Breaking News

“ബൗദ്ധ സംസ്ക്കാരത്തിന്റെ തിരുശേഷിപ്പുകൾ “

“അയ്യോ ” എന്നു നിലവിളിക്കാത്തതെന്നിന്ത്യക്കാരില്ല. തെലുങ്കനോ കന്നഡി ഗയോ തമിഴനോ മഹാരാഷ്ട്രീയ നോ മലയാളിയോ ആകട്ടെ അവിചാരിതമായ ആപത്തിൽ അയ്യനെതന്നെ വിളിച്ചിരിക്കും. മാതൃഭാഷയെന്നു പറയുന്ന പ്രാഥമിക വാചികചിഹ്നവ്യവസ്ഥ കേട്ടു പഠിക്കാൻ പ്രായമാകാത്ത കുഞ്ഞുകുട്ടികൾ പോലും തല്ലാനോടിക്കുകയോ വേദനിക്കുകയോ ഭയപ്പെടുകയോ ചെയ്താൽ വളരെ വ്യക്തമായി അയ്യോ എന്നു തന്നെ വിളിക്കും. അമ്മേ എന്നോ അമ്മോ എന്നോ വിളിക്കാൻ പ്രായമാകാത്ത കുഞ്ഞുങ്ങളും വലഞ്ഞുപോയാൽ അയ്യനെ വാവിട്ടുവിളിച്ചു കരയും. ജാതി, ലിംഗ, മത, പ്രായ, പ്രാദേശിക, ഭാഷാ, വർഗ, വംശവ്യത്യാസമില്ലാതെ തെന്നിന്ത്യക്കാരാകെ കരഞ്ഞു വിളിക്കുന്ന ഈ അയ്യൻ ആരാണയ്യോ? 

ajay shekahar

ഭാഗം-1-

ഡോ. അജയ് ശേഖർ

ആന’സവിശേഷമായ ഒരു ബുദ്ധമത അടയാളമാണ്. ഏഷ്യയിൽ കേരളം മുതൽ കൊറിയവരെ ഇത്തരം ബൗദ്ധവിശുദ്ധഗജങ്ങളുടെ ശിലാശിൽപങ്ങൾ കാണാം. തഥാഗതന്റെ ജനനവും ജീവിതവും ആനകളുമായി നേർകാണുന്ന നിരവധി ആഖ്യാന സന്ദർഭങ്ങളുണ്ട് ബുദ്ധസാഹിത്യത്തിൽ.കേരളത്തിലെ ആനപ്രേമത്തിന്റെ സംസ്കാരചരിത്രം ബുദ്ധമതവുമായി ബന്ധപ്പെട്ടുകിടക്കുന്നു. തേവരുടെ ആന എന്ന പ്രയോഗം തന്നെ മാരാരിയും മാതേവരുമായ ശാക്യജിനമുനിയുമായി ബന്ധപ്പെട്ടതാണ്. ബ്രാഹ്മണികവും വൈദികവുമായ ചാതുർവർണ്യം അടിച്ചുറപ്പിക്കപ്പെട്ട മധ്യകാലങ്ങളുടെ തുടക്കം മുതൽ ബഹുജനങ്ങളുടെ എന്നതുപോലെ ആനകളുടെയും കഷ്ടകാലം തുടങ്ങി. കാലുനാലിലും കൂച്ചുവിലങ്ങിട്ട ആന, കൈകാലുകളും നാവും കെട്ടിയ ജാതി സമൂഹത്തിലെ ബഹുജനത്തിന്റെ മൃഗ രൂപകവും കൂടിയാണ്. സ്ഥലനാമങ്ങളിൽ പ്രാദേശിക ചരിത്രവും സംഘാനുഭവങ്ങളും ആഴത്തിൽ ആണ്ടു കിടക്കുന്നു. അവയെ ചരിത്രബോധത്തോടെയും വിമർശാവബോധത്തോടെയും വർത്തമാനപ്രസക്തമായും വായിച്ചെടുക്കുക എന്നതാണ് ബഹുജനങ്ങളുടെയും വിമർശപഠിതാക്കളുടെയും മുന്നിലുള്ള വെല്ലുവിളി.

രാജപൗരോഹിത്യവും ആമാത്യസ്ഥാനങ്ങളും കൈയാളിക്കൊണ്ട് എട്ടും ഒമ്പതും നൂറ്റാണ്ടുകളിൽ ബുദ്ധ-ജൈന മതങ്ങളെ പുറത്തു നിന്നും ഉള്ളിൽനിന്നുതന്നെയും പിളർത്തിക്കൊണ്ട് കേരളത്തെ ഹിന്ദുവത്കരിച്ച ബ്രാഹ്മണിസം ഏതാണ്ട് പത്താം നൂറ്റാണ്ടു മുതൽ സ്ഥലപുരാണങ്ങളിലൂടെയും ഐതിഹ്യനിർമിതിയിലൂടെയും കിണഞ്ഞു ശ്രമിച്ചെങ്കിലും ബഹുഭൂരിപക്ഷം നാടുകളും പ്രാചീന തമിഴ് സംഘകാല നാമങ്ങളാണിന്നും പേറുന്നത്. ഊരുകളും കാടുകളും കുളങ്ങളും കോടുകളും പാടികളും പതികളും പള്ളികളും ചേരികളും പറമ്പുകളും പെരുകുന്നതാണ് കേരളത്തിലെ സ്ഥലപ്പേരുകൾ.ഇവയിലധികവും തമിഴും പാലിയും പൊലിക്കുന്ന തായ് വേരുകളായി മണ്ണിലാണ്ടിരിക്കുന്നു. സംസ്കാര പാരമ്പര്യങ്ങളിലുള്ള ചമണ അവശേഷിപ്പുകൾ പോലെതന്നെയാണ് ഭാഷയിലും സ്ഥലപ്പേരുകളിലും പറമ്പുപേരുകളിലും വീട്ടുപേരുകളിലും വാമൊഴിവഴക്കത്തിലുമുള്ള ബൗദ്ധജൈന സ്വാധീനങ്ങൾ. നമ്മുടെ വാക്കിലും നോക്കിലും ഉരിയാട്ടത്തിലും പെരുമാറ്റത്തിലും അബോധത്തിലും നിറഞ്ഞിരിക്കുന്നത് ബൗദ്ധമായ നൈതികസഭ്യതയും മാനവിക സംസ്കാരവുമാണ്.

budhan

“അയ്യോ ” എന്നു നിലവിളിക്കാത്തതെന്നിന്ത്യക്കാരില്ല. തെലുങ്കനോ കന്നഡി ഗയോ തമിഴനോ മഹാരാഷ്ട്രീയ നോ മലയാളിയോ ആകട്ടെ അവിചാരിതമായ ആപത്തിൽ അയ്യനെതന്നെ വിളിച്ചിരിക്കും. മാതൃഭാഷയെന്നു പറയുന്ന പ്രാഥമിക വാചികചിഹ്നവ്യവസ്ഥ കേട്ടു പഠിക്കാൻ പ്രായമാകാത്ത കുഞ്ഞുകുട്ടികൾ പോലും തല്ലാനോടിക്കുകയോ വേദനിക്കുകയോ ഭയപ്പെടുകയോ ചെയ്താൽ വളരെ വ്യക്തമായി അയ്യോ എന്നു തന്നെ വിളിക്കും. അമ്മേ എന്നോ അമ്മോ എന്നോ വിളിക്കാൻ പ്രായമാകാത്ത കുഞ്ഞുങ്ങളും വലഞ്ഞുപോയാൽ അയ്യനെ വാവിട്ടുവിളിച്ചു കരയും. ജാതി, ലിംഗ, മത, പ്രായ, പ്രാദേശിക, ഭാഷാ, വർഗ, വംശവ്യത്യാസമില്ലാതെ തെന്നിന്ത്യക്കാരാകെ കരഞ്ഞു വിളിക്കുന്ന ഈ അയ്യൻ ആരാണയ്യോ? അഥവാ ആരാണപ്പാ ഈ അയ്യൻ?ഏത് അത്യാപത്തിലും വിളിച്ചാൽ വിളികേട്ടോടിവന്നു രക്ഷിക്കുന്ന അവലോകിതേശ്വര ബോധിസത്ത്വനാണ്.

അയ്യൻ അഥവാ അയ്യപ്പൻ. തമിഴിൽ അയ്യൻ എന്ന പദത്തിന് ബുദ്ധൻ അഥവാ പുത്തര് എന്നർഥമുണ്ട്. ആയിരത്തിയറു നൂറിലധികം വർഷങ്ങളുടെ അതായത് ഇപ്പോൾ പട്ടണം പുരാവസ്തു തെളിവുകൾ ചൂണ്ടിക്കാട്ടുന്നപോലെ അശോകന്റെ ബുദ്ധമിഷനറിമാർ തെന്നിന്ത്യയിലും കേരളത്തിലും സിംഹളത്തിലുമെത്തിയ ബി.സി. മൂന്നാം നൂറ്റാണ്ടുമുതൽ ഏതാണ്ട് പതിമൂന്നാം നൂറ്റാണ്ടുവരെയെങ്കിലും ബഹുജനങ്ങളുടെ ബോധാ ബോധങ്ങളിലും സംഘസ്മൃതിയിലും പതിഞ്ഞു പോയ അഭയപദവും ശരണ മന്ത്രവുമാണ് അയ്യൽ. അതുകൊണ്ടാണ് ഭാഷപോലും പഠിക്കാതെ അതു കുട്ടികൾക്കും സഹജമായ വ്യാക്ഷേപക ശബ്ദമായി മാറുന്നത്. അത്യാപത്തിൽ മാത്രമല്ല അത്യദ്ഭുതത്തിലും അത്യന്തം സന്തോഷമുണ്ടാകുമ്പോഴും നാം അയ്യോ… എന്നുതന്നെ നീട്ടിവിളിക്കും. ആയിരത്താണ്ടുകളിലൂടെ അബോധത്തിലുറച്ചുപോയ ഒരു ഭാഷാപരമായ തിരുശേഷിപ്പാണ് അയ്യൻ.

സംസ്കൃതത്തിലെ ധർമ്മശാസ്താവ് എന്ന പദവും ബുദ്ധന്റെ പര്യായമാണ്. തേരാവാദത്തെതുടർന്ന് വികസിച്ച മായാനത്തിലൂടെയാണ് പാലിയിൽ നിന്നും സംസ്കൃതത്തിലേക്കുള്ള മാറ്റം.ഗൗതമന്റെ അടിസ്ഥാന തത്ത്വങ്ങളിൽനിന്നുള്ള മാറ്റവും കൂടിയായി അത്. ദൈവത്തെയും ആത്മാവിനെയും നിരാകരിച്ച ബുദ്ധനെതന്നെ ഒരു മഹാ ദൈവമായ മാതേവരായും മഹാമായയെയും ബോധിസത്ത്വന്മാരെയും ഉപദേവതകളായും കൽപിച്ച് മായാനം എന്ന മഹായാനം ഹിന്ദു മതത്തിലേക്കുള്ള തിരിച്ചു പോക്കിനാക്കം കൂട്ടി. സംഘത്തെ ഉളളിൽനിന്നുതന്നെ പിളർത്താനുള്ള കുടിലമായ ബ്രാഹ്മണതന്ത്രമായും മായാനത്തെയും വജ്രയാനത്തെയും വിമർശകർ കാണുന്നു. ഏതായാലും മയാനത്തെയും വജ്രയാനമെന്ന താന്ത്രിക ബുദ്ധമതത്തെയും താന്ത്രിക ബ്രാഹ്മണിസത്തിന് എളുപ്പത്തിൽ സ്വാംശീകരിക്കാവുന്നവിധത്തിലായിരുന്നു കാര്യങ്ങൾ. പതിനാറാം നൂറ്റാണ്ടിൽ പേരാറ്റിൻ കരയിലെ വന്നേരി നാട്ടിൽ ചേന്നാസ് നമ്പൂതിരിപ്പാടിന്റെ തന്ത്രസമുച്ചയം എന്ന രചന താന്ത്രികബുദ്ധമതത്തെ സ്വാംശീകരിക്കുന്ന ഒരു പരകായപ്രവേശ കർമം കൂടിയായിരുന്നു എന്നുകാണാം.

ശാസ്താവ് ഒരു മുനീന്ദ്രനാണെന്നും ആ മുനി ശാക്യമുനിയായ ഗൗതമ ബുദ്ധൻതന്നെയെന്നും ബൗദ്ധനായ അമരസിംഹനെഴുതിയ ‘അമരകോശം’ തന്നെ സാക്ഷ്യപ്പെടുത്തുന്നു.കരുമാടിക്കുട്ടനും തയ്യിലയ്യനും കരുനാഗപ്പള്ളി താലൂക്കിലെ നിരവധിയായ പുത്തരച്ചന്മാരും ബുദ്ധൻതന്നെയാണ്.കരുമാടിക്കുട്ടനും തയ്യിലയ്യും ഇപ്പോഴത്തെ ഹിന്ദുക്ഷേത്രങ്ങളുടെ പരിയമ്പുറങ്ങളിൽനിന്നുമാണ് കിട്ടിയത്. ഒരുകാലത്ത് ആ ക്ഷേത്രങ്ങളുടെ മുഖ്യ പ്രതിഷ്ഠകളായിരുന്നു ഈ കുട്ടന്മാർ. പുരാവസ്തുവകുപ്പു തന്നെ ഈ പ്രതിമകളുടെ കാലം എ.ഡി ആറു മുതൽ എട്ടുവരെയുള്ള നൂറ്റാണ്ടുകളാണെന്ന് നിർണയിക്കുന്നു. മാവേലിക്കര, മരുതൂർക്കുളങ്ങര, ഭരണിക്കാവ്, പളളിക്കൽ, പട്ടണം എന്നിവിടങ്ങളിലെ ബുദ്ധന്മാരെല്ലാം തന്നെ ക്ഷേത്രപരിസരത്തെ കുളങ്ങളിലോ സമീപത്തുള്ള ചളിനിലങ്ങളിലോ നിന്ന് വീണ്ടെടുക്കപ്പെട്ടവയാണ്.തമിഴകത്തെയും കേരളത്തിലെയും ഈ ബുദ്ധപ്രതിമകളെല്ലാം തന്നെ വിഖ്യാതമായ അനുരാധപുരം ശൈലിയിലുമാണ് സാക്ഷാത്കരിച്ചിരിക്കുന്നത്. ഈഴത്തും തമിഴകത്തും കേരളത്തിലും ഇന്ത്യൻ മഹാസമുദ്രപ്രാന്തങ്ങളിലുമായി ചെറിയ പ്രാദേശിക വഴക്കങ്ങളോടെ വികസിച്ച തേരാവാദബുദ്ധമതത്തിന്റെ അവിഭാജ്യ ശിൽപശൈലീകരണമാണിത്.

കരുമാടിക്കുട്ടന്റെ തോളും കൈയ്യും അടിച്ചുതകർത്ത നിലയിലാണ്. കൈയുടേതെന്നു പറയുന്ന ഒരു ചെറിയഭാഗം ഇപ്പോൾ വീണ്ടു കിട്ടിയിട്ടുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ഇടക്കാലത്ത് ടൂറിസം പ്രമോഷൻ കൗൺസിലും കരനാഥന്മാരും കൂടി കൃത്രിമക്കൈ ബുദ്ധന് വെച്ചു കൊടുക്കാനും മുതിർന്നിരുന്നു. ബഹുജന പ്രക്ഷോഭത്തിൽ അതുപേക്ഷിക്കപ്പെട്ടു. ശിൽപ ഛേദനത്തിന്റെ ഹിംസാ ചരിത്രത്തെ മായ്ക്കുന്ന തമസ്കരണ പരിപാടിയാണ് പുരാവസ്തുക്കളെ രൂപഭേദം വരുത്തൽ. വരേണ്യ ഉദ്യോഗസ്ഥ പ്രഭുക്കളുടെ ഭരണത്തിൻ കീഴിൽ നമ്മുടെ പുരാവസ്തു വകുപ്പും പല ബുദ്ധപ്രതിമകൾക്കും തലയും കാലും വെച്ചുപിടിപ്പിക്കുന്ന സമ്പ്രദായം നടത്തിയിട്ടുണ്ട്. തികച്ചും അപലപനീയവും ചരിത്രവിരുദ്ധവുമാണിത്തരം ഔദ്യോഗിക നീക്കങ്ങൾ.

ഇപ്പോൾ നാഗയക്ഷി എന്നപേരിൽ പല ശിൽപഭാഗങ്ങളുമായി കൂട്ടിയിട്ട് പൂമാലചാർത്തി ആരാധിക്ക പ്പെടുന്ന പട്ടണം നീലീശ്വര ക്ഷേത്രത്തിലെ കുളത്തിനടുത്തുള്ള ആലിൻ ചുവട്ടിലെ ബുദ്ധന്റെ അരക്കു മേലോട്ടുള്ള ഭാഗവും അപ്രത്യക്ഷമാണ്. നീലീശ്വരം എന്ന സ്ഥലപ്പേര് എറണാകുളം ജില്ലയിൽതന്നെ പെരിയാറിന്റെ വടക്കേക്കരയിൽ കാലടക്ക് കിഴക്കായുണ്ട്.കാസർകോട്ടെ നീലേശ്വരത്തിനും ആദിയിൽ ബുദ്ധബന്ധംതന്നെയാകാം. പുത്തരെന്ന അപ്പരാണ് പിന്നീട് ശിവനും വിഷ്ണുവുമായി മാറിയത്. കാലടിയുടെ വടക്കുപടിഞ്ഞാറായി നിരവധി ചേരി/ശേരി പേരുകൾ ഉള്ള നെടുമ്പാശ്ശേരി ഭാഗത്തേക്കു പോകുമ്പോൾ നീലംകുളങ്ങര ക്ഷേത്രവുമുണ്ട്. നീലൂർ, നീലമ്പേരൂർ എന്നിങ്ങനെ നീലനെചേർത്തുള്ള സ്ഥലപ്പേരുകൾ കേരളത്തിൽ നിരവധിയാണ്. നീലൻ എന്ന പേരും കുട്ടൻ, പുത്തൻ, അപ്പൻ, അച്ചൻ, അയ്യൻ, എന്നിവ പോലെതന്നെയുള്ള ശാക്യമുനിയുടെ ഒരു ഗ്രാമ്യനാമങ്ങളാണ്.!

(തുടരും)

Comments

comments