Smiley face
Published On: Sat, Jun 10th, 2017

‘ദൈവത്തിനും എക്‌സ്പയറി ഡേറ്റുണ്ട്; സമൂഹം പുരോഗമിക്കുമ്പോള്‍ ദൈവം മരിക്കേണ്ടിവരും: കമല്‍ഹാസൻ | Intervew of Kamalhasan by M.Swaraj MLA

യുവധാര മാസികയ്ക്കു വേണ്ടി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന എം സ്വരാജ് എം എൽ എ നടത്തിയ അഭിമുഖത്തിൽ നിന്ന്

‘ചലച്ചിത്രലോകം എന്നും താരപ്പൊലിമയുള്ളതാണ്. അപൂര്‍വ്വശോഭയുള്ള പല നക്ഷത്രങ്ങളെയും അവിടെ നമ്മള്‍ കണ്ടിട്ടുണ്ട്. സൂപ്പര്‍താരം, മെഗാതാരം എന്നിങ്ങനെയുള്ള വിശേഷണങ്ങളാല്‍ അറിയപ്പെടുന്ന നിരവധി താര രാജാക്കന്മാരും താരറാണിമാരും നമുക്കുണ്ട്. ചിലര്‍ വിശേഷണങ്ങള്‍ സ്വയം എടുത്തണിയുന്നു. ചിലര്‍ക്കത് കാലം ചാര്‍ത്തിക്കൊടുക്കുന്നു. അവരില്‍ നിന്നെല്ലാം അസാധാരണമായ തലയെടുപ്പോടെ വേറിട്ടു നില്‍ക്കുന്ന മഹാനടനാണ് കമല്‍ ഹാസന്‍.

ഇന്ത്യന്‍ സിനിമയുടെ ഉയരങ്ങളില്‍ താരപ്രഭയോടെ നില്‍ക്കുമ്പോഴും മനുഷ്യപക്ഷത്ത് അടിയുറച്ചു നില്‍ക്കാനും പച്ചമനുഷ്യനായി ചിന്തിക്കാനും പെരുമാറാനും കഴിയുന്നുവെന്നതും കമല്‍ഹാസനെ വ്യത്യസ്തനാക്കുന്നുണ്ട്. അഭിനയ സപര്യയില്‍ അരനൂറ്റാണ്ട് പിന്നിടുമ്പോഴും, പുരസ്‌കാരങ്ങളുടെയും അംഗീകാരങ്ങളുടെയും നടുവില്‍ വീര്‍പ്പുമുട്ടുമ്പോഴും ഈ മഹാനടന്‍ മണ്ണില്‍ത്തന്നെ ചവിട്ടിനില്‍ക്കുന്നു.

m-swaraj

ആള്‍വാര്‍പേട്ടിലെ തന്റെ വീട്ടിലിരുന്ന് ഇന്ത്യന്‍ സിനിമയിലെ ഈ അത്ഭുത മനുഷ്യന്‍ യുവധാരയ്ക്കുവേണ്ടി സംസാരിക്കുകയാണ്. ഒഴിഞ്ഞുമാറലുകളും, വളച്ചുകെട്ടലുകളുമില്ലാതെ സിനിമയെക്കുറിച്ച്, സമൂഹത്തെക്കുറിച്ച്, ജീവിതത്തെക്കുറിച്ച്…. ഹൃദയത്തില്‍ നിന്നുവരുന്ന ആ വാക്കുകളിലൂടെ…’

അഭിമുഖത്തിന്റെ പൂര്‍ണരൂപം

?) അടുത്തിടെ നമ്മുടെ രാജ്യത്ത് ഒരു വധശിക്ഷ നടപ്പാക്കിയിരിക്കുന്നു. ‘വിരുമാണ്ടി’യുടെ സംവിധായകന്‍ കൂടിയായ താങ്കളുടെ പ്രതികരണത്തില്‍ നിന്ന് ഈ അഭിമുഖം ആരംഭിക്കാമെന്ന് തോന്നുന്നു.

 എന്റെ അഭിപ്രായം മേമന്റെ കാര്യത്തില്‍ മാത്രമല്ല. മേമന്‍ ഒരു വ്യക്തിയാണ്. ഐ ആം എഗയിന്‍സ്റ്റ് ഡെത്ത് സെന്റന്‍സ്. കാരണം നിയമം എന്നത് ഒരിക്കലും തെറ്റുപറ്റാത്ത ഒന്നല്ല. ഡാര്‍വ്വിന്റെ കാര്യത്തില്‍ സംഭവിച്ചതുപോലെ എല്ലാ അപമര്യാദയും ചെയ്ത ശേഷം 150 വര്‍ഷം കഴിഞ്ഞ് സോറി പറഞ്ഞിട്ട് കാര്യമില്ല. മിസ്റ്റേക്ക് ഈസ് ഡണ്‍. അതുപോലെയാണ് ഇതും. സോ ഇറിവേഴ്‌സിബിള്‍ ആയി ഒരു ശിക്ഷ വിധിക്കാന്‍ പാടില്ല എന്നാണെന്റെ അഭിപ്രായം. ഇതു ഞാന്‍ മാത്രം പറയുന്നതല്ല. പലരും.. പ്രത്യേകിച്ച് ഇടതുപക്ഷം ഈ നിലപാട് ശക്തമായി പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ എനിക്കും അതേ അഭിപ്രായമാണ് ഉള്ളത്.

മേമനെ മാത്രമല്ല. ആരെയും തൂക്കിക്കൊല്ലാന്‍ നമുക്കവകാശമില്ല. പതിനായിരം വര്‍ഷത്തെ പഴക്കമുള്ള നാഗരികതയെകുറിച്ചൊക്കെ നമ്മള്‍ അഭിമാനിക്കുമ്പോള്‍ ഇത്തരത്തിലുള്ള ക്രൂരതകള്‍ ഇനിയെങ്കിലും ഒഴിവാക്കാന്‍ കഴിയണം. ഭരണകൂടത്തിന്റെ കൊലപാതകമാണ് വധശിക്ഷ. അതിന് നീതീകരണമില്ല.

 ?) ചെറിയ കുട്ടിയായിരിക്കുമ്പോള്‍ ‘എനിക്ക് ബ്രാഹ്മണനാകണ്ട, മനുഷ്യനായാല്‍ മതി’ എന്നു പറഞ്ഞ് വാശിപിടിച്ച് ഉപനയനം ഉപേക്ഷിച്ചതിനെക്കുറിച്ച് കേട്ടിട്ടുണ്ട്….

ശരിയാണ്. അങ്ങനെയൊരു സംഭവമുണ്ട്. ഉപനയനം നടത്താനായി എന്നെ തിരുപ്പതിയില്‍ കൊണ്ടുപോയപ്പോഴാണ് അവിടെ വെച്ച് ഞാന്‍ അങ്ങനെ പറഞ്ഞത്. എന്റെ അച്ഛന്‍ ഒരു പുരോഗമന ചിന്താഗതിയുള്ള കോണ്‍ഗ്രസ്സുകാരനായിരുന്നു. തിരുപ്പതിയില്‍വെച്ച് ഞാന്‍ അച്ഛനോട് ചോദിച്ചു നിങ്ങളല്ലെ പറഞ്ഞത് ജാതിയൊന്നുമില്ലെന്ന്. പിന്നെയെന്തിനാണ് എന്നെ ജാതിയിലാക്കുന്നത്?. എനിക്ക് മനുഷ്യനായാല്‍ മതി ബ്രാഹ്മണനാവണ്ട. അന്നെനിക്ക് 11 വയസ്സാണ് പ്രായം. ഞാനങ്ങനെ പറഞ്ഞപ്പോള്‍ അച്ഛനത് ഇഷ്ടമായി. എന്റെ തീരുമാനം അങ്ങനെയാണെങ്കില്‍ അതുമതി അവനെ നിര്‍ബന്ധിക്കണ്ട എന്ന് അച്ഛന്‍ പറഞ്ഞു. ഞാനന്നേയൊരു കലാകാരനായിരുന്നു. ടി.കെ.എസ് നാടകസമതിയിലൊക്കെ അഭിനയിക്കുമായിരുന്നു. അങ്ങനെകിട്ടിയ ഒരു കാഴ്ചപ്പാടുകൊണ്ടാകാം അന്ന് അങ്ങനെയൊരു തീരുമാനമെടുത്തത്. നാടകസമിതിയുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ് പുതിയ ലോകത്തെകുറിച്ച് മനസ്സിലാക്കിയത്. അഗ്രഹാരങ്ങളുടേത് തീരെ ചെറിയൊരു കൂടാണെന്ന് എനിക്ക് മനസ്സിലായി. ചെറിയ കൂടുകളിലല്ല വിശാലമായ സമൂഹത്തിലാണ് മനുഷ്യര്‍ ജീവിക്കേണ്ടത്.

?) ചലച്ചിത്രലോകം കീഴടക്കിയ കമല്‍ഹാസന്‍ സ്‌കൂളിലും കോളേജിലുമൊന്നും പഠിച്ചിട്ടില്ല എന്നത് ആശ്ചര്യമായി തോന്നുന്നു.

ഞാന്‍ എട്ടാം ക്ലാസ്സുവരെ പഠിച്ചിട്ടുണ്ട്. ഞാനന്ന് ഗൗരവമായി ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്ന സമയമാണ്. സ്‌കൂള്‍ വിദ്യാഭ്യാസം എന്റെ ഡാന്‍സ് പ്രാക്ടീസിന് തടസ്സമായി മാറി. എന്റെ ഡാന്‍സ് പ്രാക്ടീസിന്റെ കോണ്‍സന്‍ട്രേഷന്‍ പോകുന്നു അതുകൊണ്ട് എനിക്ക് സ്‌കൂളില്‍ പോകണ്ട എന്നു പറഞ്ഞപ്പോള്‍ അച്ഛന്‍ ചിരിച്ചു. എന്റെ വര്‍ത്തമാനം അച്ഛന് ഇഷ്ടപ്പെട്ടു. ഇങ്ങനെയാരും പറയാറില്ലല്ലോ. തിരിച്ചല്ലേ പറയാറ്. വേണമെങ്കില്‍ ആന്ധ്രാ മെട്രിക് ട്രൈ ചെയ്യാം എന്നു പറഞ്ഞു. അതിന് നാല് മണിക്കൂര്‍ ട്യൂട്ടോറിയല്‍ കോളേജില്‍ പോയാല്‍ മതി. അങ്ങനെ ഒരു കൊല്ലം അതിനുപോയി. സത്യത്തില്‍ സ്‌കൂള്‍ പഠനത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ഒരു തന്ത്രം മാത്രമായിരുന്നു അത്. ഒരുകൊല്ലം കഴിഞ്ഞപ്പോള്‍ അതും നിര്‍ത്തി. സ്‌കൂള്‍ വിദ്യാഭ്യാസം എനിക്കാവശ്യമില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഞാന്‍ വളരെ സീരിയസായി തന്നെ ഡാന്‍സ് പ്രാക്ടീസ് തുടര്‍ന്നു. അതായിരുന്നു എന്റെ മേഖല.

?) എനിക്ക് പഠിക്കണ്ട, കളിച്ചാല്‍ മതി എന്നൊരു കുട്ടി പറയുന്നു. വിദ്യാസമ്പന്നരായ രക്ഷിതാക്കള്‍ അത് സമ്മതിക്കുന്നു. ഇത് അവിശ്വസനീയമായി തോന്നുന്നു. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ കമല്‍ഹാസനില്‍ രക്ഷിതാക്കള്‍ അത്രമാത്രം വിശ്വാസം അര്‍പ്പിച്ചിരുന്നു. അല്ലെങ്കില്‍ കമല്‍ഹാസനെന്ന കുട്ടിയിലുള്ള കഴിവുകള്‍ അവര്‍ തിരിച്ചറിഞ്ഞിരുന്നു

എന്നോട് അച്ഛന് അത്രയ്ക്ക് സ്‌നേഹമായിരുന്നു. അതുമാത്രമല്ല, ഞാനന്നേ ഒരു ആക്ടര്‍ ആയിരുന്നതുകൊണ്ട് എന്റെ പറച്ചില്‍ കുറച്ച് പവര്‍ഫുള്ളായിരുന്നു. അത് അവര്‍ വിശ്വസിച്ചുപോയിരുന്നു. അതൊരു വലിയ കാര്യമാണ്. എന്റെ കുട്ടികളില്‍ അവരുടെ 16ാമത്തെ വയസ്സില്‍ ഞാന്‍ അര്‍പ്പിച്ച വിശ്വാസമാണ് എന്റെ രക്ഷിതാക്കള്‍ എന്റെ 11ാമത്തെ വയസ്സില്‍ പ്രകടിപ്പിച്ചത്. അക്കാലത്ത് ഒരു ക്രിസ്ത്യന്‍ ആര്‍ട്‌സ് ആന്റ് കമ്യൂണിക്കേഷന്‍ സെന്ററില്‍ ക്രിസ്ത്യന്‍ പ്രൊപ്പഗാന്റയ്ക്ക് വേണ്ടിയുള്ള നാടകങ്ങളില്‍ ഞാന്‍ അഭിനയിച്ചിരുന്നു. ഒരു വൈഷ്ണവന്‍ ക്രിസ്ത്യന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ പോകുന്നത് അന്ന് ചിന്തിക്കാനാവാത്ത കാര്യമാണ്. പക്ഷെ എന്റെ രക്ഷിതാക്കള്‍ ഒരു എതിര്‍പ്പും പ്രകടിപ്പിച്ചില്ല. ഒന്നരവര്‍ഷത്തോളം ഞാനാ ജോലിയില്‍ തുടര്‍ന്നു.

?)മകനോടുള്ള വിശ്വാസം കാരണം കുട്ടിക്കാലത്തു തന്നെ കമല്‍ഹാസന് വീട്ടില്‍ നിന്ന് അതിരുകളില്ലാത്ത സ്വാതന്ത്ര്യമാണ് ലഭിച്ചത്.

തീര്‍ച്ചയായും. അക്കാലത്ത് ഡാന്‍സ് പ്രാക്ടീസും നാടകവുമൊക്കെയായി നടക്കുമ്പോള്‍ ഇങ്ങനെ ഡാന്‍സിന്റെ പുറകെ മാത്രം നടന്നാല്‍ മതിയോ എന്തെങ്കിലും ഒരു തൊഴില്‍ പഠിക്കണ്ടേ, എന്ന് ഒരിക്കല്‍ അമ്മ എന്നോട് ചോദിച്ചു. ഉടനെ ഇവിടെ അടുത്തുള്ള ഒരു ബാര്‍ബര്‍ ഷോപ്പില്‍ ഞാന്‍ ചെന്നു. എന്നെ മുടിവെട്ടുന്നത് പഠിപ്പിക്കണം എന്ന് അവിടുള്ള ആളോടു പറഞ്ഞു. അയാള്‍ എന്റെയൊരു ഫ്രണ്ടാണ്. നാഗരാജന്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്. പക്ഷെ അയാള്‍ സമ്മതിക്കുന്ന മട്ടില്ല. കട അടച്ച് പൂട്ടേണ്ടിവരുമെന്ന് പേടിച്ച് പേടിച്ച് പറഞ്ഞു. എന്നാല്‍ ഞാന്‍ വിട്ടില്ല നിര്‍ബന്ധിച്ച് അദ്ദേഹത്തെക്കൊണ്ട് ബാര്‍ബര്‍ പണി ഞാന്‍ പഠിച്ചെടുത്തു. തുടര്‍ന്ന് അവിടെ തന്നെ ഞാന്‍ ബാര്‍ബറായി പണിയെടുക്കാന്‍ തുടങ്ങി. നാലഞ്ചു മാസക്കാലം ആ സലൂണിലെ ഒരു ബാര്‍ബറായിരുന്നു ഞാന്‍. അതുകഴിഞ്ഞാണ് അമ്മയൊക്കെ ഇത് അറിയുന്നത്. പക്ഷെ അപ്പോള്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല. എന്നാല്‍ പിന്നെ അവിടെ തുടരാന്‍ നാഗരാജന്‍ സമ്മതിച്ചില്ല. ഇനി കസ്റ്റമറായി വന്നാല്‍ മതി. ജോലിക്കാരനായി വരണ്ട എന്ന് തീര്‍ത്തുപറഞ്ഞു. എന്നെങ്കിലും അമ്മയ്ക്ക് ദേഷ്യം വരും. അതുകൊണ്ട് ഇനി വേണ്ടെന്നു പറഞ്ഞു. അന്നെനിക്ക് 16 വയസ്സാണ് പ്രായം. വറുമയിന്‍ നിറം സിവപ്പ് എന്ന ചിത്രത്തിലെ ഒരു സീനില്‍ ആ ബാര്‍ബര്‍ഷോപ്പ് കാണിക്കുന്നുണ്ട്. ആ സലൂണ്‍ ഉണ്ടായിരുന്ന സ്ഥലത്താണ് ഇപ്പോള്‍ എന്റെ ഡയറക്ഷന്‍ ഡിപ്പാര്‍ട്ടമെന്റുള്ളത്. നിങ്ങള്‍ ശരിയായി ജോലി ചെയ്തിട്ടില്ലെങ്കില്‍ ഇവിടെ വീണ്ടും സലൂണ്‍ തുടങ്ങേണ്ടിവരുമെന്ന് ഇപ്പോഴും തമാശയായി എന്റെ സഹപ്രവര്‍ത്തകരോട് ഞാന്‍ പറയാറുണ്ട്. (ചിരിക്കുന്നു).

?) ജാതി മത സങ്കുചിതത്വങ്ങളെ എന്നും കമല്‍ഹാസന്‍ എതിര്‍ത്തിട്ടുണ്ട്. യുക്തിവാദിസംഘം അവാര്‍ഡ് നല്‍കി താങ്കളെ ആദരിച്ചിട്ടുമുണ്ട്…

ഞാന്‍ ഒരു യുക്തിവാദിയല്ല. എതീസ്റ്റ് എന്ന പൊസിഷന്‍ ഞാന്‍ ഏല്‍ക്കുന്നില്ല. അത് തീയിസ്റ്റ് കൊടുത്ത ഒരു ഓപ്പോസിറ്റ് വാക്കാണ്. ആസ്തികത്തിന്റെ എതിര്‍ പദമാണ് നാസ്തികം. അതല്ല ഞാന്‍. രണ്ടിന്റെയും നടുവിലാണ് എന്റെ സ്ഥാനം. ന്യായം എവിടെയുണ്ടോ തീര്‍ച്ചയായും ഞാന്‍ അവിടെയുണ്ടാവും. ലോജിക്കും സത്യവും ഉള്ള സ്ഥലത്ത് ഞാനുണ്ടാവും. അവിടെ ഈ ആസ്തികന്‍ ഉണ്ടാവണമെന്നില്ല. അവര്‍ കള്ളം പറയും. ചര്‍ച്ചിനുവേണ്ടിയും തിരുപ്പതിക്കുവേണ്ടിയും മക്കയ്ക്കുവേണ്ടിയും അവരെന്തും പറയും. വേണമെങ്കില്‍ യുദ്ധം ചെയ്യും.
എന്റെ സഹോദരന്‍ ചാരുഹാസന്‍ ഒരു ഫിലോസഫര്‍ കൂടിയായിരുന്നു. അദ്ദേഹം യുക്തിചിന്ത ഉയര്‍ത്തിപ്പിടിച്ചിരുന്നു.

ഇ.വി.രാമസ്വാമി നായ്ക്കരുടെ പ്രസംഗങ്ങളെക്കുറിച്ചൊക്കെ എന്റെ അച്ഛന്‍ വീട്ടില്‍ സംസാരിക്കുമായിരുന്നു. അതൊക്കെ കേട്ടാണ് ഞാന്‍ വളര്‍ന്നത്. അതിന്റെയൊക്കെ സ്വാധീനം എന്നിലുമുണ്ട്. ഇ.വി.ആറിനെ എന്തുവേണമെങ്കിലും വിമര്‍ശിക്കാം.

പക്ഷെ അങ്ങനെയൊരാള്‍ കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു ഗാന്ധിജിയും അങ്ങനെയായിരുന്നു. നമുക്ക് ഗാന്ധിജിയെയും വിമര്‍ശിക്കാം. പക്ഷെ ആ കാലം ഒരു ഗാന്ധിയെ ആവശ്യപ്പെട്ടിരുന്നു. അവരെല്ലാം കാലത്തിന്റെ ആവശ്യമാണ്. ആ ആവശ്യത്തിന് ഗാന്ധിയെന്നോ, ഈ.വി.ആര്‍ എന്നോ ഒക്കെ നമുക്ക് പേരുകൊടുക്കാം. ഇവരൊന്നും അതിന് തയ്യാറായിരുന്നില്ലെങ്കില്‍ മറ്റൊരാള്‍ ആ സ്ഥാനത്ത് വരുമായിരുന്നു.

EMS

?)ഇ.എം.എസി നെക്കുറിച്ചും ഏറെ ആദരവോടെ മുന്‍പൊരിടത്ത് കമല്‍ഹാസന്‍ പറഞ്ഞിട്ടുണ്ട്.

എനിക്ക് 15/16 വയസ്സുള്ളപ്പോഴത്തെ ഒരനുഭവമാണ് അത്. അന്നെനിക്ക് രാഷ്ട്രീയത്തെക്കുറിച്ച് ഒന്നും അറിയില്ല. ആദ്യമായി തിരുവനന്തപുരത്ത് വന്നതാണ്. അന്ന് ഒരു പ്രസംഗം കേള്‍ക്കാന്‍ പോയി. അവിടെ വിക്കുള്ള ഒരാള്‍ സംസാരിക്കുന്നു. കേട്ടുനില്‍ക്കുന്ന ഒരുത്തനും ചിരിക്കുന്നില്ല. കുട്ടികള്‍പോലും ചിരിക്കുന്നില്ല. ആയിരക്കണക്കിനാളുകള്‍ നിശബ്ദമായി പ്രസംഗം കേട്ടുനില്‍ക്കുന്നു. ഞാന്‍ അന്തം വിട്ടുപോയി. തമിഴ്‌നാട്ടില്‍ ഇങ്ങനെയൊന്ന് സങ്കല്‍പ്പിക്കാനാവില്ല. എനിക്കു വലിയ അത്ഭുതം തോന്നി.

ഞാന്‍ പ്രത്യേകമായി രസകരമായ മറ്റൊരു കാര്യം നോട്ടുചെയ്യുകയും ചെയ്തു. ഇ.എം.എസ് ഒരു വാക്കു തുടങ്ങുന്നത് ‘ക’ എന്ന അക്ഷരത്തിലാണെങ്കില്‍ പക്ഷെ വിക്കുന്നത് ‘ഇ’ അക്ഷരത്തിലായിരിക്കും. ‘ക’ എന്നു തുടങ്ങുന്നൊരു വാക്കുപറയാന്‍ ‘ക’ എന്ന അക്ഷരത്തിലല്ലേ വിക്കേണ്ടത്.? എന്തിനാണ് ‘ഇ’ എന്ന അക്ഷരത്തില്‍ വിക്കുന്നത്?. പിന്നെയാണ് എനിക്ക് മനസ്സിലായത് അത് അടുത്തുവരുന്ന വാക്കിന്റെ ആദ്യത്തെ അക്ഷരമാണെന്ന്. എല്ലാ കാര്യത്തിലും അത്ര മുന്നിലേക്ക് നോക്കുന്ന ആളായിരുന്നു ഇ.എം.എസ്. ഡാന്‍സ് മാസ്റ്റര്‍ തങ്കപ്പന്‍ മാഷാണ് അത് ഇ.എം.എസ് ആണെന്ന് എനിക്ക് പറഞ്ഞു തന്നത്. ഒരു വിക്കുള്ള ആളിന്റെ പ്രസംഗം കേട്ടു എന്നു പറഞ്ഞപ്പോഴാണ് അങ്ങനെ പറയരുത് അത് ഇ.എം.എസ് ആണ് എന്ന് മാഷ് പറഞ്ഞുതന്നത്. ഇ.എം.എസ് മാത്രമല്ല ആ വലിയ ജനക്കൂട്ടത്തിലുള്ള മുഴുവന്‍ ആളുകളും എന്റെ ഹീറോകളായി മാറി. ഇ.എം.എസ് ഒരു ലജണ്ടറി പേഴ്‌സണാലിറ്റി ആയിരുന്നു.

?) ഒരുകാലത്ത് നവോത്ഥാന ചിന്തകളുടെ അഗ്‌നിപടര്‍ത്തിയ ഇ.വി. രാമസ്വാമി നായ്ക്കരുടെ നാടാണ് തമിഴകം. എന്നാല്‍ ഇപ്പോഴുമവിടെ അയിത്തം നിലനില്‍ക്കുന്നു. ജാതി മതിലുകള്‍ ഉയര്‍ന്നുനില്‍ക്കുന്നു. ഉത്തപുരത്തെ ജാതിമതില്‍ സി.പി.ഐ(എം) പൊളിച്ചുനീക്കിയത് സമീപകാലത്താണ്.

സത്യത്തില്‍ ഇതൊരു നാണക്കേടാണ്. എവിടെയോ ഒരു പോസ്റ്റര്‍ കണ്ടിട്ട് എന്റെ കുട്ടി എന്നോട് ചോദിച്ചു 24 മനൈ ചെട്ടിയാര്‍ എന്നു പറഞ്ഞാല്‍ എന്താണെന്ന്? ഞാന്‍ അന്തംവിട്ടുപോയി. എനിക്ക് ഒരുതരം പേടി തോന്നി. ഈ കുട്ടിയെ ഇതൊക്കെ ആരു പഠിപ്പിച്ചു. സ്‌കൂളില്‍ പഠിപ്പിച്ചതാണോ. ഞാന്‍ സ്‌കൂളിലേക്ക് ഫോണ്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു പോസ്റ്ററില്‍ കണ്ടതാണെന്ന്. ഇത്തരത്തില്‍ നിരവധി ജാതി സംഘടനകള്‍ ഇപ്പോള്‍ സജീവമാണ്. എല്ലായിടത്തും ജാതി കടന്നുവരികയാണ്. ഒരു ചരമകുറിപ്പ് വായിച്ചാലും, വിവാഹപരസ്യം വായിച്ചാലും അവിടെയെല്ലാം ജാതിയാണ്. ന്യൂസ് പേപ്പറുകള്‍ ഇതൊന്നും കൊടുക്കില്ലാ എന്നു പറയണം. രാഷ്ട്രീയക്കാര്‍ക്കും ഉത്തരവാദിത്തമുണ്ട്. നായര്‍, മാപ്പിള, ക്രിസ്ത്യന്‍ എന്നൊക്കെ കണക്കുനോക്കി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്ന ഏര്‍പ്പാട് അവസാനിക്കണം.

?)എന്തുകൊണ്ടാണ് തമിഴ്‌നാട്ടില്‍ നവോത്ഥാന ചിന്തകളുടെ സ്വാഭാവിക പരിണാമം സംഭവിക്കാതെപോയത്

അങ്ങനെ സംഭവിച്ചില്ല എന്നതാണ് സത്യം. പ്രതികൂലമായ രാഷ്ട്രീയ ഇടപെടലുകളാണ് പലപ്പോഴും ഉണ്ടായത്. മതരാഷ്ട്രീയം, ജാതിരാഷ്ട്രീയം ഇതെല്ലാം കൂടി വന്നപ്പോള്‍ ഇങ്ങനെയായി. ഭക്ഷണത്തില്‍ ഉപ്പും എരിവും കുറച്ചു കൂടുതല്‍ ചേര്‍ത്താല്‍ അത് വേഗത്തില്‍ കഴിക്കാം. അതുപോലെ രാഷ്ട്രീയത്തില്‍ ജാതിയും മതവും ചേര്‍ത്താല്‍ തല്‍ക്കാലത്തേക്ക് കുറച്ചു നേട്ടമൊക്കെയുണ്ടാവും. അത് ആരോഗ്യത്തിന് നല്ലതാണോ എന്ന് രോഗം വന്നതിനുശേഷം ഡോക്ടര്‍ പറയും. കമ്യൂണല്‍ എന്നു പറയുന്നത് കമ്യൂണിസ്റ്റ് എന്നു പറയുന്നതിനെക്കാള്‍ കംഫര്‍ട്ടാണ്. ഒരാള്‍ കമ്യൂണിസ്റ്റ് ആകണമെങ്കില്‍ അതിന് ചില ത്യാഗങ്ങളൊക്കെ ചെയ്യേണ്ടിവരും. വലിയ കഷ്ടപ്പാടുകളനുഭവിക്കേണ്ടി വരും. ജാതിയും മതവും പറയുന്നവര്‍ക്ക് ഇതൊന്നും വേണ്ട. സത്യമേവ ജയതേ എന്നു പറഞ്ഞാല്‍ പോരാ അങ്ങനെ ജീവിക്കണം. അത് എളുപ്പമല്ല. എല്ലാവര്‍ക്കും സത്യത്തെ മുറുകെപിടിച്ചുകൊണ്ട് ജീവിക്കാനാവില്ല.

evr

?) തമിഴകം മാറും എന്ന് കരുതുന്നുണ്ടോ ?

മാറണം. പ്രാര്‍ത്ഥിക്കുന്നത് നമ്മുടെ ഹാബിറ്റല്ലല്ലോ. ഇതൊക്കെ മാറണം ദൈവമേ എന്നു പ്രാര്‍ത്ഥിക്കുന്ന ആളല്ലല്ലോ ഞാന്‍. ഇതൊക്കെ മാറിയേ ഒക്കൂ എന്നതാണ് എന്റെ അഭിപ്രായം.

?) പ്രാര്‍ത്ഥിക്കുന്ന ആളല്ല എന്നുപറഞ്ഞു. ‘അന്‍പേ ശിവ’ത്തില്‍ പറയുന്ന ദൈവസങ്കല്‍പവും കമല്‍ഹാസന്റെ ദൈവസങ്കല്‍പവും തമ്മില്‍ യോജിച്ചുപോകുന്നുണ്ടോ ?

ദൈവം… എനിക്ക് ദൈവത്തിന്റെ ആവശ്യമില്ല. ഞാന്‍ കല്ലുമ്മക്കായ് കഴിക്കില്ല എന്നു പറയുന്നുവെന്ന് കരുതുക. അപ്പോള്‍ അയ്യോ അങ്ങനെ പറയാന്‍ പാടില്ല എന്നു മറ്റൊരാള്‍ പറയുന്നതുപോലെയാണ് ഇതും. ഐ ഡോണ്ട് ബിലീവ് ഇന്‍ ഗോഡ്. ഐ വില്ല് നോട്ട് ബി റ്റേക്കണ്‍, ഈവണ്‍ ഇഫ് പ്രൂവ്ഡ് ദാറ്റ് ദെയര്‍ ഈസ് എക്‌സിസ്റ്റന്‍സ്. എനിക്കതിന്റെ ആവശ്യമില്ല. അതാണ് ഞാന്‍ കല്ലുമ്മക്കായുടെ ഉദാഹരണം പറഞ്ഞത്. കല്ലുമ്മക്കായ ഒരു സോളിഡ് തിങ്ങാണ്. അതുണ്ട് എന്ന് തെളിയിക്കപ്പെട്ടതാണ്. ബട്ട് അതെനിക്ക് വേണ്ട എന്നു പറയുന്നത് എന്റെ നിലപാടാണ്. നാളെ ദൈവമുണ്ട് എന്ന് തെളിയിക്കപ്പെട്ടാലും എനിക്കാ ദൈവത്തെ വേണ്ട. അത്രയെ ഉള്ളൂ.

?) ഞാന്‍ മീന്‍കറി കഴിക്കും, പാമ്പുകറി കഴിക്കില്ല എന്നു പറയുന്നതുപോലെയാണ്. പാമ്പുകറി കഴിക്കുന്നവരുണ്ട്. ചൈനയില്‍ പോയാല്‍ അതു കാണാം. പക്ഷെ എനിക്ക് അതുവേണ്ട.’എനിക്ക് ദൈവത്തെ വേണ്ട’ ഇത് വളരെ ശക്തമായൊരു പ്രഖ്യാപനമാണ്. ഇങ്ങനെ കൃത്യമായിതന്നെ പറയുന്നതിന് കാരണങ്ങളുണ്ടാവും?

ഈ ലോകത്തിലുള്ള എല്ലാ വയലന്റ് ആക്ടിവിറ്റിയും… ഒരു മനുഷ്യന്‍ വേറൊരു മനുഷ്യനോട് കാണിക്കുന്ന ക്രൂരതയെല്ലാം ഈ ദൈവത്തിന്റെ പേരു പറഞ്ഞിട്ടാണ് ചെയ്യുന്നത്. നെക്‌സറ്റാണ് പൊളിറ്റിക്‌സ്. പിന്നെ ഹിറ്റ്‌ലര്‍ ചെയ്തിയില്ലേ എന്നു പറയും, നെപ്പോളിയന്‍ ചെയ്തില്ലേ, സ്റ്റാലിന്‍ ചെയ്തില്ലേ എന്നൊക്കെ പറയും. എന്നാല്‍ അതെല്ലാം മതം കഴിഞ്ഞെ വരൂ. റിലീജിയണ്‍ ആന്റ് ബീലീവ്‌സ് ഹാസ് ലെഡ് അസ് ടു കില്‍ ഈച്ച് അദര്‍. അതാണ് എന്റെ ദേഷ്യം. ക്രൂരതകളും കൊലകളും മാത്രമല്ല ബാമിയാനിലെ പ്രതിമകള്‍ക്ക് സംഭവിച്ചതൊക്കെ നമുക്കറിയാം. പരസ്പരം കൊല്ലാനും ക്രൂരത കാണിക്കാനുമാണ് മതവും വിശ്വാസവും മനുഷ്യനെ പഠിപ്പിക്കുന്നത്.

?) തമിഴ്‌നാട്ടില്‍ താരങ്ങളെ ദൈവങ്ങളാക്കി ക്ഷേത്രങ്ങളുയരുന്നത് പുതിയ വാര്‍ത്തയല്ല. നാളെ കമല്‍ഹാസനും ഒരു ദൈവമാകാം! ..

അതിലെനിക്കൊരു പേടിയുണ്ട്. അതിനു മുമ്പ് രാമസ്വാമി നായ്ക്കരെ ദൈവമാക്കാതിരുന്നാല്‍ കൊള്ളാം (ചിരിക്കുന്നു). താരക്ഷേത്രമെന്നുള്ളത് ചെറിയൊരു തമാശയാണ്. അത്രയേയുള്ളൂ. അതിന് സീരിയസ്‌നസ് ഇല്ല. അതുചെയ്യുന്നവര്‍ പോലും അത് സീരിയസായി എടുക്കുന്നില്ല. ദൈവഭക്തി എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു മനോരോഗമാണ്. ഭേദമാക്കാന്‍ പറ്റുന്ന ഒരു ന്യൂറോസിസ്. അതുള്ളവര്‍ മോശമാണെന്ന് ഞാന്‍ പറയില്ല. അവരും മനുഷ്യരല്ലേ. എന്റെ സഹോദരന്മാരല്ലേ. ബട്ട് ദെ ആര്‍ ഓള്‍ ക്യൂറബിള്‍. എന്റെ പേരില്‍ ക്ഷേത്രമൊന്നും ഒരിക്കലും ഞാന്‍ അനുവദിക്കില്ല എന്ന് എല്ലാവര്‍ക്കും അറിയാം.

ഞാന്‍ ഷൂട്ടിങ് ആവശ്യങ്ങള്‍ക്ക് അമ്പലങ്ങളില്‍ പോകാറുണ്ട്. അവിടുത്തെ വാസ്തുശില്‍പ ഭംഗി ആസ്വദിക്കാനും സുഹൃത്തുക്കളുടെ കൂടെ പോകാറുണ്ട്. അപ്പോള്‍ അവിടെ ആരെങ്കിലും വന്ന് ചിലപ്പോള്‍ ഒരു കുങ്കുമപൊട്ട് തൊട്ടുതരും. അതു സ്‌നേഹം കൊണ്ട് ചെയ്യുന്നതാണ്. അല്ലെങ്കില്‍ ഒരു മുത്തശ്ശി വന്ന് പ്രാര്‍ത്ഥിച്ചിട്ട് എന്റെ നെറ്റിയിലേക്ക് ഒരു കുറിയിട്ടു തരും. അതൊക്കെ ഞാന്‍ അപ്പോള്‍ തന്നെ അവരുടെ മുന്നില്‍ വെച്ച് തുടയ്ക്കണമെന്നില്ല. അത് ഞാനങ്ങനെ വിട്ടുകൊടുക്കും. അത് അവരുടെ സ്‌നേഹത്തിന് വിട്ടുകൊടുക്കും.
എല്ലാ ക്ഷേത്രങ്ങളും, ചര്‍ച്ചും, മോസ്‌ക്കുമെല്ലാം പൊളിച്ചുകളഞ്ഞാല്‍ കൊള്ളാം എന്നു പറയുന്ന ആളല്ല ഞാന്‍. ഐ അണ്ടര്‍സ്റ്റാന്റ് ഹിസ്റ്ററി. ഇവിടെയൊക്കെ വരുന്നവര്‍ക്ക് ലഭിക്കുന്ന സമാധാനവും എനിക്കറിയാം. മാനസികമായി ബുദ്ധിമുട്ടുള്ള ഒരാള്‍ക്ക് ഡെയസിപാം എങ്ങനെ ഉപകാരപ്പെടുന്നുവെന്ന് എനിക്ക് നന്നായി അറിയാം. ആ അര്‍ത്ഥത്തില്‍ വിശ്വാസം ഒരു ഗുളികയാണ്. ഒരു മരുന്നാണ്.

?) സമൂഹം സിനിമ വിശ്വാസം… കമല്‍ഹാസന്റെ വിശകലനവും, ചലച്ചിത്രകാരന്റെ ബാധ്യതയും?

എന്റെ ബാധ്യത സമൂഹത്തോടാണ്. തീര്‍ച്ചയായും സമൂഹത്തോടാണ്. സിനിമ ഒരു ടൂളാണ്. സിനിമ ഇല്ലെങ്കിലും ജീവിക്കാം. സീ… സിനിമയെന്നത് വളരെ പ്രധാനമാണ്. എനിക്കത് ഇഷ്ടമാണ്. വെന്‍ യു ലുക്ക് അറ്റ് എ ലാര്‍ജര്‍ പിക്ചര്‍.. സൊസൈറ്റി ഈസ് മോര്‍ ഇംപോര്‍ട്ടന്റ്. കള്‍ച്ചറിനെക്കാളും.. നമ്മള്‍ സംസ്‌കാരം എന്നു പറയുന്നതിനെക്കാളും റിലീജിയനെക്കാളും ഇംപോര്‍ട്ടന്റാണ് സൊസൈറ്റി. സൊസൈറ്റിയെ സേഫ് ഗാര്‍ഡ് ചെയ്യാന്‍ ഒരു റിലീജിയണ്‍ മരിച്ചേ ഒക്കൂ എന്നാണെങ്കില്‍ അതിനെ കൊല്ലാം. അതുകൊണ്ട് സമൂഹം പുരോഗമിക്കുമെങ്കില്‍ പല മതങ്ങളും മരിക്കട്ടെ. മതങ്ങള്‍ക്കൊക്കെ എക്‌സ്പയറി ഡേറ്റുണ്ട്. റിച്ചാര്‍ഡ് ലാര്‍ഗിന്‍സ് പറഞ്ഞതാണ്. ദൈവങ്ങള്‍ക്കും എക്‌സ്പയറി ഡേറ്റുണ്ട്. അത് ഒരു മരുന്നാണ്. അത് മനോരോഗത്തിനുള്ള ഒരു മരുന്നാണ്. അതിന് എക്‌സ്പയറി ഡേറ്റുണ്ട്.

?) സമൂഹം പുരോഗമിക്കുമ്പോള്‍ ദൈവം മരിക്കേണ്ടിവരും?

തീര്‍ച്ചയായും. മരിക്കേണ്ടവരും. അങ്ങനെ മരിച്ചിട്ടുള്ള ദൈവങ്ങളുണ്ട്. ഒരുപാടുണ്ട്. കാണാതെ പോയ ദൈവങ്ങള്‍… പണ്ടുള്ള പല ദൈവങ്ങളും ഇന്നില്ല. മിഡില്‍ ഈസ്റ്റിലെ ചരിത്രത്തിലൊക്കെ അത് കാണാം.
ഇത്തരം കാര്യങ്ങളിലെല്ലാം കണിശമായ നിലപാടുകള്‍ സ്വീകരിക്കുകയും, തുറന്നുപറയുകയും ചെയ്യുന്നതിനാല്‍ കടുത്ത എതിര്‍പ്പുകളെ കമല്‍ഹാസന് നേരിടേണ്ടി വരാറുണ്ട്. ‘വിശ്വരൂപ’ ത്തിന്റെ പ്രദര്‍ശനം തടയാന്‍ കേരളത്തില്‍ വര്‍ഗ്ഗീയവാദികള്‍ ശ്രമിച്ചപ്പോള്‍ ഡി.വൈ.എഫ്.ഐയാണ് സംരക്ഷണം നല്‍കിയത്.

വിശ്വരൂപം കണ്ടാല്‍ ഞാന്‍ ഇപ്പോള്‍ ഈ പറഞ്ഞതിന്റെ പത്ത് ശതമാനം പോലുമില്ല. എന്നിട്ടും എതിര്‍പ്പുകള്‍ ഉണ്ടായി. തടയാന്‍ ശ്രമമുണ്ടായി. അന്ന് ഡി.വൈ.എഫ്.ഐയുടെ സംരക്ഷത്തോടെയാണ് ചിലയിടത്ത് പ്രദര്‍ശനം നടന്നത്. ഏതെങ്കിലും വിഭാഗത്തെ എതിര്‍ക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. എന്റെ വിശ്വാസമില്ലാത്തവര്‍ എനിക്ക് വിരോധികളല്ല. ഞാന്‍ അങ്ങനെ കാണുന്നില്ല. വേറെ കളര്‍ ഷര്‍ട്ടിട്ട ഒരാള്‍ എന്നപോലെ മാത്രം. അത് അവരുടെ സ്വാതന്ത്ര്യമാണ്. എതിര്‍പ്പുകള്‍ എല്ലാ കാര്യത്തിലുമുണ്ട്. എന്റെ ലൈഫു തന്നെ അത്തരം എതിര്‍പ്പുകളിലൂടെയാണ് മുന്നോട്ട് പോയിട്ടുള്ളത്. എന്റെ മകളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ മതം ഇല്ല എന്ന് രേഖപ്പെടുത്തിയപ്പോള്‍ അത് അങ്ങനെ പാടില്ലായെന്നാണ് അവിടുത്തെ ഉദ്യോഗസ്ഥന്റെ വാദം. ഞാന്‍ കോടതിയില്‍ പോകുമെന്ന് പറഞ്ഞു. അങ്ങനെയാണ് ജനനസര്‍ട്ടിഫിക്കറ്റില്‍ മതം രേഖപ്പെടുത്താതെ കിട്ടിയത്. ജാതിയും മതവും ചോദിക്കാത്ത ഒരു സ്‌കൂളിലാണ് ഞാന്‍ കുട്ടികളെ പഠിപ്പിച്ചത്. അങ്ങനെയൊക്കെയുള്ള സ്‌കൂളും നമുക്കിടയിലുണ്ട്.

?) മരണാനന്തരം മൃതദേഹം മെഡിക്കല്‍ കോളേജിന് നല്‍കുമെന്ന് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.

അതേ അതെ. പക്ഷെ നാളെ ഞാന്‍ മരിക്കുമ്പോള്‍ അതിന്റെ ആവശ്യം വരുമോ എന്ന് സംശയമാണ്. വലിയ വലിയ ടെക്‌നിക്കുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ മൃതശരീരം ഒരു എക്‌സസ് ഗാര്‍ബേജ് ആയി തോന്നിയാല്‍ അത് കത്തിച്ചുകളയാം. അല്ലെങ്കില്‍ കുഴിച്ചിടാം. എന്തും ചെയ്യാം. എന്നാല്‍ ഇഫ് ഇറ്റ് ഈസ് യൂസ്ഫുള്‍ ടു ഹ്യൂമന്‍ ബീയിങ്…. ഉപയോഗിക്കാം.

ചിലര്‍ ചോദിക്കാറുണ്ട് ഇതൊക്കെ ഒരു സെന്റിമെന്റല്‍ വിഷയമല്ലേ. നിങ്ങള്‍ക്ക് വിശ്വാസമില്ലായിരിക്കാം നിങ്ങളുടെ മക്കള്‍ ഇതൊന്നും ഇഷ്ടപ്പെടുന്നില്ലെങ്കിലോ? അതും കാണണ്ടേ? എന്നൊക്കെ. ഞാനവരോട് പറയാറുണ്ട് എന്റെ മക്കളൊക്കെ ആഗ്രഹിക്കുന്നത് എനിക്ക് സ്വര്‍ഗ്ഗം കിട്ടണമെന്നല്ലേ. എന്താണ് സ്വര്‍ഗ്ഗമെന്ന് ഞാന്‍ പറയാം കേട്ടോളൂ. എന്റെ ശരീരത്തില്‍ 15 മീറ്റര്‍ തൊലിയുണ്ട്. അതുകൊണ്ട് 7 കുഷ്ഠരോഗികള്‍ക്ക് ചെരുപ്പുണ്ടാക്കാന്‍ കഴിയുമെങ്കില്‍, ആ ചെരുപ്പിട്ട് അവര്‍ക്ക് ബുദ്ധിമുട്ടില്ലാതെ നടക്കാന്‍ കഴിയുമെങ്കില്‍ അതാണ് എന്റെ സ്വര്‍ഗ്ഗം. ആ സ്വര്‍ഗ്ഗത്തെകുറിച്ച് മനസ്സിലാകാത്തവര്‍ക്ക് ഒരു സ്വര്‍ഗ്ഗവും മനസ്സിലാവില്ല. ദാറ്റ് ഈസ് ദ പര്‍പ്പസ് ഓഫ് മൈ ലിവിങ്. ഞാന്‍ ഇന്‍കം ടാക്‌സ് അടയ്ക്കുന്നു, കാറുവാങ്ങിക്കുന്നു, എ.സി വെയ്ക്കുന്നു, ഞാന്‍ മധുരം കഴിക്കുന്നു…. പക്ഷെ ഞാന്‍ മറ്റുള്ളവര്‍ക്ക് വേണ്ടി എന്താണ് ചെയ്യുന്നത്? മറ്റുള്ളവരുടെ ദു:ഖം മനസ്സിലാക്കാനും അവര്‍ക്കുവേണ്ടി ജീവിക്കാനും കഴിയുന്നതാണ് സ്വര്‍ഗ്ഗം. എന്റെ ചര്‍മ്മം ചെരിപ്പാകുന്നുവെങ്കില്‍ മറ്റൊരാള്‍ക്ക് അത് ഉപകാരപ്പെടുമെങ്കില്‍ അതാണ് എന്റെ സ്വര്‍ഗ്ഗം. അതെന്റെ മകളോട് ഞാന്‍ പറഞ്ഞുകൊടുത്തിട്ടുണ്ട് അത് അവള്‍ക്ക് മനസ്സിലായിട്ടുമുണ്ട്. എന്റെ ശരീരം സംഭാവന ചെയ്യാനുള്ള രേഖയില്‍ സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത് അവളാണ്.

kamal-haasan-daughters-759

?) മരണത്തിലേക്കുള്ള യാത്രയാണ് ജീവിതമെന്ന് കസാന്‍ദ് സാക്കിസ് നിരീക്ഷിക്കുന്നുണ്ട്. കമല്‍ഹാസന് എന്താണ് ജീവിതം?

ഞാന്‍ മരണവും ജീവിതവും വേറെ വേറെ ചാപ്റ്ററായി കാണുന്നില്ല. മരണം ജീവിതത്തിന്റെ ഒരു ചാപ്റ്ററാണ്. അയാം ഓള്‍ റെഡി അക്‌സപ്റ്റഡ് ഇറ്റ്. അതുകൊണ്ടാണ് അതിനെപറ്റിയുള്ള ഡിസ്‌കഷന്‍ വളരെ എളുപ്പത്തില്‍ എനിക്ക് ചെയ്യാന്‍ കഴിയുന്നത്. ചിലരത് അവോയ്ഡ് ചെയ്യും. അതിനെക്കുറിച്ച് പറയാന്‍ മടിക്കും. പറയാന്‍ പാടില്ലായെന്നു പറയും. എനിക്ക് ആ പേടി ഇല്ല. ജീവിതത്തിന്റെ ഒരു ഭാഗമായി ഞാന്‍ മരണത്തെ ഉള്‍ക്കൊള്ളുന്നു. മരണത്തെ ഭയന്നിട്ട് കാര്യമില്ല. നിങ്ങള്‍ക്ക് മരണത്തെ നീട്ടിവെയ്ക്കാന്‍ കഴിഞ്ഞേക്കും ഒഴിവാക്കാന്‍ കഴിയില്ല. മറ്റൊരര്‍ത്ഥത്തില്‍ മരണത്തെ ഭയമില്ല എന്നു പറയുന്നത് കള്ളമാണുതാനും. ഭയമുണ്ടാകും. അതറിയാന്‍ ഒരു മിനുട്ട് സമയം നമ്മുടെ മൂക്ക് ഒന്ന് അമര്‍ത്തിപിടിച്ചാല്‍ മതി. നമുക്ക് ഭയം തോന്നും. ഐ ഡോണ്ട് ഫിയര്‍ ഇന്‍ റെഗുലര്‍ സെന്‍സ്. ബട്ട് സങ്കടമുണ്ട്. ഈ ലോകം വിട്ടുപോകാന്‍ എനിക്ക് സങ്കടമുണ്ട്. അത്രേയുള്ളൂ. പിന്നെ ഒരു ലോറി ഇടിച്ചോ, ഒരു ബുള്ളറ്റുകൊണ്ടോ മരിക്കുന്നത് എനിക്ക് ഇഷ്ടമില്ല. അതില്‍ പേടിയുണ്ട്. ഒരു കുരിശില്‍ പതുക്കെ ആണി അടിച്ച് മരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. എന്റെ മരണം ഒരിക്കലും അങ്ങനെയൊന്നും ആയിരിക്കില്ല.

ജീവിതത്തെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകള്‍ മാറിമാറി വരുന്നുണ്ട്. ഇപ്പോള്‍ എനിക്ക് ജീവിതമെന്നാല്‍ മാക്‌സിമം പ്ലഷര്‍ വിത്ത് മിനിമം ഡാമേജ് ടു ഓള്‍ വേള്‍ഡ് എന്നു പറയാം. മറ്റാര്‍ക്കും ഒരു ബുദ്ധിമുട്ടുമില്ലാതെ എന്തു പ്ലഷര്‍ വേണമെങ്കിലും നമുക്കെടുക്കാം. ബട്ട് ആര്‍ക്കെങ്കിലും ഒരു ബുദ്ധിമുട്ടുണ്ടാകുന്നുവെങ്കില്‍ അതില്‍ ഫുള്‍ പ്ലഷര്‍ ഇല്ല. അത് നല്ല പ്ലഷര്‍ അല്ല. ഇത് ഞാന്‍ പറഞ്ഞതല്ല. ഇമ്മാനുവല്‍ കാന്റ് പറഞ്ഞതാണ്.

?) കമല്‍ഹാസന്‍ ഒരു ഫിലോസഫര്‍ ആയി മാറുന്നു….

ഇതൊക്കെ ഞാന്‍ ആലോചിച്ചിട്ടുണ്ട്. പക്ഷെ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥം ഇപ്പോഴാണ് മനസ്സിലാകുന്നത്. നമ്മള്‍ ആലോചിച്ച് കണ്ടുപിടിക്കുന്ന പലകാര്യങ്ങളും നേരത്തെ മറ്റൊരാള്‍ പറഞ്ഞിട്ടുണ്ട്. നമ്മള്‍ ആ ചിന്തയിലേക്ക് എത്തുന്നതാണ് എന്നതാണ് സത്യം. പലപ്പോഴും അതറിയാതെയാണ് അതൊക്കെ നമ്മുടേതാണ് എന്ന് വിശ്വസിക്കുന്നത്.

?) കമല്‍ഹാസനെ ഭയപ്പെടുത്തുന്നത് എന്താണ്?

വെറുപ്പ്. വെറുപ്പിനോട് എനിക്ക് വല്ലാത്ത പേടിയുണ്ട്. ഒരാള്‍ അത് കാണിച്ചു തുടങ്ങുമ്പോള്‍ തന്നെ അയാളുടെ കണ്ണുകളില്‍ അതു കാണാം. അപ്പോള്‍ ദേഷ്യത്തെക്കാള്‍ പേടിതോന്നും. വെറുപ്പ് എപ്പോഴും കണ്ണുകളില്‍ നിന്ന് മനസ്സിലാക്കാം. അതു കാണുന്നത് ഭയമാണ്. അങ്ങനെ പലരും കാണിച്ചിട്ടുണ്ട്. അങ്ങനെ ഉണ്ടാവുമ്പോള്‍ എന്താണ് കാര്യമെന്ന് ചോദിക്കുന്നതാണ് നല്ലത്. വേണമെങ്കില്‍ നമുക്ക് സോറി പറയാം.

?) വിക്‌ടോറിയന്‍ സദാചാര കാഴ്ചപ്പാടുകളുടെ തടവുകാരാണ് നമ്മള്‍ എന്നുപറയാറുണ്ട്.

വിക്‌ടോറിയന്‍ സദാചാരമാകട്ടെ ബ്രാഹ്മണിക്കല്‍ സദാചാരമാകട്ടെ ഇസ്ലാമിക് സദാചാരമാകട്ടെ അന്‍പത് വര്‍ഷം കഴിയുമ്പോള്‍ ഇതൊക്കെയും മാറിക്കൊണ്ടിരിക്കും. അത്രേ ഉള്ളൂ അതിന്റെ ആയുസ്സ്. ബ്രാഹ്മണിക്കല്‍ സദാചാരത്തെക്കുറിച്ച് പറയാം. വിക്‌ടോറിയന്‍ സദാചാരത്തെകുറിച്ച് പറയാന്‍ എനിക്കറിയില്ല. പറയാന്‍ ഭയമുള്ളതുകൊണ്ടല്ല.

എന്റെ മുത്തശ്ശി തല മൊട്ടയടിച്ച ഒരു വിധവയായിരുന്നു. ഞങ്ങള്‍ സ്‌കൂളില്‍ പോകുമ്പോള്‍ മുത്തശ്ശി വീടിന്റെ പുറകിലേക്ക് പോകും. കാരണം ഒരു വിധവ വീടിന്റെ മുന്‍ഭാഗത്ത് പ്രത്യക്ഷപ്പെടാന്‍ പാടില്ല. സോ അങ്ങനെ ആ മുത്തശ്ശി ജീവിച്ചിരുന്നപ്പോള്‍ അവരുടെ ആ കാലത്ത് അവര്‍ കാണുന്നത് ഇന്ദിരാഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നതാണ്. അത് എന്തൊരു ഇന്‍ജെസ്റ്റിസ് ആണ്. അത് വക്കീലിന്റെ മകള്‍. ഇത് വക്കീലിന്റെ അമ്മ. കാലദേശങ്ങള്‍ക്കനുസരിച്ച് ഇതെല്ലാം മാറുന്നുണ്ട്. മാറേണ്ടതുണ്ട്. ആ മാറ്റത്തിന്റെ വിപ്ലവകാരികളില്‍ ഒരാളാണ് ഞാന്‍.

?)  തീവ്രവാദം പ്രധാനവിഷയമായി വരുന്ന ഒരു ചിത്രമാണ് ‘ഉന്നൈപ്പോല്‍ ഒരുവന്‍’. പക്ഷെ ചിത്രം നല്‍കുന്ന സന്ദേശം തീവ്രവാദത്തിനെതിരായ വ്യക്തിയുടെ പ്രതികാരവും മറ്റുമാണ്. ‘ഇന്ത്യനി’ലും ഒരുതരം ഇന്‍ഡിവിജ്വല്‍ ഹീറോയിസം കാണാം.

ഞാന്‍ വിജിലാന്റിസത്തില്‍ അത്ര വിശ്വാസമില്ലാത്ത ഒരാളാണ്. വിപ്ലവം ചെയ്യാം പക്ഷെ വിജിലാന്റിസം…. അതൊരുതരം പകവീട്ടലാണ്. അത് എനിക്കത്ര ഇഷ്ടമല്ല. നമുക്ക് വേണ്ടത് ക്രിയേറ്റീവ് റവല്യൂഷനാണ്. സാമൂഹ്യമാറ്റമാണ്. അതിനുപകരം ഒരൊറ്റയാള്‍ ആയുധമെടുത്ത് എല്ലാവരെയും കൊല്ലുക എന്നുള്ളത്… അതിനോട് ഞാന്‍ യോജിക്കുന്നില്ല. ആ സിനിമയില്‍ അങ്ങനെ വരുന്നുണ്ട്. പക്ഷെ അത് സിനിമയാണ്. അതുതന്നെയാണ് ‘ഇന്ത്യ’നും. ആര്‍ക്കും അതിനൊന്നും അവകാശമില്ല. ഞാന്‍ വധശിക്ഷയെ എതിര്‍ക്കുന്ന ആളാണല്ലോ. അപ്പോള്‍ ഇതിനെയും അനുകൂലിക്കാനാവില്ല. ‘പാപനാസ’ത്തിലും അതുതന്നെയാണ്. അതൊക്കെ ഒരു കലാസൃഷ്ടി എന്ന നിലയില്‍ മാത്രം കണ്ടാല്‍ മതി. അതിനപ്പുറത്ത് വ്യക്തിപരമായ നിലപാടുകളുമായി അതിനു ബന്ധമില്ല.

?) ‘പാപനാസ’വും ഈ അവസരത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ചിത്രത്തിലേതുപോലെ കമല്‍ഹാസനും രണ്ട് പെണ്‍കുട്ടികളാണുള്ളത്. സമാനമായ അനുഭവം ഉണ്ടായാല്‍ സിനിമയിലെ നായകനെപ്പോലെയാകുമോ പെരുമാറുക?

ഇല്ല. ഞാനങ്ങനെ ചെയ്യില്ല. ഒരു 8 കൊല്ലം ഞാനകത്തുപോകും. ഞാന്‍ ജോര്‍ജ് കുട്ടിയോ, സ്വയംബുലിങ്കമോ ആണെങ്കില്‍ 8 കൊല്ലം അകത്തുപോകും ഉറപ്പ്. അല്ലാത്തപക്ഷം സമൂഹം ചീത്തയായി പോകും. അതാണെന്റെ അഭിപ്രായം.

?) പരമക്കുടി എന്ന ഗ്രാമത്തിലാണ് കമല്‍ഹാസന്‍ ജനിച്ചത്. വളര്‍ന്നതാവട്ടെ മദിരാശി നഗരത്തിലും. ഗ്രാമീണ ജീവിതത്തിന്റെയും നഗരജീവിതത്തിന്റെയും പൊരുത്തക്കേടുകളും വൈരുദ്ധ്യങ്ങളും മറ്റൊരുവിധത്തില്‍ ‘മഹാനദി’യില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്. ഗ്രാമത്തിന്റെ നന്മകള്‍ ഇപ്പോഴും കമല്‍ഹാസനെ പ്രചോദിപ്പിക്കുന്നുണ്ടോ?

ഞാന്‍ സിറ്റിയില്‍ താമസിച്ചു എന്നല്ലാതെ എന്റെ കണക്ഷന്‍സ് ഒക്കെ ഗ്രാമവുമായാണ്. ഇവിടെ ജീവിതം വേറെയാണ്. ബട്ട്.. ഇന്ന് വില്ലേജും സിറ്റിയും തമ്മില്‍ വലിയൊരു വ്യത്യാസമില്ല. കമ്യൂണിക്കേഷനായിരുന്നു വില്ലേജിനെ ഒരു ദ്വീപായി വെച്ചിരുന്നത്. ഇപ്പോഴത് മാറി. ഇപ്പോള്‍ പരമക്കുടിയിലും ഇന്റര്‍നെറ്റ്, ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ എല്ലാമുണ്ട്. ആ ഒരര്‍ത്ഥത്തില്‍ ഇപ്പോള്‍ വില്ലേജ് എന്ന് പറയാവുന്ന ഒരു സ്ഥലവുമില്ല. ഗ്രാമത്തിന് വേറെ കുറെ ഗുണങ്ങളുണ്ട്. മഹാനദിയില്‍ അതു വരുന്നുണ്ട്. എല്ലാവരും ഇങ്ങോട്ട്കയറി, സിറ്റിയില്‍ മള്‍ട്ടിസ്റ്റോറില്‍ ജീവിക്കേണ്ട ആവശ്യമില്ലായെന്നാണ് എന്റെ അഭിപ്രായം. ഞാനിപ്പോള്‍ ഇവിടെയല്ല താമസിക്കുന്നത്. നാല്‍പത് കിലോമീറ്റര്‍ അകലെയാണ്. അത് ഒരു ഗ്രാമമാണ്. ബട്ട് അതും ഒരു സിറ്റിയാവും. വളരെ വേഗത്തിലൊരു സിറ്റിയാവും. എന്നെ സംബന്ധിച്ചിടത്തോളം ഇനി അങ്ങനെ ഒരു വ്യത്യാസമില്ല എന്നുള്ളതാണ്. ഇനി വനവാസത്തിനുപോയാലും അവിടെ ഇന്റര്‍നെറ്റുണ്ടാകും.

?) സ്ഥാപനങ്ങളുടെയും ഉല്‍പന്നങ്ങളുടെയും പരസ്യങ്ങളിലൊന്നും ഇതുവരെ കമല്‍ഹാസനെ കണ്ടിട്ടില്ല. സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ പോലും കോടികളുടെ ഓഫറുകളുടെ മുമ്പില്‍ വീഴാതെ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞതെങ്ങനെയാണ്.?

ശരിയാണ് ഇതുവരെ വീണിട്ടില്ല. പക്ഷെ ഞാന്‍ ഇപ്പോള്‍ അത് ചെയ്യാന്‍ പോകുന്നു. ഞാന്‍ ആ ആര്‍ഗ്യുമെന്റ് ആലോചിച്ചു നോക്കി. ഒരു നല്ല കാര്യത്തിന് ആ പണം ആവശ്യമെങ്കില്‍ പരസ്യത്തില്‍ വരുന്നതില്‍ കുഴപ്പമില്ലെന്നാണ് ഇപ്പോഴെന്റെ അഭിപ്രായം. ബിക്കോസ് ആം നോട്ട് സെല്ലിംഗ് കൊക്കൈയ്ന്‍. ആം നോട്ട് സെല്ലിംഗ് പൊട്ടേറ്റോ ചിപ്‌സ്. ബട്ട് ഐ ആം ബീയിംഗ് ആന്‍ അംബാസിഡര്‍ ഫോര്‍ എയ്ഡ്‌സ്. അത് സര്‍ക്കാര്‍ പരിപാടി തന്നെ ആകണമെന്നില്ല. ഒരു മുണ്ടിന്റെ അഡ്വെര്‍ടൈസ്‌മെന്റില്‍ വരുന്നതുകൊണ്ട് കുഴപ്പമില്ല എന്നാണ് ഞാന്‍ കരുതുന്നത്. ആ പൈസ നല്ല കാര്യത്തിന് ഉപയോഗിക്കാന്‍ കഴിയുമെങ്കില്‍ വേണ്ടെന്നു വെയ്ക്കുന്നത് എന്തിനാണ്.

?) അങ്ങനെയാണെങ്കില്‍ ഇതുവരെ പരസ്യത്തില്‍ അഭിനയിക്കാതിരുന്നതോ?

അത് ഇപ്പോള്‍ വന്ന ബുദ്ധിയാണ്. ആ പൈസ കളയണ്ടല്ലോ എന്ന ആലോചനയുണ്ടായത് ഇപ്പോഴാണ്. ആ പണം സാമൂഹ്യമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമല്ലോ? ഞാന്‍ ഇനി പരസ്യങ്ങള്‍ ചെയ്യും. കാരണം എനിക്ക് എയ്ഡ്‌സ് ബാധിതരായ കുട്ടികള്‍ക്ക് കൊടുക്കാന്‍ കാശുവേണം. അതിന് എന്റെ കൈയ്യിലുള്ള കാശ് പോരാ.

?) കമല്‍ഹാസന്‍ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടാലും അതില്‍ ചില നിയന്ത്രണങ്ങളും, തിരഞ്ഞെടുപ്പുകളും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാമോ?

തീര്‍ച്ചയായും അതുണ്ടാവും. ഞാനൊരിക്കലും കൊക്കക്കോള കുടിക്കുന്ന പരസ്യമുണ്ടാവില്ല, പെപ്‌സി ചെയ്യില്ല, മദ്യം, സിഗരറ്റ് ഇതിന്റെയൊന്നും പരസ്യം ചെയ്യില്ല.

?) ഫാന്‍സ് അസോസിയേഷനുകളുടെ സാന്നിദ്ധ്യവും അതിപ്രസരവും അരോചകമായി മാറുന്ന സാഹചര്യമുണ്ട്.

അത് നിര്‍ത്തി. ഞാനത് നേരത്തെ നിര്‍ത്തി. അവരെ സ്‌നേഹത്തോടുകൂടി കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റും. അതാണ് ഞാന്‍ ചെയ്തത്. അത് നേരത്തെ ചെയ്തു. തെറ്റായ രീതികള്‍ ശീലിച്ചുകഴിഞ്ഞാല്‍ പിന്നെ മാറ്റുന്നത് വിഷമമാണ്. എന്നെ ചുറ്റിയുള്ള ആള്‍ക്കൂട്ടം ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കുന്നവരാണ്. അവര്‍ സോഷ്യല്‍ ക്ലബ്ബായി മാറി.

സാമൂഹ്യസേവനം നടത്തുന്ന ഗ്രൂപ്പായാണ് അവര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അതിന്റെ പ്രസിഡന്റ് അവരല്ല. ഞാനാണ്. ഇത് കമല്‍ഹാസന്റെ ആരാധകരുടെ സംഘടനയല്ല. കമല്‍ഹാസന്‍ ഉള്‍പ്പെടുന്ന ഒരു സോഷ്യല്‍ ക്ലബ്ബാണ്.

?) ഡാന്‍സര്‍ മുതല്‍ സംവിധായകന്‍ വരെ പല മുഖങ്ങളുണ്ട് കമല്‍ഹാസന്. ഒരുകാലത്ത് കവിയായിരുന്ന കമല്‍ഹാസനെപ്പറ്റി കേട്ടിട്ടുണ്ട്. ‘മഴൈ’ എന്ന കവിത ഏറെ വായിക്കപ്പെട്ടിരുന്നു. പക്ഷെ ഇപ്പോള്‍ കവിയായ കമല്‍ഹാസനെപ്പറ്റി കേള്‍ക്കുന്നില്ല.

അതിന്റെ കാരണം എനിക്ക് ഒരുപാട് നല്ല കവികളെ പരിചയമുണ്ട്. അതുകൊണ്ട് എനിക്ക് ഒരു നാണമുണ്ട്. ഇത്രയും നല്ല കവികള്‍ ഉള്ളപ്പോള്‍ ഞാനും അതാണെന്നു പറഞ്ഞ് എഴുതാന്‍ പാടില്ല. കുറച്ചുകൂടെ ഇംപ്രൂവ് ചെയ്യണം എന്നു കരുതും. അങ്ങനെ 30 കൊല്ലം കഴിഞ്ഞുപോയി. പബ്ലിഷ് ചെയ്തിട്ടില്ല എന്നേ ഉള്ളൂ. കവിത എഴുതുന്നത് നിര്‍ത്തിയിട്ടില്ല. പ്രസിഡന്റ് കലാം സാര്‍ മരിച്ചപ്പോള്‍ അദ്ദേഹത്തെക്കുറിച്ച് ഇന്നലെക്കൂടി ഒരു കവിത എഴുതിയിരുന്നു. ഇപ്പോള്‍ ഞാന്‍ ബഹുമാനിക്കുന്നവര്‍ തന്നെ എന്നെ വിളിച്ച് കവിതകള്‍ പബ്ലിഷ് ചെയ്യണം. നല്ലതാണ് എന്നൊക്കെ പറയുന്നതുകൊണ്ട് ഓ ഇതു പബ്ലിഷ് ചെയ്യാവുന്നതാണെന്നൊക്കെ തോന്നി തുടങ്ങിയിട്ടുണ്ട്. പബ്ലിഷ് ചെയ്യണം എന്നു കരുതുന്നു. ബട്ട് അതിനും പ്രശ്‌നമുണ്ടാവും. ഓള്‍ മൈ പോയട്രി… മോസ്റ്റ് ഓഫ് മൈ പോയട്രി… വെരി റാഷണല്‍…

?) ഒരു നടന്‍ എന്നതിനെക്കാള്‍ ഒരു കവിയായി അറിയുക എന്നതായിരുന്നു കമല്‍ഹാസന്റെ മോഹമെന്നു പറഞ്ഞാല്‍..?

ഒരു നല്ല മനുഷ്യനായി അറിയപ്പെടുന്നതാണ് ഏറ്റവും നല്ല കാര്യം. അതാണ് ഏറ്റവും വലിയ സ്ഥാനം. അതിന് ആഗ്രഹിക്കുന്നവനാണ് ഞാന്‍. ബാക്കിയൊക്കെ എനിക്കുള്ള ചെറിയ ടാലന്റ് എക്‌സിബിഷനാണ്.

?) മലയാള സാഹിത്യവുമായി അടുത്ത ബന്ധമാണ് കമല്‍ഹാസനുള്ളത്. ഇതെങ്ങനെയാണ് സാധിച്ചത്?

ബിക്കോസ്… പഠിക്കാത്തതുകൊണ്ട് ഒരുതരം ഇന്‍സെക്യൂരിറ്റി ഉണ്ടല്ലോ. മലയാളം പ്രത്യേകിച്ചും. അതുകൊണ്ട് ഇതെല്ലാം ഞാന്‍ ശ്രദ്ധിക്കുമായിരുന്നു. ഐ ആം റ്റോട്ടലി ഇല്ലിറ്ററേറ്റ് ഇന്‍ മലയാളം. ബട്ട് ഐ ഹിയര്‍ മലയാളം മനസ്സിലാവും, കവിത മനസ്സിലാവും… നന്നായി മനസ്സിലാവും. ആന്റ് ഐ ആം എ ഫാന്‍ ഓഫ് മലയാളം ലിറ്ററേച്ചര്‍.

ടി.പത്മനാഭന്‍ സാറിന്റെ കഥകളൊക്കെ ഞാന്‍ മനസിലാക്കിയിട്ടുണ്ട്. ഷാജി എന്‍ കരുണും ചില ആര്‍ട്ട് ഫിലിം ഡയറക്ടര്‍മാരുമൊക്കെയാണ് അദ്ദേഹത്തിന്റെ കഥകളെ എനിക്ക് പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ കഥകളില്‍ ഫസ്റ്റ് പേര്‍സണ്‍ നരേറ്റീവ് ആണ്. എനിക്കത് വളരെ ഇഷ്ടമായി. അദ്ദേഹത്തിന്റെ കഥകള്‍ അദ്ദേഹത്തിന്റെ ശബ്ദത്തില്‍തന്നെ റിക്കാര്‍ഡ് ചെയ്ത് സൂക്ഷിക്കണമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അങ്ങനെ ചെയ്താല്‍ അത് ഒരു അമൂല്യമായ ഡോക്യുമെന്റായിരിക്കും.

നാല് ദിവസം മുമ്പ് ഞാന്‍ സക്കറിയയെ ഫോണ്‍ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കഥകള്‍ വായിച്ചിട്ട്. എനിക്കത് നന്നായി ഇഷ്ടപ്പെട്ടു. നല്ല ഒരെഴുത്തുകാരന്റെ കൃതി വായിക്കുമ്പോള്‍ നമുക്കും എഴുതാന്‍ തോന്നും.

?) കമല്‍ഹാസന്റെ ഓരോ സിനിമയും വ്യത്യസ്തതകള്‍ തേടിയുള്ള യാത്രയാണ് എന്നുപറയാം. കമല്‍ഹാസന് സിനിമ എന്നാല്‍ എന്താണ്?

ഞാന്‍ ഒരു കൊമേഴ്‌സ്യല്‍ ആര്‍ട്ടിസ്റ്റാണ്. എന്റെ പ്രേക്ഷകരുടെ ഇന്റലിജെന്‍സിനെ ഇന്‍സള്‍ട്ട് ചെയ്യാത്ത എന്റര്‍ടൈന്‍മെന്റ് കൊടുക്കുന്നതാവണം എന്റെ സിനിമ അതാണ് ആദ്യ ലക്ഷ്യം. പിന്നെ എനിക്ക് ഇഷ്ടപ്പെടുന്ന സിനിമ ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല എന്നതാണ് സത്യം. പക്ഷെ അങ്ങനെ ഒരു സിനിമയെടുത്താല്‍ അത് കളിക്കില്ല. അതെനിക്കറിയാം.

?) അങ്ങനെയൊരു സിനിമ ചെയ്യണ്ടേ?

അങ്ങനെ ചെയ്യണ്ട ആവശ്യമില്ലല്ലോ. കാരണം എനിക്ക് സ്‌നേഹം പ്രേക്ഷകരോടാണ്. എന്നോട് എനിക്കുള്ള സ്‌നേഹം പ്രേക്ഷകരോടുള്ളതിനെക്കാള്‍ കൂടുതലാവുമ്പോള്‍ അങ്ങനത്തെ സിനിമ ചെയ്യും. ഇപ്പോള്‍ എനിക്ക് അവരോടാണ് സ്‌നേഹം കൂടുതല്‍.

?) സിനിമയില്ലായിരുന്നെങ്കില്‍ ഏതു രംഗത്തുവെച്ചാവും കമല്‍ഹാസനെ കണ്ടുമുട്ടുക?

സമൂഹത്തിന് ഉപകാരപ്പെടുന്ന ഏതു രംഗത്തുമാവാം. ഒരു പക്ഷെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവര്‍ ആയിരിക്കും, അല്ലെങ്കില്‍ ഒരു നല്ല ബാര്‍ബറായിരിക്കും. സിനിമയില്ലാതെയും നമുക്കു ജീവിക്കാം. സോഫ്റ്റ് ഡ്രിങ്ക്‌സ് ഇല്ലാതെയും ജീവിക്കാം. ബട്ട് ആശുപത്രി ഇല്ലാതെ ജീവിക്കാനാകില്ല. ഡോക്ടറും, കോടതിയും…. ഇതൊക്കെയാണ് അത്യാവശ്യ സര്‍വ്വീസ്. സിനിമ ഇതില്‍പെടില്ല. സിനിമ ഒരു ആര്‍ട്ട് ആണ്.

മേക്കപ്പിന്റെ സകലസാധ്യതകളെയും ഉപയോഗപ്പെടുത്തിയ നടനാണ് കമല്‍ഹാസന്‍. ‘ദശാവതാര’വും, ‘അവ്വൈ ഷണ്‍മുഖി’യും ‘ഇന്ത്യ’നുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. ഇത് വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. മുഖംമൂടിവെച്ച് അഭിനയിക്കുന്നുവെന്നും മറ്റും. മേക്കപ്പ് ഭാവാഭിനയത്തെ പരിമിതപ്പെടുത്തുന്നു എന്ന വാദവുമുണ്ട്.

ഞാന്‍ ഒരു കഥകളി കാലത്തുനിന്ന് വന്ന ആളാണ്. കലാരൂപം എന്തുകൊണ്ട് മറച്ചാലും നല്ല കലാകാരന്‍ അതില്‍നിന്നും വെളിപ്പെടും. മറിച്ചുള്ള വാദങ്ങളൊക്കെ വെറുതെ പറയുന്നതാണ്. അങ്ങനെയാണെങ്കില്‍ യാതൊരു മേക്കപ്പുമില്ലാതെ കോണകം മാത്രം ഉടുത്തുകൊണ്ട് അഭിനയിച്ചാല്‍ പോരെ?. എന്തിനാണ് ഡ്രസ്. ഡ്രസും, കോട്ടും സൂട്ടുമൊക്കെ ഒരുപാട് ഓവറല്ലേ.

?) സിനിമയില്‍ ഏറ്റവും ആസ്വദിച്ചു ചെയ്ത വേഷം. അല്ലെങ്കില്‍ അവിസ്മരണീയമായി ഇന്നും മനസ്സില്‍ സൂക്ഷിക്കുന്ന വേഷം?

അത്… ഒരു വേഷം ചെയ്യുമ്പോള്‍ തോന്നും ഇതാണ് ഏറ്റവും നല്ലത് ഇതിനെക്കാളും നല്ലതായി ഞാന്‍ ഒന്നും ചെയ്തിട്ടില്ല എന്നൊക്കെ. ഒരു മൂന്നാഴ്ച കഴിയുമ്പോ അത് മനസ്സില്‍ നിന്നു പോകും. ഇപ്പോ ‘പാപനാസ’ത്തെക്കുറിച്ച് പറയുമ്പോള്‍ അതെത്രയോ അകലെയുള്ള ഒരു സ്വപ്നംപോലെ തോന്നുന്നു. മറന്നുപോയ ഒരു സ്വപ്നം പോലെ തോന്നുന്നു. അതാണ് സത്യം. എനിക്ക് പാപനാസം ഹീറ്റ് പോയി. അടുത്ത വേഷത്തെക്കുറിച്ചുള്ള ചിന്തയാണ് ഇപ്പോള്‍ എന്റെ മനസ്സില്‍. ഏറ്റവും ആസ്വദിച്ചു ചെയ്ത ഒരു പത്തു പതിനഞ്ചു വേഷങ്ങള്‍ വേണമെങ്കില്‍ പറയാം. അത് ചെയ്തതുകൊണ്ട് എനിക്ക് ഒരു നാണവും ഇല്ല. എന്നാല്‍ കാലം കഴിയുമ്പോള്‍ നല്ല വേഷമെന്ന് നമ്മള്‍ കരുതിയത് അത്ര നല്ലതൊന്നുമല്ലായെന്ന് മനസ്സിലാവും. അതു മനസ്സിലായില്ലെങ്കില്‍ യുവര്‍ ഇംപ്രൂവ്‌മെന്റ് ഈസ് നോട്ട് ഹാപ്പനിംഗ് എന്നാണ് അര്‍ത്ഥം.
അഴിമതിക്കെതിരായ ശക്തമായ പ്രമേയമാണ് ‘ഇന്ത്യന്‍’ മുന്നോട്ടുവെച്ചത്.

?) സമകാലിക ഇന്ത്യയെ അഴിമതിയുടെ റിപ്പബ്ലിക് എന്ന് വിശേഷിപ്പിക്കാമെന്ന് തോന്നുന്നു.വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘ഇന്ത്യനി’ലൂടെ അഴിമതിക്കെതിരെ ശബ്ദിച്ച കമല്‍ഹാസന് എന്തു തോന്നുന്നു?

ഞാന്‍ മറ്റൊരു തരത്തിലാണ് ചിന്തിക്കുന്നത്. വി ആര്‍ ഓള്‍വെയ്‌സ് സെയിങ് പൊളിറ്റീഷ്യന്‍സ് ആര്‍ കറപ്റ്റഡ്. അവര്‍ ദുഷ്ടന്മാരാണ് എന്നൊക്കെ. ബട്ട് വണ്‍ പോയിന്റ് ഓഫ് വ്യൂ ഈ രാഷ്ട്രീയക്കാരന്‍രാഷ്ട്രീയക്കാരി നമ്മുടെ തെരുവില്‍ നിന്നുവന്ന ആളാണ്. വി ആര്‍ അപ്പോയ്ന്റഡ് ബൈ അസ്. എന്റെ റപ്രസെന്റേറ്റീവാണ് അവര്‍. എന്റെ ഒരു ഛായ അയാളിലുണ്ട്. അഴിമതിയോട് താതാത്മ്യം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. ഈ സമൂഹത്തിന് ഇത്തരം ഭരണാധികാരികളെ മാത്രമെ കിട്ടൂ. നമ്മള്‍ അഴിമതി ചെയ്യാതിരിക്കണം. ഞാന്‍ ഇതുവരെ ഒരു സിനിമാ ടിക്കറ്റ് ബ്ലാക്കിലെടുത്തിട്ടില്ല. നിങ്ങളറിയുന്ന ഈ കമല്‍ഹാസന്‍ അങ്ങനെ ചെയ്തിട്ടില്ലായെന്നത് ഒരു വലിയ കാര്യമല്ല. പക്ഷെ 16/17 വയസ്സുള്ളപ്പോഴും ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല. അതുപോലെ ഞാനിതുവരെ ലോട്ടറി ടിക്കറ്റ് എടുത്തിട്ടില്ല. ഐ ഹാവ് നെവര്‍ ഗാംബിള്‍ഡ് ഇന്‍ മൈ ലൈഫ്. ഗാംബ്ലിംഗില്‍ പണം സമ്പാദിക്കാം എന്ന് ചിന്തിക്കുന്ന മനസ്സ് അഴിമതിയിലേക്കും ക്രിമിനല്‍ കുറ്റങ്ങളിലേക്കും കടന്നുപോകാന്‍ കുറച്ചുദൂരം സഞ്ചരിച്ചാല്‍ മതിയാകും.

യെസ്. ദാറ്റ് ഈസ് ദ സൈന്‍, എവരി കോമണ്‍ മാന്‍ ഈസ് കറപ്റ്റഡ്. ഇവനും കള്ളനാണ്. നമ്മള്‍ ചെയ്തതല്ലേ അവര് കാണിച്ചത് എന്ന ചിന്തയാണ്. നോട്ട് ഒണ്‍ലി ഫോര്‍ വണ്‍ പേഴ്‌സണ്‍. അഴിമതിയെ നമ്മള്‍ സ്വീകരിച്ചിരിക്കുന്നു. ലൈഫിന്റെ ഒരു പോര്‍ഷനായിട്ട് അത് മാറി. ഓരോരുത്തരും അഴിമതിക്കാരായി. ഞാന്‍ മൂത്രമൊഴിക്കുന്നതുകൊണ്ട് നദി ചീത്തയാകുമോ എന്ന് ഓരോരുത്തരും ചിന്തിക്കുകയാണ്. അങ്ങനെ ഒരു കോടി പേര്‍ മൂത്രമൊഴിക്കുന്നു. ഞാന്‍ നികുതി അടയ്ക്കുന്ന ആളാണ്. പക്ഷെ അത് ബുദ്ധിപൂര്‍വ്വമായ ഒരു കാര്യമല്ല എന്നാണ് എല്ലാവരും എന്നെ ഉപദേശിക്കുന്നത്.

kamal2

?) സൗഹൃദങ്ങള്‍ക്കുവേണ്ടി ഇഷ്ടമില്ലാത്ത സിനിമകളും ചെയ്യേണ്ടി വന്നിട്ടുണ്ടാകുമല്ലോ?

ഉണ്ട്. ഒരുപാടുണ്ട്. ഞാന്‍ ചെയ്ത 215 ചിത്രങ്ങളില്‍ ഭൂരിഭാഗവും അങ്ങനെയുള്ളവയാണ്. അപ്പോ എത്ര വേസ്റ്റാണ് എന്റെ ജീവതം എന്നോര്‍ത്തുനോക്കൂ.! മര്‍ളിന്‍ ബ്രാന്‍ഡോ അവരുടെ ജീവിതത്തില്‍ 40 ചിത്രങ്ങളാണ് ആകെ ചെയ്തത്. പക്ഷെ ഞാന്‍ 200ലധികം ചിത്രങ്ങള്‍ ചെയ്തു. അതില്‍ നല്ലതെന്ന് പേരുപറയാന്‍ ഒരു 30 ചിത്രങ്ങളെ ഉള്ളൂ എന്നാണ് എന്റെ അഭിപ്രായം. ബാക്കിയെല്ലാം കാശിനുവേണ്ടി ചെയ്തതാണ്. കാറിനുവേണ്ടിയും എ സിക്കുവേണ്ടിയും ചെയ്തതാണ്. പിന്നെ നൈബേഴ്‌സിന് കൊടുക്കാന്‍ അങ്ങനെ ഒക്കെ ചെയ്ത ചിത്രങ്ങളാണ്.

?) തിരിഞ്ഞു നോക്കുമ്പോള്‍ ചെയ്യേണ്ടിയിരുന്നില്ല എന്നു തോന്നുന്ന ഒരു സിനിമയുണ്ടെങ്കില്‍ അത് ഏതാണ്?

ഒരുപാടുണ്ട്. പേരു പറയണ്ട. കാരണം അതിന് പണം മുടക്കിയവരില്ലേ. അവരോട് ബഹുമാനമില്ലാതെ സംസാരിക്കേണ്ട ആവശ്യമില്ല. പാവം അവരും നല്ല സിനിമയെടുക്കണമെന്ന് ആശിച്ച് എടുത്തവരാണ്. അപ്പോ പിന്നെ പേരുപറയണ്ട.

?) നന്നായി എടുത്ത നല്ല ചിത്രം വേണ്ടത്ര വിജയിക്കാതെ പോകാറുമുണ്ട്. ‘ഗുണ’യെപ്പോലെ…

അല്ല, ‘ഗുണ’ ഓടിയ സിനിമയാണ്. പക്ഷെ വേണ്ടത്ര ഓടിയെന്നു പറയാനാവില്ല. എന്നാലും ഓടി. ബട്ട് ‘അന്‍പെ ശിവം’. അതൊരു ട്രാജഡിയാണ്. ചിത്രത്തിലെ നായകനുണ്ടായ ട്രാജഡിയെക്കാളും വലിയ ട്രാജഡി.

?) സിനിമയുടെ വിജയപരാജയങ്ങള്‍ ചിത്രം ഓടിയതിന്റെ മാത്രം അടിസ്ഥാനത്തില്‍ പറയാന്‍ പറ്റുമോ?

അത് കാശിന്റെ കാര്യമാണ്. അങ്ങനെയാണല്ലോ വിലയിരുത്തുക. ഒരു ബാങ്ക് കൊള്ളയടിച്ചവന്‍ വിജയിച്ചവനാണ്.! അല്ലെ?. കാശില്ലാതെ മരിച്ചുപോയ സുബ്രമഹ്ണ്യ ഭാരതി മണ്ടനാണ്. അങ്ങനെയൊക്കെയല്ലെ നമ്മുടെ കാലം ജയപരാജയങ്ങളെ വിലയിരുത്തുന്നത്. പക്ഷെ യഥാര്‍ത്ഥ വിജയം വിലയിരുത്തപ്പെടുക ചിലപ്പോള്‍ മരണശേഷമായിരിക്കും. ഇതാണ് വിജയം എന്ന സ്ഥാപിക്കപ്പെടുന്നത് ചിലപ്പോള്‍ മരണശേഷമായിരിക്കും. അതിനുള്ള ക്ഷമ നമുക്കാര്‍ക്കുമില്ല. ഇന്ന് ജീവിതത്തിന് ഓരോ വിലയാണല്ലോ. അമേരിക്കന്‍ ജീവിതത്തിന് ഒരുവില. ഇന്ത്യന്‍ ജീവിതത്തിന് മറ്റൊരു വില, അഫ്ഗാനിസ്ഥാന്‍ ലൈഫിന് ഒരുവിലയുണ്ട്, പാലസ്തീനിന് വേറെ വിലയാണ്, വിലപിടിച്ചത് വേണമെങ്കില്‍ വെസ്റ്റേണില്‍ നോക്കണം. ചീപ്പായ ജീവിതം കിട്ടണമെങ്കില്‍ പാലസ്തീന്‍ മുതല്‍ എവിടെയും നോക്കാം. ആഫ്രിക്കയിലുമൊക്കെ അതുണ്ട്. വില നിര്‍ണയിക്കുന്നത് വെസ്റ്റേണ്‍ വേള്‍ഡാണ്.

?) ഇങ്ങനെയുള്ള ഈ ലോകം മാറുമെന്ന് കരുതുന്നുണ്ടോ?
മാറണോ?
മാറണ്ടേ?

മാറിയാല്‍ കൊള്ളാം, മാറിയില്ലെങ്കിലും ഈ ലോകത്തില്‍ തന്നെ ജീവിക്കാന്‍ നമ്മളൊക്കെ പഠിച്ചുകഴിഞ്ഞിരിക്കുന്നു. ബട്ട് ഐ ഫീല്‍ പോപ്പുലേഷന്റെ ഒരു വലിയ ശതമാനത്തിന് ഇതൊക്കെ മനസിലാവുന്നുണ്ട്. ലോകക്ഷേമവും, മനുഷ്യസ്‌നേഹവുമൊക്കെ പതുക്കെ പതുക്കെ മനസ്സിലാകുന്നുണ്ട്. മനസ്സിലാകുന്നവരുടെ പര്‍സെന്റേജ് കൂടിവരുന്നുണ്ട്. പോരാ എന്നുള്ളത് വേറെ കാര്യം.

?) ആദ്യം നായകനായത് മലയാളത്തിലാണ്?

അതെ, ഞാന്‍ എല്ലാ മീറ്റിംഗിലും അത് പറയാറുണ്ട്. എനിക്ക് ആ നന്ദിയും കടപ്പാടും എന്നുമുണ്ട്. കേരളം എന്നും എന്നോട് സ്‌നേഹം കാണിച്ചിട്ടുണ്ട്. മാത്രമല്ല ഒരു വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ അംബാസിഡര്‍ ഞാനാണ്. മമ്മൂട്ടിയെയോ, മോഹന്‍ലാലിനെയോ വേണമെങ്കില്‍ അവര്‍ക്ക് അംബാസിഡര്‍ ആക്കാമായിരുന്നു. പക്ഷെ അവര്‍ ഡിസൈഡ് ചെയ്തത് കമല്‍ഹാസനാകട്ടെ എന്നാണ്. എന്നെ സംബന്ധിച്ചിടത്തോളം അത് വലിയൊരു കാര്യമാണ്. ഒരു സാധാരണക്കാരനായ കാല്‍നടക്കാരന്‍ തമിഴനോട് എം.ജി.ആര്‍ മലയാളി ആണ് എന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ നമ്മള്‍ തോറ്റുപോകും. എന്റെ കാര്യത്തില്‍ ഒരുപാട് പേര്‍ മറിച്ച് പറയാറുണ്ട്. കമല്‍ഹാസന്‍ തമിഴനാണോ? ഹേയ് അയാള്‍ മലയാളി ആണ് എന്ന് പറയും. അതാണ് എനിക്കു കിട്ടിയ വലിയ അംഗീകാരം.

?) മലയാളത്തിലെ ന്യൂ ജനറേഷന്‍ സിനിമകള്‍ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ?

അതെ. അതെ. എനിക്ക് അത് ഇഷ്ടപ്പെട്ടു. ഒരു 15 വര്‍ഷം മുമ്പ് മലയാള ചിത്രങ്ങള്‍ എനിക്കത്ര ഇഷ്ടമായിരുന്നില്ല. നല്ല ചിത്രങ്ങളെടുക്കാന്‍ കുറെപേര്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ അവരുടെ എണ്ണം കൂടി. നമ്പര്‍ ഓഫ് പീപ്പിള്‍ ട്രൈയിംഗ് ടു മേക്ക് ബെറ്റര്‍ മലയാളം സിനിമ ഈസ് ഇംപ്രൂവിങ്. ഇനിയും കൂടുതല്‍ ഇംപ്രൂവ് ചെയ്യണം എന്നാണ് എന്റെ അഭിപ്രായം. ഇത്ര പോര. പക്ഷെ 15 വര്‍ഷം മുമ്പുള്ള സ്ഥിതിയുമായി താരതമ്യം ചെയ്താല്‍ മലയാള സിനിമ വളരെ മുന്നോട്ടുപോയി. ഈ തെലുങ്ക് ഡബ്ബിംഗ് പോലെ എടുക്കുന്ന മലയാളം ചിത്രങ്ങള്‍ എനിക്ക് ഇഷ്ടമല്ല. ചെമ്മീന്‍ ഇവിടെ ഓടിയത് അതൊരു പൂര്‍ണ മലയാളം സിനിമയായതുകൊണ്ടാണ്. അതാണ് ചെമ്മീന്റെ വിജയരഹസ്യം. പാന്റും ഷര്‍ട്ടുമിട്ട് ഡിസ്‌കോ ഡാന്‍സ് കളിച്ചതുകൊണ്ടല്ല ചെമ്മീന്‍ വിജയിച്ചത്. ഞാന്‍ നൂര്‍ജഹാന്‍ തീയേറ്ററില്‍വെച്ച് മൂന്ന് തവണ ചെമ്മീന്‍ കണ്ടിട്ടുണ്ട്. ആ കാലത്ത് അവിടെ അത് 100 ദിവസമാണ് ഓടിയത്.

?) ഇപ്പോള്‍ ജീവിച്ചിരിക്കുന്ന മികച്ച 5 നടന്മാരുടെ പേര് പറയേണ്ടിവന്നാല്‍ അത് ആരൊക്കെയായിരിക്കും?

അത് 5ല്‍ നിര്‍ത്താന്‍ പറ്റില്ല. ധാരാളം പേരുണ്ട്.

പക്ഷെ 5 പേര് നിര്‍ബന്ധമായും പറയേണ്ടി വന്നാല്‍ അത് ആരൊക്കെയായിരിക്കും?

അങ്ങനെ പറയേണ്ടിവന്നാല്‍ അതിലൊരു പേര് എന്റെയായിരിക്കും. ബാക്കിയും ഈസിയായി പറയാം. ഞാനൊരു മലയാളിയും കൂടി ആണല്ലോ. അപ്പൊ അവിടെ നിന്നും പറയാം. മോഹന്‍ലാലും, മമ്മൂട്ടിയും, പിന്നെ ഇന്നസെന്റും, നെടുമുടിവേണുവും. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ മാര്‍ക്കറ്റിലെ വാല്യു അല്ല കണക്കാക്കുന്നത്. അഞ്ചോ ആറോ ആയി ഈ ലിസ്റ്റ് ചുരുക്കാന്‍ പറ്റില്ല.

?) കമല്‍ഹാസന്‍ ഡാന്‍സറും, സ്‌ക്രിപ്റ്റ് റൈറ്ററും, ഗാനരചയിതാവും, ഗായകനുമൊക്കെയാണ്. ഇപ്പോള്‍ സംവിധായകനുമാണ്. ഒരേ സമയം സംവിധായകനും നടനുമാകുമ്പോള്‍ അത് നടന്റെ സാധ്യതകളെ ബാധിക്കുന്നുവെന്ന് വിമര്‍ശനമുണ്ട്.

ഇല്ല. അത് കവി പാടുന്നതുപോലെയാണ്. പാട്ട് പാടാന്‍ അറിയാമെങ്കില്‍ അത് കവിയുടെ നെക്സ്റ്റ് സ്റ്റെപ്പാണ്. അതിന് മറ്റൊരു പാട്ടുകാരന്‍ വേണമെന്നില്ല. പാടാന്‍ അറിയാത്തവര്‍ക്ക് മറ്റൊരു പാട്ടുകാരനെ ആവശ്യവുമാണ്. സത്യജിത്ത് റായ്ക്ക് അഭിനയം ഇഷ്ടമായിരുന്നെങ്കില്‍ അഭിനയിക്കുമായിരുന്നു. ബിക്കോസ് ഹി ഡിഡ് മ്യൂസിക്. ഹി ഡിഡ് റൈറ്റിങ്. ചാപ്ലിന്‍ ഈസ് എ ഗുഡ് എക്‌സാംപിള്‍. പിന്നെ ഓര്‍സണ്‍ വെല്‍സ് അങ്ങനെ പലരും. ചാപ്ലിന്‍ മ്യൂസിക് വരെ ചെയ്തിട്ടുണ്ട്. നല്ല മ്യൂസിക്കാണ്.

?) പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും ധാരാളം വിമര്‍ശനങ്ങളെ നേരിടേണ്ടി വരാറുണ്ട്. കമല്‍ഹാസന്‍ വിമര്‍ശനങ്ങളെ എങ്ങനെയാണ് കാണുന്നത്?

കലാകാരന്മാര്‍ക്ക് ഒരു ഉത്തരവാദിത്തമുള്ളതുപോലെ നിരൂപകര്‍ക്കും ഒരു ഉത്തരവാദിത്തമുണ്ട് എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ബിക്കോസ് ദെയര്‍ മേക്കിങ് ആര്‍ട്ട് ബെറ്റര്‍. അതാണ് അവരുടെ കടമ. അതു മറക്കാതിരുന്നാല്‍ മതി. പേഴ്‌സണല്‍ ഈഗോ കൊണ്ടുവരാതെ വിമര്‍ശിക്കുന്നവരോട് എനിക്ക് ഒരു വിരോധവുമില്ല. വിമര്‍ശനത്തോട് ഞാന്‍ നേരിട്ട് മറുപടി പറയേണ്ട കാര്യമില്ല. എന്റെ സിനിമയോടുള്ള വിമര്‍ശനത്തിന് ഞാന്‍ കൊടുക്കുന്ന മറുപടി എന്റെ അടുത്ത ചിത്രത്തിലൂടെയായിരിക്കും. വിമര്‍ശനം ശരിയാണെങ്കില്‍ അത് ഉള്‍ക്കൊണ്ട് തിരുത്തല്‍ വരുത്തേണ്ടത് എന്റെ കടമയാണ്. അതേ കടമയാണ് വിമര്‍ശിക്കുന്നവര്‍ക്കുമുള്ളത്. മറിച്ച് കളിയാക്കുന്ന ഒരു കോളേജ് വിദ്യാര്‍ത്ഥിയെപ്പോലെ കൂവുന്നതാവരുത് വിമര്‍ശനം. അങ്ങനെ ചെയ്യുന്നവന്‍ ക്രിട്ടിക്കല്ല. കുരങ്ങനാണ്.

?) കമല്‍ ഹാസന്റെ വലിയൊരു സ്വപ്നമാണ് ‘മരുതനായകം’. ‘മരുതനായക’ത്തെക്കുറിച്ച്…

1857ലെ ശിപായിലഹള ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നൂറുവര്‍ഷം മുമ്പ് ദക്ഷിണേന്ത്യയില്‍ ഒരു ശിപായിലഹളയുണ്ടായിട്ടുണ്ട്. അത് ഒരു മുസല്‍മാന്റെ നേതൃത്വത്തിലായിരുന്നു. ഇതാണ് മരുതനായകത്തിന്റെ ലൈഫ്. നമ്മുടെ നാടിന്റെ ധീരമായ ഒരു ചരിത്രമാണത്. മരുതനായകം വലിയ ഒരു പദ്ധതിയാണ്. ഒരു സ്വപ്നമാണ്. അതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു. നോക്കട്ടെ.

?) ടൊറാന്റോ വിമാനത്താവളത്തില്‍ കമല്‍ ഹാസനുണ്ടായ ദുരനുഭവം വാര്‍ത്തയായിരുന്നു. ഇസ്ലാമോഫോബിയയുടെ ഇരയാവുകയായിരുന്നോ അന്ന് ?

അന്ന് എനിക്കൊരു താടിയുണ്ടായിരുന്നു. പഞ്ചതന്ത്രം താടിയാണ്. കണ്ടാല്‍ തനി ഇസ്ലാമിക് താടി. മാത്രവുമല്ല ആ സമയത്താണ് സദ്ദാംഹുസൈന്റെ ഒരു സഹോദരന്‍ ന്യൂമറോളജി നോക്കി അദ്ദേഹത്തിന്റെ പേര് ‘HAASAN’ എന്ന് സ്‌പെല്ലിംഗ് മാറ്റുകയുണ്ടായി. ഇതും സംശയത്തിനിടയാക്കി. അതിനൊക്കെ പുറമെ എന്റേത് ബ്രിട്ടീഷ് കൊളോണിയല്‍ ഇംഗ്ലീഷാണ്. അത് സൃഷ്ടിച്ച പ്രശ്‌നമാണ് മുഖ്യം. അത് അമേരിക്കന്‍ ഇംഗ്ലീഷില്‍നിന്ന് വളരെ വ്യത്യസ്തമാണ്. ഞാനൊരാളെ കണ്ടാല്‍ ഉടനെ ഹായ് എന്ന് പറയാറില്ല. ആവശ്യമില്ലാത്ത ഒരാളോട് ഹൗ ആര്‍ യു? എന്ന് ചോദിക്കാറില്ല. അതൊക്കെ അമേരിക്കന്‍ ആറ്റിറ്റിയൂഡാണ്. എന്നോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം എന്റെ മറുപടി കേട്ടപ്പോള്‍ വളരെ ലീഗല്‍ ആയാണ് ഞാന്‍ സംസാരിക്കുന്നതെന്ന് അവര്‍ക്ക് തോന്നി. അത് സംശയം കൂട്ടി.

?) യുവധാരയുടെ വായനക്കാരില്‍ ഭൂരിപക്ഷവും യുവജനങ്ങളാണ്. കേരളത്തിലെ യുവജനങ്ങളോട് പ്രത്യേകമായി എന്തെങ്കിലും സംസാരിക്കണമെന്ന് തോന്നുന്നുണ്ടോ?

യുവജനങ്ങള്‍ക്ക് എന്തെങ്കിലും സന്ദേശമോ ഉപദേശമോ ആവശ്യമില്ല. എന്റെ 16ാം വയസ്സില്‍ ഞാന്‍ കേട്ട ഉപദേശങ്ങളെല്ലാം വിഡ്ഢിത്തങ്ങളായിരുന്നു. എന്റെ കൂടെ സംഭാഷണത്തിന് തയ്യാറായ ഒരു ഓള്‍ഡര്‍ ജനറേഷന്‍ ഉണ്ട്. അതിലെനിക്ക് താല്‍പര്യവുമുണ്ടായിരുന്നു. ഉപദേശിക്കുന്ന ഓള്‍ഡര്‍ ജനറേഷനെ ഞാനൊരിക്കലും ബഹുമാനിച്ചിട്ടില്ല. എന്റെ കൂടെ സംസാരിക്കാന്‍ വന്ന ഒരുപാട് വയസ്സന്മാര്‍ എന്റെ സുഹൃത്തുക്കളായിട്ടുണ്ട്. സമന്മാരെപ്പോലെ പരസ്പര ബഹുമാനത്തോടെ സംസാരിക്കുന്നവരെ മാത്രമെ ഞാനൊക്കെ മാനിച്ചിട്ടുള്ളൂ.

Comments

comments

Smiley face
Smiley face
Seo wordpress plugin by www.seowizard.org.