Breaking News

ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; എൻ സി പിയിൽ ഉഴവൂർ വിജയന് മാനസിക പീഡനം

ഉഴവൂരിനെ അവശനാക്കിയത് എൻ സി പിയിലെ പോര് ?

Uzhavoor Vijayan dailyreports (2)
ഉഴവൂർ വിജയൻ എന്ന സരസനായ നേതാവിനെ അവശനാക്കിയത് എൻ സി പിയിലെ ഉൾപ്പാർട്ടിപോര് എന്ന് സൂചന. എ കെ ശശീന്ദ്രൻ മന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടി വന്ന സാഹചര്യം മുതൽ പാർട്ടിയിൽ മറ്റൊരു വിഭാഗം പ്രബലമാവുകയും സംസ്ഥാന അധ്യക്ഷനെ അടക്കം നിശ്ശബ്ദനാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എൻ സി പിയിൽ എല്ലാ വിഭാഗങ്ങളെയും ഒന്നിച്ചു കൊണ്ട് പോകാൻ ശ്രമിച്ചിരുന്ന നേതാവാണ് സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയൻ എന്ന് പരക്കെ സമ്മതിക്കപ്പെട്ടിരുന്നതുമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിന്റെ വിജയ ശില്പികളിൽ ഒരാൾ ഉഴവൂർ വിജയൻ ആയിരുന്നു. അദ്ദേഹത്തിന്റെ സരസമായ പ്രസംഗം സാധാരണയിൽ സാധാരണക്കാരായ ജനങ്ങളെ ആകർഷിച്ചിരുന്നു. വലിയ ജനക്കൂട്ടത്തെ പൊട്ടിച്ചിരിപ്പിച്ച വിജയൻറെ സാന്നിധ്യത്തിനായി കേരളത്തിലെ എല്ലാ മണ്ഡലങ്ങളും ആവശ്യം ഉന്നയിച്ചിരുന്നതും അന്ന് വാർത്ത ആയതാണ്.

uzhavoor speech

ചിരിച്ച് തീരില്ല… (ഉഴവൂർ വിജയൻ)

ഈ സമ്മതി പക്ഷെ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം എൻ സി പിയിൽ അദ്ദേഹത്തിൽ നിന്നും മെല്ലെ അപ്രത്യക്ഷമായി. അധികാരത്തിനു വേണ്ടി ഒരു ചെറിയ വിഭാഗം തുടങ്ങി വച്ച കളികൾ പിന്നീട് പാർട്ടിയെ ഏറ്റവും വലിയ നാണക്കേടിലേക്ക് തള്ളി വിട്ടു.

തരം താഴ്ത്തിയ നേതാവ് കളിച്ചു തുടങ്ങി

Uzhavoor Vijayan dailyreports (1)

സംസ്ഥാന നേതൃത്വത്തിൽ മുൻ യുവതാരമായി തിളങ്ങിയ ഒരു നേതാവിനെ ഇടയ്ക്കു വച്ച് അധ്യക്ഷൻ ഉഴവൂർ വിജയൻ കൂടി ഉൾപ്പെട്ട കമ്മിറ്റി നടപടിയെടുത്ത് തരം താഴ്ത്തിയിരുന്നു. ഇതോടെ ഭരണം കിട്ടിയ നാളുകളിൽ പതുങ്ങിക്കിടന്ന അധികാര മോഹികളുടെ പടയൊരുക്കം പുനരാരംഭിച്ചു. അവർ തരം താഴ്ത്തപ്പെട്ട പഴയ യുവതുർക്കിയെ മുന്നിൽ നിർത്തി കളി തുടങ്ങി. ഫോണിലൂടെ നിരന്തരം ഫോൺ കോളുകൾ ആയി അസഭ്യ വർഷവും അവഹേളനവും പതിവായിരുന്നു എന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നു.

ശശീന്ദ്രന്റെ വീഴ്ചയും ചാനലിന്റെ ഇടപെടലും

ഭരണത്തിലും മന്ത്രിയുടെ പ്രവർത്തനത്തിലും മുഖ്യമന്ത്രി പിണറായി വിജയൻ തൃപ്തനായിരുന്നത് എ കെ ശശീന്ദ്രനും എൻ സി പിയ്ക്കും അധ്യക്ഷൻ ഉഴവൂർ വിജയനും ആശ്വാസമായിരുന്നു. ഒരു പരിധിവരെ ഉൾപ്പാർട്ടി ലഹളയെ ചെറുത്തു നിന്നതും പിണറായി നൽകിയ ഗുഡ് സർട്ടിഫിക്കറ്റിന്റെ പിൻബലത്തിലായിരുന്നു. പക്ഷെ ശശീന്ദ്രൻ ഒരു ചാനലിന്റെ ഹണിട്രാപ്പിൽ വീണതോടെ കാര്യങ്ങളാകെ തലകീഴ് മറിച്ചു. ഇക്കാര്യത്തിൽ ഇടപെട്ട ചാനൽ അണിയറക്കാരുടെ പല പ്രവർത്തികളും എൻ സി പി പ്രവർത്തകർക്ക് സംശയമുണ്ടാക്കുന്നുണ്ട്. ഇവരിൽ ചിലർക്ക് പാർട്ടിയിലെ ഉന്നതരുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് എൻ സി പിയിൽ തന്നെ ആരോപണം ഉയർന്നിരുന്നു. പാർട്ടിയിലെ ആർക്കോ വിവാദ ചാനലിൽ സാമ്പത്തിക നിക്ഷേപം ഉണ്ടെന്നും പരസ്യമായി തന്നെ ഒരു രഹസ്യം പരക്കുന്നുണ്ട്.

വിവാദം പുകയുമ്പോൾ തന്നെ പുതിയ മന്ത്രി ഇല്ലാതെ കാര്യങ്ങൾ മുന്നോട്ടു പോകില്ല എന്ന് പാർട്ടിയിൽ അഭിപ്രായം ഉയർന്നു. മന്ത്രി രാജി വയ്ക്കുന്നതും പുതിയ ആൾ എത്തുന്നതും ഒക്കെ സമാധാനപരമായിരിക്കണമെന്നും മാധ്യമങ്ങൾക്ക് എഴുതി നിറയ്ക്കാനുള്ള വക അതിൽ ഉണ്ടാവരുതെന്നും പിണറായി എൻ സി പിയ്ക്ക് കർശന നിർദേശം നൽകി. അല്ലാത്ത പക്ഷം പുതിയ മന്ത്രി വേണ്ട എന്ന നിലപാടായിരുന്നു പിണറായിക്ക്. ഇടഞ്ഞു നിന്ന വിഭാഗങ്ങളെ ഒരുമിച്ചു നിർത്തി പുതിയ മന്ത്രി തോമസ് ചാണ്ടിയുടെ അധികാര പ്രവേശത്തിന് കളമൊരുക്കിയത് ഉഴവൂരിന്റെ നേതൃത്വമിടുക്കയിരുന്നു.

ഉഴവൂരിനെ തകർത്ത് ചില ഫോൺ കോളുകൾ

Uzhavoor Vijayan dailyreports (3)

”പക്ഷെ പിന്നീട് പാർട്ടിയിൽ നല്ലതൊന്നും നടന്നില്ല. പുറത്തൊന്നും അറിഞ്ഞില്ല എങ്കിലും പുകയുന്ന ഒരു അഗ്നിപർവതം ആയിരുന്നു നമ്മുടെ പാർട്ടി.” പേര് വെളിപ്പെടുത്തരുതെന്ന ഉപാധിയിൽ ഇക്കാര്യങ്ങൾ ഒരു സംസ്ഥാന നേതാവ് സമ്മതിച്ചു. ”ഉഴവൂർ വിജയന് നിരന്തരം ഫോൺ കോളുകൾ വരുമായിരുന്നു. ഒക്കെ തെറിയാണ്. പലതും ഞങ്ങളൊക്കെ കേട്ടിട്ടുണ്ട്. ഉഴവൂരിനെ കുറിച്ച് അപവാദങ്ങൾ പടച്ചു വിടാൻ പാർട്ടിയിൽ ഒരു സംഘം ഒരു രഹസ്യ കേന്ദ്രത്തിൽ വച്ച് തന്നെ പണിയെടുത്തിരുന്നു. ആരൊക്കെ പുറകിലുണ്ടെന്ന് തുറന്നു പറയേണ്ട സമയത്തു പറയും. തെളിവുകളും ഉണ്ട്. അദ്ദേഹത്തെ അടുത്തറിയുന്ന ചിലരോട് അദ്ദേഹം തന്നെ ഇതൊക്കെ പറഞ്ഞിട്ടുമുണ്ട്. ഘടകകക്ഷികളിൽ അദ്ദേഹത്തോട് അടുപ്പമുള്ള പലരോടും അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്.”

ഊർജ്ജസ്വലനായിരുന്ന ഉഴവൂർ വിജയൻറെ പെട്ടെന്നുള്ള രോഗാവസ്ഥ ഏവരെയും അമ്പരപ്പിച്ചിരുന്നു. പക്ഷെ അതിനു പിന്നിൽ അദ്ദേഹത്തെ മാനസികമായി തളർത്താനുള്ള ഒരു ഗൂഢ സംഘത്തിന്റെ പ്രവർത്തനം ഉണ്ടായിരുന്നോ ? എങ്കിൽ അത് ഞെട്ടിക്കുന്ന വിവരമാണ്.

(നന്ദി: twentyfournews )

Comments

comments