Smiley face
Published On: Sat, Jun 10th, 2017

ജി.എസ്.ടിയുടെ മറവിൽ സാന്റിയാഗോ മാർട്ടിനും ലോട്ടറി മാഫിയയും തിരിച്ചുവരുന്നു | GST bill and lottery mafiya

gst

തട്ടിപ്പും വെട്ടിപ്പും നടത്തി നിരവധി കുടുംബങ്ങളെ കുത്തുഓലയെടുപ്പിച്ച നിരോധിക്കപ്പെട്ട അന്യ സംസ്ഥാന വ്യാജലോട്ടറികളും സ്വകാര്യ ലോട്ടറികളും ജി.എസ്.ടിയുടെ മറവിൽ തിരിച്ചുവരുമോ എന്ന ആശങ്ക ശക്തമാകുന്നു.

2005ലെ പേപ്പർ ലോട്ടറി ആക്ട് പ്രകാരം സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറികളും സ്വകാര്യ ലോട്ടറികളും നിരോധിച്ചിരിക്കയാണ്. എന്നാൽ ജി.എസ്.ടിയിൽ ലോട്ടറി ഉൾപ്പെടുത്തിയതോടെ ലോട്ടറി കേന്ദ്ര സർക്കാരിന്റെ ഗാംബ്ലിംഗ് ആൻഡ് ലോട്ടറി ആക്ടിന്റെ പരിധിയിലേക്ക് വരും. അതോടെ സംസ്ഥാനത്തിന്റെ  പേപ്പർ ലോട്ടറി ആക്ട് അപ്രസക്തമാകും.

നിലവിൽ ലോട്ടറിയെ ഒരു ഉത്പന്നമോ, സേവനമോ ആയി അംഗീകരിച്ചിട്ടില്ല. ഇത്തരത്തിൽ നിരവധി കോടതി വിധികളുമുണ്ട്. ഈ സാഹചര്യത്തിൽ ലോട്ടറിയെ ചരക്ക് സേവനനികുതിയിൽ ഉൾപ്പെടുത്തുന്നതിന് സാങ്കേതിക തടസങ്ങളുണ്ട്. ഇത് മറികടക്കാൻ ഇന്ത്യൻ ചൂതാട്ട, ലോട്ടറി നിയന്ത്രണ നിയമത്തിൽ മാറ്റം വരുത്താനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. പ്രൈസ് മണി, ഗവൺമെന്റ് നികുതികൾ, ഓപ്പറേറ്റർ മാർജിൻ തുടങ്ങി മൂന്ന് തരത്തിലുള്ള നികുതിയാണ് ലോട്ടറിക്കുള്ളത്. ഇത് മൂന്നും ചേർത്ത് മുഖവില കണക്കാക്കിയാണ് ലോട്ടറിയുടെ ജി.എസ്.ടി നിശ്ചയിച്ചത്. ജി.എസ്.ടി സ്ലാബിലെ ഏറ്റവും ഉയർന്ന നിരക്കായ 28 ശതമാനം നികുതിയാണ് ലോട്ടറിക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

santiyago martin 2

അരലക്ഷം കോടിയുടെ ബിസിനസ് നടക്കുന്ന ലോട്ടറിക്ക് പരമാവധി ജി.എസ്.ടി ഏർപ്പെടുത്തിയതോടെ വൻ വരുമാനമാണ് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഗണ്യമായ വിഹിതം സംസ്ഥാനങ്ങൾക്കും കിട്ടും. എന്നാൽ ഇതിന്റെ മറവിൽ ലോട്ടറിമാഫിയ അഴിഞ്ഞാടാനുള്ള സാദ്ധ്യതയും അതുണ്ടാക്കാവുന്ന ക്രമസമാധാനപ്രശ്നങ്ങളും ജി.എസ്.ടി കൗൺസിൽ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.

സിക്കിം, ഗോവ, നേപ്പാൾ, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളും ഭൂട്ടാനും ലോട്ടറി നേരിട്ട് നടത്താതെ സ്വകാര്യസ്ഥാപനങ്ങളെ നടത്തിപ്പ് ഏല്പിക്കുന്ന രീതിയാണുള്ളത്. ഇതിന്റെ മറവിലാണ് സാന്റിയാഗോ മാർട്ടിനെപ്പോലുള്ള വൻകിട ലോട്ടറി ഏജൻസികൾ സംസ്ഥാനത്ത് വൻതട്ടിപ്പ് നടത്തിയത്. കേരളത്തിൽ മാത്രം 4,500 കോടിയുടെ ലോട്ടറി തട്ടിപ്പ് നടന്നതായാണ് കണക്ക്. മറ്റ് സംസ്ഥാനങ്ങളിലെ തട്ടിപ്പ് ഇതിന്റെ പതിന്മടങ്ങാണ്. ഇതേ തുടർന്നാണ് സംസ്ഥാനത്ത് പേപ്പർ ലോട്ടറി നിയമം കൊണ്ടുവന്ന് മറ്റ് ലോട്ടറികളെ നിരോധിച്ചത്. പല സംസ്ഥാനങ്ങളിലും ലോട്ടറി മാഫിയയ്‌ക്കെതിരെയുള്ള കേസുകൾ തുടരുകയാണ്.

lottery

സംസ്ഥാന സർക്കാർ സുതാര്യമായും സാമൂഹ്യക്ഷേമ പദ്ധതികളുമായി ബന്ധിപ്പിച്ചും നികുതിയിളവുകൾ നൽകി നടത്തിയ സ്വന്തം ലോട്ടറികൾ വൻവിജയമാവുകയും ചെയ്തു. ശരാശരി നാലായിരം കോടി രൂപയുടെ വാർഷിക വരുമാനവും 1.25 ലക്ഷം പേർക്ക് തൊഴിലും നൽകുന്ന ലോട്ടറി മേഖല ജി.എസ്.ടി വരുമ്പോൾ പിടിവിട്ടുപോകുമോയെന്ന ഭീതിയിലാണ് സംസ്ഥാനം.

ലോട്ടറിയെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയതിലൂടെ കിട്ടാനിടയുള്ള അധികവരുമാനം വേണ്ടെന്ന് വയ്ക്കാൻ സർക്കാർ തയ്യാറാണെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വാദം അംഗീകരിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിൽ ജി.എസ്.ടിയുടെ മറവിൽ ലോട്ടറി മാഫിയകൾ തിരിച്ചു വരുന്നത് തടയാൻ എന്ത് ചെയ്യാനാകുമെന്ന് പരിശോധിക്കാൻ ധനമന്ത്രി ലോട്ടറി ഡയറക്ടറേറ്റിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.