Breaking News

മുഖ്യമന്ത്രിയുടെ ഉപദേശിമാർ ചീഫ്‌ സെക്രട്ടറിയെ അഴിക്കുള്ളിലാക്കിയേക്കും; സെൻകുമാർ കോടതിയലക്ഷ്യ ഹർജി നൽ​കി

senkumar supreme court2

സംസ്ഥാന പൊലീസ് മേധാവിയായി പുനർനിയമിക്കണമെന്ന വിധി നടപ്പാക്കുന്നത് സർക്കാർ വൈകിപ്പിക്കുന്നെന്ന് ആരോപിച്ച് ഡി.ജി.പി ടി.പി.സെൻകുമാർ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകി. ഹർജിയിൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് എതിർകക്ഷി. തന്റെ സർവീസ് കാലയളവ് സർക്കാർ മന:പൂർവം നഷ്ടപ്പെടുത്തിയെന്നും അതിനാൽ അത് കൂടി അനുവദിക്കണമെന്ന പുതിയ ആവശ്യവും സെൻകുമാർ ഹർജിയിൽ ഉന്നയിച്ചു

സുപ്രീംകോടതിയുടെ വിധിപ്പകർപ്പ് ലഭിച്ചിട്ടും തന്നെ ഡി.ജി.പിയായി നിയമിക്കാൻ സർക്കാർ നടപടി എടുക്കുന്നില്ലെന്ന് അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടി. സെൻകുമാറിനെ പൊലീസ് മേധാവിയായി വീണ്ടും നിയമിക്കണമെന്നു തിങ്കളാഴ്ചയാണു സുപ്രീംകോടതി വിധിച്ചത്. അടുത്ത ദിവസം തന്നെ വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പിനൊപ്പം തന്നെ ഉടൻ നിയമിക്കണമെന്ന കത്തും സെൻകുമാർ ചീഫ് സെക്രട്ടറിക്ക് കൈമാറിയിരുന്നു. ഇക്കാര്യവും അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കർണാടകയിൽ ഡി.ജി.പി പുനർനിയമനവുമായി ബന്ധപ്പെട്ട കേസിൽ ചീഫ് സെക്രട്ടറിയെ ശിക്ഷിച്ച കാര്യവും സെൻകുമാർ ഹർജിയിൽ പറയുന്നുണ്ട്

സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കാത്തതിനെതിരെ, സര്‍ക്കാറിനെതിരെ കോര്‍ട്ടലക്ഷ്യ നടപടി സ്വീകരിക്കാനുള്ള സെന്‍കുമാറിന്റെ നീക്കം വലിയ പ്രത്യാഘാതമുണ്ടാക്കും.സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണിന്റെ നേതൃത്വത്തിലാണ് ഹര്‍ജി ഫയല്‍ ചെയ്യുന്നത്.സംസ്ഥാന സര്‍ക്കാറിനു വേണ്ടി ചീഫ് സെക്രട്ടറിയെയാണ് എതിര്‍കക്ഷിയാക്കുന്നത്.

സെന്‍കുമാറിനെ പദവിയില്‍ നിന്നും നീക്കാന്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ പുറ്റിങ്ങല്‍ വെടിക്കെട്ടപകടം, ജിഷ കേസുകളിലെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയ അന്നത്തെ ആഭ്യന്തര സെക്രട്ടറി തന്നെയാണ് ഇന്നത്തെ ചീഫ് സെക്രട്ടറി എന്നതിനാല്‍ സുപ്രീം കോടതി കടുത്ത നിലപാടെടുത്താല്‍ നളിനി നെറ്റോ ജയിലില്‍ പോകേണ്ടി വരും.

കോര്‍ട്ടലക്ഷ്യ നടപടി കേവലം പരാമര്‍ശത്തിലല്ല മറിച്ച് നടപടിയിലാണ് കലാശിക്കുക എന്ന് നിയമ കേന്ദ്രങ്ങളും ഇതിനകം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.മുന്‍പ് സമാനമായ സാഹചര്യത്തില്‍ കര്‍ണ്ണാടക സര്‍ക്കാറിനെതിരായ വിധിയെ തുടര്‍ന്ന് കര്‍ണ്ണാടക അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ജയിലില്‍ പോകേണ്ടി വന്നിരുന്നു.

പുന:പരിശോധനാ ഹര്‍ജിയുമായി വീണ്ടും സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചാല്‍ ഹിയറിങ്ങിനു പോലും സാധ്യത കുറവാണെന്നാണ് ലഭിക്കുന്ന വിവരം.തന്റെ സര്‍വ്വീസ് കാലയളവ് നഷ്ടപ്പെട്ടെന്നും പരിഹാരം വേണമെന്നും സെന്‍കുമാര്‍ നേരത്തെ തന്നെ ആവശ്യപ്പെട്ട സ്ഥിതിക്ക് ഇപ്പോഴത്തെ സര്‍ക്കാര്‍ നിലപാടില്‍ രോഷം പൂണ്ട് കോടതി നഷ്ടപ്പെട്ട കാലയളവ് തിരിച്ചു നല്‍കണമെന്ന് കൂടി ഉത്തരവിട്ടാല്‍ അത് സര്‍ക്കാരിനെ സംബന്ധിച്ച് ഇരട്ട പ്രഹരമാകും. ഒരു വര്‍ഷത്തോളം അധികം സര്‍വ്വീസ് കാലാവധി അത്തരമൊരു ഉത്തരവുണ്ടായാല്‍ സെന്‍കുമാറിന് ലഭിക്കുകയും ചെയ്യും.

ജൂണ്‍ അവസാനം സര്‍വ്വീസില്‍ നിന്നും വിരമിക്കേണ്ട സെന്‍കുമാര്‍ ഇതെല്ലാം ലക്ഷ്യമിട്ടു കൂടിയാണ് കോര്‍ട്ടലക്ഷ്യ നടപടിയുമായി ഇപ്പോള്‍ മുന്നോട്ടു പോകുന്നത്.അതേസമയം സുപ്രീം കോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വേയില്‍ നിന്നും നിയമോപദേശം വാങ്ങി റിവിഷന്‍ ഹര്‍ജി നല്‍കുന്നതിനെ കുറിച്ചാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. നിയമോപദേശം മറിച്ചായാല്‍ സെന്‍കുമാറിനെ തിരിച്ചു നിയമിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും.

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്നും 2016 മെയ് 30നാണ് ഇടതു സര്‍ക്കാര്‍ സെന്‍കുമാറിനെ മാറ്റിയത്.ഈ നടപടിക്കെതിരെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലും ഹൈക്കോടതിയിലും സെന്‍കുമാര്‍ നല്‍കിയ ഹര്‍ജികള്‍ തളളിയതിനെ തുടര്‍ന്നാണ് ഫെബ്രുവരി 26ന് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.ഏപ്രില്‍ 24ന് ആണ് സെന്‍കുമാറിനെ തിരിച്ചെടുക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്. സര്‍ക്കാറിനെതിരെയും കോടതി രൂക്ഷമായി വിമര്‍ശനമുന്നയിച്ചിരുന്നു.

Comments

comments