ്നാട്ടില്‍ ഒരൊറ്റ കര്‍ഷകനും ആത്മഹത്യ ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതിയില്‍ പളനിസര്ക്കാര്. റിപ്പോര്‍ട്ട് ചെയ്ത കര്‍ഷക ആത്മഹത്യകളെല്ലാം വ്യക്തിപരമായ കാരണങ്ങളാല്‍ ആണെന്നും തമിഴ്നാട് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. തങ്ങളുടെ കണ്ണീരൊപ്പാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഒരു മാസക്കാലമായി തലസ്ഥാനത്ത് നടത്തിവന്ന സമരം കര്‍ഷകര്‍ അടുത്തിടെയാണ് പിന്‍വലിച്ചത്.
വരള്‍ച്ചാ ദുരിതം നേരിടുന്ന കര്‍ഷകരുടെ വായ്പകള്‍ എഴുതി തള്ളാന്‍ നേരത്തെ മദ്രാസ് ഹൈക്കോടതി തമിഴ്നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. വിഷമകരമായ ഘട്ടത്തില്‍ തമിഴ്നാടിനെ സാമ്പത്തികമായി സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നും ഹൈക്കോടതി അഭിപ്രായപ്പെടുകയുണ്ടായി.
കര്‍ഷക ആത്മഹത്യകളില്‍ രണ്ടാഴ്ച്ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ഏപ്രില്‍ പതിമൂന്നിന് സുപ്രീംകോടതി തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു നല്കിയ മറുപടിയിലാണ് കര്‍ഷക രോഷത്തിന് ഇടയാക്കുന്ന പളനി സര്‍ക്കാരിന്റെ പ്രതികരണം.കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ യാതൊരു നടപടിയും എടുക്കാത്ത തമിഴ്നാട് സര്‍ക്കാരിനെ നേരത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നടപടികളൊന്നും എടുക്കാത്തത് വേദനാജനകമാണെന്ന് ജസ്റ്റീസ് ദീപക് മിശ്ര നേതൃത്വം നല്കുന്ന ബെഞ്ച് വിമര്‍ശിച്ചു. കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടി ഒരു എന്‍ജിഒ ആണ് കോടതിയെ സമീപിച്ചിരുന്നത്.