Breaking News

മൂവാറ്റുപുഴയില്‍ നിന്നും ഒരു സിനിമയുടെ ചരിത്രം

മോഹൻദാസ് സൂര്യനാരായണൻ

1951ല്‍ പുറത്തിറങ്ങിയ യാചകന്‍ എന്ന ചിത്രം രണ്ട് കാരണങ്ങള്‍ കൊണ്ട് മൂവാറ്റുപുഴക്കാര്‍ ഓര്‍ത്തു വയ്ക്കേണ്ടതാണ്. ഒന്ന്, ചിത്രം നിര്‍മ്മിച്ചത് മൂവാറ്റുപുഴക്കാരനായ കളപ്പുര മഠത്തിലെ കെ. എസ്. അഖിലേശ്വരയ്യര്‍. രണ്ട്, നായകവേഷം അഭിനയിച്ചത് മൂവാറ്റുപുഴ കടാതി മംഗലത്ത് എം. പി. മന്മഥന്‍. അഖിലേശ്വരയ്യര്‍, പിന്നീട് കേരള ഫിലിം ചേംബര്‍ ഓഫ് കോമേഴ്സ് ആയിത്തീര്‍ന്ന ട്രാവന്‍കൂര്‍ സിനിമ അസോസിയേഷന്‍ എന്ന സംഘടനയുടെ സ്ഥാപകനായി ചരിത്രത്തില്‍ ഇടം നേടിയെങ്കില്‍, എം. പി. മന്മഥന്‍ ഗാന്ധിയനായും വിദ്യാഭ്യാസ വിചക്ഷണനായും സമുദായ പരിഷ്ക്കര്‍ത്താവായും സര്‍വ്വോദയ നേതാവായും നടനായും പ്രഭാഷകനായുമൊക്കെ സമൂഹത്തില്‍ നിറഞ്ഞു നിന്നു.

മൂവാറ്റുപുഴയില്‍ നിശബ്ദചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ പശ്ചാത്തലത്തില്‍ കഥപറയുന്നത് അന്ന് ടൈപ്പ് റൈറ്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയിരുന്ന അഖിലേശ്വരയ്യരായിരുന്നു. കഥപറച്ചിലുകാരനായി സിനിമയോട് അടുത്ത അദ്ദേഹം 1939ല്‍ സ്വാമി ഫിലിംസ് എന്ന പേരില്‍ ഒരു വിതരണ കമ്പനി ആരംഭിച്ചാണ് സിനിമാ വ്യവസായത്തിലേയ്ക്ക് കടക്കുന്നത്. കോട്ടയം ആയിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തകേന്ദ്രം. എം. കെ. ത്യാഗരാജഭാഗവതരും ടി. ആര്‍. രാജകുമാരിയും മുഖ്യവേഷങ്ങളില്‍ അഭിനയിച്ച അന്നത്തെ തമിഴ് സൂപ്പര്‍ ഹിറ്റ് ചിത്രം ഹരിദാസ് തിരുവിതാംകൂറില്‍ വിതരണത്തിനെടുത്തായിരുന്നു തുടക്കം. തമിഴിലെ ശകുന്തള, തിരുനീലകണ്ഠര്‍, ശിവകവി, അശോക് കുമാര്‍ തുടങ്ങിയ ചിത്രങ്ങളുടെ വിതരണാവകാശവും ഇദ്ദേഹത്തിനായിരുന്നു.

yachakan film aranmula ponnamma dailyreports 1

 

 

ഏതാണ്ട് ഇരുപതോളം മലയാള ഭാഷാ ചിത്രങ്ങള്‍ മാത്രം ഇറങ്ങിയ ആ കാലത്താണ് ഡോ. പി. എസ്. നായരുടെ പരദേശി എന്ന നോവലിനെ ആസ്പദമാക്കി ഒരു ചിത്രം നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയുമായി അഖിലേശ്വരയ്യര്‍ ഇറങ്ങിപുറപ്പെടുന്നത്. കൈരളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ യാചകന്‍ എന്ന സിനിമ ജനിക്കുന്നതങ്ങിനെയാണ്. പെരുന്നയില്‍ ജോലിസ്ഥലത്തായിരുന്ന സുഹൃത്ത് എം. പി. മന്മഥനെ ചെന്ന് കണ്ട് നായകവേഷത്തില്‍ അഭിനയിക്കുന്നതിന് കരാര്‍ ഉറപ്പിച്ചു അയ്യര്‍. സേലം രത്നാ സ്റ്റുഡിയോയിലായിരുന്നു ഷൂട്ടിംഗ്. മിസ്. കുമാരി, ആറന്മുള പൊന്നമ്മ, അമ്പലപ്പുഴ മീനാക്ഷി, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, എസ്. പി. പിള്ള തുടങ്ങിവരായിരുന്നു അഭിനേതാക്കള്‍. മുതുകുളം രാഘവന്‍ പിള്ളയാണ് തിരക്കഥ ഒരുക്കിയത്. 18 പാട്ടുകള്‍ ചിത്രത്തിലുണ്ടായിരുന്നു. എസ്. എന്‍. രംഗനാഥന്റെ സംഗീതത്തിന് ജി. ശങ്കരക്കുറുപ്പ്, അഭയദേവ് എന്നിവരെ കൂടാതെ ബോധേശ്വരനും പാട്ടുകളെഴുതി. അക്കാലത്തെ പ്രശസ്ത കര്‍ണാടക സംഗീതജ്ഞയായിരുന്ന വൈക്കം സരസ്വതിയുടെ സഹോദരന്‍ വി. എന്‍. രാജന്‍ ആദ്യം പാടിയ സിനിമയും ബോധേശ്വരന്‍ ആദ്യം പാട്ടെഴുതിയ സിനിമയും ഇതു തന്നെ. ക്യാമറാമാനായിരുന്ന ആര്‍. വേലപ്പന്‍ നായരുടെയും കന്നി സംവിധാന സംരംഭമായിരുന്നു യാചകന്‍. ഓണത്തിന് റിലീസ് ചെയ്ത ചിത്രം പക്ഷേ ബോക്സോഫീസില്‍ വേണ്ടത്ര വിജയിച്ചില്ല.

യാചകന് ശേഷം 1954ല്‍ പ്രേം നസീര്‍ നായകനായ മനഃസാക്ഷി എന്ന ചിത്രവും അഖിലേശ്വരയ്യര്‍ നിര്‍മ്മിച്ചു. വിതരണത്തിനെടുത്ത ചിത്രങ്ങള്‍ നിരാശപ്പെടുത്തിയില്ലെങ്കിലും നിര്‍മ്മിച്ച രണ്ട് ചിത്രങ്ങളും സാമ്പത്തികമായി നേട്ടങ്ങളൊന്നും അയ്യര്‍ക്ക് നേടിക്കൊടുത്തില്ല. കോട്ടയത്തെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം കത്തി നശിക്കുകകൂടി ചെയ്തതോടെ സ്വാമി ഫിലിംസ് നിര്‍ജ്ജീവമായി. പിന്നീട് ഏറെക്കാലം കേരള ഫിലിം ചേംബര്‍ ഓഫ് കോമേഴ്സിന്റെ എറണാകുളത്തെ ഓഫീസില്‍ മാനേജരായി സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം.

തിയേറ്റര്‍ ഉടമകള്‍ക്കായി ഒരു സംഘടന കെ. എസ്. അഖിലേശ്വരയ്യര്‍ ആരംഭിക്കുന്നത് 1947ലാണ്. ഇതാണ് കേരളത്തിലെ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് രൂപം കൊള്ളുന്ന ആദ്യത്തെ സംഘടനയും. തിയേറ്ററുകളുടെ ലൈസന്‍സ് പുതുക്കുന്നത് സംബന്ധിച്ച ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുന്നത് സംബന്ധിച്ച ആലോചനകള്‍ക്കായിരുന്നു യോഗം. ട്രാവന്‍കൂര്‍ സിനിമ അസോസിയേഷന്‍ എന്ന സംഘടനയ്ക്ക് ആ യോഗം രൂപം നല്‍കുകയും മുഖ്യരക്ഷാധികാരിയായി അഖിലേശ്വരയ്യരെ നിശ്ചയിക്കുകയും ചെയ്തു. ട്രാവന്‍കൂര്‍ സിനിമ അസോസിയേഷനാണ് പിന്നീട് കേരള ഫിലിം ചേംബര്‍ ഓഫ് കോമേഴ്സായി മാറിയത്.

ഇദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ എന്‍. എസ്. ഹരിഹരന്റേതായിരുന്നു രാജു ഫിലിംസ്. തൊണ്ണൂറിലേറെ ചിത്രങ്ങളാണ് രാജു ഫിലിംസ് പ്രദര്‍ശനത്തിനെത്തിച്ചത്. ഇവരുടെ സഹോദരനായ കെ. എസ്. സംഗമേശ്വരയ്യരാണ് എല്‍. ഐ. സി.യുടെ മൂവാറ്റുപുഴ ശാഖയിലെ ആദ്യ ഏജന്റ്.

mohandasസ്വന്തം അന്വേഷണപഠനങ്ങള്‍ ആധാരമാക്കി എഴുതിയ കുറിപ്പാണിത്. അക്കാലത്തെ പത്രവാര്‍ത്തകളോടും, കഴിഞ്ഞ തലമുറയില്‍ നിന്ന് കേട്ടറിഞ്ഞ് വിവരങ്ങള്‍ പറഞ്ഞുതന്നവരോടും കടപ്പാട് അറിയിക്കുന്നു. ചരിത്രാന്വേഷിയെന്ന നിലയില്‍ എനിക്ക് കിട്ടുന്ന വിവരങ്ങള്‍ ഇവിടെ പങ്കു വയ്ക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. തെറ്റുകളോ, വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങളോ ഉണ്ടെങ്കില്‍, ആയത് ബോധ്യപ്പെടുത്തിയാല്‍ തിരുത്തുന്നതിന് സന്തോഷമേയുള്ളൂ.

മോഹൻദാസ് സൂര്യനാരായണൻ

 

 

 

 

 

 

Comments

comments