Smiley face
Published On: Fri, May 19th, 2017

കുടുംബത്തില്‍ പിറന്ന കുറച്ച് പേര്‍ മതിയെന്ന് അവര്‍ വിചാരിച്ചിക്കും: മാലാ പാര്‍വ്വതി | Noted artist activist Maala Parvathi alleges politics behind excluding her from women in film initiative

mala parvathi

വുമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ രൂപീകരണ വേളയില്‍ സിപിഐഎമ്മിനും മുഖ്യമന്ത്രിക്കും അനഭമിതരായ സിനിമാ പ്രവര്‍ത്തകരെ ഒഴിവാക്കിയെന്ന ആരോപണവുമായി നടിയും ആക്ടിവിസ്റ്റുമായ മാലാ പാര്‍വ്വതി. തന്നെ ഒഴിവാക്കിയതില്‍ രാഷ്ട്രീയമുണ്ടെന്ന് കരുതുന്നതായി ഭാഗ്യലക്ഷമി പ്രതികരിച്ചതിന് പിന്നാലെ അതേ കാരണമാവാം തന്നെയും ഒഴിവാക്കിയതിന് പിന്നിലെന്ന് നടി മാലാ പാര്‍വ്വതി പറഞ്ഞു. സംഘടനയുമായി ബന്ധപ്പെട്ട യാതൊന്നും തനിക്ക് അറിയില്ലെന്ന് മാലാ പാര്‍വ്വതി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. സാമൂഹിക വിഷയങ്ങളില്‍ സ്വതന്ത്ര നിലപാട് എടുക്കുന്നവരെ ഉള്‍പ്പെടുത്തിയാല്‍ മുഖ്യമന്ത്രിയില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കില്ലെന്ന് സംഘടന രൂപീകരിച്ചവര്‍ കരുതി കാണുമെന്ന് മാലാ പാര്‍വ്വതി പറഞ്ഞു.

എനിക്ക് ആ സംഘടനയെ പറ്റി ഒന്നും അറിയില്ല. മാധ്യമങ്ങളില്‍ നിന്നാണ് സംഘടനയെ പറ്റി അറിയുന്നത്. എല്ലാവരും സംഘടന രൂപീകരിച്ചതില്‍ എന്റെ പങ്കുണ്ടെന്ന് കരുതി എന്നെ വിളിച്ച് അഭിനന്ദിക്കുന്നു. എല്ലാവര്‍ക്കും വേണ്ടി അങ്ങനെ ഒരു സംഘടനയുണ്ടാവുന്നത് നല്ലതല്ലേ. പക്ഷേ ഞാന്‍ ഒന്നും അറിഞ്ഞിരുന്നില്ല. സിനിമയില്‍ ഞാനൊരു പുതുമുഖമാണ്. എന്നെ ഒഴിവാക്കിയതില്‍ എനിക്ക് അത്ഭുതമൊന്നുമില്ല. ഭാഗ്യലക്ഷ്മിയെ ഒഴിവാക്കിയതിലാണ് എനിക്ക് അത്ഭുതം. പിന്നെ അഭിപ്രായം പറയുന്നവരൊന്നും വേണ്ടെന്ന് അവര്‍ തീരുമാനിച്ച് കാണും. എല്ലാത്തിലും കേറി അഭിപ്രായം പറയുന്നവരൊന്നുമല്ലാതെ കുടുംബത്തില്‍ പിറന്ന കുറച്ച് പേര്‍ മതിയെന്ന് അവര്‍ വിചാരിച്ചിക്കും.

സിപിഐഎമ്മിനും മുഖ്യമന്ത്രിക്കും ഒക്കെ അനഭിമതരായിട്ടുള്ളവരെ വേണ്ടെന്ന് വെക്കുന്നതായിരിക്കും സംഘടനയ്ക്ക് നല്ലതെന്ന് അവര്‍ കരുതി കാണും. എന്റെ വ്യക്തിപരമായ അഭിപ്രായമാണിത്. ഞാന്‍ സിപിഐഎമ്മിന് അനഭിമതയാണെന്നാണ് ഞാനിപ്പോള്‍ മനസിലാക്കുന്നത്. മുഖ്യമന്ത്രിക്ക് ഞങ്ങളെ സഹകരിപ്പിക്കുന്നതില്‍ താത്പര്യമില്ലായിരിക്കാം. ഞങ്ങളെടുത്ത നിലപാടുകളോട് യോജിക്കാനാകാത്തതിനാല്‍ ആവാം ഇത്തരമൊരു സംഘടന രൂപീകരിച്ചത്. അവര്‍ക്ക് ഇഷ്ടമുള്ളവരെ അവര്‍ ചേര്‍ക്കട്ടെ.

ഞാന്‍ സിനിമയില്‍ പ്രശസ്തയല്ലാത്ത ഒരാളാണ്. സാമൂഹിക കാര്യങ്ങളില്‍ ഇടപെടാനാണ് എനിക്ക് താത്പര്യം. സെലിബ്രിറ്റിക്ക് ദുരനുഭവമുണ്ടാകുമ്പോള്‍ മാത്രം എന്തിന് ഇത്ര ബഹളമുണ്ടാക്കുന്നു എന്ന് ചോദിച്ചയാളാണ് ഞാന്‍. കേരളത്തിലെ എല്ലാ കാര്യങ്ങള്‍ക്കും രാഷ്ട്രീയമുണ്ട്. എന്നെയടക്കമുള്ളവരെ സഹകരിപ്പിച്ചാല്‍ മുഖ്യമന്ത്രിയില്‍ നിന്നും നല്ല പ്രതികരണം ലഭിക്കില്ലെന്ന് കരുതിയാവാം എന്നെ ഒഴിവാക്കിയതെന്ന് എനിക്ക് തോന്നുന്നു.

സംഘടന ഭാരവാഹികള്‍ ആരും ഇതേ വരെ തന്നോട് ഇതിനെപ്പറ്റി സംസാരിച്ചിട്ടില്ല. പ്രശ്തരായവര്‍ മാത്രമാണ് ഇപ്പോള്‍ മുഖ്യമന്ത്രിയെ കണ്ടിരിക്കുന്നത്. സംഘടനയുമായി സഹകരിക്കുന്ന കാര്യത്തിലൊന്നും ഇപ്പോള്‍ അഭിപ്രായം പറയാനാവില്ലെന്നും പാര്‍വ്വതി പറഞ്ഞു.

സിപിഐഎം നേതാവ് ഉള്‍പ്പെട്ട വടക്കാഞ്ചേരി പീഢന ആരോപണത്തിലും നടി ആക്രമിക്കപ്പെട്ട സംഭവത്തിലും പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ ഭാഗ്യലക്ഷ്മിയും പാര്‍വ്വതിയും പരസ്യനിലപാടെടുത്തിരുന്നു. ജിഷ്ണുവിന്റെ അമ്മയുടെ കത്തും വിദ്യാര്‍ത്ഥി സമരങ്ങളും ആസ്പദമാക്കി ‘എല്‍ഡിഫ് വരും എല്ലാം ശരിയാവും’ എന്ന തെരഞ്ഞെടുപ്പ് കാലത്തെ മുദ്രാവാക്യത്തെ പരാമര്‍ശിച്ച് പാര്‍വ്വതി എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നു. ”എല്ലാം ശരിയാകും എന്നത് വെറും തോന്നലായിരുന്നു” എന്ന വരികളോടെയാണ് പോസ്റ്റ് തുടങ്ങിയത്.

തൃശൂരില്‍ നടന്ന അന്താരാഷ്ട്ര നാടകോത്സവത്തില്‍ കെആര്‍ രമേഷിന്റെ ‘രണ്ട് മുറി, അടുക്കള’ എന്ന നാടകം എടുക്കാത്തത് അദ്ദേഹം ദളിതനായതുകൊണ്ടാണെന്ന ആരോപണവും പാര്‍വ്വതി ഉന്നയിച്ചിരുന്നു. വടാക്കേഞ്ചേരി കൂട്ട ബലാല്‍സംഗ ഇരയോട് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയ പേരാമംഗലം സിഐക്കെതിരെയും പാര്‍വ്വതി പ്രതികരിച്ചിരുന്നു.

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.