Breaking News

മഹാരാഷ്ട്രയിലും ഗുജറാത്തിലും മധ്യ പ്രദേശിലും പഞ്ചാബിലും തമിഴ്‌നാട്ടിലും കർഷക സമരം പടരുന്നു

15 ന്‌ ദേശീയ കർഷക പ്രതിഷേധം; മഹാരാഷ്ട്രയിലും ഗുജറാത്തിലും മധ്യ പ്രദേശിലും പഞ്ചാബിലും തമിഴ്‌നാട്ടിലും കർഷക സമരം പടരുന്നു; തുടരുന്നു… വ്യാപിക്കുന്നു

farmers

അഞ്ചു കർഷകരെ വെടിവച്ചുകൊന്ന മൻസോർ നഗരത്തിൽ (എം പി) കർഫ്യൂവും കനത്ത നിയന്ത്രണങ്ങളും നിലനിൽക്കെ കർഷകരുടെ പ്രക്ഷോഭം മധ്യപ്രദേശിന്റെ വിവിധ ജില്ലകളിലേയ്ക്കും വിവിധ സംസ്ഥാനങ്ങളിലേയ്ക്കും പടരുന്നു.

മധ്യപ്രദേശിന്റെ പടിഞ്ഞാറൻ ജില്ലകളായ ഷാജപൂർ, ധാർ ജില്ലകളിൽ വായ്പാ ഇളവും വിളകൾക്കു ന്യായവിലയും ആവശ്യപ്പെട്ടു തെരുവിലിറങ്ങിയ കൃഷിക്കാർ തീവെയ്പ്‌ നടത്തി. പൊലീസ്‌ ഷാജപൂരിൽ ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും കൊണ്ടാണു സമരക്കാരെ നേരിട്ടത്‌. അവിടെ 144-ാ‍ം വകുപ്പുപ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.

മഹാകോശൽ മേഖലയിലെ ചിന്ദ്‌വര ജില്ലയിൽ പ്രക്ഷോഭം നേരിടാൻ 1100 ദ്രുതകർമ്മസേനയെ വിന്യസിച്ചു. മാൻസോറിലെ കർഫ്യൂവിൽ പകൽനേരം ഇളവു വരുത്തിയപ്പോൾ ആഹാരസാധനങ്ങൾ വാങ്ങാൻ ജനങ്ങൾ തിക്കിത്തിരക്കി. രണ്ടു കമ്പനി ദ്രുതകർമ്മസേനയാണിവിടെ കാവലുള്ളത്‌.

സമരക്കാർ സാമൂഹ്യവിരുദ്ധരാണെന്നു ആക്ഷേപിച്ച മുഖ്യമന്ത്രി ശിവരാജ്സിങ്‌ ചൗഹാൻ ദുസ്സെറ മൈതാനത്തു ശനിയാഴ്ച രാവിലെ 11 മുതൽ നിരാഹാരമിരിക്കാൻ പോവുകയാണെന്നും ആളുകൾക്കു തന്റെയടുത്തുവന്ന്‌ ആവശ്യങ്ങൾ ഉന്നയിക്കാവുന്നതാണെന്നും പറഞ്ഞു.

സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട്‌ 2006-ൽ ശുപാർശ ചെയ്തത്‌ കൃഷിക്കാർക്ക്‌ കൃഷിച്ചെലവിന്റെയൊപ്പം 50 ശതമാനംകൂടി ഉൾപ്പെടുത്തി തറവില നിശ്ചയിക്കണമെന്നായിരുന്നു. ഈ റിപ്പോർട്ട്‌ നടപ്പാക്കുമെന്ന്‌ ബിജെപി 2014-ലെ തെരഞ്ഞെടുപ്പ്‌ പ്രകടന പത്രികയിൽ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ മോഡി സർക്കാരിന്റെ മൂന്നാം വാർഷികത്തിന്‌ അതിന്റെ അധ്യക്ഷൻ പിടിഐക്കു നൽകിയ അഭിമുഖത്തിൽ ഒരു സർക്കാരിനും സ്വാമിനാഥൻ കമ്മിഷന്റെ ഈ ഫോർമൂല അംഗീകരിക്കാൻ കഴിയില്ലെന്നു പറഞ്ഞു.

നോട്ട്‌ പിൻവലിക്കലിനെ തുടർന്ന്‌ കൃഷിക്കാർക്ക്‌ ഉൽപ്പന്നങ്ങളുടെ പണം ചെക്കുവഴി നൽകാൻ തുടങ്ങിയതും അവരെ ദുരിതത്തിലാഴ്ത്തി.

ബിജെപി ഭരണത്തിലുള്ള മധ്യപ്രദേശിലെ സമരം അയൽ സംസ്ഥാനമായ രാജസ്ഥാനിലേയ്ക്കും വ്യാപിപ്പിച്ചു. ഗുജറാത്തിൽ 2015 മുതൽ സർക്കാർ റിസർവേഷൻ ആവശ്യപ്പെട്ടു കൃഷിക്കാർ സമരം തുടങ്ങിയതു ഹരിയാനയിലേയ്ക്കും പടർന്നു. കൃഷി ആദായകരമല്ലാതായതിന്റെയും കാർഷിക കടക്കെണിയുടെയും രോഷമാണ്‌ ഈ പ്രക്ഷോഭങ്ങളുടെ അടിസ്ഥാന കാരണം.

farmers 1

മഹാരാഷ്ട്രയിൽ അഞ്ച്‌ ആത്മഹത്യ

കർഷക സമരം കൊടുമ്പിരിക്കൊള്ളുന്ന മഹാരാഷ്ട്രയിൽ അഞ്ച്‌ കൃഷിക്കാരെങ്കിലും അടുത്ത ദിവസങ്ങളിൽ ആത്മഹത്യ ചെയ്തുവെന്നാണ്‌ റിപ്പോർട്ട്‌. ഷൊളാപ്പൂർ വീത്‌ ഗ്രാമത്തിലെ ധനാജി ജാദവ്‌ ഈ സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്ന ആത്മഹത്യാക്കുറിപ്പോടെയാണ്‌ ജീവനൊടുക്കിയത്‌.
ജൽനാ ജില്ലയിലെ ഭൊക്കാർദറിൽ രമേശ്‌ രാംദാസ്‌ ദെൽവി (26), നന്ദെദ്‌ ജില്ലയിലെ പരമേശ്വർ വങ്കഡെ (40), ബുൽദാനയിലെ പർതാപൂർ ഗ്രാമത്തിൽ സഞ്ജയ്‌ ഗ്രാൻവത്‌ (46), നാസിക്ക്‌ ജില്ലയിലെ ക്ഷോളയിൽ നവനാഥ്‌ ചങ്ങ്ദേവ്‌ ദലേറാവോ (30) എന്നിവരാണ്‌ ആത്മഹത്യ ചെയ്ത മറ്റുള്ളവർ.
കർഷകർ സമരം ചെയ്യാൻ നിർബന്ധിതരാവുന്നതിൽ പ്രമുഖ ചലച്ചിത്രതാരങ്ങളായ നാനാപടേക്കറും മക്രന്ത്‌ അനസ്പുരെയും ഉൽക്കണ്ഠ രേഖപ്പെടുത്തി. “എല്ലാ രംഗത്തുമുള്ളവർ കൃഷിക്കാരെ സഹായിക്കാൻ മുന്നോട്ടുവരണ”മെന്നു നാനാ പടേക്കർ അഭ്യർഥിച്ചു. സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട്‌ മുൻഗണനാടിസ്ഥാനത്തിൽ ഉടൻ നടപ്പാക്കണമെന്ന്‌ അനസ്പുരെ പറഞ്ഞു. സഹായം ആവശ്യമുള്ള കർഷകർക്ക്‌ വായ്പായിളവ്‌ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
50,000 രൂപ വായ്പയെടുത്ത ധനാജി അതു വീട്ടാനാവാതെ വീണ്ടും അമ്പതിനായിരം രൂപ കൂടി വായ്പയെടുത്തു. ബാങ്കിൽ നിന്നും തുടരെ നോട്ടീസുകൾ ലഭിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ ദിവസം ബാങ്ക്‌ ഉദ്യോഗസ്ഥർ വീട്ടിൽ അന്വേഷിച്ചു ചെന്നതോടെയാണ്‌ ധനാജി ജീവനൊടുക്കിയത്‌.

farmers strike

തമിഴ്‌നാട്ടുകാർ വീണ്ടും ഡൽഹിയിലേക്ക്‌

ചെന്നൈ: തമിഴ്‌നാട്ടിലെ കർഷകർ ഡൽഹിയിൽ വീണ്ടും സമരം ആരംഭിക്കുന്നു. കർഷകർക്കെതിരെ സുപ്രിം കോടതിയിലുള്ള കേസുകൾ പിൻവലിക്കുക, 60 വയസ്‌ കഴിഞ്ഞ കർഷകർക്ക്‌ പെൻഷൻ നൽകുമെന്ന സർക്കാർ വാഗ്ദാനം നടപ്പാക്കണം തുടങ്ങിയവയാണ്‌ ആവശ്യങ്ങൾ.

32 ദിവസം ഇവിടെ സമരമിരിക്കും. എന്നിട്ടും പ്രശ്നങ്ങൾക്ക്‌ പരിഹാരമായില്ലെങ്കിൽ പ്രക്ഷോഭം ഇന്ത്യ മുഴുവൻ വ്യാപിപ്പിക്കുമെന്നും ദേശീയ തെന്നിന്ത്യാ നതികൾ ഇനൈപ്പു വ്യവസായികൾ സംഘം പ്രസിഡന്റ്‌ പി അയ്യക്കണ്ണ്‌ പറഞ്ഞു. രാജ്യത്തിെ‍ൻറ നട്ടെല്ലായ കർഷകർക്ക്‌ നേരെ വെടിയുതിർത്തത്‌ പൊറുക്കാനാകാത്ത തെറ്റാണ്‌. ദേശീയ തലത്തിലേക്ക്‌ പ്രതിഷേധം വ്യാപിപ്പിക്കുന്നതിെ‍ൻറ ഭാഗമായി ജൂൺ 16ന്‌ ഡൽഹിയിൽ പ്രത്യേക യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പഞ്ചാബിലും സമരം

കാർഷിക വായ്പ എഴുതി തള്ളുക, വരൾച്ച ദുരിതാശ്വാസ പാക്കേജ്‌ പ്രഖ്യാപിക്കുക, ജലസേചന പ്രശ്നങ്ങൾ പരിഹരിക്കാൻ കാവേരി മാനേജ്മെന്റ്‌ ബോർഡ്‌ രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ നേരത്തെ ജന്തർ മന്ദറിൽ ഇവർ സമരം നടത്തിയിരുന്നു. തലയോട്ടി കഴുത്തിലണിഞ്ഞും എലിയേയും പാമ്പിനേയും കടിച്ചുപിടിച്ചും നഗ്നരായുമായിരുന്നു സമരം. പ്രശ്നം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി കാർഷിക വായ്പ എഴുതിത്തള്ളുമെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി എടപ്പാടി പളനിസാമി നൽകിയ ഉറപ്പിന്മേലാണ്‌ അന്ന്‌ സമരം അവസാനിപ്പിച്ചത്‌.

മോഗാ(പഞ്ചാബ്‌): പഴങ്ങളുടെയും പച്ചക്കറികളുടെയും സംഭരണവില കൂട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ മധ്യപ്രദേശിലെ കർഷകർ നടത്തുന്ന സമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ പഞ്ചാബിലെ കർഷകരും പ്രതിഷേധ സമരം നടത്തുന്നു. പഞ്ചാബിലെ ഏഴ്‌ കർഷക ട്രേഡ്‌ യൂണിയനുകളാണ്‌ മധ്യപ്രദേശിലെ കർഷകരുടെ സമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്‌.

തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്‌ വേണ്ടി സമരം നടത്തിയ കർഷകർക്ക്‌ നേരെ വെടിയുതിർത്ത പൊലീസ്‌ നടപടികളിൽ കടുത്ത പ്രതിഷേധമറിയിച്ച സംഘടനകൾ, കർഷകരുടെ കടങ്ങൾ എഴുതിത്തളളണം, മധ്യപ്രദേശിലെ കർഷകർക്ക്‌ നീതി ലഭിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ ജൂൺ 12നാണ്‌ പ്രതിഷേധ സമരം നടത്തുന്നത്‌.
ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിൽ മോഗായിൽ വിളിച്ചു ചേർത്ത യോഗത്തിലാണ്‌ സംഘടനകൾ, മധ്യപ്രദേശിലെ സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ചത്‌. ബികെയു ഏക്താ ദക്കൊണ്ട, കീർത്തി കിസാൻ യൂണിയൻ, കിസാൻ സംസ്കാർ കമ്മിറ്റി (കെഎസ്സി) പഞ്ചാബ്‌, കെഎസ്സി ആസാദ്‌, ക്രാന്തികരി കിസാൻ യൂണിയൻ പഞ്ചാബ്‌, ബികെയു, കൊരാനികർ എന്നിവയുടെ നേതൃത്വത്തിലാണ്‌ പ്രതിഷേധ സമരം സംഘടിപ്പിക്കുന്നത്‌.

farmers3
ഗുജറാത്തിലും പ്രക്ഷോഭം

ഗാന്ധിനഗർ: മധ്യപ്രദേശിനും മഹാരാഷ്ട്രയ്ക്കുമൊപ്പം ഗുജറാത്തിലും കർഷകർ പ്രക്ഷോഭത്തിൽ. ഉള്ളിക്കും ഉരുളക്കിഴങ്ങിനും വിലയിടിയുകയും മതിയായ ജലസേചന സൗകര്യം ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ്‌ കർഷകർ മധ്യപ്രദേശ്‌ മാതൃകയിൽ ഉൽപ്പന്നങ്ങൾ റോഡിലുപേക്ഷിച്ചും മറ്റും പ്രതിഷേധവുമായി തെരുവിലിറങ്ങിയത്‌.

ബാനസ്കന്ധയിലാണ്‌ ഉരുളക്കിഴങ്ങു കർഷകർ പ്രതിഷേധം ആരംഭിച്ചത്‌. രാധൻപുർ ദേശീയ പാതയിൽ ഉരുളക്കിഴങ്ങുകൾ വലിച്ചെറിഞ്ഞ്‌ കർഷകർ പ്രതിഷേധിച്ചത്‌ ഗതാഗത സ്തംഭനത്തിനിടയാക്കി.
സൗരാഷ്ട്ര മേഖലയിൽ ഉൽപാദനത്തിൽ വൻ വർധന ഉണ്ടായപ്പോൾ നാമമാത്ര വിലയ്ക്കാണ്‌ കർഷകർക്ക്‌ ഉള്ളി വിറ്റഴിക്കേണ്ടി വന്നിരിക്കുന്നത്‌. 20 കിലോയുടെ ഉള്ളി 25-30 രൂപയ്ക്കാണ്‌ വിറ്റഴിക്കുന്നത്‌. 75-80 രൂപ ഉൽപാദന ചെലവുണ്ടായപ്പോഴാണ്‌ ഇത്രയും വിലയ്ക്കു വിൽക്കേണ്ടി വന്നത്‌. അമ്രേലിയിലെയും ഭാവ്‌ നഗറിലെയും 1.5 ലക്ഷം കർഷകർക്കാണ്‌ ദുരിതം പേറേണ്ടി വന്നത്‌. ഈ സാഹചര്യത്തിൽ വിലയില്ലാത്ത ഉള്ളി ചാക്കിൽ കെട്ടി നഗരത്തിലെത്തിയ കർഷകർ വഴിയിൽ ഉപേക്ഷിച്ചു സമരം നടത്തി. പത്തു വില്ലേജുകളിലാണ്‌ ഈ രീതിയിലുള്ള സമരം നടന്നത്‌.

Comments

comments