കേരള സര്‍ക്കാര്‍ കേരളത്തിലെ മുഴുവന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കും ഷി പാഡ് എന്ന പേരില്‍ സാനിറ്ററി പാഡ് വിതരണം ചെയ്യാനുള്ള മുന്നൊരുക്കത്തിലാണ്. തീർച്ചയായും ഇക്കാര്യത്തിൽ നിലവിലുള്ള സാഹചര്യത്തിലെ ഏറ്റവും വിപ്ലവകരമായ തീരുമാനമാണ് പിണറായി സർക്കാർ കൈക്കൊണ്ടത്. അതെ സമയം മാറിയ കാലഘട്ടത്തിലും നമ്മുടെ കുട്ടികളെയും അമ്മമാരെയും സാനിറ്ററി പാഡ് എന്ന താരതമ്യേന ബുദ്ധിമുട്ടുള്ള ശീലത്തില്‍ നിന്നും മുക്തി നേടാന്‍ പരിശീലിപ്പിക്കണ്ടത് അനിവാര്യമാണ്. അടുത്ത ഘട്ടം എന്ന നിലയിലെങ്കിലും ഇക്കാര്യം കണക്കിലെടുക്കണം എന്ന അഭ്യർഥനയോടെയാണ് മെന്‍സ്ട്രല്‍ കപ്പുകള്‍ എന്ന നിർദേശം മുന്നോട്ടു വയ്ക്കുന്നത്.
മാലിന്യം കുറയ്ക്കുന്ന മെന്‍സ്ട്രല്‍ കപ്പുകള്‍
ഇന്ന് പ്രചാരത്തിലുള്ള മിക്ക സാനിറ്ററി നാപ്കിനുകളും ഒരു തവണ മാത്രമേ ഉപയോഗിക്കാനാകുകയുള്ളൂ. അതു കഴിഞ്ഞ് ദിവസേന കുമിഞ്ഞ് കൂടുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ കൂട്ടത്തിലേക്ക് ഇതും തള്ളപ്പെടുന്നു. ആരോഗ്യപരമായും സാമ്പത്തികപരമായും ധാരാളം നഷ്ടങ്ങള്‍ക്കു വഴിവെക്കുന്നുമുണ്ട് മെന്‍സ്ട്രല്‍ കപ്പുകള്‍. ഇത് പോലെയുള്ള ബദല്‍ മാര്‍ഗങ്ങള്‍ ഇന്ന് വിദേശരാജ്യങ്ങളില്‍ സുപരിചിതമാണെങ്കിലും നമ്മുടെ നാട്ടിലെ ബഹുഭൂരിപക്ഷവും ഈ സംവിധാനത്തെപ്പറ്റി അറിവില്ലാത്തവരാണ്. 1937 കാലഘട്ടത്തിൽ പ്രചാരത്തിൽ വന്നു തുടങ്ങിയ മെന്‍സ്ട്രല്‍ കപ്പുകള്‍ ഇനിയും നമ്മുടെ ഇന്ത്യയിൽ മതിയായ സ്വാധീനം ഉണ്ടാക്കിയിട്ടില്ല എന്നത് ഒരൽപം ആശങ്കയുണ്ടാക്കുന്നു.
ലിയോണ ഡബ്ള്യൂ ചാല്‍മേഴ്സ് എന്ന അമേരിക്കന്‍ നടി
മെന്‍സ്ട്രല്‍ കപ്പുകളുടെ പേറ്റന്റ് ആദ്യം ലഭിച്ചത് ലിയോണ ഡബ്ള്യൂ ചാല്‍മേഴ്സ് എന്ന അമേരിക്കന്‍ നടിയ്ക്കാണ് . 1937 ല്‍ ആയിരുന്നു ഇത്. 1860 കളില്‍ തന്നെ ഇവയുടെ പുരാതന രൂപം ഉണ്ടായിരുന്നു. അമേരിക്കയില്‍ ഇവ ലഭ്യമായിരുന്നുവെങ്കിലും മാര്‍ക്കറ്റ് ചെയ്യപ്പെട്ടിരുന്നില്ല. 1960 കളില്‍ ഇവ മാര്‍ക്കറ്റില്‍ ലഭ്യമായിരുന്നെങ്കിലും ബിസിനസ്സ് എന്ന രീതിയില്‍ വിജയമായില്ല. ആദ്യ കാല മെന്‍സ്ട്രല്‍ കപ്പുകള്‍ റബ്ബര്‍ കൊണ്ടാണ് നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ ഇക്കാലത്ത് ഹൈ ക്വാളിറ്റി സിലിക്കോണ്‍ കൊണ്ടാണ് മിക്കവാറും കമ്പനികള്‍ മെന്‍സ്ട്രല്‍ കപ്പുകള്‍ നിര്‍മ്മിക്കുന്നത്. റബ്ബര്‍ കൊണ്ടുള്ളതും ലഭ്യമാണ്. പല നിറത്തിലുള്ള മെന്‍സ്ട്രല്‍ കപ്പുകള്‍ വിപണയില്‍ ലഭ്യമാണ് സ്മോള്‍, മീഡിയം, ലാര്‍ജ് എന്നിങ്ങനെ മൂന്ന് സൈസുകളില്‍ ലഭ്യമായ മെന്‍സ്ട്രല്‍ കപ്പ് എല്ലാ പ്രായക്കാര്‍ക്കും ഉപയോഗിക്കാം. 12 മണിക്കൂര്‍ തൂടര്‍ച്ചയായി ഉപയോഗിച്ചാലും കുഴപ്പമില്ല. രാത്രി ഉപയോഗം കഴിഞ്ഞ് അല്പനേരം ചൂടുവെള്ളത്തില്‍ ഇട്ടു വെക്കണം. സിലിക്കണ്‍ എന്ന മെറ്റീരിയല്‍ ഉപയോഗിച്ചുണ്ടാക്കുന്ന ഇത് ഒരിക്കലും സോപ്പ്, ഷാംപു എന്നിവ ഉപയോഗിച്ച് കഴികരുത്. ഓരോ മാസത്തെ ആര്‍ത്തവ ദിവസങ്ങള്‍ കഴിയുന്നതോടു കൂടി ചൂടുവെള്ളത്തില്‍ ഇട്ട് തിളപ്പിച്ച് വൃത്തിയായി എടുത്തു വയ്ക്കണം.
വസ്ത്രങ്ങളിൽ ഇനി കറയില്ല
ദീര്ഘയാത്രകള് ചെയ്യുമ്പോഴും അല്ലാത്ത സന്ദര്‍ഭങ്ങളിലും ഒരു തരത്തിലുള്ള ആശങ്കയും വേണ്ട. മണിക്കൂറുകള്‍ ഇടവിട്ട് പാഡ് മാറ്റുന്നതിന്റെ ബുദ്ധിമുട്ടോ വസ്ത്രങ്ങളില്‍ കറ പുരളുമെന്ന ഭയമോ മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിച്ചാല്‍ ആവശ്യമില്ല. സാനിട്ടറി പാഡുകളെയും ടാംമ്പൂണുകളെയും അപേക്ഷിച്ച് മെന്‍സ്ട്രല്‍ കപ്പുകള്‍ ഉപയോഗിക്കുന്നത് കൊണ്ട് അലര്‍ജിയും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നില്ല. മാത്രമല്ല അവയേക്കാളെല്ലാം സുരക്ഷിതമാണു താനും. കൃത്യമായി ഉപയോഗിച്ചാല്‍ അല്‍പ്പം പോലും ലീക്കേജോ ബുദ്ധിമുട്ടോ ഉണ്ടാകുകയില്ല. മികച്ച ആഗിരണ ശേഷിയാണ് ഇവ അവകാശപ്പെടുന്ന മറ്റൊരു പ്രത്യേകത. എത്ര കഠിനമായ രക്തസ്രാവം ആണെങ്കിലും ആര്‍ത്തവ കപ്പ് ഫലപ്രദമായിരിക്കും. സാധാരണ രീതിയിലുള്ള ഒരു പാഡുമായി താരതമ്യം ചെയ്യുമ്പോള്‍ ആര്‍ത്തവ കപ്പിന് അഞ്ച് മടങ്ങ് ശേഷി കൂടുതലാണ്. നന്നായി അകത്തേയ്ക്ക് വയ്ക്കുകയാണെങ്കില്‍ ടാംമ്പൂണും മറ്റ് ഉല്പന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിന് ചോര്‍ച്ച കുറവാണ്.
സാനിട്ടറി പാഡ്
• നിരന്തരമായ ഉപയോഗം ചൂടു കുരുക്കള്‍ പോലെ കുരുക്കളുണ്ടാക്കുന്നു.
• അണു വിമുക്തമാക്കാന്‍ കഴിയില്ല.
• ശരീരത്തിന്റെ സ്വാഭാവികമായ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു.
• ഒരു സ്ത്രീ അവളുടെ ജീവിത കാലഘട്ടത്തില്‍ ഏകദേശം. 11,000 സാനിട്ടറി നാപ്കിന്സ് ഉപയോഗിക്കുന്നു. ഏകദേശം 5-7 വരെയാണ് ഒരു സാനിട്ടറി നാപ്ക്കിന്റെ വില.
• കൃത്യമായി നശിപ്പിക്കാത്തതിനാല്‍ അന്തരീക്ഷ മലിനീകരണത്തിനിടയാക്കുന്നു.
മെന്‍സ്ട്രല്‍ കപ്പ്
• മിനുസമായ സിലിക്കണ്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ കുരുക്കള്‍ ഉണ്ടാക്കുന്നതു തടയുന്നു.
• അണു വിമുക്തമാക്കാന്‍ കഴിയുന്നു.
• ആര്‍ത്തവ രക്തം മാത്രം ശേഖരിക്കുന്നു ശരീരത്തിന്റെ മറ്റു പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നില്ല.
• 1200 രൂപ വിലവരുന്ന ഒരു മെന്‍സ്ട്രല്‍ കപ്പ് 10 വര്‍ഷം വരെ ഉപയോഗിക്കാന്‍ കഴിയും.
• പ്രകൃതിയോടിണങ്ങിയതാണ്
ഉപയോഗിക്കുന്ന രീതി വ്യക്തമാക്കുന്ന വീഡിയോ