Breaking News

നടി ആക്രമിക്കപ്പെട്ട കേസ്; നടന്‍ ദിലീപ് അറസ്റ്റില്‍

കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റില്‍. ഇന്നുരാവിലെ ദിലീപിനെ രണ്ടാമത് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നടി ആക്രമിക്കപ്പെട്ടതായി ബന്ധപ്പെട്ട ഗൂഢാലോചനയിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്.

dileep-site

നേരത്തെ ഇതുമായി ബന്ധപ്പെട്ട് ദിലീപിനെയും നാദിര്‍ഷായെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. വീണ്ടും ഇവരെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കസ്റ്റഡിയില്‍ എടുത്തതും രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തതും വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുന്നതും. മുഖ്യമന്ത്രിയുടെ ഓഫീസ് ദിലീപിനെ അറസ്റ്റ് ചെയ്ത കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് ഗൂഢാലോചന കുറ്റം ചുമത്തി നാടകീയമായി ഇന്ന് അറസ്റ്റ് ചെയ്തത്. രഹസ്യ കേന്ദ്രത്തിലായിരുന്നു ചോദ്യം ചെയ്യല്‍.പള്‍സര്‍ സുനിയെ കഴിഞ്ഞ ദിവസം രാത്രി വൈകിയും പൊലീസ് രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് ദിലീപിനെയും വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.

തുടര്‍ന്ന് ഗൂഢാലോചനക്ക് അനുസൃതമായ ചില തെളിവുകള്‍ പൊലീസിന് ലഭിക്കുകയായിരുന്നു വെന്നാണ് പൊലീസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.ദിലീപിന്റെ അറസ്റ്റ് സിനിമാ മേഖലയെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ആര്‍ക്കും വിശ്വസിക്കാന്‍ പറ്റാത്ത തരത്തില്‍ സിനിമയെ വെല്ലുന്ന ക്ലൈമാക്‌സ് ആണ് പൊലീസ് ഒരുക്കിയത്.

നടി ആക്രമിക്കപ്പെട്ട അന്നു മുതല്‍ പ്രമുഖ നടന് പങ്കുണ്ടെന്ന തരത്തില്‍ വ്യാപകമായ പ്രചരണമുണ്ടായിരുന്നു. പിന്നീട് ദിലീപിനെ പൊലീസ് 13 മണിക്കൂര്‍ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

കോളിളക്കമുണ്ടാക്കിയ സംഭവത്തില്‍, നാലര മാസം പിന്നിടുമ്പോഴാണ് ദിലീപിന്റെ അറസ്റ്റ്. സംഭവം പുറത്തറിഞ്ഞതു മുതല്‍ സംശയത്തിന്റെ നിഴലിലായിരുന്ന ദിലീപ്, സംഭവത്തില്‍ തനിക്കു പങ്കില്ലെന്ന നിലപാടിലായിരുന്നു. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ പ്രതിയാക്കിയിരിക്കുന്നത്. വ്യക്തിപരമായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, സംഭവത്തെപ്പറ്റി ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് അതിക്രമത്തിന് ഇരയായ നടിയുടെ കുടുംബം വ്യക്തമാക്കി.

കഴിഞ്ഞ ഫെബ്രുവരി 17നാണ് നടിയെ അങ്കമാലി അത്താണിക്കു സമീപം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. നടിയുടെ മുന്‍ ഡ്രൈവര്‍ കൂടിയായ പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു അക്രമം. ഓടുന്ന വാഹനത്തിനുള്ളില്‍ നടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച അക്രമികള്‍, അതിന്റെ ദൃശ്യങ്ങളും പകര്‍ത്തിയശേഷം കൊച്ചി കാക്കനാട് ഭാഗത്ത് ഇറക്കിവിട്ടു.

തുടര്‍ന്ന്, നിര്‍മാതാവും നടനും സംവിധായകനുമായ ലാലിന്റെ വീട്ടില്‍ നടി അഭയം തേടുകയായിരുന്നു. ലാല്‍ നല്‍കിയ വിവരമനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തി മൊഴിയെടുത്തതും അതിന്റെ അടിസ്ഥാനത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തതും.

കേസുമായി ബന്ധപ്പെട്ട് മാസങ്ങള്‍ നീണ്ടുനിന്ന കോലാഹലങ്ങള്‍ക്കൊടുവിലാണ് അറസ്റ്റ്. െഎജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിന് എഡിജിപി ബി.സന്ധ്യയാണ് മേല്‍നോട്ടം വഹിച്ചത്.

Comments

comments