Breaking News

കിംങ് ജോങ് ഉന്നിനു മുന്നിൽ നാണം കെട്ട . . ട്രംപ് ഖത്തർ അമീറിനു മുന്നിലും പതറുമ്പോൾ

qatar

ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് ഏകാധിപതി കിംങ് ജോങ്ങ് ഉന്നിന്റെ വെല്ലുവിളിക്ക് മുന്നില്‍ പേടിച്ച ട്രംപ് ഇപ്പോള്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് മുന്നിലും അടിയറവ് പറയുന്ന സാഹചര്യമാണ് ഉരുത്തിരിയുന്നത്.ലോക പൊലീസ് ചമഞ്ഞ് ലോകത്തെ വിറപ്പിച്ച അമേരിക്കയുടെ  കപട നാട്യങ്ങളും പൊളിയുകയാണ് .

ആണവ ശേഖരമുള്ള ഉത്തര കൊറിയയെ ആക്രമിക്കാന്‍ പടക്കപ്പല്‍ അയച്ച ട്രംപ് മലയാളത്തിലെ മോഹന്‍ലാലിന്റെ മിഥുനം സിനിമയില്‍ ‘ഇപ്പോള്‍ പൊട്ടിക്കുമെന്ന് ഉറഞ്ഞു തുളളിയ’ നെടുമുടിയുടെ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

ഒടുവില്‍ ‘വെടി’ പൊട്ടിച്ചതാകട്ടെ ഉത്തര കൊറിയയും. ഒന്നല്ല, നിരവധി മിസൈലുകളുടെ പരീക്ഷണം നടത്തിയാണ് ഇപ്പോഴും കിംങ്ങ് ജോങ് ഉന്‍ അമേരിക്കയെ വെല്ലുവിളിക്കുന്നത്.തങ്ങളെ ആക്രമിച്ചാല്‍ അമേരിക്കയെ ചാരമാക്കുമെന്നാണ് ഉത്തര കൊറിയയുടെ ഭീഷണി.തലക്ക് വെളിവില്ലാത്തവനെന്ന് കിംങ്ങിനെ വിശേഷിപ്പിച്ച ട്രംപ് പക്ഷേ ഈ ഉത്തര കൊറിയന്‍ ഏകാധിപതിയെ ഭയക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

ഉത്തര കൊറിയയെ ആക്രമിച്ച് കീഴടക്കാന്‍ അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും കഴിയുമെങ്കിലും അതിന് അവര്‍ കൊടുക്കേണ്ടി വരുന്ന വില വലുതായിരിക്കുമെന്ന യാഥാര്‍ത്ഥ്യമാണ് അമേരിക്കയെ ഇവിടെ തല്‍ക്കാലം പിറകോട്ടടിപ്പിച്ചത്.ഒരു ഘട്ടത്തില്‍ ഉത്തര കൊറിയന്‍ ഭരണാധികാരിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് വരെ ട്രെംപിന് പറയേണ്ടിയും വന്നിരുന്നു.

ആക്രമിക്കാന്‍ യുദ്ധകപ്പല്‍ പറഞ്ഞ് വിട്ടതിനു ശേഷം പിന്നീട് പിന്നോട്ട് പോയ അമേരിക്കയുടെ നടപടി അന്താരാഷ്ട്ര തലത്തില്‍ തന്നെ ആ രാജ്യം ഇതേവരെ മുന്നോട്ട് വച്ച ശക്തമായ നിലപാടുകള്‍ക്ക് നേരെ വിപരീതമായ നടപടിയായിരുന്നു.ഒന്നുകില്‍ വെല്ലുവിളിക്കുകയോ മുന്നറിയിപ്പ് നല്‍കാതെയിരിക്കുകയോ ചെയ്യുക. അതല്ലങ്കില്‍ പ്രഖ്യാപിച്ചത് നടപ്പാക്കുക . . ഈ രണ്ട് കാര്യങ്ങള്‍ ‘പരിഗണിക്കാതെ’ ഉത്തര കൊറിയ ‘എടുത്ത് ചാടുന്നത് ‘ പോലെ അമേരിക്ക നിലപാട് സ്വീകരിച്ചതാണ് ലോക പൊലീസിന്റെ ‘നിറം’ കെടുത്തിയിരിക്കുന്നത്.

കിംങ് ജോങ്ങ് ഉന്നിനെയും അദ്ദേഹത്തിന്റെ നയങ്ങളെയും അംഗീകരിക്കുന്നില്ലങ്കിലും അമേരിക്കന്‍ വിരുദ്ധരായ രാജ്യങ്ങളും സംഘടനകളും അമേരിക്കയുടെ ഈ ‘ഗതികേട് ‘ ഇപ്പോള്‍ ശരിക്കും ആസ്വദിക്കുന്നുണ്ട്.ഇതിനിടെയാണ് ട്രംപിന്റെ ഗള്‍ഫ് സന്ദര്‍ശനത്തോടെ ഖത്തറിനെതിരെ സൗദിയും യു.എ.ഇയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉപരോധമേര്‍പ്പെടുത്തിയത്.

trump qhathar

ഖത്തറിലെ അമേരിക്കന്‍ സൈനിക കേന്ദ്രം തുടരാന്‍ ഖത്തര്‍ ഭരണകൂടം ഇനി അനുവദിക്കില്ല എന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു ഈ ഉപരോധം.ഖത്തറിലേക്കുള്ള ജല-വ്യോമ-റോഡ് ഗതാഗതം നിരോധിക്കുന്നതിലൂടെ ഖത്തറിനെ വരുതിയിലാക്കുകയായിരുന്നു പ്രധാന ലക്ഷ്യം.എന്നാല്‍ ഭക്ഷണമുള്‍പ്പെടെ സഹായമെത്തിക്കാന്‍ ഇറാന് പിന്നാലെ ഇന്ത്യയും നിലപാടെടുത്തത് ഉപരോധക്കാര്‍ക്ക് തിരിച്ചടിയും ഖത്തര്‍ ഭരണകൂടത്തിന് ആത്മവിശ്വാസവുമായി.

കുവൈറ്റ് ഭരണാധികാരിയുടെ മധ്യസ്ഥതയിലുള്ള അനുരഞ്ജന ചര്‍ച്ചയോട് സഹകരിച്ചപ്പോള്‍ തന്നെ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറല്ലന്ന ശക്തമായ നിലപാട് സ്വീകരിക്കാന്‍ ഖത്തറിനെ പ്രേരിപ്പിച്ചത് അന്താരാഷ്ട്ര തലത്തിലെ ഈ പിന്തുണയാണ്.ഭീകര സംഘടനകളെ സഹായിക്കുന്നു എന്നതാണ് സൗദിയും യുഎഇയും ഖത്തറിനെതിരെ ഉന്നയിക്കുന്ന പ്രധാന ആരോപണം. ഇതിന് കാരണക്കാരായ ഇറാനുമായുള്ള ബന്ധം വേര്‍പെടുത്തണമെന്നതാണ് ഇവരുടെ ആവശ്യം.

ഖത്തര്‍ സമ്മര്‍ദ്ദത്തിലായാല്‍ ഇറാന്റെ കാര്യത്തിലും തങ്ങളുടെ സൈനിക താവളത്തിന്റെ കാര്യത്തിലും അനുകൂല നിലപാട് ഉടനെയുണ്ടാകുമെന്നാണ് അമേരിക്കയും കണക്ക് കൂട്ടിയിരുന്നത്.എന്നാല്‍ ഇന്ത്യ, ജര്‍മ്മനി, ബ്രിട്ടണ്‍ തുടങ്ങി അമേരിക്കയുമായി നല്ല ബന്ധത്തിലുള്ള രാജ്യങ്ങള്‍ പോലും ഖത്തര്‍ വിഷയത്തില്‍ ട്രംപിനെ പിന്തുണക്കാതിരുന്നത് അമേരിക്കന്‍ പ്രതീക്ഷകളെ തകിടം മറിക്കുന്നതായിരുന്നു.

ഖത്തറില്‍ നിന്നുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും, ഖത്തറിലേക്കുള്ള കയറ്റുമതി തടയുന്നതുമായ നടപടികളില്‍ സൈനികമായ ഇടപെടലുകള്‍ക്ക് പോലും ഖത്തറുമായി നല്ല ബന്ധമുള്ള രാജ്യങ്ങള്‍ മടിക്കില്ല എന്ന് സിഐഎയും റിപ്പോര്‍ട്ട് ചെയ്തതോടെയാണ് അമേരിക്ക ഇപ്പോള്‍ നിലപാട് മയപ്പെടുത്തിയിരിക്കുന്നത്.

യാത്ര-വ്യാപാര ഉപരോധം സാധാരണ ജനങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ലോക പൊലീസിന്റെ ഈ മലക്കം മറിച്ചില്‍.ഉപരോധത്തില്‍ ഇളവ് വരുത്തണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ആണ് അറബ് രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസമടക്കം ഖത്തറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്ന പ്രസിഡന്റ് ട്രംപിന്റെ നിലപാടിന് വിരുദ്ധമാണ് സ്റ്റേറ്റ് സെക്രട്ടറിയുടെ പുതിയ നിലപാട്.അമേരിക്കന്‍ സഖ്യകക്ഷിയായ ജര്‍മ്മനിയുടെ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, തുര്‍ക്കിയും ഇറാനും പ്രശ്‌ന പരിഹാരത്തിന് ഇടപെടണമെന്ന് നിര്‍ദ്ദേശിച്ചതും അമേരിക്കയെ ഞെട്ടിച്ചിട്ടുണ്ട്.

തുര്‍ക്കിയാവട്ടെ ഖത്തറിന്റെ സഹായത്തിന് തങ്ങളുടെ സേനയെ തന്നെ മേഖലയിലേക്ക് അയച്ചിട്ടുമുണ്ട്. ഗള്‍ഫിലുള്ള അമേരിക്കന്‍ സേന വല്ല ‘അവിവേകവും’ കാണിച്ചാല്‍ അത് തടയാന്‍ കൂടിയാണ് ഈ മുന്‍ കരുതലെന്നാണ് പറയപ്പെടുന്നത്.

ഇന്ത്യ, ഇറാന്‍, ജര്‍മ്മനി, ബ്രിട്ടണ്‍ തുടങ്ങി റഷ്യയും ചൈനയുമടക്കം ലോകത്തെ പ്രമുഖ രാഷ്ട്രങ്ങളൊക്കെ ഖത്തറിനെതിരായ ഉപരോധത്തിനെതിരാണെന്ന് വ്യക്തമായതോടെ രാജ്യതാല്‍പര്യം ബലികഴിച്ചുള്ള ഒത്തുതീര്‍പ്പിന് വഴങ്ങേണ്ടതില്ലന്ന നിലപാടിലാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി.

ഉത്തരകൊറിയയില്‍ ഇതുവരെ വിലപ്പൊകാതിരുന്ന ഭീഷണി ഖത്തറിനുമേലും നടക്കാതിരുന്നാല്‍ അത് അമേരിക്കയെ സംബന്ധിച്ച് വന്‍ തിരിച്ചടിയാവും.ആ രാജ്യത്തെ പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ക്കിടയില്‍ മാത്രമല്ല ഭരണപക്ഷമായ റിപ്പബ്ലിക്കന്‍സിന്റെ ഇടയിലും ട്രംപിന്റെ നയങ്ങള്‍ക്കെതിരെ കടുത്ത എതിര്‍പ്പാണുള്ളത്.

അമേരിക്കയെ ലോകത്തിന് മുന്നില്‍ നാണംകെടുത്തുകയാണ് ട്രംപ് എന്നാണ് പൊതുവികാരം. അമേരിക്കയില്‍ ഇംപീച്ച് ചെയ്യപ്പെട്ട് പുറത്ത് പോകുന്ന ആദ്യ പ്രസിഡന്റായി ട്രംപ് മാറുമെന്നാണ് പ്രമുഖ രാഷ്ട്രീയ നീരിക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

Comments

comments