Breaking News

ദിലീപ് രക്ഷപ്പെടുമെന്ന് പോലീസ് ഉന്നത ഉദ്യോഗസ്ഥർ

നടിയെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തിൽ ദിലീപ് രക്ഷപ്പെടുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ തന്നെ പ്രചാരണം നടത്തുന്നതായി പരാതി. നേരത്തെ മുൻ ഡി.ജി.പി. ടി പി സെൻകുമാർ നടത്തിയ പരാമർശത്തിന്റെ ചുവട് പിടിച്ചാണ് പ്രചാരണം. ലഭ്യമായ തെളിവുകൾ വച്ച് ഒന്നും ചെയ്യാൻ കഴിയില്ല എന്നാണ് ഇക്കൂട്ടരുടെ വാദം. തെളിവുകളുടെ അഭാവത്തിലാണ് ദിലീപിനെ 13 മണിക്കൂർ ചോദ്യം ചെയ്തതെന്ന് സെൻകുമാർ അഭിപ്രായപ്പെട്ടത് നേരത്തെ ഏറെ വിവാദമായിരുന്നു. എന്നാൽ ഇത് ഉദ്യോഗസ്ഥരുടെ പടലപ്പിണക്കത്തിന്റെ ഭാഗമായുള്ള വെറും പറച്ചിൽ മാത്രമാണെന്ന് കരുതേണ്ടിയിരിക്കുന്നു. ഒരു അന്വേഷണം !

1. ആർക്കും ഒരു വിവരവും കൃത്യമായി ലഭിക്കുന്നില്ല

സാധാരണ ഇത്തരം കേസുകളുടെ അന്വേഷണ പുരോഗതി പോലീസ് സേനയിൽ പരസ്യമായ രഹസ്യമാണ്. പക്ഷെ ദിലീപ് കേസിൽ ഒരു അന്വേഷണ പുരോഗതിയും പുറത്തേക്ക് വരുന്നതേയില്ല. ഒരു കാര്യവും ആരും അറിയുന്നില്ല. സംഭവം നടന്ന ജില്ലയിലെ പോലീസ് മേധാവികൾക്ക് ഇത് വരെ കാര്യങ്ങളെ കുറിച്ച് ഒന്നുമറിയില്ല. റേഞ്ച് ഐ ജി , എറണാകുളം പോലീസ് ചീഫ് , അസംഖ്യം ഡി വൈ എസ് പിമാർ , അസിസ്റ്റന്റ് കമ്മീഷണർമാർ തുടങ്ങി ആരോടെങ്കിലും ആരേലും ഈ കേസിനെക്കുറിച്ച് ചോദിച്ചാൽ അരിശം വരുമത്രെ! ജില്ലയിലെ ഒരുദ്യോഗസ്ഥൻ ആകട്ടെ എന്തേലും കാര്യമായ വിവരം അറിഞ്ഞാൽ പറയണേ എന്ന് മാധ്യമ പ്രവർത്തകരായ സുഹൃത്തുക്കളെ ശട്ടം കെട്ടിയിരിക്കുകയാണ്.

2. മുഖ്യന്റെ സ്‌പെഷ്യൽ ടീം

നടിയെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണത്തിനായി മുഖ്യമന്ത്രി ഒരു സ്‌പെഷ്യൽ ടീമിനെ ആണ് നിയമിച്ചത്. കേസിൽ ആക്രമണത്തിന് വിധേയ ആയതും , പ്രധാന ചില സാക്ഷികളും , പ്രതികളെന്ന് സംശയിക്കുന്നവരുമൊക്കെ സ്ത്രീകൾ ആണെന്ന് വന്നതോടെ ടീമിൽ ചെറിയ മാറ്റങ്ങളും വന്നു. ടീമിന്റെ ക്യാപ്റ്റൻസി പൂർണമായും സന്ധ്യ ഐ പി എസ്സിന് തന്നെ ആയതോടെ കാര്യങ്ങളിൽ നിന്നും ചിലർ കൂടി പുറത്തായി. മുറുമുറുപ്പുകൾ ഉയർന്നു തുടങ്ങിയത് ഈ സാഹചര്യത്തിലാണ്.

3. കശ്യപിനെ വെളിയിലിറക്കി ?

ദിലീപിനെ ആലുവ പോലീസ് ക്ലബ്ബിൽ 13 മണിക്കൂർ ചോദ്യം ചെയ്ത ദിവസമായിരുന്നു പോലീസ് സേനയ്ക്ക് നിർണായകം. ആലുവയിലേക്ക് ദിലീപ് എത്തുന്നത് മുൻകൂട്ടി അറിഞ്ഞ പല ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ദിലീപ് എത്തുമ്പോൾ കാഴ്ചക്കാരാകാനും അന്വേഷണ ടീം അംഗങ്ങൾ തന്നെയും ആയി നിരവധി പോലീസ് ഉദ്യോഗസ്ഥർ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ദിലീപ് , നാദിർഷ , മാനേജർ അപ്പുണ്ണി എന്നിവരെ തന്ത്രപരമായി ചോദ്യം ചെയ്യുക എന്നതായിരുന്നു പോലീസ് പ്ലാൻ. ദിലീപ് എത്തി ചോദ്യം ചെയ്യൽ ആരംഭിക്കുന്നതിനു മുൻപ് തന്നെ സന്ധ്യ ഐ പി എസ് ഇടപെട്ടു. ദയവായി എല്ലാവരും പുറത്തു പോകാൻ ആവശ്യപ്പെട്ടു. അന്വേഷണ ടീം തലവൻ എന്ന് അത് വരെ കരുതിയിരുന്ന ദിനേന്ദ്ര കശ്യപിനോടും മുറി വിട്ടു പുറത്തിറങ്ങി കാത്തു നില്ക്കാൻ സന്ധ്യ അഭ്യർത്ഥിച്ചു. എല്ലാവരും ഇറങ്ങുകയും ചെയ്തു.

4. സെൻകുമാറിന്റെ ദേഷ്യം

അന്വേഷണത്തിന്റെ നേതൃത്വം ദിനേന്ദ്ര കശ്യപിനായിരിക്കും എന്ന സെൻകുമാറിന്റെ തീരുമാനമാണ് അട്ടിമറിക്കപ്പെട്ടത്. പുറത്തിറങ്ങേണ്ടി വന്ന കശ്യപ് വിവരം അപ്പോൾ തന്നെ അപ്പോഴത്തെ ഡി ജി പി സെൻകുമാറിനെ അറിയിച്ചു. സെൻകുമാർ ക്ഷുഭിതനായി. എന്നാൽ ചോദ്യം ചെയ്യൽ നീണ്ടു നിന്ന 13 മണിക്കൂറിലും ബി സന്ധ്യയുമായി സെൻകുമാറിന് കാര്യമായി ആശയ വിനിമയം നടത്താൻ കഴിഞ്ഞില്ല. ഒടുവിൽ ദിലീപിനെ ചോദ്യം ചെയ്യുന്നത് നിർത്തിവയ്ക്കാൻ തലസ്ഥാനത്ത് നിന്നെത്തിയ ഫോൺ സന്ദേശം പോലീസ് തലവനിൽ നിന്ന് തന്നെ ആയിരുന്നു എന്നാണ് റിപ്പോർട്ട്.

കേസിന്റെ അന്വേഷണ പുരോഗതി ഉയർന്ന ഉദ്യോഗസ്ഥരുമായി പങ്ക് വയ്ക്കുന്നില്ല എന്ന് കാരണം പറഞ്ഞു സെൻകുമാർ ക്ഷുഭിതനായത് ദിനേന്ദ്ര കശ്യപിന്റെ മാത്രം പരാതിയിലല്ല; അത് സ്വയം പരാതി കൂടിയായിരുന്നു എന്ന് സേനയിൽ പരസ്യമാണ്.

5. അങ്ങേയറ്റം രഹസ്യം

പോലീസ് അന്വേഷണ സംഘത്തിന്റെ വാഹനങ്ങളുടെ ദിശ മാത്രമേ കാഴ്ചക്കാർക്ക് ഇപ്പോൾ ലഭിക്കുന്നുള്ളൂ. ഏതു ജില്ലയിൽ ആരെ ആണ് അവർ കാണുന്നതെന്ന് പലപ്പോഴും അറിയുന്നു പോലുമില്ല. ചിലപ്പോൾ കണ്ട ശേഷം അറിയും. മാധ്യമ പ്രവർത്തകർ അറിയുന്ന അത്ര പോലും പോലീസ് സേനയിലുള്ളവർക്കറിയില്ല എന്നതാണ് സത്യം. ദിലീപിന്റെ അറസ്റ്റ് മുതൽ കാവ്യാ മാധവനെ ചോദ്യം ചെയ്തത് വരെ ആരും മുൻകൂട്ടി അറിഞ്ഞിരുന്നില്ല എന്നത് ഇതിന്റെ തെളിവാണ്.

പൊലീസിന് വേണ്ടി കേസ് വാദിക്കുന്ന പ്രോസിക്കൂട്ടറോ കോടതികൾ തന്നേയോ ഇതുവരെ അന്വേഷണത്തിന്റെ പൂർണ്ണ വിവരങ്ങൾ മനസിലാക്കിയിട്ടില്ല. അങ്ങനെ കോടതികളിൽ തെളിവുകളൊക്കെ ഇപ്പോൾ തന്നെ നൽകണം എന്ന് നിർബന്ധവുമില്ല. ഇത് വരെ നൽകിയിട്ടുമില്ല. സമയമാകട്ടെ എന്നതാണ് നിലവിലെ അന്വേഷണ സംഘത്തിന്റെ ഉറച്ച നിലപാട്. ജാമ്യം നൽകരുതെന്ന് വാദിക്കാൻ കേസിന്റെ മുഴുവൻ വിവരങ്ങളും ഒരു കോടതിയിലും പോലീസ് നൽകേണ്ടതില്ല. കോടതിക്ക് ജാമ്യം നിഷേധയ്ക്കാനുള്ള കാരണം വ്യക്തമാകണം എന്നേയുള്ളൂ. അതിന് യുക്തി ഉണ്ടായിരിക്കുകയും വേണം.

ദിലീപ് ഊരിപ്പോരും എന്ന് ഇനി ആരെങ്കിലും പറഞ്ഞാൽ അതിന്റെ അർഥം ഊരിപ്പോരും എന്നല്ല. കാരണം ആകാശത്തേക്കുള്ള ചുമ്മാ വെടി മാത്രമാണത്. കേസ് ഡയറി കണ്ടിട്ടില്ല, എന്തൊക്കെ തെളിവുകൾ ഉണ്ടെന്നറിയില്ല, ഇനി ആരെയൊക്കെ പോലീസ് ലക്‌ഷ്യം വയ്ക്കുന്നതെന്നറിയില്ല. അന്വേഷണ വഴികളിൽ ബലമായി കെട്ടി നിർത്തിയ രഹസ്യമതിൽ ഭേദിക്കാൻ കഴിയാതെ പുറത്ത് നിൽക്കുന്നവരുടെ കൊതിക്കെറുവാണ് അത്; നല്ല ഒന്നാന്തരം കൊതിക്കെറുവ് !

Comments

comments